എന്തെങ്കിലും ഒരസുഖമോ സൗകര്യക്കുറവോ ആയി വീടകം വൃത്തികേടായി കിടക്കുമ്പോഴാകും വിരുന്നുകാരുടെ വരവ് എന്ന് എത്രവട്ടമാണ് നമ്മളൊക്കെ പരിതപിച്ചിട്ടുള്ളത്. എന്നിട്ടും മറ്റൊരാളുടെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ ഒന്നറിയിച്ചിട്ട് ചെല്ലണമെന്ന് നമ്മള്‍ക്ക് തോന്നിയിട്ടുണ്ടോ ? എത്ര അടുത്ത ബന്ധുവിന്റെ വീട്ടിലേക്ക് ചെല്ലുകയാണെങ്കിലും ഒന്ന് ഫോണ്‍ ചെയ്തോ മെസ്സേജ് ചെയ്തോ നമ്മള്‍ ചെല്ലുന്ന വിവരം അറിയിക്കുകയെന്നത് സാമാന്യ മര്യാദയാണ്. എവിടേക്കും എപ്പോഴും യാതൊരു മുന്നറിയിപ്പും സമ്മതവുമില്ലാതെ കയറിച്ചെല്ലുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ നമ്മള്‍ തന്നെ പലപ്പോഴും അനുഭവിച്ചിട്ടും നമ്മള്‍ക്കൊരു മാറ്റവും ഇല്ലായെന്നത് അത്ഭുതം തന്നെയാണ്!
ഒരിടത്തേക്ക് അറിയിച്ചു ചെല്ലുകയെന്നത് അവര്‍ നമ്മള്‍ക്കായി വിരുന്നൊരുക്കി പ്രയാസപ്പെടരുത് എന്ന നമ്മുടെ വലിയ മനസ്സിന്റെ നന്മയായാണ് പലരും കരുതുന്നത്. നമ്മള്‍ കയറി ചെല്ലുന്ന സമയം ആ വീട്ടുകാര്‍ ഒന്ന് പുറത്ത് പോകാന്‍ നില്‍ക്കുന്ന സമയമാകാം, അവരുടെ വീട്ടു ജോലികള്‍ കഴിയാതെ ഫ്രീയാവാത്ത സമയമാകാം, ഒരു വിരുന്നുകാരെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തൊരു സമയമാകാം. മറ്റുചില തിരക്കുകള്‍ കൊണ്ട് വീട്ടിലൊരാള്‍ വന്നാല്‍ നന്നായൊന്നു ചിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാവാം. അവര്‍ ഒന്ന് റെസ്ററ് എടുക്കുന്ന സമയമാകാം. ഇനി പ്രായമായ രോഗികള്‍ ഉള്ള വീടാണെങ്കില്‍ അവരുടെ കാര്യങ്ങളൊക്കെ കഴിഞ്ഞു വീട്ടിലുള്ളവരും രോഗിയും അല്പം വിശ്രമിക്കുന്ന സമയമാവാം.
നമ്മള്‍ പലപ്പോഴും നമ്മുടെ സമയസൗകര്യം നോക്കി മാത്രമാണ് മറ്റുള്ള വീടുകളിലേക്ക് പുറപ്പെടുക. പോകും മുമ്പ് ഒന്ന് വിളിച്ചു ഞങ്ങള്‍ അങ്ങോട്ട് വരുന്നുണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും അസൗകര്യമുണ്ടാകുമോ എന്ന് അന്വേഷിക്കുന്നത് വളരെ നല്ലതാണ്. നമുക്ക് ഒരാളെ സ്വീകരിക്കാന്‍ കഴിയാത്ത സമയത്താണ് വീട്ടിലേക്ക് ഒരാള്‍ വരുന്നതെന്ന് വിളിച്ചറിയിച്ചാല്‍ നിങ്ങള്‍ക്ക് സൗകര്യപ്പെടുമെങ്കില്‍ മറ്റൊരിക്കല്‍ വരുന്നതാകും നല്ലത് എന്നറിയിക്കാനും മടിക്കാതിരിക്കുക. (അങ്ങനെ പറയുന്നതോടെ ഇനിയങ്ങോട്ടില്ല എന്ന ശപഥമെടുക്കാതെ നമുക്കുമുണ്ട് അത്തരം ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങള്‍ എന്നോര്‍ക്കുക) അവരെ സ്വീകരിക്കാനുള്ള അവസ്ഥയിലല്ലാതെ അവരോട് വരാന്‍ പറഞ്ഞിട്ട് മനസ്സ് മുഷിയുന്നതിനേക്കാളും, നമ്മള്‍ പ്രയാസപ്പെടുന്നതിനേക്കാളും നല്ലതാണ് അത്.
പ്രത്യേകിച്ചും രോഗികളെ കാണാന്‍ വീടുകളിലേക്ക് ചെല്ലുമ്പോള്‍ അറിയിച്ചു ചെല്ലല്‍ നിര്‍ബന്ധമാണ്. കിടപ്പ് രോഗികള്‍ ഉള്ളിടത്തൊക്കെ പെട്ടെന്ന് കയറിച്ചെല്ലുമ്പോള്‍ നമ്മളെക്കൊണ്ട് ആശ്വാസം കിട്ടുന്നതിന് പകരം രോഗിയും അവരെ ശുശ്രൂഷിക്കുന്നവരും ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരും. പലയിടത്തേക്കും നമ്മള്‍ അറിയിക്കാതെ സര്‍പ്രൈസ് കൊടുക്കാന്‍ ചെല്ലുമ്പോള്‍ എന്തൊരു സമയത്താണിവര്‍ വന്നതെന്ന് സങ്കടപ്പെടുത്തലായി മാറും.
സാങ്കേതികവിദ്യ ജീവിതത്തിന്റെ വിളക്കായി വിളയാടി ലോകമിങ്ങനെ വിരല്‍ത്തുമ്പില്‍ ഊഞ്ഞാലാടുന്ന കാലത്ത് ഇത്തരം മര്യാദകള്‍ക്ക് അധികസമയമൊന്നും വേണ്ടെന്നിരിക്കെ നമ്മളായിട്ടെന്തിനാ മറ്റുള്ളവരെ പ്രയാസപ്പെടുത്തുന്നത്. ഒരു വീട്ടിലേക്ക് ചെല്ലുമ്പോള്‍ അറിയിച്ചു ചെല്ലുക എന്നത് ഒരു സംസ്‌കാരമായി മാറ്റിയെടുക്കുക.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj