Current Date

Search
Close this search box.
Search
Close this search box.

ബി.ബി.സിയുടെ വായ പൊത്തിപ്പിടിക്കുന്ന മോദി ഭരണകൂടം

2002ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയുമായ സാക്ഷാല്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ പങ്കിനെക്കുറിച്ച് നേരത്തെ തന്നെ നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2002 ഫെബ്രുവരിയിലും മാര്‍ച്ചിലും ഗോധ്രയില്‍ ഹിന്ദു തീര്‍ഥാടകര്‍ യാത്ര ചെയ്ത പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചിന് തീപിടിച്ചതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ വലിയ തോതിലുള്ള വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും കലാപത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക രേഖകള്‍ കാണിക്കുന്നതെങ്കിലും യഥാര്‍ത്ഥ കണക്കുകള്‍ ഇതിന്റെ പതിന്മടങ്ങ് വരുമെന്നാണ് വിവധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടതില്‍ ഭൂരിഭാഗവും മുസ്ലിംകളാണ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി കലാപത്തിന് നേതൃത്വം നല്‍കിയെന്നും കലാപകാരികള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നല്‍കിയെന്നും നിരവധി വസ്തുതാന്വേഷണ സംഘങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ലോകത്തെ തന്നെ മുന്‍നിരയിലുള്ള മാധ്യമമായ ബി.ബി.സി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍) പുറത്തുവിട്ടിരുന്നു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്കുള്ള പങ്കും കലാപത്തിലേക്ക് നയിച്ച ‘ശിക്ഷ ലഭിക്കില്ലെന്ന അന്തരീക്ഷത്തിന്’ നേരിട്ടുള്ള ഉത്തരവാദി അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആയിരുന്നുവെന്നുമായിരുന്നു ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയില്‍ പറയുന്നത്. രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ജനുവരി 17നാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നത്. എന്നാല്‍ ജനുവരി 19ന് ഇന്ത്യ അത് യൂട്യൂബില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അയച്ച സംഘം പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇതെന്നാണ് ബി.ബി.സി പറയുന്നത്. അന്വേഷണ സംഘം ബ്രിട്ടീഷ് സര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഡോക്യുമെന്ററിയില്‍ ഉദ്ധരിച്ചത്. റിപ്പോര്‍ട്ട് ഇതുവരെ പരസ്യമായി പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. മുസ്ലീങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ തടയാന്‍ ഗുജറാത്ത് പോലീസിനെ മോദി തടഞ്ഞുവെന്നും സംസ്ഥാനത്ത് കലാപം ആളിക്കത്തിക്കാന്‍ മോദിയുടെ നിലപാട് കാരണമായെന്നും ബ്രിട്ടീഷ് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും ഡോക്യുമെന്ററി അവകാശപ്പെടുന്നു. ഡോക്യുമെന്ററിയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങളില്‍ മറുപടി നല്‍കാന്‍ ബി.ബി.സി ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രതികരിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വിസമ്മതിച്ചതായും ബി.ബി.സി പറയുന്നു.

ഇത് പക്ഷപാതവും വസ്തുനിഷ്ഠതയുടെ അഭാവവമുള്ളതും ഇപ്പോഴും തുടരുന്ന കൊളോണിയല്‍ മാനസികാവസ്ഥയാണ് ഇതില്‍ വ്യക്തമായി കാണുന്നതെന്നാണ് കേന്ദ്ര പ്രതിനിധി പ്രതികരിച്ചത്.

2002ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യ സ്വതന്ത്ര ഇന്ത്യയിലെ തന്നെ കുപ്രസിദ്ധി നേടിയ മുസ്ലിം വംശഹത്യയില്‍ ഒന്നാണ്. ഹിന്ദു-മുസ്ലിം കലാപം എന്ന പേരിലാണ് ഇത് അറിയപ്പെട്ടതെങ്കിലും മുസ്ലിംകള്‍ക്കെതിരെ ഏകപക്ഷീയമായി നടന്ന ആസൂത്രിത കലാപമായിരുന്നു ഇതെന്നാണ് പിന്നീട് വന്ന പല വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളിലും പറയുന്നത്.

ഗുജറാത്ത് തലസ്ഥാനമായ അഹ്‌മദാബാദില്‍ വെച്ചാണ് സംഘര്‍ഷങ്ങളുടെ തുടക്കം. അയോധ്യ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്സ്പ്രസിന് ഗോധ്രയില്‍ വെച്ച് തീപിടിച്ചതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ട്രെയിന്‍ മുസ്ലിംകള്‍ കത്തിച്ചതാണെന്ന് പറഞ്ഞാണ് സംഘ്പരിവാര്‍ ശക്തികളും കര്‍സേവകരും സംസ്ഥാനമൊട്ടാകെ സംഘര്‍ഷം വിതച്ചത്.

ട്രെയിനിലുണ്ടായിരുന്ന 58 പേരാണ് കൊല്ലപ്പെട്ടത്. കര്‍സേവകര്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ച മണ്ണെണ്ണ സ്റ്റൗവിന് തീപിടിച്ചാണ് ട്രെയിന്‍ കത്തിയതെന്ന റിപ്പോര്‍ട്ട് അക്കാലത്ത് തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍, സംഘ്പിരവാര്‍ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയതതാണെന്നും ഗോധ്ര സംഭവം അതിന് ഒരു കാരണമാക്കിയതാണെന്നും ആരോപണമുയര്‍ന്നിരുന്നു. 2002 ഫെബ്രുവരി 27നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 2002 ജൂണ്‍ വരെ വ്യത്യസ്ത കലാപങ്ങളാണ് ഇതിന്റെ അനുബന്ധമായി അരങ്ങേറിയത്. മുസ്ലിം വീടുകള്‍ ഒന്നടങ്കം കത്തിച്ചു, മുസ്ലിം സ്ത്രീകളെയും പെണ്‍കുട്ടികളെയും കൂട്ടബലാത്സംഗം ചെയ്തു, മുസ്ലിം സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കപ്പെട്ടു, ആളുകളെ കൂട്ടമായി വലിയ കുഴിയിലിട്ടു കത്തിച്ചു, ഗര്‍ഭിണികളുടെ വയര്‍ പിളര്‍ന്ന് തൃഷൂലത്തില്‍ കുട്ടിയെ പുറത്തെടുത്തു. ഇങ്ങിനെ നാടൊട്ടുക്കും രക്തപ്പുഴ ഒഴുക്കുകയായിരുന്നു കലാപകാരികള്‍.

എന്നാല്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി 2014ല്‍ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന്‍ ഇതെല്ലാം തള്ളുകയും മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്യുകയായിരുന്നു. മോദി സര്‍ക്കാരിനെയും പൊലിസിനെയും വെള്ള പൂശുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ കമ്മീഷന്‍ പുറത്തുവിട്ടത്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ കോടതി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനെതിരെ കലാപത്തിലെ ഇരയും കോണ്‍ഗ്രസ് എം.പിയുമായിരുന്ന ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സകിയ ജാഫ്രി വീണ്ടും അപ്പീല്‍ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കലാപവുമായി ബന്ധപ്പെട്ട കേസില്‍ 63 പേര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹരജി. എന്നാല്‍ കഴിഞ്ഞ ജൂണില്‍ സുപ്രീം കോടതി ഇതും തള്ളുകയും മോദിക്കും കൂട്ടര്‍ക്കും നല്‍കിയ ക്ലീന്‍ ചിറ്റ് ശരിവെക്കുകയും ചെയ്തിരുന്നു. കലാപത്തില്‍ മോദിക്കുള്ള പങ്കില്‍ ഇനി അന്വേഷണം വേണ്ടതില്ലെന്നാണ് ജസ്റ്റിസ് എ.എം ഖന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നത്.

2019ല്‍ വീണ്ടും അധികാരത്തിലേറിയതിന് ശേഷമുള്ള മോദി സര്‍ക്കാരിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കുന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ജനുവരി 24ന് പുറത്തിറങ്ങുമെന്നാണ് ബി.ബി.സി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

തങ്ങള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നവരെയും സത്യം വിളിച്ചുപറയുന്ന മാധ്യമങ്ങളെയും യൂട്യൂബ് ചാനലുകളെയും ഓണ്‍ലൈന്‍ മീഡിയകളുടെയും വായ അടപ്പിക്കുന്ന ബി.ജെ.പി ഭരണകൂടത്തിന്റെ നടപടി ഇന്ത്യയില്‍ ഇപ്പോള്‍ പുതിയ സംഭവമല്ല. അത്തരം സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരെ ശബ്ദിച്ച് നിരവധി ചെറുതും വലുതുമായ മാധ്യമങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതും അത്തരം ചാനലുകളുടെ ഓഫീസില്‍ ഇ.ഡിയെയും മറ്റു കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചും വേട്ടയാടുന്നതിനും നാം ഇപ്പോഴും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ബി.ബി.സി പോലുള്ള ഒരു മാധ്യമത്തിനെതിരെ അവര്‍ക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് അവരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും ചാനലുകള്‍ക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തുക എന്നതാണ്. അതാണിപ്പോള്‍ ഭരണകൂടം ചെയ്യുന്നതും. എന്നാല്‍ സത്യത്തെ അധികകാലം മൂടിവെക്കാനോ പൊത്തിപ്പിടിക്കാനോ കഴിയില്ലെന്ന വസ്തുത മോദി ഭരണകൂടം മനസ്സിലാക്കുന്ന കാലം വരെ മാത്രമേ അതുണ്ടാകൂ എന്ന് നമുക്ക് പ്രത്യാശിക്കാം.

Related Articles