Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയ വീണ്ടും സജീവമാകുമ്പോള്‍

ക്രൈസ്തവ വിശ്വാസികളുടെ പ്രധാനപ്പെട്ട ആഘോഷ വേളയായ ഈസ്റ്റര്‍ ദിനാഘോഷങ്ങള്‍ക്കിടെയാണ് ലോകത്തെ നടുക്കി 253 പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കയിലെ ഭീകരാക്രമണ വാര്‍ത്ത ലോകമറിയുന്നത്. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമായി പത്തിലധികം ചാവേറുകളാണ് ബോംബ് സ്‌ഫോടനം നടത്തിയത്. 500ലധികം പേരാണ് പരുക്കേറ്റ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മരണ സംഖ്യ ഇനിയും വര്‍ധിക്കാനും ഇടയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 15 പേര്‍ക്ക് ബന്ധമുണ്ടെന്നാണ് ശ്രീലങ്കന്‍ പൊലിസ് പറയുന്നത്.

പതിവു പോലെ മുസ്‌ലിംകളല്ലാത്തവര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെയെല്ലാം പ്രതിസ്ഥാനത്ത് ആദ്യ മണിക്കൂറുകളില്‍ തന്നെ സംശയമുന ഉയരുക ഇസ്‌ലാമിന് നേരെയാകും. പിന്നീട് ഇസ്‌ലാമിന്റെ പേര് വാലില്‍ തുന്നിച്ചേര്‍ത്ത സംഘടനകള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വരുന്നതോടെ ആ വാദം പൂര്‍ത്തിയാകും. തക്കം പാര്‍ത്തിരിക്കുന്ന മാധ്യമങ്ങളും ഇസ്‌ലാമിന്റെ ശത്രുക്കളും അത് ആഘോഷമാക്കും. ഇവിടെയും അത് തന്നെ സംഭവിച്ചു. കഴിഞ്ഞ മാസം ന്യൂസ്‌ലാന്റിലെ മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തിന്റെ പ്രതികാര നടപടിയാണിതെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പുറത്തു വന്നു. എന്നാല്‍ ന്യൂസ്‌ലാന്റ് പ്രധാനമന്ത്രിയടക്കം വാദത്തെ തള്ളി രംഗത്തു വരികയും ചെയ്തു. അവസരം കാത്തിരുന്ന പശ്ചാത്യന്‍ മാധ്യമങ്ങളെല്ലാം ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് പിന്നില്‍ ഒരു പ്രത്യേക മതവിഭാഗക്കാരാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിട്ടു.

ഐ.എസും അതുമായി ബന്ധമുള്ള മറ്റു സംഘടനകളും ഇസ്‌ലാമിന് പുറത്താണെന്നും സംഘടനയുമായി ഇസ്‌ലാമിന് യാതൊരു കുലബന്ധവുമില്ലെന്ന് ലോക മുസ്ലിം പണ്ഡിത വേദിയും ലോക മുസ്‌ലിം രാജ്യങ്ങളുമെല്ലാം ഐക്യഖണ്ഡേന നിരന്തരം പറയുന്ന ഒന്നാണ്. ഇസ്‌ലാമിന്റെ ശത്രുക്കളുടെ സൃഷ്ടിയാണ് ഇവയെല്ലാം എന്ന തരത്തിലുള്ള നിരവധി പഠനങ്ങളും റിപ്പോര്‍ട്ടുകളും പുറത്തു വന്നതുമാണ്. എന്നാല്‍ പലരും ഇവയൊന്നും കണ്ടതായി നടിച്ചില്ല. അല്ലെങ്കില്‍ അതിന് വേണ്ട ഗൗരവം നല്‍കിയില്ല.

ഇതിന്റെ ഭാഗമായാണ് പ്രതികളില്‍ ഒരാളെന്ന തരത്തില്‍ യു.എസിലെ പ്രമുഖ ആക്റ്റിവിസ്റ്റായ വനിതയുടെ ഫോട്ടോയടക്കം മാധ്യമങ്ങള്‍ പുറത്തുവിട്ടത്. അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ പൊളിറ്റികക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി കൂടിയായ അമാറ മജീദിന്റെ ചിത്രം പുറത്തു വിട്ടത് ശ്രീലങ്കന്‍ പൊലിസ് തന്നെയാണ്. പിന്നീട് ചിത്രം തെറ്റാണെന്ന വാര്‍ത്തകള്‍ പുറത്തുവരികയായിരുന്നു. അതുപോലെ തന്നെ യു.എസില്‍ മുസ്‌ലിം വിരുദ്ധ പ്രതിഷേധക്കാര്‍ക്കിടയില്‍ ഹിജാബ് അണിഞ്ഞ യുവതി പങ്കെടുത്ത ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്ന് തെളിയിക്കാന്‍ വേണ്ടിയായിരുന്നു താന്‍ ആ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് അവര്‍ പറഞ്ഞത്.

അവസാനമായി മുസ്‌ലിംകളെ ശത്രുക്കളായി കണ്ട് അവരെ ഭീകരവാദികളായി ചാപ്പ കുത്തുന്ന പ്രചാരണങ്ങളാണ് യൂറോപ്യന്‍ മാധ്യമങ്ങളെല്ലാം അജണ്ടയായി സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഇസ്‌ലാമോഫോബിയയുടെ വാര്‍ത്തകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പുറത്തു വരുന്നത് പുതുമയുള്ള കാര്യമല്ല. ഏറ്റവുമൊടുവിലായി അമേരിക്കയില്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് കാര്‍യാത്രികനായ യുവാവ് കാല്‍നടയാത്രക്കാരായ സംഘത്തെ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചതാണ് നാം കേട്ടത്.

കാലിഫോര്‍ണിയയിലാണ് റോഡരികിലൂടെ നടന്നു പോകുന്ന സംഘത്തിനു നേരെയാണ് വംശീയ വിദ്വേഷത്താല്‍ കലിപൂണ്ട ആക്രമി കാറിടിപ്പിച്ചു കയറ്റിയത്. 34 കാരനായ യുവാവ് മന:പൂര്‍വം എട്ടംഗ സംഘത്തിനു നേരെ കാറിടിപ്പിക്കുകയായിരുന്നുവെന്നും മുസ്‌ലിംകളോടുള്ള വിദ്വേഷത്താലാണ് അദ്ദേഹം ഇത്തരത്തിലുള്ള ചെയ്തി നടത്തിയതെന്നും അധികൃതര്‍ പറഞ്ഞു.

ഒരു പക്ഷേ ശ്രീലങ്കന്‍ ഭീകരാക്രമണത്തില്‍ അപലപിച്ചും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയും ആദ്യമായി രംഗത്തു വന്നത് മുസ്‌ലിം സംഘടനകള്‍ തന്നെയാകും. ശ്രീലങ്കയിലെ മുസ്‌ലിം സംഘടനകളും ഭീകരാക്രമണം നടന്ന അതേദിനം നടുക്കം രേഖപ്പെടുത്തിയും ശക്തമായി അപലപിക്കുന്നതായും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും പ്രസ്താവനകളിറക്കിയിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ ഒരു സമൂഹത്തെ ഒന്നാകെ പ്രതിസ്ഥാനത്ത് നിര്‍ത്താനും അതിന്റെ മറവില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കരുവാക്കാനുമാണ് മുഖ്യധാര മാധ്യമങ്ങളും തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരും ഇസ്‌ലാമിനെ ശത്രുവായി സ്വീകരിച്ചവരും കിണഞ്ഞു ശ്രമിക്കുന്നത്. അത് മാറ്റമില്ലാതെ തുടരുകയും ചെയ്യും.

Related Articles