Current Date

Search
Close this search box.
Search
Close this search box.

യൂണിഫോം സിവിൽകോഡ് എന്തിനുവേണ്ടിയാണ് ?

ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദേശക തത്ത്വങ്ങളുടെ കൂട്ടത്തില്‍ 44-ാം അനുഛേദത്തില്‍ യൂനിഫോം സിവില്‍ കോഡ് എന്ന ഒരു വാക്കുണ്ട് എന്ന് ഓര്‍മിപ്പിച്ച് ഇന്ത്യന്‍ മുസ്‌ലിംകളെ ഇടക്കിടെ പ്രകോപിപ്പിച്ചിരുന്നത് ചില ജഡ്ജിമാരായിരുന്നെങ്കില്‍ ഇപ്പോള്‍ ആ ഭീഷണി കേന്ദ്രസര്‍ക്കാറും ലോ കമീഷനും കൂടി ഏറ്റുപിടിച്ചിരിക്കുകയാണ്.

യൂനിഫോം സിവില്‍ കോഡ് എന്നാല്‍ മതനിയമ സംഹിതകളെ അടിസ്ഥാനമാക്കി ഇന്ത്യയില്‍ നിലവിലുള്ള വ്യക്തിനിയമങ്ങളെ മാറ്റി പകരം ഒരു പൊതു നിയമ സംഹിത കൊണ്ടുവരലാണ് എന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. യൂനിഫോം സിവില്‍ കോഡ് എന്നാല്‍ പൊതുസിവില്‍ കോഡ് എന്നോ, ഏക സിവില്‍ കോഡ് എന്നോ അര്‍ഥമാക്കുന്നില്ല. ഒരേ രീതിയിലും ഏകീകൃത സ്വഭാവത്തിലുമുള്ള വിവിധ സിവില്‍ കോഡുകള്‍ എന്നാണ് ആ വാക്ക് അര്‍ഥമാക്കുന്നത്. ഭരണഘടനയുടെ ചരിത്രപശ്ചാത്തലവും സ്വാഭാവവും ഉള്‍ക്കൊണ്ടായിരിക്കണം അതിനെ വ്യാഖ്യാനിക്കുന്നത്.

യൂനിഫോം സിവില്‍ കോഡിനു വേണ്ടി പരിശ്രമിക്കണം എന്ന നിര്‍ദേശക തത്ത്വം ഉള്‍പ്പെടുത്തി നമ്മുടെ ഭരണഘടന എഴുതിയുണ്ടാക്കുന്ന കാലത്ത് ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് ശരീഅത്തും ക്രിസ്ത്യാനികള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന വിവിധ വ്യക്തിനിയമങ്ങളും പ്രാബല്യത്തിലുണ്ടായിരുന്നു. എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കളിലെ നാനാജാതി വിഭാഗങ്ങള്‍ക്ക് വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളില്‍ ഏകീകൃത നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ അവകാശങ്ങളൊന്നും അനുവദിച്ചുകൊടുത്തിരുന്നുമില്ല. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന മുസ്‌ലിം-ക്രൈസ്തവ ഇതര മതവിഭാഗക്കാരുടെ ഈ പ്രശ്‌നത്തിനുള്ള പരിഹാരനിര്‍ദേശം എന്ന നിലയിലായിരിക്കണം നമ്മുടെ ഭരണഘടനാ ശില്‍പികള്‍ നിര്‍ദേശക തത്ത്വങ്ങളില്‍ ഇതു കൂട്ടിച്ചേര്‍ത്തത്.

ഭരണഘടനാ ശില്‍പി ഡോ. അംബേദ്കര്‍ തന്നെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയായി ചുമതലയേറ്റ് ആദ്യം ഏറ്റെടുത്ത ജോലിയും സ്വന്തമായി വ്യക്തിനിയമങ്ങളുള്ള മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി മത വിഭാഗങ്ങള്‍ ഒഴികെയുള്ള ഇന്ത്യയിലെ മുഴുവന്‍ മതവിഭാഗങ്ങള്‍ക്കുമായി ഏകീകൃത സ്വഭാവത്തില്‍ ഹിന്ദു വ്യക്തിനിയമം ഉണ്ടാക്കുക എന്നതായിരുന്നു. ഭരണഘടനാ ശില്‍പികള്‍ തന്നെ പ്രത്യേക താല്‍പര്യമെടുത്ത് 1955-ലും 1956-ലുമായി നാല് ഘട്ടമായി ഹിന്ദു കോഡ് ബില്‍ പാസാക്കിയെടുത്തതിലൂടെ ഭരണഘടനയിലെ ഈ നിര്‍ദേശക തത്ത്വത്തിന്റെ ലക്ഷ്യം നേടിക്കഴിഞ്ഞതുമാണ്.

നിര്‍ദേശക തത്ത്വങ്ങളില്‍ പറയുന്ന യൂനിഫോം സിവില്‍ കോഡിന്റെ ഉദ്ദേശ്യം എല്ലാ മതക്കാര്‍ക്കും വേണ്ടി ഒരു പൊതു സിവില്‍ കോഡ് കൊണ്ടുവരിക എന്നതാണെന്ന് ചിലര്‍ പറയുന്നു. ഭരണഘടനാ തത്ത്വങ്ങള്‍ക്ക് തന്നെ വിരുദ്ധമാണ് ഈ വാദം. കാരണം, ഭരണഘടന അനുഛേദം 25-ല്‍ ഉറപ്പുനല്‍കിയിട്ടുള്ള മതസ്വാതന്ത്ര്യം മൗലികാവകാശമാണ്. വ്യക്തിനിയമങ്ങള്‍, പ്രത്യേകിച്ചും മുസ്‌ലിം വ്യക്തിനിയമങ്ങള്‍ മതവിശ്വാസത്തിന്റെ അവിഭാജ്യഘടകമാണ് എന്നതില്‍ തര്‍ക്കമില്ല. ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് തന്നെ അതിനുള്ള തെളിവാണ്. വ്യക്തിജീവിതത്തില്‍ മതം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് ഒരാളുടെ മതസ്വാതന്ത്ര്യം. അതിനാല്‍ മതത്തിന്റെ ഭാഗമായ വ്യക്തിനിയമം പൗരന് നിഷേധിക്കുന്നത്, ഭേദഗതി ചെയ്യാന്‍ അനുവാദമില്ലാത്ത ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മൗലികാവകാശത്തിന്റെ ലംഘനമാണ്. അതായത് ഇന്ത്യന്‍ ഭരണഘടന തനത് അടിസ്ഥാന സ്വഭാവത്തില്‍ നിലനില്‍ക്കുവോളം പാര്‍ലമെന്റിനോ, കോടതികള്‍ക്കോ ഒരിക്കലും നടപ്പാക്കാന്‍ അനുവാദമില്ലാത്ത, മതസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിലൂടെ ഭരണഘടനയാല്‍ നിരോധിക്കപ്പെട്ട നടപടിയാണ് എല്ലാ മതക്കാര്‍ക്കുമായി ഒരു ഏക സിവില്‍ കോഡ് അല്ലെങ്കില്‍ ഒരു പൊതുസിവില്‍കോഡ് കൊണ്ടുവരിക എന്നത്.

ഈ വസ്തുത നന്നായി അറിയുന്നവരുടെ ഭാഗത്തുനിന്നുതന്നെയാണ് ഇക്കാര്യത്തില്‍ പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടാകുന്നത് എന്നത് ഗൗരവത്തില്‍ കാണേണ്ടതാണ്. ഗൗരവതരമായ ചര്‍ച്ചകള്‍ വരുമ്പോള്‍ പൊതുസിവില്‍ കോഡ് കൊണ്ടുവരാന്‍ ഉദ്ദേശ്യമില്ലെന്ന് ഉത്തരവാദപ്പെട്ടവര്‍ വ്യക്തമാക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഇപ്പോള്‍ പൊതുജനാഭിപ്രായം തേടിയിട്ടുള്ള നിയമ കമീഷനും എല്ലാ മതക്കാര്‍ക്കുമായി ഒരു പൊതു സിവില്‍ കോഡ് എന്ന നിര്‍ദേശം നേര്‍ക്കുനേര്‍ മുന്നോട്ടുവെച്ചിട്ടുമില്ല. എന്നാല്‍ ഇപ്പോള്‍ പ്രധാനമായി ചര്‍ച്ചയായിരിക്കുന്നത് നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമത്തില്‍ പരിഷ്‌കരണം വേണ്ടതുണ്ടോ എന്ന ചോദ്യമാണ്.

നിയമ കമീഷന്‍ പുറത്തിറക്കിയ ചോദ്യാവലിയും ഈ വിഷയത്തിലെ പൊതുജനാഭിപ്രായം അറിയാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ സാമാന്യ നീതിക്ക് നിരക്കാത്ത ആചാരങ്ങള്‍ നിരോധിക്കാനും സാമാന്യനീതിക്ക് നിരക്കുന്ന വിധം വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കാനും ഭരണഘടന സര്‍ക്കാറിന് അനുമതി നല്‍കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുസ്‌ലിം വ്യക്തിനിയമങ്ങളിലെ സാമാന്യനീതി പരിശോധനാവിഷയമാക്കുന്നത്.

പലരും തെറ്റിദ്ധരിച്ചിരിക്കുന്നതു പോലെ, 1937-ലെ മുസ്‌ലിം പേഴ്‌സനല്‍ ലോ (ശരീഅത്ത്) ആപ്ലിക്കേഷന്‍ ആക്ട് മുസ്‌ലിം വ്യക്തിനിയമങ്ങളോ, അതിനു പലരും വിളിക്കുന്ന പേരായ മുഹമ്മദന്‍ ലോ വ്യവസ്ഥകളോ, ശരീഅത്ത് നിയമങ്ങളോ ഒന്നും വിശദീകരിക്കുന്നില്ല. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് ശരീഅത്ത് നിയമങ്ങള്‍ എന്തുമാത്രം ബാധകമാണ് എന്ന് വ്യക്തമാക്കുക മാത്രമാണ് ഈ നിയമം ചെയ്യുന്നത്. വെറും ഒന്നര പേജില്‍ ആറ് വകുപ്പില്‍ ഒതുങ്ങുന്ന ഈ ചെറിയ നിയമത്തിലെ പ്രസക്തമായ വകുപ്പ് രണ്ടാമത്തേതാണ്. അതിപ്രകാരമാണ്:

‘വ്യത്യസ്തമായ എന്തെല്ലാം കീഴ്‌വഴക്കങ്ങള്‍ ഉണ്ടെന്നിരിക്കിലും (കൃഷിഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഒഴികെ) ഒസ്യത്ത് പ്രകാരമല്ലാത്ത അനന്തരാവകാശം, വ്യക്തിഗത അനന്തര സ്വത്ത്, ഇഷ്ടദാനം, കരാറും മറ്റ് നിയമ വ്യവസ്ഥകള്‍ പ്രകാരവും ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ സ്വത്തവകാശം, വിവാഹം, ത്വലാഖ്, ഈലാഅ്, ളിഹാര്‍, ലിആന്‍, ഖുല്‍അ്, മുബാറഅത്ത് ഉള്‍പ്പെടെയുള്ള വിവാഹമോചനങ്ങള്‍, ജീവനാംശം, മഹ്ര്‍, രക്ഷാകര്‍തൃത്വം, ഇഷ്ടദാനം, ട്രസ്റ്റും ട്രസ്റ്റ് സ്വത്തുക്കളും (ധര്‍മസ്ഥാപനങ്ങള്‍ ഒഴികെയുള്ള), വഖ്ഫ് എന്നീ വിഷയങ്ങളിലെല്ലാം കക്ഷികള്‍ മുസ്‌ലിംകളാണെങ്കില്‍ തീര്‍പ്പു കല്‍പ്പിക്കേണ്ട നിയമം മുസ്‌ലിം വ്യക്തിനിയമം (ശരീഅ) ആയിരിക്കും.”

മേല്‍ വിവരിച്ച വിഷയങ്ങളിലെല്ലാം ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് അവരുടെ ശരീഅത്ത് നിയമങ്ങള്‍ ബാധകമാക്കുക മാത്രമാണ് ഈ നിയമത്തിലൂടെ ചെയ്തിരിക്കുന്നത്. ഈ വിഷയങ്ങളിലെല്ലാമുള്ള ശരീഅത്ത് നിയമവിധികള്‍ എന്തൊക്കെയാണെന്നോ അവ പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥങ്ങള്‍ ഏതെല്ലാമാണെന്നോ സംബന്ധിച്ച സൂചനകള്‍ പോലും ഈ നിയമത്തിലില്ല. ഇത്തരം വിഷയങ്ങള്‍ കോടതിയില്‍ എത്തിയാല്‍ അത് സംബന്ധിച്ച ശരീഅ നിയമവിധികള്‍ എന്താണെന്ന് ആധികാരിക മുസ്‌ലിം നിയമഗ്രന്ഥങ്ങളില്‍നിന്ന് കണ്ടെത്തി തീര്‍പ്പുകല്‍പ്പിക്കുകയാണ് കോടതികള്‍ ചെയ്തുവരുന്നത്. ഇക്കാര്യത്തില്‍ കോടതികള്‍ക്ക് സഹായകമായ വിധം ഈ വിഷയങ്ങളിലെ ശരീഅത്ത് നിയമങ്ങള്‍ ക്രോഡീകരിച്ച് ഒരു നിയമഗ്രന്ഥ രൂപത്തിലാക്കി നല്‍കാന്‍ പോലും 1937-ല്‍ ഈ നിയമം പാസ്സാക്കി മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യയിലെ മുസ്‌ലിം നിയമ പണ്ഡിതര്‍ക്ക് സാധിച്ചിരുന്നില്ല. ഈ വിഷയത്തിലെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യസംരംഭം ഈ ലേഖകന്‍ പുറത്തിറക്കിയ ‘സുന്നി കോഡ് ഓഫ് മുസ്‌ലിം പേഴ്‌സനല്‍ ലോ’ എന്ന നിയമ ഗ്രന്ഥമാണ്.

ശരീഅ നിയമങ്ങള്‍ സംബന്ധിച്ച് ആധികാരികമെന്ന് കരുതപ്പെടുന്ന മുവത്വ, രിസാല, ഹിദായ, ഹതാവാ ആലംഗീരി തുടങ്ങിയ ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ ലഭ്യമാണെങ്കില്‍ കൂടിയും ഇംഗ്ലീഷില്‍ സമാന പദങ്ങളില്ലാത്ത അറബിവാക്കുകളുടെ ബാഹുല്യത്താല്‍ ദുര്‍ഗ്രഹമായിത്തീര്‍ന്ന ഇത്തരം അടിസ്ഥാന ഗ്രന്ഥങ്ങളില്‍നിന്ന് നിയമവിധികള്‍ കണ്ടെത്താന്‍ സാധാരണ രീതിയില്‍ നമ്മുടെ കോടതികള്‍ ശ്രമിക്കാറില്ല. പകരം മുഹമ്മദന്‍ ലോ എന്ന പേരില്‍ ബ്രിട്ടിഷ് ഇന്ത്യയില്‍ പ്രചാരത്തിലിരുന്ന ചില പുസ്തകങ്ങളെ ആധാരമാക്കുകയാണ് കോടതികള്‍ സാധാരണ ചെയ്തുവരുന്നത്. അതിനാല്‍ യഥാര്‍ഥ ശരീഅ നിയമവിധികള്‍ കോടതികളിലും അപ്രാപ്യമായി തുടരുന്നു. ഇത് മുതലെടുത്ത് ശരീഅത്തിന്റെ വക്താക്കള്‍ എന്നവകാശപ്പെട്ട് ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ നയിക്കുന്ന ചിലര്‍ സ്വീകരിച്ച തെറ്റായ സമീപനങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണം. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ ഇതില്‍നിന്ന് മുതലെടുപ്പ് നടത്താനുള്ള സാധ്യതയാണ് ഇന്ത്യയില്‍ മുസ്‌ലിംകള്‍ നേരിടുന്ന യഥാര്‍ഥ ഭീഷണി.

വിവാഹമോചന വിഷയത്തില്‍ മറ്റ് മതക്കാരെ അപേക്ഷിച്ച് മുസ്‌ലിംകള്‍ക്കുള്ള സ്വാതന്ത്ര്യമാണ് ഇപ്പോള്‍ തര്‍ക്ക വിഷയമായിരിക്കുന്നത്. മറ്റ് മതക്കാര്‍ക്കെല്ലാം വിവാഹ മോചനത്തിന് കോടതിയെ സമീപിച്ച് ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കണമെന്നതുള്‍പ്പെടെയെുള്ള സങ്കീര്‍ണമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വിധി സമ്പാദിക്കണം എന്നിരിക്കെ, മുസ്‌ലിംകള്‍ക്ക് വെറുമൊരു വാക്കു കൊണ്ട് ബന്ധം അവസാനിപ്പിക്കാമെന്നത് സ്ത്രീകളോടുള്ള വിവേചനവും അനീതിയുമാണ് എന്ന് പരക്കെ പ്രചരിപ്പിക്കപ്പെടുന്നു. ഈ ആരോപണങ്ങള്‍ അതേപടി സമ്മതിച്ച് അത് തങ്ങളുടെ മതപരമായ അവകാശമാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് നിയമ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന ചില സമുദായ വിഭാഗങ്ങളുടെ നിലപാട് ഇക്കാര്യത്തില്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാറിനും നിയമ കമീഷനും പ്രചോദനമാകാനാണ് കൂടുതല്‍ സാധ്യത. പകരം യഥാര്‍ഥ ശരീഅ നിയമങ്ങള്‍ മനസ്സിലാക്കി അതിലെ നന്മകള്‍ തിരിച്ചറിഞ്ഞ് ശരീഅത്തിന് വിരുദ്ധമായ ദുരാചാരങ്ങള്‍ സമൂഹത്തിലുണ്ടെങ്കില്‍ അതിനെ സധൈര്യം തള്ളിക്കളഞ്ഞ് നിയമ കമീഷന്‍ പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ യഥാര്‍ഥ്യം ബോധ്യപ്പെടുത്തി മുന്നോട്ടുപോവുകയാണ് വേണ്ടത്.

വിവാഹമോചനം ശരീഅത്ത് വ്യവഹാരങ്ങളില്‍
മുസ്‌ലിംകള്‍ക്കിടയില്‍ യുക്തിരഹിതമായി വിവാഹമോചനം നടക്കുന്നുവെന്നും അതിനാല്‍ ഇതര മതസ്ഥരുടേതു പോലെ മുസ്‌ലിംകള്‍ക്കും വിവാഹമോചനം കോടതി വഴി മാത്രമാക്കണം എന്നുമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന നിര്‍ദേശം. ഇന്ത്യയിലെ ഇതര മതവിഭാഗക്കാര്‍ക്ക് അവരുടെ മതനിയമങ്ങള്‍ പ്രകാരം വിവാഹമല്ലാതെ വിവാഹ മോചനം അനുവദിക്കപ്പെട്ടിട്ടില്ല. ഒരിക്കല്‍ വിവാഹിതരായാല്‍ ദമ്പതികള്‍ വേര്‍പിരിയാന്‍ അവരുടെ മതനിയമങ്ങള്‍ അനുവദിക്കുന്നില്ല. മതനിയമങ്ങള്‍ അനുവദിക്കാത്ത ഒരു അവകാശം പൗരന് അനുവദിച്ചുകൊടുക്കുകയാണ് അവര്‍ക്കുവേണ്ടി വിവാഹമോചന നിയമങ്ങള്‍ ഉണ്ടാക്കുക വഴി രാഷ്ട്രം ചെയ്തിരിക്കുന്നത്. മതസമൂഹം അനുവദിക്കാത്ത ഒരു കാര്യം നടപ്പാക്കിക്കിട്ടാന്‍ കോടതിവിധിയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് മുസ്‌ലിംകളല്ലാത്ത മതക്കാര്‍ക്ക് വിവാഹമോചനത്തിന് കോടതിവിധി അത്യാവശ്യമായിത്തീരുന്നത്. കോടതിവിധി അനുസരിക്കാതെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് തുടര്‍ന്ന് അവരുടെ മത/സമുദായ സംവിധാനങ്ങള്‍ അവര്‍ക്ക് പുനര്‍വിവാഹവും മറ്റും സമ്മതിച്ചുകൊടുക്കുന്നതും. എന്നാല്‍ മുസ്‌ലിംകള്‍ക്ക് വിവാഹം കഴിക്കാനും അതോടൊപ്പം വിവാഹമോചനം നടത്താനും മതവിധിയുണ്ട്. അതിനാല്‍ വിവാഹമോചനത്തിന് കോടതിയുടെ ഇടപെടല്‍ ആവശ്യമില്ല. തന്നെയുമല്ല അത്തരം വ്യക്തിപരമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് മതവിധികള്‍ക്ക് എതിരുമാണ്.

ശരീഅത്ത് വ്യവസ്ഥ ചെയ്തിരിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക വഴിയാണ് ഇസ്‌ലാമില്‍ വിവാഹമോചനം സംഭവിക്കുന്നത്. ആ നടപടികളാകട്ടെ വിവാഹത്തിലെ കക്ഷികളായ ഇരുവരുടെയും സ്വകാര്യതയുമായി ബന്ധപ്പെട്ടതും അവരെ മാത്രം ബാധിക്കുന്നതുമാണ്. വ്യക്തിസ്വാതന്ത്ര്യത്തിനും വ്യക്തികളുടെ സ്വകാര്യതക്കും അങ്ങേയറ്റം പരിഗണനയും ആദരവും നല്‍കുന്ന ഇസ്‌ലാമിക നിയമത്തില്‍ അവ ഹനിക്കുന്നത് കുറ്റകരമാണ്. സ്ത്രീയും പുരുഷനും വിവാഹിതരായിരിക്കെ അവര്‍ക്കിടയില്‍ അനുവദിക്കപ്പെട്ട സ്വകാര്യതയില്‍ സംഭവിച്ച കാര്യങ്ങള്‍ മറ്റൊരാളോട് പറയുന്നത് ഇസ്‌ലാം കര്‍ശനമായി നിരോധിക്കുന്നു. വിവാഹമോചനത്തിന് വേണ്ടിയാണെങ്കില്‍ കൂടിയും ഇണയായിരിക്കെ അവര്‍ തമ്മില്‍ സ്വകാര്യതയില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് പാപമാണ്. അതുകൊണ്ടാണ് മുസ്‌ലിം നിയമത്തില്‍ വിവാഹമോചനത്തിന് കാരണങ്ങള്‍ ആരെയും ബോധിപ്പിക്കേണ്ടതില്ലാത്തത്.

മറ്റ് മതങ്ങളിലേതുപോലെ വിവാഹമോചനത്തിന് കോടതിയില്‍ പോകണമെന്ന് നിയമമുണ്ടാക്കിയാല്‍ മുസ്‌ലിംകളും വിവാഹമോചനത്തിന് കോടതിയില്‍ കാരണം തെളിയിക്കേണ്ടതായിവരും. ഇസ്‌ലാമില്‍ അത്തരം കാര്യങ്ങള്‍ പുറത്തുപറയുന്നത് കുറ്റകരമാണെന്നിരിക്കെ അത്തരം നിയമനിര്‍മാണം നടത്തുന്നത് മുസ്‌ലിംകളെക്കൊണ്ട് നിര്‍ബന്ധിച്ച് പാപപ്രവൃത്തി ചെയ്യിക്കലും വിവാഹമോചനത്തില്‍ പോലും വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന മുസ്‌ലിംനിയമത്തിന് വിരുദ്ധമായ ഒരു നിയമം മുസ്‌ലിംകളില്‍ അടിച്ചേല്‍പ്പിക്കലുമാണ്.

ഇസ്‌ലാമിക ശരീഅത്തിലെ വിവാഹമോചനം നാട്ടില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതുപോലെ യുക്തിരഹിതമോ ആധുനികസമൂഹത്തിലെ സാമാന്യ നീതിക്ക് നിരക്കാത്തതോ അല്ല.

ഇസ്‌ലാമിക നിയമം അനുസരിച്ച് വിവാഹം ഒരു കരാറാണ്. സ്ത്രീയും പുരുഷനും തമ്മില്‍ ഉണ്ടാക്കുന്ന ബലിഷ്ടമായ ഒരു കരാര്‍. ഇരുകക്ഷികള്‍ക്കും ജീവിതസുഖവും സമാധാനവുമാണ് അതിന്റെ ലക്ഷ്യം. വിവാഹം അതിന്റെ ലക്ഷ്യമായ സുഖവും സമാധാനവും നല്‍കുന്നില്ലെങ്കില്‍ ശരീഅത്ത് അതിലെ കക്ഷികളുടെ താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിച്ചുകൊണ്ട് ആ ബന്ധം റദ്ദാക്കപ്പെടണമെന്നുതന്നെ അനുശാസിക്കുന്നു. ഇസ്‌ലാമിലെ വിവിധ തരം വിവാഹമോചന രീതികളെല്ലാം അതിലെ കക്ഷികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഒരു കക്ഷി കരാറില്‍നിന്ന് പിന്മാറുന്ന സാഹചര്യത്തില്‍ മറുകക്ഷിക്ക് പരമാവധി നീതി ഉറപ്പാക്കുന്നതിനുമാണ്. ഇസ്‌ലാമിക ശരീഅത്തില്‍ എട്ട് വിവിധ വിവാഹമോചന രീതികളുണ്ട്. ഇതില്‍ സാധാരണ സാഹചര്യത്തില്‍ പൂര്‍ത്തിയാക്കല്‍ തികച്ചും അസാധ്യമായ ഒരു വിവാഹമോചനരീതി മാത്രമാണ് ത്വലാഖ്.

കേരളത്തിലെ ഭൂരിഭാഗം മുസ്‌ലിംകള്‍ പിന്തുടരുന്ന ശാഫിഈ നിയമത്തിലെ ആധികാരിക നിയമഗ്രന്ഥമായ മിന്‍ഹാജുത്ത്വാലിബീന്‍ വിവരിക്കുന്ന ക്രമത്തില്‍ പറഞ്ഞാല്‍ ഒന്നാമത്തെ വിവാഹമോചന രീതി ‘ഖുല്‍അ്’ ആണ്. രണ്ടാമത്തേത് ‘മുബാറഅ’. മൂന്നാമത് വിവരിക്കുന്ന രീതിയാണ് ‘ത്വലാഖ്’. തുടര്‍ന്ന് ത്വലാഖ് തഫ്‌വീദ്, ഈലാഅ്, ളിഹാര്‍, ലിആന്‍ എന്നീ വിവാഹമോചന നടപടിക്രമങ്ങള്‍ വിവരിക്കുന്നു. ഇങ്ങനെയൊന്നും വിവാഹമോചനം നടക്കാതെ വന്നാല്‍ സ്ത്രീ കോടതിയെ സമീപിച്ച് വിവാഹം ദുര്‍ബലപ്പെടുത്തി വിധി സമ്പാദിക്കുന്നതാണ് ‘ഫസ്ഖ്’.

ഇതില്‍ ആദ്യത്തെ രണ്ട് വിവാഹമോചന രീതികളാണ് നിയമം ഏറ്റവും ഉത്തമമായി പരിഗണിക്കുന്നത്. ആദ്യത്തേത് സ്ത്രീകളുടെ അവകാശമാണ് എന്നതിനാലും രണ്ടാമത്തേത് ഇരുവരും കുറ്റക്കാരാകാത്ത രീതി എന്നതിനാലുമാണ്.

ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവുമായി യോജിച്ച് ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അവള്‍ വിവാഹത്തിന് കൈപ്പറ്റിയ മഹ്ര്‍ തിരികെ കൊടുത്ത് അവനില്‍നിന്ന് വിവാഹമോചനം നേടാം എന്ന് വ്യവസ്ഥ ചെയ്യുന്ന ഇസ്‌ലാമിലെ ഏറ്റവും ലളിതമായ വിവാഹമോചന രീതിയാണ് ‘ഖുല്‍അ്’. സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ടാല്‍ കൊടുത്ത മഹ്ര്‍ മാത്രം തരികെ വാങ്ങി അവളെ സ്വതന്ത്രയാക്കി വിടണമെന്നാണ് ഹനഫീ നിയമം. എന്നാല്‍ ശാഫിഈ നിയമത്തില്‍ ‘ഖുല്‍ഇ’ന് മഹ്ര്‍ കൂടാതെ ഭര്‍ത്താവിന് മറ്റ് എന്തെങ്കിലും നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതും കൂടി ആവശ്യപ്പെടാം എന്നാണ് വ്യവസ്ഥ.

ഇരുവര്‍ക്കും വിവാഹ ജീവിതവുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് വന്നാല്‍ ഇരുവര്‍ക്കുമിടയിലെ അവകാശബാധ്യതകളെല്ലാം പരസ്പരം തീര്‍പ്പാക്കി കരാറുണ്ടാക്കി പരസ്പര സമ്മതപ്രകാരം വേര്‍പിരിയുന്ന രീതിയാണ് ‘മുബാറഅത്ത്’. ഇരുകക്ഷികളും പിരിഞ്ഞ് താമസിക്കുന്ന സാഹചര്യങ്ങളില്‍ മധ്യസ്ഥര്‍ ഇടപെട്ട് വിവാഹമോചനം നടത്തുമ്പോള്‍ ഇപ്രകാരം പരസ്പര സമ്മതത്തിലൂടെ (മുബാറഅ) കരാറുണ്ടാക്കി വേര്‍പിരിയുന്നതാണ് ഇസ്‌ലാം അനുവദിച്ച ഏറ്റവും ഉത്തമമായ വിവാഹമോചനരീതി. ഈ രീതിയില്‍ ഇരുവരും കുറ്റക്കാരാകുന്നില്ല എന്നതാണ് കാരണം.

പുരുഷന്‍ തന്റെ ഭാര്യയുമായി ശാരീരിക വേഴ്ച നടത്തുകയില്ലെന്ന് ശപഥം ചെയ്താല്‍ ആ ശപഥവുമായി നാല് മാസക്കാലം ഭര്‍ത്താവ് ഭാര്യയില്‍നിന്ന് അകന്നുനില്‍ക്കുന്നത് വഴി അവര്‍ക്കിടയില്‍ വിവാഹമോചനം സംഭവിക്കും എന്ന ശരീഅ നിയമവിധിയാണ് ‘ഈലാഅ്’.

അപ്രകാരം തന്നെ ഭര്‍ത്താവ് തന്റെ ഭാര്യ തനിക്ക് മാതാവിനെ പോലെയോ സഹോദരിയെ പോലെയോ ഒക്കെയാണ് എന്നു പറഞ്ഞ് അവളെ ശാരീരിക ബന്ധത്തില്‍നിന്ന് അകറ്റിനിര്‍ത്തിയാല്‍ അപ്രകാരവും നാല് മാസക്കാലം അകന്നുനില്‍ക്കുന്നത് അവര്‍ക്കിടയിലെ വിവാഹമോചനമാണ് എന്ന വ്യവസ്ഥയാണ് ‘ളിഹാര്‍’.

പുരുഷന്‍ ഭാര്യയില്‍ പരപുരുഷബന്ധം ആരോപിച്ചാല്‍ ആ ആരോപണം സംബന്ധിച്ച സത്യം ചെയ്യല്‍ വഴി അവര്‍ക്കിടയില്‍ വിവാഹമോചനം സംഭവിക്കുന്നതാണ് ‘ലിആന്‍’ അഥവാ ശാപപ്രാര്‍ഥന. ഒരു ഭര്‍ത്താവ് ‘ഇവള്‍ വ്യഭിചരിച്ചിരിക്കുന്നു, ഞാന്‍ സത്യമാണ് പറയുന്നത്’ എന്ന് നാല് പ്രാവശ്യവും തുടര്‍ന്ന് അഞ്ചാമതായി ‘താന്‍ കള്ളം പറഞ്ഞതാണെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്റെ മേല്‍ പതിച്ചുകൊള്ളട്ടെ’ എന്നും സത്യം ചെയ്താല്‍ അഞ്ചാമത്തെ സത്യം ചെയ്യലോടെ അവര്‍ തമ്മിലുള്ള വിവാഹമോചനമായി. തിരിച്ച് ആ സ്ത്രീ ‘ഇവന്‍ കളവാണ് പറയുന്നത്’ എന്ന് നാല് പ്രാവശ്യവും അഞ്ചാമതായി ‘ഇവന്‍ പറയുന്നത് സത്യമാണെങ്കില്‍ അല്ലാഹുവിന്റെ കോപം തന്റെ മേല്‍ പതിച്ചുകൊള്ളട്ടെ’ എന്നും സത്യം ചെയ്യുന്നതോടെ അവള്‍ വ്യഭിചാരത്തിനുള്ള ശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെടുകയും ആ തര്‍ക്കവിഷയത്തില്‍ അവള്‍ ഗര്‍ഭിണിയായെങ്കില്‍ കുട്ടി ഭര്‍ത്താവിന്റേതായി നിയമം പരിഗണിക്കുകയും ചെയ്യും.

ഇരുവരും പിരിഞ്ഞുപോയിട്ടില്ലാത്ത സാഹചര്യത്തില്‍ മാത്രം ഇരുവരും ഒരുമിച്ച് താമസിച്ചുവരവെ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ മൂലം വിവാഹമോചനം ഉദ്ദേശിച്ചാല്‍ കര്‍ശനമായ നടപടിക്രമങ്ങളിലൂടെ പൂര്‍ത്തിയാക്കാവുന്ന വിവാഹമോചന നടപടിയാണ് ത്വലാഖ്. ഇതാകട്ടെ സാധാരണ സാഹചര്യങ്ങളില്‍ പൂര്‍ത്തിയാക്കല്‍ തീര്‍ത്തും അസാധ്യമായ നടപടിക്രമങ്ങളാണ്. ഖുര്‍ആന്‍ വ്യക്തമായി നിഷ്‌കര്‍ഷിച്ച നിബന്ധനകള്‍ പൂര്‍ത്തിയാക്കല്‍ വഴി മാത്രമേ ത്വലാഖ് സംഭവിക്കുകയുള്ളൂ.

ത്വലാഖ് പറയേണ്ടത് ഇരുവരും ഒരുമിച്ച് താമസിക്കുന്ന സാഹചര്യത്തില്‍ സ്ത്രീ ആര്‍ത്തവത്തില്‍നിന്ന് ശുദ്ധിയായിരിക്കുന്ന കാലത്തായിരിക്കണം എന്നതാണ് ഒന്നാമത്തെ നിബന്ധന. ത്വലാഖ് പറഞ്ഞ ശേഷം മൂന്ന് ശുദ്ധികാലം, അഥവാ മൂന്ന് മാസക്കാലം അതല്ല സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ അവള്‍ പ്രസവിക്കുന്നതുവരെ ഇക്കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഭര്‍ത്താവിന് ത്വലാഖ് റദ്ദാക്കി അവളെ തിരിച്ചെടുക്കാന്‍ അവസരം ലഭ്യമാകുന്ന വിധം അവര്‍ അതുവരെ താമസിച്ചിരുന്ന അതേ സാഹചര്യത്തില്‍ അവിടെതന്നെ താമസിക്കണം എന്നതാണ് രണ്ടാമത്തെ നിബന്ധന. ഈ കാലയളവ് പൂര്‍ത്തിയായാല്‍ രണ്ട് നീതിമാന്മാരായ സാക്ഷികളെ വരുത്തി അവരുടെ സാന്നിധ്യത്തില്‍ അവളുടെ സ്വത്ത് അവകാശങ്ങളെല്ലാം തിരികെ കൊടുത്ത് മാന്യമായി തിരിച്ചയക്കണം എന്നതാണ് ശേഷമുള്ള നിബന്ധനകള്‍. ഖുര്‍ആന്‍ നിഷ്‌കര്‍ഷിച്ച ഈ നിബന്ധനകള്‍ പൂര്‍ത്തിയാക്കല്‍ വഴി മാത്രമേ ത്വലാഖ് രീതിയിലുള്ള വിവാഹമോചനം സാധ്യമാവുകയുള്ളൂ.

ത്വലാഖ് നടത്തുന്നതിനുള്ള അവകാശം വിവാഹസമയത്തു തന്നെയോ മറ്റേതെങ്കിലും സാഹചര്യങ്ങളിലോ ഭര്‍ത്താവില്‍നിന്ന് ഒരു കരാര്‍ വഴി ഭാര്യക്ക് കൈമാറാവുന്നതാണ്. അപ്രകാരം കൈമാറിക്കിട്ടുന്ന അവകാശം വിനിയോഗിച്ച് ഭാര്യതന്നെ മുന്‍കൈയെടുത്ത് ത്വലാഖ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന രീതിയാണ് ത്വലാഖ് തഫ്‌വീദ്.

ഇപ്രകാരമൊന്നും വിവാഹമോചനം സാധ്യമാകാതെ വരുന്ന ചില സാഹചര്യങ്ങളില്‍ സ്ത്രീക്ക് കോടതിയെ സമീപിച്ച് വിവാഹം ദുര്‍ബലപ്പെടുത്തി ഉത്തരവ് സമ്പാദിക്കാം. സ്ത്രീയുടെ അപേക്ഷയിന്മേല്‍ കോടതി വിവാഹം ദുര്‍ബലപ്പെടുത്തി നല്‍കുന്ന വിധിക്ക് പറയുന്ന പേരാണ് ‘ഫസ്ഖ്’. നാല് വര്‍ഷത്തില്‍ അധികമായി ഭര്‍ത്താവിനെക്കുറിച്ച് യാതൊരു അറിവുമില്ലാതിരിക്കുക, രണ്ട് വര്‍ഷത്തില്‍ അധികമായി ഭര്‍ത്താവ് ചെലവിന് നല്‍കാതിരിക്കുക, ഭര്‍ത്താവിന് ഏഴ് വര്‍ഷത്തില്‍ കൂടിയ കാലയളവിന് ജയില്‍ശിക്ഷ വിധിക്കുക, ഭര്‍ത്താവിന് ലൈംഗിക ശേഷി ഇല്ലാതിരിക്കുക, ഭര്‍ത്താവിന് പകരുന്ന രോഗങ്ങള്‍ ഉണ്ടായിരിക്കുക, ഭര്‍ത്താവ് ക്രൂരമായി പെരുമാറുക തുടങ്ങിയ കാരണങ്ങളാല്‍ സ്ത്രീക്ക് കോടതിയെ സമീപിച്ച് ‘ഫസ്ഖ്’ വിധി സമ്പാദിക്കാവുന്നതാണ്. ഇതിന് മാത്രമായി ഇന്ത്യയില്‍ ഉണ്ടാക്കിയിട്ടുള്ള നിയമമാണ് 1939 ലെ മുസ്‌ലിം വിവാഹങ്ങള്‍ ദുര്‍ബലപ്പെടുത്തല്‍ നിയമം.

മേല്‍ വിവരിച്ച വിവാഹമോചന രീതികളില്‍ ‘ലിആന്‍’ എന്ന ശാപപ്രാര്‍ഥന ഒഴികെയുളള വിവാഹമോചനങ്ങളിലെല്ലാം വിവാഹമോചനം കഴിഞ്ഞാലും വീണ്ടും അവര്‍ തമ്മില്‍ പുനര്‍വിവാഹം ആകാവുന്നതാണ് (ലിആന്‍ നടത്തിയാല്‍ പിന്നീട് ജീവിതത്തില്‍ ഒരിക്കലും അവര്‍ തമ്മില്‍ പുനര്‍വിവാഹിതരാകാന്‍ പാടില്ല). ഇപ്രകാരം അവര്‍ തമ്മില്‍ പുനര്‍വിവാഹം അനുവദിക്കപ്പെട്ടിട്ടുള്ളത് തുടര്‍ച്ചയായ രണ്ട് വിവാഹമോചനങ്ങള്‍ക്കുശേഷം മാത്രമാണ്. മൂന്നാമതും വിവാഹമോചനം നടത്തിയാല്‍ അവര്‍ തമ്മില്‍ പുനര്‍വിവാഹം നടത്തുന്നതിന് നിരോധനമുണ്ട്. അതായത് രണ്ടു പേര്‍ തമ്മില്‍ തുടര്‍ച്ചയായി മൂന്ന് വിവാഹവും (അല്ലെങ്കില്‍ തിരിച്ചെടുക്കലും) മൂന്ന് വിവാഹമോചനവും നടന്നാല്‍ നാലാമതും അവര്‍ തമ്മില്‍ വിവാഹം പാടില്ല. മൂന്ന് പ്രാവശ്യം ദമ്പതികള്‍ തമ്മില്‍ വിവാഹമോചനം നടന്നാല്‍ നാലാമത് അവള്‍ മറ്റൊരു പുരുഷനെ വിവാഹം കഴിച്ച് സ്വാഭാവികമായി അവര്‍ക്കിടയില്‍ വിവാഹമോചനം നടന്ന് ആ സ്ത്രീ തിരികെ വന്നാല്‍ മാത്രമേ ആദ്യ ഭര്‍ത്താവിന് നാലാമത് അവളെ സ്വീകരിക്കാന്‍ അനുവാദമുള്ളു.

ഇതാണ് ശരീഅത്ത് നിയമപ്രകാരമുള്ള വിവാഹമോചനത്തിന്റെ രീതികള്‍. എന്നാല്‍ ഇന്ത്യയുടെ ചില പ്രദേശങ്ങളില്‍ ദമ്പതിമാര്‍ തമ്മില്‍ വേര്‍പിരിഞ്ഞാല്‍ ഇതെല്ലാം നിയന്ത്രിക്കുന്ന നാട്ടിലെ മതനേതാക്കള്‍ ‘മൂന്ന് ത്വലാഖും ചൊല്ലി’ എന്ന് ഭര്‍ത്താവിനോട് രേഖ എഴുതിവാങ്ങും. ഇവര്‍ ധരിച്ചുവശായിരിക്കുന്നത് ഇസ്‌ലാമിലെ വിവാഹമോചനമെന്നാല്‍ ‘മൂന്ന് ത്വലാഖ് ചൊല്ലി’ എന്ന് ഭര്‍ത്താവ് പറയല്‍ മാത്രമാണെന്നാണ്. എന്നാല്‍ ത്വലാഖിനെ തുടര്‍ന്ന് രണ്ട് നീതിമാന്മാരെ സാക്ഷിനിര്‍ത്തി വിവാഹമോചനത്താല്‍ സ്ത്രീക്ക് അവകാശപ്പെട്ട അവരുടെ മഹ്ര്‍, അവര്‍ക്ക് ലഭിച്ച സമ്മാനങ്ങള്‍, അവളുടെ വീട്ടില്‍നിന്നും ലഭിച്ച സ്വത്ത്, കൂടാതെ അവളുടെ അവകാശമായ മതാഅ് എന്ന മാന്യമായ പാരിതോഷികം എന്നിവ കൊടുത്ത് കൊണ്ട് മാന്യമായി പിരിച്ചയക്കുക എന്ന കാര്യത്തില്‍ ഇവരൊന്നും ഇടപെടുകയുമില്ല. തുടര്‍ന്ന് ഈ അവകാശങ്ങള്‍ക്കും കുട്ടികളുണ്ടെങ്കില്‍ അവരുടെ കാര്യങ്ങള്‍ക്കുമെല്ലാം സ്ത്രീക്ക് കോടതിയെ സമീപിക്കുകയല്ലാതെ നിവൃത്തിയില്ലാതെ വരും. ഇങ്ങനെ സ്ത്രീ കോടതിയെ സമീപിക്കുന്ന സാഹചര്യങ്ങളില്‍ അവര്‍ തമ്മിലെ തര്‍ക്കങ്ങള്‍ക്ക് ഏറ്റവും നല്ല പരിഹാരം അവര്‍ തമ്മില്‍ വീണ്ടും ഒരുമിച്ച് ജീവിക്കുന്നതല്ലേ എന്ന നിലപാടില്‍ കോടതിയുടെ ഭാഗത്തുനിന്ന് അനുരഞ്ജന ശ്രമങ്ങളുണ്ടാകുമ്പോള്‍ ഇരുവര്‍ക്കും സമ്മതമാണെങ്കില്‍ കൂടിയും അവള്‍ മൂന്ന് ത്വലാഖും ചൊല്ലപ്പെട്ടവളാണ്, ഇനി ഒരുമിച്ച് താമസിക്കല്‍ വ്യഭിചാരമാകും എന്നെല്ലാം പറഞ്ഞ് അവരുടെ കുടുംബക്കാരും സമുദായവും പുനര്‍ജീവിതം അനുവദിക്കാതെ അവരെ കഷ്ടപ്പെടുത്തുന്ന ദുഷിച്ച സാഹചര്യമാണ് മുത്ത്വലാഖ് .

ദമ്പതിമാര്‍ക്കിടയില്‍ യഥാര്‍ഥത്തില്‍ ഒരു വിവാഹമോചനം മാത്രം നടന്നിരിക്കെ, പുരുഷന്‍ താന്‍ മൂന്ന് ത്വലാഖും ഉദ്ദേശിച്ച് മൂന്നു വട്ടം അവളെ വിവാഹമോചനം ചെയ്തു എന്നു വാദിച്ച് അവളെ സ്വീകരിക്കാന്‍ തയാറാകാതെ വന്നാല്‍ അവര്‍ തമ്മില്‍ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുന്നതില്‍ അര്‍ഥമില്ലാത്തതിനാല്‍ ഒരുവന്‍ മൂന്നു ത്വലാഖും ഉദ്ദേശിച്ചാല്‍ അവന് മൂന്ന് ത്വലാഖും ആയി എന്നുതന്നെയാണ് പണ്ഡിതാഭിപ്രായങ്ങള്‍. എന്നാല്‍ അപ്രകാരം പുനര്‍വിവാഹത്തിനുള്ള സാധ്യത നിരാകരിക്കുന്നത് ഖുര്‍ആനിനും സുന്നത്തിനും എതിരാകയാല്‍ അത് നിയമവിരുദ്ധമായ ‘ബിദ്അത്ത്’ ആണ് എന്നതിലും പണ്ഡിതര്‍ക്ക് അഭിപ്രായവ്യത്യാസമില്ല.

(ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ശരീഅത്ത് നിയമവിധികള്‍ക്ക് അവലംബം അല്‍ഹിദായ, ഫതാവാ ആലംഗീരി, മിന്‍ഹാജുത്ത്വാലിബീന്‍ എന്നീ ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകളാണ്.)

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles