എല്ലാ ആഴ്‌ചയും എന്റെ ഭർത്താവിന്റെ കുടുംബ വീട്ടിൽ അവരുടെ കുടുംബസംഗമത്തിന് പോകേണ്ടത് എനിക്ക് നിർബന്ധമാണോ? ഇതാണ് ഒരാളുടെ ചോദ്യം. എന്റെ ഭർത്താവിന്റെ കുടുംബം എന്നെ ബഹുമാനിക്കുന്നില്ല, അഭിനന്ദിക്കുന്നില്ല, ഞാൻ അവരെ സന്ദർശിക്കുമ്പോൾ എന്റെ സാന്നിധ്യത്തെ അവർ വേണ്ടമാതിരി പരിഗണിക്കുന്നില്ല, ഞാൻ അവരോട് എങ്ങനെയാണ് വർത്തിക്കേണ്ടത്? ഇതാണ് മറ്റൊരുവളുടെ ചോദ്യം. ഇനിയും മൂന്നാമത്തവൾക്ക് പറയാനുള്ളത് ഇതാണ് : എന്റെ ഭർത്താവിന്റെ സഹോദരിക്ക് എന്നോട് വലിയ അസൂയയുണ്ട്, ഭർത്താവിനെ ചെറുപ്പത്തിൽ വളർത്തിയത് അവളാണ്, ഞാൻ അദ്ദേഹത്തെ അവളിൽ നിന്ന് തട്ടിയെടുത്തതായി അവൾക്ക് തോന്നുന്നു, ഞാൻ അവളുമായി എങ്ങനെ വർത്തിക്കണം?
ഈ ചോദ്യങ്ങളെല്ലാം ഭർത്താവിന്റെ കുടുംബവുമായി ബന്ധപ്പെട്ടതാണ്. ഭർത്താവും അവന്റെ കുടുംബവും ഭാര്യയും അവളുടെ കുടുംബവും തമ്മിലുള്ള ബന്ധത്തിലും പ്രതിബദ്ധതയിലും ഉള്ള കാര്യങ്ങൾ നാം വേർതിരിച്ചറിയണം എന്നതാണ് ഒന്നാമതായി മനസ്സിലാക്കേണ്ടത്. ഈ രണ്ട് ബന്ധങ്ങളും ഒന്നല്ല, അതു കൊണ്ട് തന്നെ രണ്ടിനുമുള്ള ഉത്തരവും ഒന്നല്ല. ഭർത്താവ് അദ്ദേഹത്തിന്റെ കുടുംബത്തെ ബഹുമാനിക്കേണ്ടതുണ്ട്, അവരെ സഹായിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ബാധ്യസ്ഥനുമാണ്. മാതാപിതാക്കളെ സേവിക്കുന്ന കാര്യങ്ങളിൽ പ്രത്യേകിച്ചും. ഭാര്യയെ സംബന്ധിച്ചിടത്തോളം, ഈ ഉത്തരം അവൾക്ക് ബാധകമല്ല, കാരണം അവരെ അങ്ങനെ പരിഗണിക്കാൻ അവൾ ബാധ്യസ്ഥയല്ല, എന്നാൽ ഇത് അവരെ അവഗണിക്കാനുള്ള ഒന്നായും ഭാര്യ അർത്ഥമാക്കരുത്. കാരണം ഭർത്താവിന്റെ മാതാപിതാക്കളോട് ദയയോടെ പെരുമാറുന്നതും അവരെ ബഹുമാനിക്കുന്നതും സ്വന്തം ഭർത്താവിനെ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതുപോലെത്തന്നെയാണ്. എന്നാൽ അവർ അവൾക്കും ഭർത്താവിനും ദുരിതത്തിന്റെയും ഉപദ്രവത്തിന്റെയും ഉറവിടമാകുന്ന സാഹചര്യത്തിലല്ല ഇതെന്നും മനസ്സിലാക്കണം.
ആദ്യമായി ഇത്തരം അനുഭവമുള്ളവരോട് പറയാനുള്ളതിതാണ്- അത്തരക്കാരുടെ ഉപദ്രവത്തിൽ ക്ഷമയോടെ കാത്തിരിക്കുക വഴി അവൾക്ക് വലിയ പ്രതിഫലമാണ് ലഭിക്കുക. ഒരു കണ്ണ് അവഗണിക്കുമ്പോൾ, ആയിരം കണ്ണുകൾ ബഹുമാനിക്കുമെന്നാണല്ലോ പറയപ്പെടാറ്. ഇത്തരമൊരു സാഹചര്യത്തിൽ അവൾ അവന്റെ മുന്നിൽ അവന്റെ കുടുംബത്തെക്കുറിച്ച് മോശമായി സംസാരിക്കരുതെന്നാണ് നമുക്ക് ഉപദേശിക്കുന്നുള്ളത്. അങ്ങനെ ഭർത്താവ് അവളുടെ സ്ഥാനം മനസ്സിലാക്കുകയും ക്ഷമയോടെ മുന്നോട്ട് നയിക്കുകയുമാണ് ചെയ്യേണ്ടത്. കുടുംബത്തെ വേർപെടുത്താതെയും അവരുമായി വഴക്കുകളിലേക്കും മറ്റും പോവാതെയുമാണ് കുടുംബത്തെ നയിക്കേണ്ടത് എന്നത് പ്രതേൃകം പറയേണ്ടതില്ലല്ലോ.
രണ്ടാമത്തെ പ്രതിവിധി ഇങ്ങനെ മനസ്സിലാക്കാം- അവരുടെ പീഡനങ്ങളിൽ സഹിഷ്ണുത കാണിക്കാൻ ഭാര്യക്ക് താൽപര്യമില്ലാത്ത അവസ്തയാണത്. ഭാര്യക്ക് അവളുടെ കുടുംബവും ദാമ്പത്യവും സംരക്ഷിക്കുന്നതിന് ആവശ്യമായ കരുതലുകളും വഴികളും ഭർത്താവുമായി കൂടിയാലോചിച്ച് ഒരു യോജിപ്പിലെത്തുക എന്നതാണ് പ്രധാനം. ഭർത്താവിന്റെ കുടുംബത്തെ ആഴ്ചതോറും അവൾ സന്ദർശിക്കേണ്ടതില്ല എന്നതാണ് ഇതിലെ ആദ്യത്തെ പരിഹാര മാർഗം. പകരം റമദാനിലോ ഈദ് ദിനത്തിലോ അല്ലെങ്കിൽ പ്രത്യേക സന്ദർഭങ്ങളിലോ ഒക്കെയായി അത്തരം സന്ദർശനങ്ങളെ പരിമിതപ്പെടുത്തുക എന്നതാണ്. മാത്രവുമല്ല, അത്തരം സന്ദർശന വേളകളിൽ ഭർത്താവ് അവളോടൊപ്പം ഉണ്ടായിരിക്കുന്നതും അഭികാമ്യമാണ്. അതിലൂടെ അവന്റെ മുന്നിൽ അവൾ ഉപദ്രവിക്കില്ലെന്ന് ഉറപ്പാക്കാനും കഴിയും. ഭർത്താവിന്റെ കുടുംബത്തെ സന്ദർശിക്കുക എന്നത് ഭാര്യക്ക് നിർബന്ധമല്ല എന്നും മനസ്സിലാക്കേണ്ടതുണ്ട്. അവർ അവന്റെ കുടുംബമാണ്, അവളുടേതല്ല എന്നതിന്റെ അടിസ്ഥാനത്തിൽ ഭർത്താവിന് അത് നിർബന്ധമാണ് എന്നും തിരിച്ചറിയണം.
മൂന്നാമത്തെ പ്രതിവിധി ഇങ്ങനെ മനസ്സിലാക്കാം- അവരുമായി ഒരു തരത്തിലുള്ള തർക്കത്തിനും വാതിൽ തുറക്കാതിരിക്കാൻ ശ്രദ്ധിക്കണം. മാത്രവുമല്ല, വാക്കുകളാലോ മറ്റോ ഉപദ്രവിക്കുന്ന സാഹചര്യത്തിൽ പോലും അവൾ അവരോട് പ്രതികരിക്കാതിരിക്കാനും ശ്രദ്ധിക്കണം. പകരം, മൗനം പാലിച്ചുകൊണ്ടും വിശദാംശങ്ങളിലേക്ക് കടക്കാതെയും യുക്തിസഹമായി പ്രവർത്തിക്കാനുമാണ് മുതിരേണ്ടത്.
നാലാമത്തെ പ്രതിവിധി ഇങ്ങനെ മനസ്സിലാക്കാം- ഇത്തരം സന്ദർശനങ്ങൾ ആ കുടുംബ വീട്ടുകാരുമായി അധികമധികം സമയം ചെലവഴിക്കാതെ കടമകൾ നിറവേറ്റി അവിടുന്ന് പുറത്തുപോരാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെ കുട്ടികളുമായി ബന്ധപ്പെട്ട ഒരു പ്രധാന കാര്യം പരിഗണനയിൽ ഉണ്ടാവണം, അവൾ തന്റെ കുട്ടികളെ ഭർത്താവിന്റെ കുടുംബത്തിന്റെ വീട് സന്ദർശിക്കുന്നതിൽ നിന്ന് തടയരുത് എന്നതാണത്. ഭർത്താവിന്റെ ഉമ്മക്കും ഉപ്പക്കും അവരുടെ കൊച്ചുമക്കളെ കാണാനും അവരുമായി സൗഹൃദം സ്ഥാപിക്കാനും അവകാശമുണ്ടന്നതും അവഗണിച്ച് കൂടാ. കാര്യങ്ങൾ പരസ്പരം വേർതിരിച്ച് തന്നെ മനസ്സിലാക്കണം.
അഞ്ചാമത്തെ പ്രതിവിധി ഇങ്ങനെ മനസ്സിലാക്കാം- ഭാര്യ ഭർത്താവിന്റെ വീട്ടുകാരുമായി വെല്ലുവിളിയിൽ ഏർപ്പെടുകയോ അവരുമായി കോപിക്കകയോ ചെയ്യരുത്. അത്തരം ദേഷ്യപ്പെടലുകളും സംസാരവും അവർക്കിടയിൽ കൂടുതൽ പ്രശ്നൾ ഉണ്ടാക്കുകയും അവർക്കും ഭർത്താവിനും കുട്ടികൾക്കുമിടയിൽ കൂടുതൽ സങ്കീർണ്ണതകൾക്ക് വളം വെയ്ക്കുകയും ചെയ്യും. ഇത് വിവാഹമോചന ചിന്തയിലേക്ക് വരെ നയിച്ചേക്കാം എന്നും തരിച്ചറിയണം. ഇത് നാമൊരിക്കലും ആഗ്രഹിക്കാത്ത ഒരു ഫലമാണ്. ഞാൻ കോടതിയിൽ ജഡ്ജിയായിരുന്നപ്പോൾ, ഒരു ഭാര്യയും ഭർത്താവും വിവാഹമോചനം ആവശ്യപ്പെട്ട് മുന്നിലെത്തിയത് ഞാനോർക്കുന്നു, ഞാനവരെ രഞ്ജിപ്പിലാക്കാൻ കഠിനമായി ശ്രമിച്ചു, അനുരഞ്ജനം പൂർത്തിയായി, പക്ഷേ പിന്നീടുള്ളതാണ് അതിശയം. ഭർത്താവിന്റെ ഉമ്മ അകത്തേക്ക് കടന്ന് വന്ന് അനുരഞ്ജനത്തിന് വിസമ്മതിക്കുകയും വിവാഹമോചനത്തിന് നിർബന്ധം പിടിക്കുകയും ചെയ്തുവെന്നതാണ് അതിശയകരം. ഇതൊരു വിചിത്രമായ സാഹചര്യമായിരുന്നു, ഞാൻ ഇരു കൂട്ടരും തമ്മിലുള്ള അനുരഞ്ജനം അവസാനിപ്പിച്ചതിന് ശേഷം അവളുടെ അഭ്യർത്ഥനയോട് യാതൊന്നും പ്രതികരിച്ചതുമില്ല.
ഭാര്യ, മര്യാദ എന്ന ഗുണത്തിന്റെ വൈദഗ്ധ്യം പഠിച്ച് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ഭർത്താവിന്റെ മുകളിൽ പറഞ്ഞ സ്വഭാവ പെരുമാറ്റമുള്ള കുടുംബവുമായി സഹകരിക്കേണ്ടി വരുമ്പോൾ. ഇത്തരത്തിലുള്ള മനുഷ്യനെ വിമർശിച്ചുകൊണ്ടാണ് പ്രവാചകൻ പറഞ്ഞത്: “മനുഷ്യരിൽ ഏറ്റവും മോശമായവർ അവന്റെ തിന്മയെ ഭയന്ന് ആളുകൾ ഉപേക്ഷിക്കുന്നവനാണ്.”
ഒരു ജ്ഞാനിയായ മനുഷ്യൻ മനുഷ്യരോട് പെരുമാറുന്നത് അവന്റെ ധാർമ്മികത കൊണ്ടല്ല, അവരുടെ ധാർമ്മികത കൊണ്ടുമല്ലന്ന് തിരിച്ചറിയണം. സർവ്വശക്തനായ അല്ലാഹു പറഞ്ഞില്ലേ, ” ഓ പ്രവാചകരേ, കനിവോടെ വിട്ടുവീഴ്ചയോടെ വര്‍ത്തിക്കുക. നല്ല കാര്യങ്ങള്‍ ഉപദേശിച്ചുകൊണ്ടിരിക്കുക. മൂഢന്മാരോടു തര്‍ക്കിക്കാതിരിക്കുക”. തന്നോട് ദ്രോഹം ചെയ്തവരോട് ക്ഷമിക്കുന്നവനും, തന്നോട് ബന്ധം മുറിച്ചവരോട് കൈനീട്ടി സഹായിക്കുന്നവനും, തനിക്ക് വിലക്കിയവർക്ക് നൽകുന്നവനും, സർവ്വശക്തനായ അല്ലാഹുവിങ്കൽ സന്തുഷ്ടനും വിജയിയുമാണന്ന മഹാ സത്യമായിരിക്കണം നമ്മെ നയിക്കേണ്ടത്.
വിവ. അബൂ ഫിദ
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5