Current Date

Search
Close this search box.
Search
Close this search box.

യു.പി പൊലിസിനോട് മത്സരിക്കുന്ന കേരള പൊലിസ്

കേരളത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ തന്നെ പല പ്രമാദമായ കേസുകളിലും കേരള പൊലിസും ആഭ്യന്തര വകുപ്പും വ്യക്തമായ മുസ്ലിം വിരോധവും സംഘ്പരിവാര്‍ പ്രീണനവും പുലര്‍ത്തിപ്പോന്നതായി അന്നത്തെ സംവഭവികാസങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും. കാസര്‍കോട് റിയാസ് മൗലവി വധക്കേസും ഹാദിയ കേസും തുടങ്ങി ഡസന്‍ കണക്കിന് സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ ആഭ്യന്തര വകുപ്പും കേരള പൊലിസും പുലര്‍ത്തിപോന്ന വ്യക്തമായ മുസ്ലിം വിരുദ്ധത മുഴച്ചുനില്‍ക്കുന്നത് വ്യക്തമായി കാണാം. യു.എ.പി.എ, തീവ്രവാദം, മതസ്പര്‍ധ വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍, ഭീകരത തുടങ്ങിയ ടെര്‍മിനോളജിയുമായി ബന്ധപ്പെട്ട കേസുകളെല്ലാം ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടാണ് ചുമത്തിയിരുന്നത്.

കടുത്ത മുസ്ലിം വിരുദ്ധതയും പ്രകോപനപരമായ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും മുദ്രാവാക്യങ്ങളും മുഴക്കിയ സംഘ്പരിവാര്‍ നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ എതിരെ കേസെടുക്കാനോ അറസ്റ്റ്് ചെയ്യാനോ കേരള പൊലിസ് തയാറായിട്ടില്ല. പകരം സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ചതിന്റെ പേരിലും സോഷ്യല്‍ മീഡിയയിലൂടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിലും നിരവധി മുസ്ലിം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ കേസെടുക്കാനും ഭീകര വകുപ്പുകള്‍ ചുമത്താനും അറസ്റ്റ് ചെയ്യാനും കേരള പൊലിസിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. കേസെടുത്തവരില്‍ ഇടതുപക്ഷ സഹയാത്രികളും മുസ്ലിം പേരുള്ള ഇടത് അനുഭാവികളും ഉണ്ടെന്നതും ശ്രദ്ധേയമാണ്. കേരള പൊലിസിന്റെ നിയന്ത്രണം ആര്‍.എസ്.എസിനാണെന്നും മുഖ്യമന്ത്രിക്കും സി.പി.എമ്മിനും പൊലിസിനുമേല്‍ യാതൊരു അധികാരവുമില്ലെന്നും പരക്കെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും അതെല്ലാം നിസ്സാരവത്കരിച്ച് മുന്നോട്ടു പോകുകയായിരുന്നു മുഖ്യമന്ത്രിയും എല്‍.ഡി.എഫ് സര്‍ക്കാറും.

എന്നാല്‍ ഇതിന്റെ മൂര്‍ത്തമായ രൂപമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ രണ്ടാം നാള്‍ തൊട്ട് കേരള പൊലിസില്‍ നിന്നും കേരളം കണ്ടുതുടങ്ങിയത്. കേരള പൊലിസിന്റെ വേട്ടയാടല്‍ സ്വന്തം അണികള്‍ക്കെതിരെയും ഉണ്ടായപ്പോള്‍ പല നേതാക്കളും പ്രവര്‍ത്തകരും പൊലിസിന്റെ കടിഞ്ഞാണ്‍ തിരിച്ചുപിടിക്കണമെന്ന തരത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ തുടങ്ങി. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം തികയും മുന്‍പ് പൊലിസിലെ സംഘ്പരിവാര്‍ സ്വാധീനം മറനീക്കിയാണ് പുറത്തുവന്നത്. ഇതിന് നിരവധി ഉദാഹരണങ്ങളാണ് ഈ നിമിഷം വരെ നാം വാര്‍ത്തകളിലൂടെ കണ്ടത്.

മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലിക്കെതിരെ എടുത്ത കേസ്, കോവിഡ് നിയന്ത്രണം ലംഘിച്ചുവെന്ന് കാണിച്ച് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരായ കേസ്, ക്രിമിനല്‍ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയാനെന്ന പേരില്‍ കേരള പൊലിസ് നടപ്പിലാക്കിയ ഓപ്പറേഷന്‍ കാവല്‍ എന്ന സ്‌പെഷ്യല്‍ ഡ്രൈവ്, ആര്‍.എസ്.എസിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് എടുത്ത കേസ്, ബുള്ളി ഭായ് ആപ്പിനെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തതിനെടുത്ത കേസ് തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാനാകും.

ഇതില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഒരു കൂട്ടര്‍ക്കെതിരെ മാത്രം കേസെടുക്കുമ്പോഴാണ് നമുക്ക് ചോദ്യം ചെയ്യേണ്ടി വരുന്നത്. സമാനമായതോ അതിനേക്കാള്‍ ആളുകളെ പങ്കെടുപ്പിച്ചോ കേരളത്തിലെ ഭരണപക്ഷ പാര്‍ട്ടി തങ്ങളുടെ ഏരിയ, ജില്ല സമ്മേളനങ്ങള്‍ പൊടിപൊടിക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍. ഭൂരിപക്ഷ സമ്മേളനങ്ങളിലും വന്‍ ജനക്കൂട്ടമാണുണ്ടായിട്ടുള്ളത്. ഇവിടെയൊന്നും കേവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുക്കുന്നില്ല. ഒരു പ്രത്യേക വിഭാഗത്തെ മാത്രം വേട്ടയാടുന്നതിനെയാണ് എല്ലാവരും ചോദ്യം ചെയ്യുന്നതും പൊലിസിന്റെ ഉദ്ദേശ്യത്തെ സംശയിക്കേണ്ടി വരുന്നതും.

സമൂഹമാധ്യമങ്ങളില്‍ സംഘ്പരിവാറിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ പൊലിസ് കേസെടുത്ത സംഭവം ഉണ്ടായതോടെയാണ് പൊലിസില്‍ സംഘ്പരിവാറിന്റെ സ്വാധീനം എത്രത്തോളമാണെന്ന് പകല്‍ പോലെ വ്യക്തമായത്. ഒടുവില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ വരെ പൊലിസിന്റെ നിലപാടിനെ ചോദ്യം ചെയ്യുകയും പാര്‍ട്ടി സെക്രട്ടറിക്ക് വരെ പൊലിസിന്റെ വീഴ്ച സമ്മതിക്കേണ്ടിയും വന്നു. പൊലിസില്‍ പ്രശ്്‌നങ്ങളും പോരായ്മകളുമുണ്ടെന്നും അത് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ഒടുവില്‍ മുഖ്യമന്ത്രിക്കും സമ്മതിക്കേണ്ടി വന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ സ്വതന്ത്രമായി അഭിപ്രായം പറയുന്നവര്‍ക്കെതിരെ പോലും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും യു.പി പോലുള്ള സംസ്ഥാനത്തെ പൊലിസും സ്വീകരിക്കുന്ന അതേ സമീപനം കേരള പൊലിസും എടുക്കുന്നത് വലിയ ഭയത്തോടൊണ് ഓരോ കേരളീയനും നോക്കിക്കാണുന്നത്. ആഭ്യന്തര വകുപ്പിലും കേരള പൊലിസിലും സംഘ്പരവാര്‍ മനോഭാവമുള്ളവരും അവരുടെ സ്വാധീനത്തിലുള്ളവരും വര്‍ധിച്ചുവരികയാണെന്നാണ് സമീപകാല സംഭവങ്ങള്‍ വിളിച്ചോതുന്നത്. ഇതിന്റെ ഇരകളാക്കപ്പെടുന്നവരില്‍ ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു എന്നതും ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അത്‌കൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പോലീസ് നയം ഉത്തര്‍പ്രദേശിലെ യോഗി ആതിഥ്യനാഥിന്റെ പൊലിസിന്റേതിന് സമാനമാണെന്ന് നമുക്ക് പറയേണ്ടി വരുന്നത്. ഇതിന് എത്രയും പെട്ടെന്ന് തടയിടാന്‍ സര്‍ക്കാരിന് ആയിട്ടില്ലെങ്കില്‍ തിരുത്തല്‍ നടപടിയുമായി സ്വന്തം പാര്‍ട്ടി വക്താക്കളും ജനാധിപത്യ വാദികളും മതേതര വക്താക്കളും രംഗത്തുവരിക തന്നെ ചെയ്യും.

Related Articles