Current Date

Search
Close this search box.
Search
Close this search box.

ജി 20 ഉച്ചകോടിക്കായി മറച്ചുകെട്ടിയ ഇന്ത്യ

2023ലെ ജി 20 ഉച്ചകോടിക്ക് ശനിയാഴ്ച ഡല്‍ഹിയില്‍ സമാരംഭം കുറിക്കുകയാണല്ലോ. 19 അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്ന 20 അംഗ ഗ്രൂപ്പാണ് ജി 20 എന്ന പേരില്‍ അറിയപ്പെടുന്നത്. ആഗോള സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, സുസ്ഥിര വികസനം തുടങ്ങിയ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും വേണ്ടിയാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ആഗോള രാഷ്ട്ര നേതാക്കള്‍ പങ്കെടുക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഒരുങ്ങിയ ഇന്ത്യയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ ചര്‍ച്ചയായിരിക്കുകയാണല്ലോ. ഉച്ചകോടിയുടെ പ്രധാന വേദിയായ ഡല്‍ഹി നഗരത്തിന്റെ മുക്കിലും മൂലയിലും മറച്ചുകെട്ടലുകളും ചായം പൂശലുകളും നടത്തി തേച്ചുമിനുക്കിയിരിക്കുകയാണ് അധികൃതര്‍. എന്നാല്‍ ഈ തേച്ചുമിനുക്കലുകള്‍ക്ക് പിന്നിലാണ് യഥാര്‍ത്ഥ്യ ഇന്ത്യ കുടികൊള്ളുന്നതെന്നും അത് രണ്ടു ദിവസത്തേക്ക് മറച്ചുപിടിച്ചാല്‍ ഇല്ലാതാവില്ലെന്നുമാണ് വ്യാപകമായി ഉയരുന്ന വമര്‍ശനം.

ഡല്‍ഹിയിലെ ഒഴിച്ചുകൂടാനാകാത്ത സമൂഹമായ ചേരികളെയും കോളനികളെയും ലോക നേതാക്കളില്‍ നിന്നും മറച്ചുപിടിക്കാന്‍ എങ്ങും വലിയ ഷീറ്റ് കൊണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ടും മറച്ചിരിക്കുകയാണ് സര്‍ക്കാര്‍ അധികൃതര്‍. ഡല്‍ഹിയിലെ നഗരപ്രദേശം വിട്ടാല്‍ ബാക്കിയെല്ലായിടത്തും ദാരിദ്ര്യത്താലും താഴ്ന്ന ജീവിതനിലവാരത്തിനാലും റോഡരികില്‍ ജീവിതം നയിക്കുന്ന വിവിധ മനുഷ്യ സമൂഹങ്ങളെ കാണാം. ഇവര്‍ തലസ്ഥാന നഗരിയുടെ മറച്ചുവെക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്. ഇതില്‍ അംഗീകൃത ചേരികളില്‍ താമസിക്കുന്നവരും അനധികൃത ചേരികളിലും പാലത്തിനും കലുങ്കിനും റെയില്‍വേ ട്രാക്കിനും സമീപം കുടില്‍ കെട്ടി താമസിക്കുന്ന പതിനായിരക്കണക്കിന് ആളുകളുണ്ട്.

ഡല്‍ഹി നഗരത്തിലും ചുറ്റിലെയും തന്ത്രപ്രധാന സ്ഥലങ്ങളില്‍ മാത്രമേ നമുക്ക് ഇന്ത്യയുടെ പ്രതാപവും പ്രൗഢിയും തലയുയര്‍ത്തി നില്‍ക്കുന്നത് കാണാന്‍ കഴിയൂ. ബാക്കിയിടങ്ങളിലെല്ലാം ഇത്തരം വൃത്തിഹീനമായ കാഴ്ചകളും അസൗകര്യങ്ങളുമാണ് കാണാന്‍ കഴിയുക. ഇതിന്റെ ഉത്തരവാദികളായ കേന്ദ്ര സര്‍ക്കാരിന് ലോകത്തിന്റെ മുന്നില്‍ നാണം കെടാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം വലിച്ചുകെട്ടലുകളും പൊളിക്കലുകളും ഒഴിപ്പിക്കലുകളും നടത്തിയത്.

അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്,റഷ്യന്‍ വിദേസകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍ലസുല വോണ്‍, യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിള്‍, സൗത്ത് കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുകി യോള്‍, ഇറ്റല ി പ്രധാനമന്ത്രി ജോര്‍ജിയ മെലോനി,ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് സ്‌കോള്‍സ്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍ തുടങ്ങി 19 രാഷ്ട്ര നേതാക്കളും അവരുടെ ഉദ്യോഗസ്ഥ വൃന്ദവുമാണ് വെള്ളിയാഴ്ച മുതല്‍ ഡല്‍ഹിയിലെത്തുന്നത്. ഇതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് പൊതുജനങ്ങള്‍ക്ക് ശക്തമായ നിയന്ത്രണങ്ങളും ട്രാഫിക് ക്രമീകരണങ്ങളുമാണ് വിവിധ ഇടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹി വിമാനത്താവളം മുതല്‍ അതിഥികള്‍ താമസിക്കുന്ന ഹോട്ടലിലേക്കും ഉച്ചകോടി നടക്കുന്ന ഡല്‍ഹിയിലെ പ്രഗതി മൈതാനത്തേക്കും പരിസരത്തേക്കും പോകുന്ന വഴിയെല്ലാം ദ്രുതഗതിയിലാണ് സര്‍ക്കാര്‍ മിനുക്കുപണികള്‍ നടത്തി മോടികൂട്ടിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നും ജനസംഖ്യയില്‍ മുന്‍പന്തിയിലും സാമ്പത്തിക രംഗത്തും മറ്റും വലിയ മുന്നേറ്റമാണ് രാജ്യം നടത്തിയതെന്നുമൊക്കെ വിദേശരാജ്യങ്ങളില്‍ പോയി കൊട്ടിഘോഷിക്കുന്ന നരേന്ദ്ര മോദിക്ക് സ്വന്തം ഭരണക്കിന് കീഴിലുള്ള രാജ്യത്തിന്റെ അവസ്ഥ ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനുള്ള അവസരം കൂടിയായിട്ടാണ് ഭരണകൂടം ഇതിനെ കാണുന്നത്.

എന്നാല്‍ രാജ്യ തലസ്ഥാനത്തെ തന്നെ വൃത്തിയിലും വെടിപ്പിലും ലോകനേതാക്കള്‍ക്ക് കാണിച്ചുകൊടുക്കാനാവില്ലെന്ന് മനസ്സിലാക്കിയാണ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വിവിധ പേരുകളില്‍ കോളനികളും അഭയാര്‍ത്ഥി കേന്ദ്രങ്ങളും പുനരധിവാസ ഷെല്‍ട്ടറുകളും പൊളിച്ചുനീക്കലുകളും കുടിയൊഴിപ്പിക്കലും നടത്തിയത്. ചിലതെല്ലാം കോടതി ഇടപെട്ട് സ്റ്റേ ചെയ്യിപ്പിച്ചെങ്കിലും ഇതിനകം ആയിരത്തോളം കുടുംബങ്ങളാണ് ഇത്തരം കുടിയൊഴിപ്പിക്കലിന്റെ ഇരകളായത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം ഏറ്റെടുത്തതിന് പിന്നാലെ തന്നെ തലസ്ഥാനത്തുടനീളമുള്ള ചേരികളും വാസസ്ഥലങ്ങളും തൂത്തുനീക്കുന്ന നടപടിക്ക് അധികൃതര്‍ തുടക്കമിട്ടിരുന്നു. ജി20 പ്രതിനിധികള്‍ക്കായി തയാറാക്കിയ പൈതൃക നടത്തത്തിന്റെ ഭാഗമായി തുഗ്ലക്കാബാദിലെയും മെഹ്റൗലിയിലെയും ചേരികളും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയിരുന്നു. കൂടാതെ നേതാക്കളുടെ യാത്ര റൂട്ടുകളുടെ ഭാഗമായ യമുനയിലെ വെള്ളപ്പൊക്ക പ്രദേശവും മൂല്‍ചന്ദിലെ സെറ്റില്‍മെന്റുകളും പൊളിച്ചുനീക്കയതില്‍ പെടുന്നു. ‘സൗന്ദര്യവല്‍ക്കരണ ഡ്രൈവുകള്‍’, ‘കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍’, ‘യമുന വെള്ളപ്പൊക്ക പ്രദേശങ്ങളുടെ സംരക്ഷണം’, ‘ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം’ എന്നീ പേരുകളിട്ടാണ് അധികൃതര്‍ ഉച്ചകോടിക്കായി നിലമൊരുക്കിയത്.

സൗന്ദര്യവത്കരണമെന്ന പേരില്‍ പാലങ്ങളിലും പൊതു ഇടങ്ങളിലെ കൂറ്റന്‍ മതിലുകളിലും തൂണുകളിലുമെല്ലാം പെയിന്റിങ്ങുകളും നടത്തിയിട്ടുണ്ട്. മിക്ക പെയിന്റിങ്ങുകളിലും ഹൈന്ദവ-പുരാണ കഥകളിലെ കഥാപാത്രങ്ങളും ഹൈന്ദവ ആരാധ്യപുരുഷരുടെ ചിത്രങ്ങളുമാണ് വരച്ചിട്ടുള്ളത്. ബാക്കി ഇടങ്ങളില്‍ നരേന്ദ്ര മോദിയുടെ കൂറ്റന്‍ കട്ടൗട്ടുകളും കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊണ്ടും മറച്ചിരിക്കുകയാണ്. ഇത്തരം നിരവധി ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞയാഴ്ചകളില്‍ വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഇന്ത്യക്ക് ലോകത്തിന് മുന്‍പില്‍ തലയുയര്‍ത്തിനില്‍ക്കാനും പുരോഗതിക്കും സാധിക്കുമെങ്കിലും രാജ്യത്തെ ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങളുടെയും ദരിദ്രരുടെയും കിടപ്പാടങ്ങളും തൊഴിലും ജീവിതവും താറുമാറാക്കിയും തകര്‍ത്തുമാണ് വര്‍ണാഭളമായ ഉച്ചകോടിക്കായി തലസ്ഥാന നഗരിയെ കെട്ടിപ്പടുത്തതെന്നാണ് യാഥാര്‍ത്ഥ്യം.

 

Related Articles