Current Date

Search
Close this search box.
Search
Close this search box.

ഭാര്യമാര്‍ കൂട്ടുകാരികള്‍

friends.jpg

മനുഷ്യന്റെ നിലനില്‍പിന് സ്ത്രീ അനിവാര്യമാണ്. എല്ലാറ്റിലുമുപരിയായി പുരുഷന്‍ ജനിച്ചതും സ്ത്രീയില്‍ നിന്നാണ്. എല്ലാ മനുഷ്യനും ഉണ്ടായത് ആദമില്‍ നിന്നും ഹവ്വായില്‍ നിന്നുമാണെന്ന് അല്ലാഹു വ്യക്തമാക്കുന്നുണ്ട്. ആദമിനെയും ഹവ്വയെയും അവരടങ്ങുന്ന മനുഷ്യ വര്‍ഗത്തെയും സൃഷ്ടിച്ചത് ഒരേ ആത്മാവില്‍ നിന്നാണ്. അല്ലാഹു അവരില്‍ നിന്ന് പിന്നീട് ധാരാളം വിഭാഗങ്ങളിലും വര്‍ഗങ്ങളിലുമുള്ള മനുഷ്യരെ സൃഷ്ടിച്ചു. ഇതെല്ലാമുണ്ടക്കിയത് അവര്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണെന്ന് അവന്‍ അറിയിക്കുകയും ചെയ്തു.

ഇസ്‌ലാമില്‍ ഇണകള്‍ തുണയുടെ വ്യക്തിത്വത്തിന്റെയും ദീനിന്റെയും പകുതിയും കൂട്ടുകാരിയുമാണ്. അതുകൊണ്ടാണ് പ്രവാചകന്‍ വിവാഹം കഴിച്ച് ദീനിന്റെ പകുതി പൂര്‍ത്തീകരിക്കാന്‍ അനുചരന്മാരെ പഠിപ്പിച്ചത്. ഇസ്‌ലാം വിവാഹത്തെ സ്ത്രീ-പുരുഷന്മാരുടെ ദീനിന്റെയും വ്യക്തിത്വത്തിന്റെയും പൂര്‍ത്തീകരണമായാണ് കണ്ടത്. എന്നാല്‍ അക്കാലത്ത് സ്ത്രീകളോടുള്ള ഇത്ര വിശാലമായ കാഴ്ചപ്പാട് അപരിചിതമായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന നാഗരികസമൂഹങ്ങളിലൊന്നും സ്ത്രീക്ക് നല്‍കാത്ത സ്ഥാനമാണ് ഇസ്‌ലാം അവള്‍ക്ക് നല്‍കിയത്. മിക്ക കാര്യങ്ങളിലും പുരുഷന്റെ അതേ അവകാശങ്ങള്‍ സ്ത്രീക്കും ഇസ്‌ലാം നല്‍കുകയുണ്ടായി. ഖുര്‍ആന്‍ പറയുന്നത് കാണുക: ‘അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.’ (30: 21) പ്രവാചകന്‍ പറയുന്നത് കാണുക: ‘നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ സ്ത്രീകളോട് നന്നായി പെരുമാറുന്നവനാണ്’.

ആദമും ഹവ്വയും ഒരേ ആത്മാവില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നാണ് മുസ്‌ലിം വിശ്വസിക്കുന്നത്. സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ കാരണമായ തെറ്റില്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും ഒരുപോലെ പങ്കുണ്ടായിരുന്നു. അവര്‍ക്ക് രണ്ട് പേര്‍ക്കും അല്ലാഹു പൊറുത്തുകൊടുക്കുകയും ചെയ്തു. ഇസ്‌ലാമില്‍ പല സ്ത്രീകള്‍ക്കും ഉന്നതമായ സ്ഥാനങ്ങള്‍ നേടാനായിട്ടുണ്ട്. പ്രവാചക പത്‌നി ഖദീജയായിരുന്നു ആദ്യമായി മുഹമ്മദ് നബി(സ)യെ സത്യപ്പെടുത്തി അദ്ദേഹത്തില്‍ വിശ്വസിച്ച വ്യക്തി. പ്രവാചകന്റെ മറ്റൊരു ഭാര്യയായിരുന്ന ആഇശ പണ്ഡിതയും ഹദീസ് വിജ്ഞാനീയങ്ങളില്‍ നിപുണയുമായിരുന്നു. ഇപ്രകാരം ഇസ്‌ലാമിക ചരിത്രത്തില്‍ സുപ്രധാന പങ്ക് വഹിച്ച ധാരാളം സ്ത്രീകള്‍ ഉണ്ടായിട്ടുണ്ട്. പല മുസ്‌ലിം രാഷ്ട്രങ്ങളിലും സ്ത്രീകള്‍ ഭരണാധികാരികളാവുകയും ചെയ്തിട്ടുണ്ട്.

വിജ്ഞാനവും അറിവും നേടുന്നതിനുള്ള അവകാശവും സ്ത്രീക്കും പുരുഷനും ഒരുപോലെ ഇസ്‌ലാം നല്‍കുന്നുണ്ട്. പ്രവാചകന്‍ പറയുന്നത് കാണുക: ‘എല്ലാ മുസ്‌ലിം സ്ത്രിക്കും പുരുഷനും അറിവ് നേടല്‍ നിര്‍ബന്ധമാണ്.’ സ്ത്രീകള്‍ക്ക് ഇപ്രകാരം എല്ലാ അവകാശങ്ങളും ഇസ്‌ലാം നല്‍കുന്നുണ്ട്. ധനം സംമ്പാദിക്കുക, അത് സൂക്ഷിക്കുക എന്നിവക്കെല്ലാം ഇസ്‌ലാം സ്ത്രീക്ക് അനുവാദം നല്‍കുന്നുണ്ട്. എല്ലാ നല്ലകാര്യങ്ങള്‍ ചെയ്താലും പുരുഷനെപോലെ അവര്‍ക്കും പ്രതിഫലമുണ്ടാകും.

ഇപ്രകാരം സ്ത്രീക്ക് എല്ലാ സന്ദര്‍ഭത്തിലും അര്‍ഹമായ പരിഗണനയും അവകാശങ്ങളും നല്‍കണമെന്ന് ഇസ്‌ലാം കല്‍പിക്കുന്നുണ്ട്. സ്വന്തം ഇണയാണെങ്കില്‍ അത് നിര്‍ബന്ധമാണ്. അവരെ ഒരു തരത്തിലും പീഢിപ്പിക്കാവതല്ല. അപ്രകാരം ചെയ്യുന്നവരെ പ്രവാചകന്‍ പരിഹസിക്കുന്നത് കാണുക: ‘പകല്‍ അവളെ അടിക്കുകയും രാത്രി അവളുടെ കിടക്ക പങ്കിടുകയും ചെയ്യുന്നതെങ്ങനെ?!’

മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ‘നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഭാര്യയോട് നന്നായി പെരുമാറുന്നവനാണ്. ഞാന്‍ എന്റെ ഭാര്യമാരോട് നല്ല നിലയില്‍ മാത്രമേ വര്‍ത്തിക്കാറുള്ളു.’  

വിവ: ജുമൈല്‍ കൊടിഞ്ഞി

 

Related Articles