Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ തേര്‍വാഴ്ചയിലും അടിപതറാത്ത ഖുദ്‌സിന്റെ പോരാളികള്‍

മസ്ജിദുല്‍ അഖ്‌സക്കു വേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഇസ്ലാം മത വിശ്വാസികളുടെ രണ്ടാമത്തെ പുണ്യഭൂമിയായ ജറൂസലേമിലെ അല്‍ അഖ്‌സ സയണിസ്റ്റ് ശക്തികള്‍ കൈയേറിയതിനു പിന്നാലെ തുടങ്ങിയതാണ് ഖുദ്‌സിനായുള്ള വിമോചന പോരാട്ടവും. ഇടക്കിടെ അത് മൂര്‍ഛിച്ച് സംഘര്‍ഷാവസ്ഥയിലെത്തുകയും ചെയ്യാറുണ്ട്. ഏറ്റവും ഒടുവിലായി റമദാന്‍ ആരംഭിച്ചതോടെയാണ് ഫലസ്തീനികളും സയണിസ്റ്റ് സൈന്യവും തമ്മില്‍ ഖുദ്‌സിന്റെ മുറ്റത്ത് വെച്ചുള്ള സംഘട്ടനത്തിന് വീണ്ടും തുടക്കമായത്.

റമദാനിലും വെള്ളിയാഴ്ചകളിലും അഖ്‌സയിലേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിന് ഇസ്രായേല്‍ നിരന്തരം തടസ്സവാദങ്ങള്‍ ഉന്നയിക്കാറുണ്ട്. ആളുകളുടെ എണ്ണം കുറക്കാന്‍ ഓരോ നിയന്ത്രണങ്ങളാണ് ഓരോ തവണയും ഏര്‍പ്പെടുത്താറുള്ളത്. ഇത്തവണ കോവിഡിനെ മറയാക്കിയായിരുന്നു ഇസ്രായേലിന്റെ പ്രകോപനം. വിശ്വാസികളെ സംബന്ധിച്ച് അഖ്‌സയില്‍ വെച്ച് പ്രാര്‍ത്ഥന നടത്തുന്നതും അഖ്‌സയില്‍ സംഗമിക്കുന്നതും ഏറെ ആഗ്രഹിക്കുന്നതും പുണ്യമുള്ളതുമായ ഒന്നാണ്.

റമദാനിലെ ആദ്യത്തെ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി അഖ്‌സയിലേക്ക് കടന്നുവന്ന ഫലസ്തീനികളെ കോവിഡ് നിയന്ത്രണങ്ങളുടെ പേര് പറഞ്ഞ് കിഴക്കന്‍ ജറൂസലേമിലെ ബാഗ്‌ദേദ് ഗേറ്റിനു സമീപം ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെ തടഞ്ഞതിനെത്തുടര്‍ന്ന് ഫലസ്തീനികളും ഇസ്രായേല്‍ സൈന്യവും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്നങ്ങോട്ട് എല്ലാ ദിവസവും കിഴക്കന്‍ ജറൂസലേമില്‍ സംഘര്‍ഷം പതിവായിരുന്നു. വിശ്വാസികളെ അഖ്‌സയിലേക്ക് പ്രവേശിപ്പിക്കാതെ അതിര്‍ത്തികളില്‍ തടഞ്ഞതും തിരിച്ചയച്ചതുമാണ് സംഘര്‍ഷത്തിനിടയാക്കിയത്. യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭയുമൊക്കെ ഇടപെട്ടിരുന്നെങ്കിലും സംഘര്‍ഷത്തിന് കാര്യമായ അയവുണ്ടായിരുന്നില്ല. നിരവധി ഫലസ്തീനികള്‍ക്കാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അടിച്ചമര്‍ത്തലില്‍ പരുക്ക് പറ്റിയത്.

പിന്നീട് നടന്ന ചര്‍ച്ചകളില്‍ ബാഗ്ദാദ് ഗേറ്റിലെ ബാരിക്കേഡ് നീക്കം ചെയ്യുകയും സംഘര്‍ഷത്തിന് താല്‍ക്കാലിക ശമനമുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ കഴിഞ്ഞ ദിവസം ജറൂസലേം വീണ്ടും സംഘര്‍ഷ മുഖരിതമാവുന്ന കാഴ്ചയാണ് നാം കണ്ടത്. അഖ്‌സക്കു സമീപത്തെ ഫലസ്തീന്‍ ജനവാസ മേഖലയായ ശൈഖ് ജര്‍റാഹില്‍ ഇസ്രായേല്‍ സൈന്യം അനധികൃത കുടിയേറ്റം ആരംഭിച്ചിരുന്നു.

ഇതിനെതിരെ അഖ്‌സ കോംപൗണ്ടില്‍ പ്രതിഷേധിച്ച നൂറുകണക്കിന് ഫലസ്തീനികളായ സ്ത്രീകളെയും കുട്ടികളെയുമടക്കം ക്രൂരമായി മര്‍ദിക്കുകയുമാണ് സയണിസ്റ്റ് സൈന്യം ചെയ്തത്. യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേല്‍ സൈന്യം അഖ്‌സയില്‍ പ്രാര്‍ത്ഥനയിലേര്‍പ്പെട്ടവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വകവെക്കാതെ ഈ സമയവും പ്രാര്‍ത്ഥനയില്‍ മുഴുകിയ ഫലസ്തീനികളുടെ ആത്മവീര്യം അവരുടെ ചെറുത്ത്‌നില്‍പ്പ് പോരാട്ടത്തിന്റെ ദൃഢനിശ്ചയത്തെയാണ് വീണ്ടും ഓര്‍മപ്പെടുത്തുന്നത്.

റമദാനിലെ ലൈവത്തുല്‍ ഖദ്‌റിന്റെ രാവിലെ പുണ്യം തേടി പ്രാര്‍ത്ഥനക്കെത്തിയവര്‍ക്ക് നേരെയാണ് പള്ളിക്കുള്ളില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. നിരവധി സ്ത്രീകളും കുട്ടികളും പള്ളിക്കകത്ത് കുടുങ്ങുകയും സൈന്യം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇവരെ ഭീതിപ്പെടുത്തുകയും ചെയ്തു. സൈന്യം കൂട്ടമായി മസ്ജിദിലേക്ക് കയറി തുരുതുരാ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

ഇതിന്റെ വീഡിയോകളും ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ആക്രമണത്തില്‍ 200ലധികം പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ പലരും ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പലര്‍ക്കും കണ്ണിനും തലക്കുമാണ് പരുക്കേറ്റത്. വിശ്വാസികള്‍ ആക്രമസംഭവങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഇസ്രായേല്‍ സൈന്യം മസ്ജിദ് കോമ്പൗണ്ട് വിട്ട് പോകണമെന്നും അഖ്‌സ ഡയറക്ടര്‍ പള്ളിയുടെ ലൗഡ് സ്പീക്കറിലൂടെ വിളിച്ചു പറയുകയും ചെയ്തു.

മുസ്ലിംകളുടെ പുണ്യ ഗേഹമായ അല്‍ അഖ്‌സക്കു നേരെ ബിന്യാമിന്‍ നെതന്യാഹുവും കൂട്ടരും നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുമ്പോഴും ഇതില്‍ ഇടപെടാനോ പ്രതികരിക്കാനോ തയാറാകാത്ത മുസ്ലിം-അറബ് രാജ്യങ്ങളും അവയുടെ ഭരണാധികാരികളെയും എല്ലാ കാലവും ചരിത്രത്തില്‍ കാണാറുണ്ട്. മാത്രമല്ല, ഇസ്രായേലിനോട് നയതന്ത്ര ബന്ധത്തിലേര്‍പ്പെടുകയും ബന്ധം സാധാരണനിലയിലാക്കുകയും ചെയ്യുന്ന ഭരണാധികാരികളെയാണ് നമ്മള്‍ കാണുന്നത്. അതായത്, അധികാരവും സമ്പത്തും മാത്രമാണ് ഇവരുടെയെല്ലാം ആദ്യ പരിഗണന, മനുഷ്യത്വവും സഹജീവി സനേഹവുമെല്ലാം ഇത് കഴിഞ്ഞ മാത്രമേ ഉള്ളൂവെന്നാണ് സമീപകാല സംഭവങ്ങള്‍ നമ്മോട് പറയുന്നത്.

ഇത്തരം രാജ്യങ്ങളുടെ സംയുക്ത സംഘടനയായ അറബ് ലീഗോ, ജി.സി.സി കൂട്ടായ്മകളോ സംയുക്തമായി പുറത്തിറക്കുന്ന ഒരു പ്രസ്താവനയോടെ തീരുന്നു അവരുടെ ഇടപെടലും പ്രതിഷേധവും. അല്ലെങ്കില്‍ വിദേശകാര്യ വകുപ്പ് പ്രതിനിധികളുടെയോ അംബാസിഡര്‍മാരുടെയോ ഒരു ട്വീറ്റില്‍ അവസാനിക്കുന്നും ഇവരുടെ ‘ഇടപെടല്‍’.

എന്നാല്‍ ഖുദ്‌സിനെയും ഫലസ്തീനെയും ജൂത അധിനിവേശ ശക്തികളില്‍ നിന്നും മോചിപ്പിക്കും വരെ വിശ്രമമില്ല എന്ന് ദൃഢപ്രതിജ്ഞയെടുത്ത ഫലസ്തീന്‍ പോരാളികള്‍ക്ക് മുന്‍പില്‍ ഈ രാഷ്ട്രങ്ങളും രാഷ്ട്ര നേതാക്കളുമെല്ലാം ഇളിഭ്യരാവുകയാണ് ചെയ്യുന്നത്. തങ്ങളുടെ വിമോചന പോരാട്ടത്തിന് കരുത്തേകാന്‍ തങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും മരണം വരെ ഭരണകൂടത്തോടും യന്ത്രത്തോക്കുകളോടും കലഹിച്ചുകൊണ്ടേയിരിക്കുമെന്നുമാണ് ഖുദ്‌സിന്റെ പോരാളികള്‍ നമ്മോട് പറയുന്നത്. അതിനാല്‍ തന്നെ ആത്മീയതയും പ്രാര്‍ത്ഥനയും കൈമുതലാക്കി ഖുദ്‌സിന്റെ മോചനം പുലരും വരെ രണാങ്കണത്തില്‍ നിന്നും ഒരടി പിന്നോട്ടില്ലാതെ വിജയം വരെ ഇവര്‍ അഖ്‌സ മുറ്റത്തുണ്ടാവുക തന്നെ ചെയ്യും.

Related Articles