Current Date

Search
Close this search box.
Search
Close this search box.

‘ഭീകരത’ ചിലര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടതാണ്

terrorims3e.jpg

അടുത്ത ദിവസങ്ങളില്‍ വായിച്ച രണ്ടു വാര്‍ത്തകള്‍ ഉള്ളടക്കത്തിലെ ‘പൊരുത്തക്കേടുകള്‍’ കാരണം പരസ്പരബന്ധം പുലര്‍ത്തുന്നതായി അനുഭവപ്പെട്ടു. ആഗോളതലത്തില്‍ 2014 ല്‍ മാത്രം ഭീകരാക്രമണങ്ങളില്‍ 33000 ലേറെ പേര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് ആണ് അതില്‍ ഒന്നാമത്തേത്. പശ്ചിമേഷ്യ, ദക്ഷിണേഷ്യ, പശ്ചിമ ആഫ്രിക്ക, ഇറാഖ്, പാകിസ്ഥാന്‍, അഫ്ഗാന്‍, നൈജീരിയ, സിറിയ എന്നിവിടങ്ങളിലാണ് ഭീകരാക്രമണത്തിന്റെ 80 ശതമാനവും അരങ്ങേറിയത്. ഇപ്പറഞ്ഞ മേഖലകളില്‍ തീവ്രവാദം ഉടലെടുക്കുന്നതിനുള്ള കാരണം, അത് രൂക്ഷമാക്കി നിലനിര്‍ത്തുന്നതില്‍ സാമ്രാജ്യത്വത്തിന്റെ പങ്ക്, പരശതം തീവ്ര ഗ്രൂപ്പുകള്‍ക്ക് അനായാസം ലഭ്യമാകുന്ന ആയുധങ്ങളുടെ ഉറവിടം, തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ആയുധ കച്ചവടം നടത്തി ലാഭം കൊയ്യുന്നതിലൂടെ തീവ്രവാദത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആര്, തീവ്രവാദികള്‍ കൊടും ഭീഷണിയും അവര്‍ക്ക് ആയുധം സപ്ലൈ ചെയ്യുന്നവര്‍ പുണ്യാളന്‍മാരുമാകുന്ന വിരോധാഭാസം, ഭീകരവിരുദ്ധ യുദ്ധം പ്രഖ്യാപിച്ചവര്‍ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം മാത്രം കൊന്നു തള്ളിയ പതിമൂന്നു ലക്ഷത്തിലേറെ മനുഷ്യരുടെ തീരെ നിസാരമായ കണക്ക് തുടങ്ങിയ അവഗണിച്ചു തള്ളേണ്ടതായ കാര്യങ്ങളൊന്നും ഇവിടെ എടുത്ത് പറയാതെ തന്നെ രണ്ടാമത്തെ വാര്‍ത്തയിലേക്ക്.

യുഎസിലെ സൗത്ത് കരോലിനയിലെ ചാള്‍സ്ടണ്‍ ചര്‍ച്ചില്‍ വെള്ളക്കാരനായ യുവാവ് പ്രാര്‍ഥനക്കെത്തിയ ഒമ്പത് കറുത്ത വര്‍ഗക്കാരെ നിഷ്‌കരുണം കൂട്ടക്കുരുതി നടത്തിയതാണ് അത്. വെളുത്ത വര്‍ഗക്കാരുടെ വംശമഹിമയില്‍ വിശ്വസിക്കുന്ന അയാള്‍ വിദ്വേഷ പ്രേരണ ഒന്ന് കൊണ്ട് മാത്രം ഇത്രയും പേരെ കൊന്നു തള്ളിയിട്ടും പ്രസ്തുത കൃത്യത്തെ ഭീകരവാദം എന്ന് വിശേഷിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടവും മുഖ്യധാര മാധ്യമങ്ങളും തയാറാവുന്നില്ല എന്നിടത്താണ് ഭീകരവാദം എന്ന വാക്കിനു നാനാര്‍ഥങ്ങള്‍ ഉണ്ടെന്ന വസ്തുത നമ്മള്‍ തിരിച്ചറിയുന്നത്. ലോകവ്യാപക പ്രതികരണങ്ങള്‍ ഉണ്ടായപ്പോള്‍ വിദ്വേഷത്തില്‍ അധിഷ്ടിതമായ കുറ്റകൃത്യം എന്നൊക്കെ അധികൃതര്‍ മുക്കി മൂളി പറയാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും സംഗതി ഒരിക്കലും തീവ്രവാദം അല്ലത്രേ. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവര്‍ ഏര്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ അതുമല്ലെങ്കില്‍ ആദ്യ വാര്‍ത്തയില്‍ സൂചിപ്പിച്ച മേഖലയില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെയാണ് സാമാന്യപൊതുബോധത്തിന്റെയും വാര്‍ത്താമൂല്യ സങ്കല്‍പങ്ങളുടെയും അടിസ്ഥാനത്തില്‍ തീവ്രവാദം എന്ന് പറയാന്‍ കഴിയുക. വെള്ളക്കാരന്‍ പ്രതിയാവുന്ന അനവധി കേസുകള്‍ ഇങ്ങനെ സാധാരണ െ്രെകം മാത്രമായി അവശേഷിച്ചിട്ടുണ്ട്.

മറ്റൊരു പ്രധാന കാര്യം, 2013 ല്‍ മാത്രം യുഎസില്‍ തോക്കിന്റെ ദുരുപയോഗം മൂലം 11000 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ആ വര്‍ഷം ലോകത്താകെ ഭീകരക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ 18000 പേര്‍. ആഗോള ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ഏതാണ്ട് അടുത്ത് തന്നെ മനുഷ്യര്‍ അമേരിക്കയില്‍ മാത്രം തോക്കിനിരയായി ജീവന്‍ നഷ്ടപ്പെടുന്നു എന്നര്‍ത്ഥം !! എന്നിട്ടും തോക്കിന്റെ ദുരുപയോഗം കുറയ്ക്കാനോ ആയുധ ലോബികളെ നിയന്ത്രിക്കാനോ ഉള്ള നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടത്തിനു കഴിഞിട്ടില്ല. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോലും ആയുധങ്ങള്‍ കൈവശം വെക്കുന്ന ഒരു നാട്ടിലെ സാധാരണക്കാരന്റെ ജീവന് എന്ത് വിലയാണ് ഉള്ളത്? Dylann Roof നെ പോലുള്ള വംശീയഭ്രാന്തന്മാരെ സൃഷ്ടിക്കുന്നതില്‍ ആയുധകച്ചവടക്കാര്‍ക്ക് വലിയ പങ്ക് ഉണ്ട്.

ജനാധിപത്യത്തിന്റെ ഉജ്ജ്വല മാതൃകയെന്ന് അവകാശപ്പെടുന്ന അമേരിക്കയില്‍ പോലും കാര്യങ്ങള്‍ ഇത്രത്തോളം സ്‌ഫോടനാത്മകമാണെങ്കിലും അവരെ സംബന്ധിച്ച് ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ മാത്രമേ ഭീകരവാദത്തിന്റെ പരിധിയില്‍ വരുന്നുള്ളൂ. കൃത്യമായ ഒരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരതയെ നിര്‍വചിക്കാത്ത കാലത്തോളം അമേരിക്കക്കും സില്‍ബന്തികള്‍ക്കും തങ്ങള്‍ക്ക് അനിഷ്ടകരമായ എന്തും ഭീകരവാദം ആരോപിച്ചു ആക്രമിക്കാം. അതേസമയം സമാനമായ മറ്റു സംഭവങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങളെ ബാധിക്കുന്നതല്ലെങ്കില്‍ നിസ്സാരമാക്കി തള്ളുകയും ചെയ്യാം. കാലമിത്രയായിട്ടും ഐക്യരാഷ്ട്രസഭക്ക് പോലും ഭീകരതയുടെ നിര്‍വചനം രൂപപ്പെടുത്താന്‍ കഴിയാതെ പോയത് ഇതൊക്കെ കാരണമാകാം.

Related Articles