Current Date

Search
Close this search box.
Search
Close this search box.

പിതാവ് മാതൃകയും പിന്തുണയുമാവണം

ഒരു മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തിൽ വളർത്തുരീതിക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്. കുഞ്ഞുങ്ങളുടെ ബൗദ്ധികവും സാമൂഹികവുമായ കഴിവുകൾ രൂപപ്പെടുന്നത് ഈ ഘട്ടത്തിലാണ്. തീർച്ചയായും സന്താന പരിപാലനത്തിൽ മുഖ്യ പങ്കുവഹിക്കുന്നത് മാതാപിതാക്കളാണല്ലോ. മക്കളുടെ സ്വഭാവ രൂപീകരണത്തിൽ മാതാപിതാക്കൾക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. എന്നാൽ, മിക്ക കുടുംബങ്ങളിലും സന്താനപരിപാലനം മാതാവിലേക്ക് മാത്രമായി ചുരുങ്ങി പോകുന്നതായും നാം കാണുന്നു.

യഥാർത്ഥത്തിൽ സാമ്പത്തികമായി കുടുംബത്തിന് പിന്തുണ നൽകുന്നതിനോടൊപ്പം ധാർമികമായ പിന്തുണക്കും മുൻഗണന നൽകേണ്ടതുണ്ട്. ദമ്പതികൾ ഇരുവരും സന്താനപരിപാലനത്തിൽ സജീവ പങ്കാളിത്തം ഉറപ്പുവരുത്താത്ത പക്ഷം അത് കുട്ടികളെ ബാധിക്കാനുള്ള സാധ്യതയും ഏറെയാണന്ന് മനസ്സിലാക്കണം.

മാതൃകാ യോഗ്യനായ പിതാവ്
കുട്ടികളുടെ ആദ്യ പാഠശാല മാതാപിതാക്കളാണ്. ചെറുപ്പത്തിൽ കണ്മുന്നിൽ കാണുന്ന ജീവിതരീതിയിൽ നിന്നും അവർ പല കാര്യങ്ങളും ഗ്രഹിക്കുന്നു. അതിനാൽ സ്വഭാവത്തിലും ജീവിതരീതിയിലും മാതാപിതാക്കൾ മാതൃകായോഗ്യരാവണം . മക്കളോട് നിർദ്ദേശിക്കുന്ന ഏതു കാര്യവും ആദ്യം സ്വയം ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴാണ്, ഉപദേശത്തിന് കാമ്പ് ഉണ്ടാകുന്നത് .

ഇമാം ഇബ്നുൽ ഖയ്യിം പറയുന്നു : “മിക്ക കുട്ടികളും മോശക്കാരാകുന്നത് മാതാപിതാക്കൾ കാരണമാണ് . അവർ മക്കളെ അവഗണിക്കുന്നു, മതകാര്യങ്ങൾ അവരെ പഠിപ്പിക്കുന്നില്ല, ചെറുപ്പകാലം നഷ്ടപ്പെട്ട അവർ മുതിരുമ്പോഴും ഉപകാരമില്ലാത്തവരായി തുടരുന്നു”.

താങ്ങും തണലും
മക്കളുടെ ആദ്യ താങ്ങ് ഉപ്പയാണ്. പ്രതിസന്ധികളുടെ ഓരോ ചുഴിയിലും അവർ അഭയം തേടുന്നത് ഉപ്പയുടെ കരങ്ങളിലാണ്. എല്ലാ പ്രയാസങ്ങളെയും വകഞ്ഞു മാറ്റി മുന്നോട്ടു പോകുന്ന പിതാവ് പ്രതിസന്ധിയെ അതിജീവിക്കാൻ മക്കളെ പ്രാപ്തരാക്കുന്നു. മക്കൾ തെറ്റ് ചെയ്യുമ്പോൾ അത് കണ്ടെത്തുകയും എന്നിട്ടവരെ തല്ലി ശരിയാക്കുകയും ചെയ്യുന്നതിനു പകരം നേരായ വഴിയും ശരികളും അവർക്ക് പകർന്ന് കൊടുക്കാനാണ് ഉപ്പമാർ ശ്രമിക്കേണ്ടത്. ഭാവി ജീവിതത്തിൽ മാനസികമായ സുരക്ഷ അതുവഴി അവർക്ക് ലഭിക്കും.

പ്രചോദനമാവേണ്ട ഉപ്പ
പിതാവ് തന്റെ കുട്ടികളുമായി നടത്തുന്ന പ്രചോദനാത്മകമായ ഇടപെടൽ ഒഴിച്ചുകൂടാനാവാത്തതാണ്. കാരണം, അവരിലെ നിറം കെട്ടുപോയേക്കാവുന്ന കുഞ്ഞു മികവുകളെ കണ്ടെത്തേണ്ടതും, അവസരങ്ങളുടെ വാതിലുകൾ തുറന്ന് കൊടുക്കേണ്ടതും മാതാപിതാക്കൾ തന്നെയാണ്. അവർ എന്താണ് ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയാനും, അവരുടെ വ്യക്തിത്വത്തിന്റെ നല്ല വശങ്ങൾ കണ്ടെത്താനും അവരെ സഹായിക്കണം . കുട്ടികളിൽ സർഗ്ഗാത്മകത വളർത്തിയെടുക്കാനും അവരെ സ്റ്റീരിയോടൈപ്പുകളിൽ നിന്ന് അടർത്തി പ്രപഞ്ചത്തിന്റെ വിശാലമായ വഴികൾ കാണിക്കാനും, ആഗ്രഹിച്ച മികവ് കൈവരിക്കാനും സഹായിക്കുക വഴി മക്കൾക്ക് നല്ല ഭാവി ഉറപ്പാക്കാൻ പിതാവിന് സാധിക്കും.

ചെലവ് മാത്രം പോരാ
ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പരിഹാരം മാത്രമായി ഉപ്പ ചുരുങ്ങി പോവരുത്. പകരം തന്റെ മക്കളുടെ ആദ്യ അധ്യാപകനും വഴിവിളക്കുമാവണം. അവരെ മത ചര്യകൾ പഠിപ്പിക്കണം. കുഞ്ഞു പിഴവുകളെ സൗമ്യമായി തിരുത്തണം. ഖുർആൻ പറഞ്ഞു: “ഓ സത്യവിശ്വാസികളെ, നിങ്ങൾ ശരീരത്തെയും നിങ്ങളുടെ കുടുംബത്തെയും നരകത്തിൽ നിന്ന് സൂക്ഷിക്കുക”(66:6). കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾക്കും അപ്പുറത്ത് പിതാവിന് കടമകളേറെ ഉണ്ടെന്ന് അർത്ഥം. മാത്രമല്ല, അത് ഉപ്പയുടെ സ്വർഗ്ഗത്തിലേക്കുള്ള വഴി കൂടിയാണെന്ന് തീർച്ച.

ഉത്തരവാദിത്തമുള്ള നേതൃത്വം
മകൻ നേതൃത്വവും ധൈര്യവും പിതാവിൽ നിന്നാണ് പഠിക്കുന്നത്. ഉത്തരവാദിത്തമുള്ള പിതാവ് കുടുംബത്തെ നയിക്കാനും തീരുമാനങ്ങൾ സധൈര്യം എടുക്കുന്നതിനും സന്നദ്ധനാവുന്നു, അതിനാൽ ഉത്തരവാദിത്തങ്ങൾ വഹിക്കാനും ജീവിതത്തിലെ ബുദ്ധിമുട്ടുകൾ നേരിടാനും കുട്ടികൾ അങ്ങനെയാണ് പഠിക്കുക.

കുട്ടികൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷമൊരുക്കലും ഉപ്പയുടെ ഉത്തരവാദിത്തമാണ്. എന്നാൽ നിർഭാഗ്യവശാൽ, പിതാവ് തന്റെ കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിന്റെ ചിത്രങ്ങൾ പലപ്പോഴായി കാണേണ്ടി വരുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇത് കുട്ടികളിൽ പ്രതികൂലമായി പ്രതിഫലിക്കും. അവർക്ക് തങ്ങളിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുകയും , സമൂഹത്തിൽ നിന്ന് പുറംതിരിഞ്ഞ വ്യക്തിയായി മാറാനും ഇത് ഇടയാക്കും. അതിനാൽ, കുടുംബത്തിന്റെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ കുടുംബനാഥൻ എന്ന നിലയിൽ പിതാവ് ശ്രദ്ധാലുവായിരിക്കുകയും അതിന്റെ പൂർണ ഉത്തരവാദിത്തം വഹിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

നബി (സ) പറഞ്ഞു: “നിങ്ങളെല്ലാവരും ഭരണാധികാരികളാണ്. തന്റെ ഭരണീയരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്. പുരുഷന്‍ തന്റെ കുടുംബത്തില്‍ ഭരണാധികാരിയാണ്. തന്റെ ഭരണീയരെക്കുറിച്ച് അവന്‍ ചോദ്യം ചെയ്യപ്പെടും” (ബുഖാരി).

നല്ല നടീലും നല്ല ചെടിയും
മക്കളെ വളർത്തുന്നതിൽ പിതാവിന്റെ പങ്ക് വലുതാണ്, ആ വേഷം ഉപേക്ഷിക്കുന്നതാണ് ഏറ്റവും വലിയ പാപം. നമ്മുടെ കർമ്മത്തിന്റെ ഫലമായി തഴച്ചുവളരുകയും പൂക്കുകയും ചെയ്യുന്ന ചെടികളാണ് സന്താനങ്ങൾ. നന്മയും പ്രതിഫലവും കൊയ്യാൻ നമുക്ക് നല്ല വിത്തുകൾ പാകാം. ഇഹലോകവും പരലോകവും സുരക്ഷിതമാക്കാം.

പ്രവാചകൻ പഠിപ്പിച്ചു: “ഒരാൾ മരണപ്പെട്ടാൽ മൂന്നു കാര്യങ്ങൾ ഒഴിച്ചു മറ്റെല്ലാ കാര്യങ്ങളിൽ നിന്നും അവൻ വേർപ്പെടും. എന്നെന്നും നിലനിൽക്കുന്ന ( ജാരിയായ ) സ്വദഖയാണ് ഒന്ന്, രണ്ട് ഉപകാരപ്രദമായ അറിവ്, മൂന്ന് തനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന നല്ല സന്താനം”.

ഈ ലോകത്തോട് വിടപറയുന്ന ഓരോ മനുഷ്യനും നിലക്കാത്ത പുണ്യമായി ബാക്കി വെക്കുന്നവയിൽ ഒന്നാണ് സൽസ്വഭാവിയായ സന്താനം. മാതാപിതാക്കളുടെ കർമ്മവും വളർത്തുരീതിയും അതിൽ വലിയ പങ്കുവഹിക്കുന്നു. അതിനാൽ ഇരുലോകത്തും മുതൽക്കൂട്ടാവുന്ന നല്ല സന്താനങ്ങളെ വളർത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധാലുക്കളായിരിക്കണം.

പ്രമുഖ പണ്ഡിതൻ അൽ സഅദി പറയുന്നു : “അറിവും കർമ്മവും നന്നാക്കിയ മാതാപിതാക്കൾക്ക് സൽഗുണരായ മക്കളെ ലഭിക്കും”.

വിവ: ഫഹ്‌മിദ സഹ്റാവിയ്യ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles