Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെയും സിറിയയിലെയും വെടിയൊച്ചകള്‍ എന്നവസാനിക്കും?

syria.jpg

തീ തുപ്പുന്ന ബോംബുകള്‍ക്കും മിസൈലുകള്‍ക്കും വെടിയുണ്ടകള്‍ക്കുമിടയില്‍ ജീവിതം തള്ളിനീക്കുന്ന ഒരു ജനതയുടെ നിലവിളികള്‍ ലോകം കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സിറിയയിലും ഇറാഖിലും യമനിലും ബോംബുകള്‍ വര്‍ഷിക്കുന്ന ആകാശത്തിനു കീഴെ ദുരിതജീവിതമുായി ലക്ഷക്കണക്കിന് ജനതയാണ് ഇതിനോടകം പിടഞ്ഞുമരിച്ചതും അഭയാര്‍ത്ഥികളായി നാടുവിട്ടതും ദുരന്തഭൂമിയില്‍ ജീവിതത്തോടും മരണത്തോടും മല്ലിട്ടു കഴിയുന്നതും.  

രാജ്യത്തെ ഭരണാധികാരികള്‍ക്കെതിരേയും ജനങ്ങള്‍ക്കെതിരേയും വിവിധ പേരുകളുള്ള സംഘങ്ങളാണ് മേല്‍പറഞ്ഞ രാജ്യങ്ങളെല്ലാം കലാപ ഭൂമിയാക്കി മാറ്റിയത്. ഇതില്‍ ഇറാഖിലും സിറിയയിലും ഐ.എസ് ഭീകരരും സൈന്യവും നടത്തിയ പോരാട്ടമാണ് മേഖലയെ പൂര്‍ണമായും നശിപ്പിച്ചത്. ഇറാഖ്- സിറിയ അതിര്‍ത്തിയാണ് സൈന്യവും ഐ.എസ് ഭീകരരും തമ്മിലുള്ള രൂക്ഷമായ പോരാട്ടത്തിന് സാക്ഷിയായത്. പ്രദേശം ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ബോബുകളും മിസൈലുകളും കൊണ്ട് തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്.

ഇറാഖ്- സിറിയ അതിര്‍ത്തിയിലെ വലിയൊരു ഭാഗമാണ് ഐ.എസ്.ഐ.എല്‍ (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ്) തങ്ങളുടെ അധീനതയിലാക്കിയിരുന്നത്. റഷ്യന്‍ സൈന്യത്തെയും ആധുനിക യുദ്ധപടക്കോപ്പുകളുമുപയോഗിച്ചാണ് ഇറാഖ് ഭരണകൂടം ഐ.എസിനെ നേരിട്ടത്. എന്നാല്‍, കഴിഞ്ഞ കുറേ മാസങ്ങള്‍ക്കിടയില്‍ ഇത്തരം ഭീകരവാദ സംഘങ്ങളെ മേഖലയില്‍ നിന്നും ഉന്മൂലനം ചെയ്യാനായിട്ടുണ്ടെന്നാണ് യുദ്ധ മുന്നണിയിലെ സഖ്യകക്ഷികള്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. ഇതില്‍ ഐ.എസ് ഭീകരര്‍ തങ്ങളുടെ തലസ്ഥാനമായി സ്വയംപ്രഖ്യാപനം നടത്തിയ സിറിയയിലെ റഖയും ഉള്‍പ്പെടും. എന്നാല്‍ ഇവിടെയൊന്നും ഇപ്പോഴും പൂര്‍ണമായും വെടിയൊച്ചകള്‍ നിലച്ചിട്ടില്ല എന്നാണ് അവിടെ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

2014 ജനുവരിയിലാണ് ഐ.എസ് ഫലൂജ കീഴടക്കുന്നത്. പിന്നീട് മൊസൂളും തിക്രിതും റമാദിയും ദെയ്ര്‍ അല്‍ സൗറും ഐ.എസ് പിടിച്ചടക്കി. മേഖല പൂര്‍ണമായും ഭീകരരുടെ കൈയിലായിരുന്നു. നിരവധി പേരെ കൊലപ്പെടുത്തി. പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും കെട്ടിടങ്ങളും ബോംബിട്ട് തകര്‍ത്തു. ജനങ്ങള്‍ കൈയില്‍ കിട്ടിയ സാധനങ്ങളുമായി പലായനം ചെയ്തു. പ്രദേശത്തെ നിരവധി ചരിത്ര,പൈതൃക സ്മാരകങ്ങളും പുണ്യഭൂമിയും ആരാധനാലയങ്ങളും നിശ്ശേഷം തുടച്ചുനീക്കപ്പെട്ടു.

2015ല്‍ തിക്രിതും റമാദിയും പാല്‍മിറയും ഫലൂജയും ഐ.എസില്‍ നിന്നും ഇറാഖ് തിരിച്ചു പിടിച്ചു. 2016 ഡിസംബറില്‍ പാല്‍മിറ വീണ്ടും ഐ.എസ് കീഴടക്കി. 2017 മാര്‍ച്ചില്‍ സൈന്യം പാല്‍മിറ തിരിച്ചുപിടിച്ചു. അവസാനമായി 2017 ജൂലൈയില്‍ മൊസൂളും ഒക്ടോബറില്‍ റഖയും നവംബറില്‍ ദെയ്ര്‍ അല്‍ സൗറും ഇറാഖ് സൈന്യം തിരിച്ചു പിടിക്കുകയായിരുന്നു. 2011ല്‍ ആരംഭിച്ച ആഭ്യന്തര യുദ്ധത്തില്‍ നിന്നും സിറിയ പതിയെ മുക്തമാകുന്ന കാഴ്ചകളാണ് അല്‍പമെങ്കിലും ആശ്വാസം പകരുന്നത്.  

നിരവധി രാജ്യങ്ങളാണ് സിറിയ,ഇറാഖ് ഭരണകൂടങ്ങള്‍ക്ക് ഭീകരരെ തുരത്തുന്നതിന് സഹായവുമായി രംഗത്തെത്തിയത്. റഷ്യ 3417 സൈനികരെയാണ് മേഖലയിലേക്ക് അയച്ചത്. സൗദി-3244, ജോര്‍ദാന്‍-3000,തുനീഷ്യ 2926,ഫ്രാന്‍സ് 1910 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കണക്കുകള്‍. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ 2017 ആകുമ്പോഴേക്കും തകര്‍ന്നടിയുന്ന അവസ്ഥയാണ് കാണാന്‍ കഴിഞ്ഞത്.
ഐ.എസിന്റെ ആക്രമണങ്ങളിലും സിറിയന്‍ ഭരണകൂടത്തിന്റെ ഉപരോധം മൂലവും പതിനായിരക്കണക്കിന് നിരപരാധികളാണ് മരിച്ചു വീണത്.
ഇതില്‍ പകുതിയിലേറെയും കുഞ്ഞുങ്ങളും സ്ത്രീകളുമാണെന്നതാണ് മറ്റൊരു ദു:ഖ സത്യം. മരിച്ചവരിലേറെ പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു.
കിടക്കയിലും വീല്‍ചെയറിലും ആശുപത്രിയിലും അഭയാര്‍ത്ഥി ക്യാംപിലും ജീവിതം തള്ളിനീക്കുന്നവര്‍ അതിലേറെപേര്‍.

നിരവധി കുഞ്ഞുങ്ങള്‍ക്കാണ് കണ്‍തുറക്കും മുന്‍പ് തങ്ങളുടെ മാതാപിതാക്കളെ നഷ്ടമായത്. അനാഥ ബാല്യത്തില്‍ നിഷ്‌കളങ്കമായ ഇവരുടെ ചിത്രങ്ങള്‍ പല മാധ്യമങ്ങളിലും നിറഞ്ഞു. പിന്നീട് പത്രങ്ങളുടെയും ചാനലുകളുടെയും റേറ്റിങ് കൂട്ടാനുള്ള ചിത്രം മാത്രമായി ഒതുങ്ങുകയായിരുന്നു ഇവരുടെ പുഞ്ചിരിക്കുന്ന മുഖങ്ങള്‍.

യു.എന്നിന്റെയും മറ്റു സന്നദ്ധ സംഘങ്ങളുടെയും തണലിലാണ് ഇവര്‍ക്കുള്ള വിദ്യാഭ്യാസവും ഭക്ഷണവും വസ്ത്രവുമെല്ലാം നല്‍കിയത്. പല രാജ്യങ്ങളും യുദ്ധം മുതലെടുക്കുന്ന കാഴ്ചയും കാണാനായി. കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനായി ഇരുകൂട്ടരെയും തമ്മിലടിപ്പിക്കാനും ഭീകരര്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തും രഹസ്യമായും പരസ്യമായും ലോകരാഷ്ട്രങ്ങള്‍ മേഖലയെ കത്തിച്ചു നിര്‍ത്തി. എന്നാല്‍ ആത്മാര്‍ത്ഥമായി യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥം വഹിക്കാനും അഭയാര്‍ത്ഥികളുടെ മുന്നില്‍ വാതിലുകള്‍ മലക്കെ തുറന്നിട്ടും മറ്റു ചില രാഷ്ട്രങ്ങള്‍ മനുഷ്യത്വമുഖം കാണിച്ചു.

ചിരിച്ചു കളിച്ചു നടക്കേണ്ട ബാല്യം വെടിയൊച്ചകള്‍ക്കിടയിലും ഓര്‍മ വെച്ച നാള്‍ മുതലേ അനാഥരായി ജീവിക്കാന്‍ വിധിക്കപ്പെട്ടും യുദ്ധം ബാക്കിവച്ച ഭൂമിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കളിച്ചും ജീവിതം മുന്നോട്ടു നീക്കുന്ന നിരവധി ബാല്യങ്ങളുണ്ട് ഇപ്പോള്‍ ഈ മണ്ണില്‍.

അറിവു നുകരേണ്ട പ്രായത്തില്‍ ബോംബുകള്‍ക്കിടയില്‍ ജീവിക്കുന്ന പതിനായിരങ്ങള്‍ക്ക് നഷ്ടപ്പെട്ട സുന്ദരകാലം ആര്‍ക്ക് തിരിച്ചു നല്‍കാനും. ജനിച്ച മണ്ണില്‍ നിര്‍ഭയത്വത്തോടെ സമാധാനമായി ഒരു രാത്രിയെങ്കിലും കിടന്നുറങ്ങാന്‍ ഇവര്‍ക്കാവുമോ? മേഖല എന്നാണ് വെടിയൊച്ചകള്‍ നിലച്ച ഒരു പുതിയ പുലരി ഉദയം ചെയ്യുക. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു.

 

 

Related Articles