Current Date

Search
Close this search box.
Search
Close this search box.

സ്വാതന്ത്ര്യത്തിന് വിലങ്ങു തീര്‍ക്കുന്ന സ്‌നേഹം

love1.jpg

പങ്കാളിയുടെ സ്‌നേഹം തനിക്ക് മാത്രമേ ലഭിക്കാവൂ എന്ന് നിര്‍ബന്ധ ബുദ്ധിയുള്ള പൊസ്സസീവായ ഇണകളുടെ പല കേസുകളിലും എനിക്ക് ഇടപെടേണ്ടി വന്നിട്ടുണ്ട്. പൊസ്സസീവായ ഭാര്യയെ കുറിച്ച് ആവലാതിയുമായി എന്റെയടുത്ത് വന്ന യുവാവിനെ ഞാന്‍ ഓര്‍ക്കുന്നു. ഒരു മണിക്കൂര്‍ പോലും ഭര്‍ത്താവ് തന്നെ പിരിഞ്ഞിരിക്കുന്നത് അവള്‍ക്ക് സഹിക്കാനാവുന്നില്ല. കൂട്ടുകാരോടൊപ്പോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ വൈകുന്നേരം പുറത്തു പോയാല്‍ നിരവധി തവണ അവള്‍ വിളിച്ചിരിക്കും. ഭര്‍ത്താവിന് മറ്റ് രഹസ്യ ബന്ധങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി ജീവിതത്തിലെ ഓരോ കാര്യങ്ങളുടെയും വിശദാംശങ്ങള്‍ ഭാര്യ ചുഴിഞ്ഞന്വേഷിച്ചു കൊണ്ടിരിക്കുന്നു എന്ന പരാതിയാണ് മറ്റൊരു യുവാവിന് പറയാനുണ്ടായിരുന്നത്. ഇത്തരത്തില്‍ ഭര്‍ത്താവിന്റെ ശ്വാസോച്ഛാസ്വത്തെ പോലും നിയന്ത്രിക്കുന്ന തലത്തിലേക്കത് വളര്‍ന്നതിന്റെ ഫലമായി ഉണ്ടായ എത്രയോ വിവാഹമോചനങ്ങളുമുണ്ട്.

സ്വതന്ത്രമായി എന്തെങ്കിലും ചെയ്യാനോ ശ്വസിക്കാനോ പോലും ഭാര്യമാരെ അനുവദിക്കാത്ത ഭര്‍ത്താക്കന്‍മാരുടെ പൊസ്സസീവായ സ്‌നേഹത്തിന്റെ കേസുകളും എന്റെ മുന്നില്‍ വന്നിട്ടുണ്ട്. ഭാര്യയെ വീട്ടില്‍ ബന്ധിയാക്കി സ്‌നേഹം കാരണമാണ് അവളെ ബന്ധിയാക്കിയിരിക്കുന്നതെന്നും മറ്റൊരാളും അവളെ കാണുന്നത് താനിഷ്ടപ്പെടുന്നില്ലെന്നും നിരന്തരം പറഞ്ഞിരുന്ന ഒരാളെ എനിക്കറിയാം. സ്‌നേഹത്തിന്റെ പേരില്‍ ഇണയുടെ ചിന്തകളെയും വ്യക്തിപരമായ തീരുമാനങ്ങളെയും സമ്പത്തിനെയും തന്റെ നിയന്ത്രണത്തിലാക്കുകയാണ് മറ്റൊരാള്‍ ചെയ്തത്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നടക്കുന്നുണ്ട്.

ചെറുപ്പം മുതല്‍ തന്നെ പലതിനെയും ഉടമപ്പെടുത്താനുള്ള മോഹം മനുഷ്യ പ്രകൃതത്തിന്റെ ഭാഗമാണ്. സമ്പത്ത് പോലുള്ള ഭൗതികമായ കാര്യങ്ങള്‍ ഉടമപ്പെടുത്താനുള്ള ആഗ്രഹം അതില്‍ പെട്ടതാണ്. നാം ഈ ലേഖനത്തില്‍ പറയുന്ന മാനസികമായ കാര്യങ്ങളുടെ ഉടമപ്പെടുത്തലും അതിന്റെ ഭാഗം തന്നെയാണ്. എന്നാല്‍ ഉടമപ്പെടുത്താനുള്ള മോഹം പങ്കാളിയെയും മറ്റുള്ളവരെയും വേദനിപ്പിക്കുന്ന ഒരു രോഗമായി മാറാതിരിക്കാന്‍ അതിനെ സംസ്‌കരിക്കുകയും ശരിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ചും ദാമ്പത്യ ജീവിതത്തിലും കൂട്ടുകാര്‍ക്കിടയിലെ സൗഹൃദങ്ങളിലും.

മറ്റൊരാളോടുള്ള സ്‌നേഹത്തിന്റെ അടയാളങ്ങളാണ് അവര്‍ക്ക് നല്‍കുന്ന പരിഗണനയും ആദരവും മറ്റുള്ളവര്‍ അവരോട് മോശമായി ഇടപെടുമ്പോഴുണ്ടാകുന്ന രോഷവും. എന്നാല്‍ അവര്‍ക്ക് സ്വന്തമായോ സുഹൃത്തുക്കള്‍ക്കോ കുടുംബത്തിനോ ഒപ്പം സ്വതന്ത്രമായി ജീവിക്കാനുള്ള വിശാലത അനുവദിക്കേണ്ടതുണ്ട്. അതേ സമയം അവരോടുള്ള സ്‌നേഹം അവരെ പ്രത്യേക സ്ഥലത്ത് തളച്ചിടുന്നതിലേക്കും വികാരങ്ങളെയും അഭിപ്രായ പ്രകടനങ്ങളെ പോലും നിയന്ത്രിക്കുന്നതിലേക്കും എത്തുമ്പോള്‍ ആ ബന്ധം അവിടെ ഇല്ലാതാവുകയാണ് ചെയ്യുക. അല്ലാഹുവിന്റെ മാത്രം അടിമയായ മനുഷ്യന്‍ സ്വതന്ത്രനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പ്രിയപ്പെട്ട ഒരാളുടെ ജീവിതത്തെ ഉടമപ്പെടുത്തുന്നതിന് പകരം അവരുടെ വികാരങ്ങളെ ഉടമപ്പെടുത്തുകയെന്നതാണ് ക്രിയാത്മകമായ ഉടമപ്പെടുത്തല്‍.

സ്ത്രീയും പുരുഷനും വ്യത്യസ്ത രീതികളിലാണ് പൊസ്സസീവായ സ്‌നേഹം പ്രകടിപ്പിക്കുന്നത്. എത്ര തന്നെ മറച്ചു പിടിക്കാന്‍ ശ്രമിച്ചാലും മുഖഭാവങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും അത് പ്രകടമാവുന്ന സ്ത്രീകളെ അപേക്ഷിച്ച് അത് മറച്ചുവെക്കാനുള്ള കഴിവ് പുരുഷന് കൂടുതലാണ്. സൗഹൃദങ്ങളുടെ ലോകത്ത് പൊസ്സസീവ്‌നെസ് കടന്നു വരുമ്പോള്‍ തന്റെ സുഹൃത്തിന്റെ സുഹൃത്തുക്കളെ അവര്‍ അംഗീകരിക്കുകയില്ല. ഇത്തരം സാഹചര്യങ്ങളില്‍ മറുകക്ഷിയുടെ സ്വാതന്ത്ര്യത്തിന് വിലങ്ങ് തീര്‍ക്കുകയും അവരെ വേദനിപ്പിക്കുകയും ചെയ്യുന്നതിനാല്‍ ബന്ധം അവസാനിക്കുന്നതിലേക്കാണത് നയിക്കുക.

പൊസ്സസീവായ സ്‌നേഹത്തിന് ആറു ലക്ഷണങ്ങള്‍ നമുക്ക് കാണാം. താന്‍ സ്‌നേഹിക്കുന്ന ആള്‍ തന്റെ മാത്രമായിരിക്കണമെന്നുള്ള ആഗ്രഹമാണ് ഒന്നാമത്തേത്. രണ്ട്, മറ്റാര്‍ക്കും താന്‍ സ്‌നേഹിക്കുന്ന ആളില്‍ യാതൊരു അവകാശവുമില്ലെന്ന് ദ്യോതിപ്പിക്കുന്ന തരത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ എപ്പോഴും അവരോടൊപ്പം ചേര്‍ന്നിരിക്കാന്‍ അവരിഷ്ടപ്പെടും. മൂന്ന്, താന്‍ സ്‌നേഹിക്കുന്ന കക്ഷിയോടുള്ള പെരുമാറ്റത്തില്‍ ഞാനെന്ന ഭാവം പ്രകടിപ്പിക്കുകയും അവരെ സ്വന്തമായ വിനോദത്തിനോ പുറത്തു പോകുന്നതിനോ അനുവദിക്കാതിരിക്കുകയും ചെയ്യുക. നാല്, എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണത്തിലാക്കുകയും തന്നെ അറിയിക്കാതെ ചെയ്യുന്നതിന്റെ പേരില്‍ കോപിക്കുകയും ചെയ്യുക. അഞ്ച്, നിരന്തരം ഓരോ ചലനങ്ങളും നിരീക്ഷിക്കുകയും അവര്‍ പോകുന്ന സ്ഥലങ്ങള്‍ ഉറപ്പാക്കുന്നതിനായി ഇടക്കിടെ ഫോണ്‍ ചെയ്യുകയും ചെയ്യുക. ആറ്, അസാന്നിദ്ധ്യത്തില്‍ ഭയം അനുഭവപ്പെടല്‍.

സ്‌നേഹത്തെയും പൊസ്സസീവായ സ്‌നേഹത്തെയും വേര്‍തിരിക്കേണ്ടത് അനിവാര്യമാണ്. സ്‌നേഹിക്കുന്ന വ്യക്തിക്ക് പരിഗണന നല്‍കി സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും വിശ്വസ്യതയിലും ജീവിക്കലാണ് സ്‌നേഹം. ജീവിതത്തിലെ ആഹാരം, സംസാരം, വസ്ത്രം, ബന്ധങ്ങള്‍ തുടങ്ങിയ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ഇടപെട്ടു കൊണ്ടുള്ള സംഘര്‍ഷ ഭരിതമായ ജീവിതമാണ് പൊസ്സസീവായ സ്‌നേഹം.

പൊസ്സസീവായ സ്‌നേഹത്തിനുള്ള ചികിത്സ അത്തരത്തില്‍ സ്‌നേഹിക്കുന്നവരോട് അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ നമുക്ക് പ്രയാസമുണ്ടാക്കുന്നതും സ്വാതന്ത്ര്യത്തിന് വിലങ്ങുകള്‍ തീര്‍ക്കുന്നതുമാണെന്നും അത് ആരോഗ്യകരമായ ബന്ധത്തിന്റെ ലക്ഷണമല്ലെന്ന് ബോധ്യപ്പെടുത്തലുമാണ്. സ്‌നേഹവും പൊസ്സസീവായ സ്‌നേഹവും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ടതുണ്ട്. അഥവാ കാര്യങ്ങള്‍ തുറന്നു വ്യക്തമാക്കാനും ബോധവല്‍കരിക്കാനും സമയം ചെലവഴിക്കേണ്ടതുണ്ടെന്ന് ചുരുക്കം. അതിലൂടെ അവര്‍ക്ക് സ്വന്തത്തെ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു. എന്നാല്‍ മുമ്പത്തെ അവസ്ഥ തന്നെ തുടര്‍ന്നാല്‍ – ഒരു പക്ഷേ അവരെ അതിന് പ്രേരിപ്പിക്കുന്നത് സംശയവും അസൂയയും രോഷവുമെല്ലാം ആയിരിക്കാം – അതിന്റെ ചികിത്സ അല്‍പം പ്രയാസകരമാണ്. കാരണം രോഗത്തിന് സമാനമായ അവസ്ഥയാണിത്. പൊസ്സസീവായ സ്‌നേഹം കൂട്ടുകാര്‍ക്കിടയിലാവുകയും അതിന് ചികിത്സ നിഷേധിക്കുകയും ചെയ്യുകയാണെങ്കില്‍ ബന്ധം അവസാനിപ്പിക്കലാണ് പരിഹാരം. എന്നാല്‍ അത് ദാമ്പത്യത്തിലാവുമ്പോള്‍ അതിന്റെ ഗുണഫലങ്ങളും ദോഷഫലങ്ങളും വിശകലനം ചെയ്ത ശേഷമാണ് ബന്ധം തുടരുന്നതും വേര്‍പ്പെടുത്തുന്നതും തീരുമാനിക്കേണ്ടത്. ഏത് അവസ്ഥയിലും സൂക്ഷ്മമായി പഠിച്ച് അനുയോജ്യമായ തീരുമാനമെടുക്കുകയാണ് വേണ്ടത്.

മൊഴിമാറ്റം: നസീഫ്‌

Related Articles