Current Date

Search
Close this search box.
Search
Close this search box.

വാഗ്വാദം, കുടുംബകലഹം…

കുത്തനെ കൂടുന്ന വിവാഹമോചനങ്ങൾ കുടുംബത്തിന്റെ അടിക്കല്ലിളക്കുന്നു. കുടുംബകങ്ങളിൽ പരസ്പര സ്നേഹവും വാത്സല്യവും അപ്രത്യക്ഷമാവാനും പകരം വെറുപ്പും മടുപ്പും മുളച്ചു പൊന്താനും കാരണമായിത്തീരുന്നു. ഒടുക്കം അത് കുടുംബ കോടതികളിലേക്കും വിവാഹമോചനത്തിലേക്കും എത്തിപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം.

ഇത്തരം കുടുംബ തകർച്ചകളുടെ പ്രധാന കാരണം കടുത്ത വാഗ്വാദങ്ങളാണ് എന്ന് പറയാതെ വയ്യ. കുടുംബ പ്രശ്നങ്ങളെ ഇഴകീറി പരിശോധിച്ചാൽ ശാരീരിക അക്രമങ്ങളെക്കാൾ വലിയ പങ്ക് വാഗ്വാദങ്ങൾക്കുണ്ട് എന്ന് കണ്ടെത്താനാവും.

അധാർമികമായ ലൈംഗികതയെക്കാൾ ഗൗരവമുള്ളതാണ് ഇതെന്ന് ഹദീസുകളിൽ കാണാം. ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ പറയുന്നു: ഒരു അടിമസ്ത്രീ വ്യഭിചരിക്കുകയും അത് തെളിയുകയും ചെയ്താൽ ശിക്ഷയായി അവളെ അടിക്കണം പക്ഷേ അവളോട് പരുഷമായി സംസാരിക്കരുത്. ചെയ്ത തെറ്റുമായി ബന്ധപ്പെട്ട് പോലും അവളോട് കാർകശ്യത്തോടെ സംസാരിക്കുന്നതിനെ ഇസ്ലാം വിലക്കി.

നിന്ദ്യതയുടെ സൂചനകൾ

കുടുംബകങ്ങളിൽ പരുക്കമായ വാക്കുകൾ ഉടലെടുക്കുന്നത് ദമ്പതികൾ പരസ്പരം മാനസിക അകൽച്ച നേരിടുമ്പോഴാണ്. അന്യായമായ വാഗ്വാദങ്ങളിൽ പുരുഷനും സ്ത്രീയും ഒരുപോലെ പങ്കാളികളാകുകയും ചെയ്യുന്നു.

മറുപുറത്തുള്ള കക്ഷിയെ അങ്ങേയറ്റം വഷളാക്കുകയും അവരുടെ വ്യക്തിത്വത്തെ തന്നെ ചപലമായി കാണിക്കുകയും ചെയ്യുന്നു. ഭാര്യയെ അവളുടെ ശരീരത്തെക്കുറിച്ചും മറ്റുള്ളവരെ കൊണ്ട് താരതമ്യം ചെയ്തും അവൾ ഒരു പെണ്ണ് അല്ലെന്ന് പോലും അടച്ചു പറഞ്ഞു ഭർത്താവ് പരിഹസിക്കുന്നു. ഇത് അവളിൽ സംശയത്തിന്റെയും സങ്കോചത്തിന്റെയും വിത്തുകളാണ് മുളപ്പിക്കുന്നത്.‌

മറുഭാഗത്ത് ഭാര്യയും ഇതേ പണിയെടുക്കുന്നു. ഭർത്താവിന്റെ കുറവുകളെ ചൂണ്ടിക്കാട്ടിയും, പരിഹസിച്ചും ഒരാണ്ടു മുഴുക്കെയും തന്നോട് നന്മ ചെയ്ത ഭർത്താവിനോട് എന്തെങ്കിലും ഒരു തെറ്റ് പറ്റുമ്പോഴേക്കും നിങ്ങൾ ഇതുവരെ എന്നോട് ഒരു നല്ല കാര്യം പോലും ചെയ്തില്ലെന്ന് തീർത്തു പറയാൻ ഭാര്യ തയ്യാറാവുന്നു. തന്റെ പങ്കാളിയെ വിലകുറച്ചു കാണലും മറ്റുള്ളവരുമായി താരതമ്യം ചെയ്യാനും അങ്ങേയറ്റം മോശമായ കാര്യങ്ങളാണ് . ചിലർ പങ്കാളിയുടെ ന്യൂനതകളെ ചൂഷണം ചെയ്യുന്നതും മുതലെടുക്കുന്നതും ഇതിൽ പെട്ടത് തന്നെ.

വിശ്വാസത്തിന്റെ ദൗർബല്യം

എന്റെ അഭിപ്രായത്തിൽ ദുർബലമായ മത വിദ്യാഭ്യാസമാണ് വ്യക്തിജീവിതത്തിന്റെ മുരടിപ്പിന്റെ അടിസ്ഥാന കാരണം. പരസ്പരം ചീത്ത വിളിക്കാനും വഷളാക്കാനുമുള്ള ത്വര അതിൽ നിന്നാണ് ഉടലെടുക്കുന്നത്. മതകാര്യങ്ങൾ ഗൗനിക്കാത്തവർ പരസ്പരം കുറവുകൾ കണ്ടെത്തി ആക്ഷേപിക്കുന്നതിൽ രസം കണ്ടെത്തും . ഒരു വിശ്വാസി ആക്ഷേപിക്കുന്നവനോ കുത്തുവാക്ക് പറയുന്നവനോ മോശക്കാരനോ അല്ലെന്ന് ഹദീസുകളിൽ കാണാം.

ആധുനിക കാലത്ത് സിനിമകളും നാടകങ്ങളും സമൂഹത്തോട് പങ്ക് വെക്കുന്ന അസഭ്യ വർഷങ്ങളും അനാരോഗ്യകരമായ ഇടപെടലുകളും ഇത്തരം ഹീന കൃത്യങ്ങൾക്ക് ആക്കം കൂട്ടുന്നു . അന്യോന്യം ആക്ഷേപിക്കുന്നതിൽ ഒരു സങ്കോചവും തോന്നാത്ത മനുഷ്യർ കുടുംബങ്ങളിൽ അവിഹിതാരോപണങ്ങളും ചീത്തവിളികളുമായി തന്നെത്താൻ ചുരുങ്ങി പോകുന്നു . ചെറിയ പരിഹാസങ്ങളും അവഗണനകളിൽ നിന്നുംതുടങ്ങി ബന്ധങ്ങളുടെ വിശുദ്ധി മറന്ന മനുഷ്യൻ വഴിവിട്ട ആക്ഷേപങ്ങളിലേക്ക് എത്തിച്ചേരുകയാണ് ചെയ്യുന്നത്.

ആദ്യം പരസ്പരം സംസാരിക്കാതെയും മനപ്പൂർവ്വം മുഖം തിരിച്ചും അവഗണിച്ചും പങ്കാളിയെ കേൾക്കാൻ തയ്യാറാവാതെയും തുടങ്ങുന്ന അസ്വാരസ്യങ്ങൾ ഒടുവിൽ തന്റെ വ്യക്തിത്വത്തെ തന്നെ കെട്ടി താഴ്ത്തുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു .

അപ്പുറത്തുള്ള കക്ഷിയെ തെറ്റുകാരനായി സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ നിന്നാണ് ഇതെല്ലാം ഉടലെടുക്കുന്നത് . ബോധപൂർവ്വമോ അല്ലാതെയോ അത് പല രൂപങ്ങളിലായി പുറത്തു ചാടുന്നു . ഇത് ശാരീരിക ഉപദ്രവത്തെക്കാളും ഹാനികരമായത് തന്നെയെന്നതിൽ സംശയമില്ല.

അസ്വാരസ്യങ്ങളുടെ പരിസരങ്ങൾ

കുടുംബകങ്ങളിൽ മുളച്ചു പൊന്തുന്ന വാഗ്വാദങ്ങൾ രണ്ടുപേരിൽ നിന്നും പടർന്ന് മറ്റു അംഗങ്ങളിലേക്കും വ്യാപിക്കുക തന്നെ ചെയ്യും. പരസ്പരം കലഹിക്കുന്ന ദമ്പതികൾക്ക് ശേഷം, ഭാവിയിൽ എല്ലാം കണ്ടും കേട്ടും വളരുന്ന സന്താനങ്ങൾ ഇതിന്റെ ഭാഗമാകുന്നു .

പരസ്പര സ്നേഹവും ഒരുമയും അപരിചിതരായ ഒരു പുതു തലമുറ ആ വീട്ടിൽ വളർന്നുകൊണ്ടിരിക്കും . ക്രമേണ ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങൾ സ്ഥാപിച്ചടുക്കാൻ അവർ അശക്തരായി തീരും . നിരന്തരം ആശങ്കകളും അസ്ഥിരതയും അവരെ വേട്ടയാടും . സ്നേഹബന്ധങ്ങളുടെയും കെട്ടുറപ്പിന്റെയും അഭാവമാണ് ഇത്തരം സങ്കുചിതമായ അവസ്ഥകളിലേക്ക് ഭാവി തലമുറയെ എത്തിക്കുന്നത് .

ദയ കാണിക്കുക

രണ്ടുപേർ തമ്മിൽ ഉരസി ഉണ്ടാക്കുന്ന അസ്വാരസ്യങ്ങളുടെ തീ കെടുത്താൻ ആദ്യം ചെയ്യേണ്ടത് സ്വയം ശാന്തനാവുക എന്നതാണ്. പരുഷമായ വാക്കുകൾക്ക് അതേ നാണയത്തിൽ മറുപടി നൽകാതിരിക്കുക, ആക്ഷേപിക്കുന്നവർക്കെതിരെ വീണ്ടും അസഭ്യം പറയാതിരിക്കുക .

‘ക്രോധം ഒതുക്കുകയും ജനങ്ങൾക്ക് മാപ്പ് അരുളുകയും ചെയ്യുന്ന സൂക്ഷ്മാലുക്കൾക്കായി സജ്ജീകൃതമാണ് സ്വർഗ്ഗം. പുണ്യവാന്മാരെ അല്ലാഹു സ്നേഹിക്കുന്നു ‘ എന്ന് ഖുർആനിക വചനം ഇതിനെ സാക്ഷ്യപ്പെടുത്തുന്നു . ദേഷ്യം ഒതുക്കുക എന്നത് ആ പരിസരം വിട്ട് ഒഴിഞ്ഞുമാറൽ അല്ല, മറിച്ച് അവരെ സൗമ്യമായും ക്ഷമയോടെയും നേരിടുക എന്നതാണ്. ഒരു കക്ഷിയുടെ ദയ മറുകക്ഷിയുടെ ചവിട്ടി മെതിക്കാനുള്ള അവസരമായും ഭവിക്കരുത്. മറിച്ച്, തെറ്റായ വഴിയിൽ നിന്നും നേരിലേക്ക് തിരിഞ്ഞ് നടക്കാനുള്ള പുതിയ തുടക്കമാവണം .

വിട്ടുവീഴ്ചയും സഹനവും ക്ഷമയും ആണ് പ്രശ്നങ്ങളുടെ തീയണക്കാനുള്ള ഏറ്റവും ഉത്തമമായ ആയുധം . മറുകക്ഷി സൗമ്യൻ ആവുമ്പോൾ ആക്ഷേപകന്റെ മനസ്സ് തണുക്കും . വെറുപ്പും അകൽച്ചയും കൈമാറാൻ ആളില്ലാതെയാകുമ്പോൾ ആക്ഷേപത്തിന്റെ ആക്കം കുറയും.
അപ്പോൾ , ഇത്തരം പ്രശ്നങ്ങളെ ശാന്തമായി കൈകാര്യം ചെയ്യാൻ ഇരുവർക്കും സാധിക്കും. അത് വഴി വിഷലിപ്തമായ വാക്കുകൾക്ക് വിട്ടുവീഴ്ച നൽകിയും മറ്റൊരാളെ നിന്ദിക്കാതെയും പരസ്പര വിശ്വാസവും സ്നേഹബന്ധവും വിളക്കി ചേർക്കാൻ കുടുംബങ്ങൾക്ക് സാധിക്കും . ഏറ്റവും ഉദാത്തമായ നന്മയെ കൊണ്ട് തിന്മയെ പ്രതിരോധിക്കുമ്പോഴാണ് നാം വിജയിക്കുന്നത്.

 

വിവ: ഫഹ്‌മിദ സഹ്റാവിയ്യ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles