Current Date

Search
Close this search box.
Search
Close this search box.

വ്യാജ നിർമ്മിതിയെന്ന മാധ്യമ ആയുധം

മാധ്യമപ്രവർത്തനമെന്നത് ഒരു മാരക ആയുധമാണ്. അതുകൊണ്ടാണ് സ്വേച്ഛാധിപതികളും ഏകാധിപതികളുമായ ഭരണാധികാരികൾ ഒന്നുകിലത് തങ്ങളുടെ നിയന്ത്രണത്തിലാക്കാനോ അല്ലെങ്കിൽ നിരോധിക്കാനോ ശ്രമിക്കുന്നത്. ജനാധിപത്യ രാജ്യമെന്ന് പറയുന്നതിടത്തെ ഗവൺമെന്റ് പോലും വോട്ടർമാരെ സ്വാധീനിക്കുന്നതിൽ മാധ്യമത്തിന്റെ ശക്തിയെക്കുറിച്ച് പൂർണ ബോധവാന്മാരാണ്. വിമർശനാത്മക മുഖപ്രസം​ഗങ്ങൾ, ലേഖനങ്ങൾ, കുറിപ്പുകൾ എന്നിവ വഴി പൊതുജന പിന്തുണ നേടി തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ നിർണയിക്കാൻ മാധ്യമപ്രവർത്തനത്തിനാകും. അതിലപ്പുറം ഒരു യുദ്ധത്തിനുള്ള തിരികൊളുത്താൻ തന്നെ മാധ്യമത്തിന് കഴിവുണ്ട്.

അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു ബുഷും ലണ്ടനിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകനും ലേബർ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ടോണി ബ്ലയറും മാധ്യമപ്രവർത്തനത്തിന്റെ ശക്തി നേരത്തെ തിരിച്ചറിയുകയും ഇരുപത് വർഷങ്ങൾക്ക് മുമ്പേ വിജയകരമായി അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ഹെഡ്‌ലൈനുകളും ബ്രോഡ്കാസ്റ്റുകളും വഴി ഇറാഖിൽ കൂട്ട നശീകരണ ആയുധങ്ങളുണ്ടെന്ന് ലോക ജനതയെ തെറ്റിദ്ധരിപ്പിക്കാൻ അവർക്കായി. തെറ്റിദ്ധാരണയെന്ന, കൊടും വഞ്ചനയെന്ന മാധ്യമ ആയുധം ഫലവത്തായി തന്നെ അവിടെ നടപ്പിലാക്കപ്പെട്ടു. വർഷങ്ങൾക്ക് ശേഷം സാമ്രാജ്യത്വ വഞ്ചന ലോകത്തിന് മുമ്പിൽ തുറന്നുകാണിക്കപ്പെട്ടപ്പോഴാണ് മുഖ്യാധാര മാധ്യമങ്ങളും മാധ്യമപ്രവർത്തകരും തങ്ങൾ ഇറാഖ് യുദ്ധത്തെക്കുറിച്ച് പടച്ചുവിട്ട വ്യാജ കവറേജുകൾക്ക് മാപ്പുചോദിച്ച് രംഗത്ത് വരുന്നത്.

മാധ്യത്തിന്റെ ശക്തിയെക്കുറിച്ച് സദ്ദാം ഹുസൈനും അബോധവാനായിരുന്നില്ല. ഇറാഖിലെ സർവ മാധ്യമങ്ങളെയും തന്റെ ചൊൽപ്പിടിയിലാക്കിക്കഴിഞ്ഞാൽ പൊതുജനങ്ങളുടെ ഹൃദയത്തുടിപ്പുകളെയും ചിന്തകളെയും വരെ നിയന്ത്രിക്കാനാകുമെന്ന് അദ്ദേഹത്തിന് വ്യക്തിമായി അറിയാമായിരുന്നു. അതുകൊണ്ടാണ് 2002 ഒക്ടോബറിൽ നൂറ് ശതമാനം പോളിംഗോടെയുള്ള സദ്ദാം ഹുസൈന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിനെ ഇറാഖിലെ ഒരു മാധ്യമവും ചോദ്യം ചെയ്യാതിരുന്നത്. ഞാനന്ന് ഇറാഖിലുണ്ടായിരുന്നു. 1995ലെ 99.96 ശതമാനത്തെയും മറികടന്ന് വോട്ടവകാശമുള്ള 11,445,638 പൗരന്മാരിൽ ഒരാളൊഴിയാതെ എല്ലാവരുടെയും വോട്ട് നേടിയാണ് അടുത്ത ഏഴ് വർഷത്തേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. അതിനെതിരെ ചോദ്യമുയർത്താൻ ഞാൻ ശ്രമിച്ചിരുന്നുവെങ്കിലും ആ ശ്രമം ഒരു വിഡ്ഢിത്തമാണെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു.

പ്രതിസ്വരങ്ങളും വിമർശനാത്മക കോളമിസ്റ്റുകളൊന്നും തന്നെ വിമർശനങ്ങളോട് യാതൊരു ദയാദാക്ഷിണ്യവുമില്ലാത്ത സ്വേച്ഛാധിപതികളുടെ അധികാര പരിതിക്ക് പുറത്തല്ല. തന്റെ വിമർശനാത്മക സ്വരത്തിന് സ്വന്തം ജീവൻ തന്നെ ബലി നൽകേണ്ടി വന്ന വാഷിംഗ്ടൺ പോസ്റ്റ് ജേർണലിസ്റ്റ് ജമാൽ ഖഷോഗി ഇസ്താംബൂളിലെ സൗദി അറേബ്യൻ കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവ് പ്രകാരമായിരുന്നു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം എത്തിച്ചേർന്ന നിഗമനം ഇതായിരുന്നുവെങ്കിലും ഡോണാൾഡ് ട്രംപ് അത് നിഷേധിക്കുകയാണുണ്ടായത്.

ഈയൊരു സന്ദർഭത്തിൽ, പുതിയ താലിബാൻ സർക്കാർ അഫ്ഗാനിലെ മാധ്യമങ്ങളോട് തങ്ങളുടെ ഭരണപദ്ധതി അവതരിപ്പിക്കുന്നതെങ്ങനെയെന്ന് നോക്കുന്നത് ഉചിതമാണ്. പ്രാദേശിക മാധ്യമങ്ങളെ നന്നായി വളർന്നുവരാൻ താലിബാൻ സർക്കാർ അനുവദിക്കുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം, അഭിപ്രായ സ്വാതന്ത്ര്യവും സുതാര്യമായ മാധ്യമ പ്രവർത്തനവും എല്ലായ്‌പ്പോഴും ഒരു നല്ല ഭരണകൂടത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്ന ഒന്നാണ്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അഭാവം നിലനിൽക്കുന്നുണ്ടെങ്കിലും, താലിബാനെതിരെയുള്ള അവരുടെ വിമർശനത്തിന് പുറമെ ഇന്ത്യയും ഇസ്രയേലുമടങ്ങുന്ന പാശ്ചാത്യ, പാശ്ചാത്യേതര മാധ്യമങ്ങൾ അഫ്ഗാനിൽ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചുള്ള അവരുടെ കവറേജുകൾ വളരെ പരിതാപകരമാണ്. അവർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അമേരിക്ക, ബ്രിട്ടൺ, നാറ്റോ തുടങ്ങിയ ശക്തികളുടെ പരാജയത്തിന് ശേഷമാണ് താലിബാൻ അധികാരത്തിൽ വരുന്നത് എന്നുള്ളതൊരു വസ്തുതയാണ്. ഈ വിജയം നേടിയെടുക്കാൻ താലിബാന് ഇരുപത് വർഷം പോരാടേണ്ടിവന്നുവെങ്കിലും സാധാരണ അഫ്ഗാനികളുടെ പിന്തുണയില്ലാതെ അവർക്കതിന് ഒരിക്കലും സാധ്യമാവുകയില്ല. ഈ വസ്തുത പക്ഷെ മാധ്യമ കവറേജുകളിൽ നിന്നും നിങ്ങൾക്ക് ലഭിച്ചെന്ന് വരില്ല.

ഇരുപത് വർഷത്തെ പൈശാചികവൽകരണത്തിന് ശേഷവും താലിബാൻ അധികാരം പിടിച്ചെടുത്തുവെന്ന ഞെട്ടലിൽ നിന്നും പാശ്ചാത്യ മാധ്യമ നിരൂപകരും വിമർശകരും ഇപ്പോഴും മുക്തരായിട്ടില്ല. സ്വയം തന്നെ വിശ്വസിച്ചു പോകുന്ന തരത്തിൽ നുണ പ്രചരണങ്ങളും തെറ്റായ ധാരണകളും പരത്തിയിട്ടും അവർക്ക് താലിബാനെ തടഞ്ഞു നിർത്താനായില്ല. പിന്നോക്കം, പ്രാകൃതം, മധ്യകാലമെന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും നാറ്റോ ശക്തികളുടെ ഏതൊരു ആക്രമത്തെയും ഗൂഢാലോചനയെയും നേരിടാനും അതിനോട് പൊരുത്തപ്പെടാനും കഴിവുള്ള തന്ത്രപ്രധാനമായ ആസൂത്രണത്തിനും ഏകോപനത്തിനും തങ്ങൾ ശരിക്കും പ്രാപ്തരാണെന്ന് താലിബാൻ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. മുൻകാല പിഴവുകളിൽ നിന്നും പാഠമുൾകൊണ്ട് പ്രാസ്ഥാനിക നേതൃത്വം അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ ബലഹീനതകളെ നന്നായി മുതലെടുപ്പ് നടത്തിയിട്ടുണ്ട്.

പ്രവർത്തനക്ഷമതയുള്ള ഒരു സർക്കാരിനെ സംഘടിപ്പിക്കാനുള്ള താലിബാന്റെ കഴിവിനെ നിഷേധിക്കുന്ന രാഷ്ട്രീയ വ്യാഖ്യാതാക്കളും പ്രതിരോധ വിദഗ്ധരുമടങ്ങുന്ന നിരവധി കേണലുകളെ ഞാൻ ടെലിവിഷനിലൂടെ കണ്ടിട്ടുണ്ട്. ഇവരിൽ പലരും 2016ൽ ഡൊണാൾഡ് ട്രംപിനെ പ്രസിഡന്റായി തിരഞ്ഞെടുത്ത രാജ്യത്തെ പൗരന്മാരാണെന്നതാണ് തമാശ. ട്വിറ്റർ ഉപയോഗിച്ച് സ്വന്തം പ്രസിഡന്റിനേയും സർക്കാറിനെയും തിരഞ്ഞെടുക്കുന്ന മറ്റാരെങ്കിലും ഉണ്ടാകുമോ? ഇല്ലെന്നാണ് ഞാൻ കരുതുന്നത്.

രാജ്യവാപകമായി നിയമപരമായ സംവിധാനം വികസിപ്പിച്ച് ഒരു പതിറ്റാണ്ടിലേറെയായി കർസായി, ഗനി പാവ ഗവൺമെന്റുകൾ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന അഴിമതികൾക്കെതിരെ താലിബാൻ ഒരു സമാന്തര ഭരണനിർവ്വഹണം ആരംഭിച്ചിട്ടുണ്ട്. പ്രസ്ഥാനത്തിന് നല്ലൊരു ഇന്റലിജൻസ് ശൃംഖല തന്നെയുണ്ടായിരുന്നെന്ന് എനിക്ക് അറിയാൻ കഴിഞ്ഞിരുന്നു. അത് ശരിയാണെങ്കിൽ, പശ്ചാത്യ മാധ്യമങ്ങളുടെ നരേറ്റീവുകൾ വന്നത് താലിബാന്റെ ഉദ്ദേശ്യങ്ങൾക്ക് അനുസരിച്ച് തന്നെയായിരുക്കമെന്ന് അനുമാനിക്കാം.

വ്യാജ വാർത്തകൾ ട്രംപ് കാലഘട്ടത്തിൽ കണ്ടത്തപ്പെട്ട ഒന്നല്ല. കാബൂൾ ആദ്യ തവണ ‘മോചിതമാകുന്ന’ സമയത്ത് സ്ത്രീകൾ ബുർഖ കത്തിക്കുന്നതും പുരുഷന്മാർ താടി വടിക്കുന്നതുമായ ചിത്രങ്ങൾ ടെലിവിഷനുകളിൽ പ്രചരിച്ചത് എനിക്കോർമ്മയുണ്ട്. സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന ആളുകൾ അവരുടെ കപടമായ സന്തോഷം പ്രകടിപ്പിക്കാനായി ഡോളർ മുതൽ മുടക്കുള്ള മാധ്യമങ്ങൾ മടങ്ങിവരുന്ന ജനങ്ങൾക്ക് ക്യാഷ് നൽകിയത് ലോകത്തിന് മുന്നിൽ കാണിക്കാൻ എല്ലാ കാമറകളും പരാജയപ്പെട്ടു. കപടമായ സന്തോഷ ‘പ്രകടനത്തിനായി’ മാസ വേതനമായ അമ്പത് ഡോളർ വരെ അഫ്ഗാനികൾക്ക് നൽകാൻ അവർ സന്നദ്ധരായിരുന്നുവെന്നാണ് എന്റെ സഹപ്രവർത്തകർ എന്നോട് പറഞ്ഞത്. കീശയിൽ ഡോളറുകൾ നിറച്ച്, കയ്യിൽ ബുർഖയും തീയും പിടിച്ച് ആഹ്ലാദിക്കുന്ന ചിത്രം അങ്ങനെയാണ് ലോക മാധ്യമങ്ങളുടെ പ്രധാന വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്.

അഫ്ഗാനി സംരംഭകരുടെ സംരംഭങ്ങളും മന്ദഗതിയിലായിരുന്നില്ല. അൽഖായിദയുടെ സുപ്രധാന രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന നിരവധി വ്യാജ രേഖകളും പുറത്തുവരാൻ തുടങ്ങി. അഞ്ഞൂറ് ഡോളറിന് വേണ്ടി ഉസാമ ബിൻ ലാദന്റെ ആണവ കരാർ പദ്ധതികളുടെ ഭാഗമായി മാറിയ ഒരു മണ്ടൻ മാധ്യമപ്രവർത്തകന്റെ കഥ ഭൗതിക ശാസ്ത്ര പാഠപുസ്തകത്തിന്റെ ഉള്ളടക്കമായി. അതേസമയം, അമേരിക്കയുടെ അധിനിവേശം മൂല്യവത്തായതാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾക്കും സ്റ്റോറികൾക്കും വേണ്ടി നടക്കുന്ന സമ്പന്നരായ റിപ്പോർട്ടർമാരെ ചില അഫ്ഗാനികൾ നന്നായി മുതലെടുക്കുകയും ചെയ്തു.

എത്രവേഗമാണ് ഇരുപത് വർഷങ്ങൾ മുന്നോട്ട് പോയത്. സോഷ്യൽ മീഡിയകൾ ഉണ്ടാക്കിത്തീർത്ത വ്യാജ വാർത്തകൾ ഇന്നൊരു വ്യാവസായിക തലത്തിലുള്ള പ്രശ്‌നമായി മാറിയിട്ടുണ്ട്. എന്നാലും, കാബൂളിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് ഒളിച്ചോടുന്നതിന് പകരം പഴയ രീതിയിലേക്ക് തന്നെ ഒരുവിധം മാധ്യമപ്രവർത്തനത്തെ മടക്കികൊണ്ടുവരാൻ താലിബാന്റെ വരവിന് സാധ്യമായിട്ടുണ്ട്. അഫ്ഗാൻ തലസ്ഥാനം സമാധാനപരമായി കൈവശപ്പെടുത്തിയതിന് താലിബാനെ പ്രശംസിക്കുന്നതിന് പകരം, ബ്യൂട്ടി ഷോപ്പ് വിൻഡോയിലുള്ള കോസ്‌മെറ്റിക് പരസ്യം മറക്കാൻ കറുത്ത പെയിന്റ് ഉപയോഗിക്കുന്ന യുവാവിന്റെ നാടികീയ ദൃശ്യങ്ങൾ വൈറലാക്കി താലിബാൻ വിരുദ്ധ വാർത്തകൾ നൽകാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. പാശ്ചാത്യ മാധ്യമങ്ങൾക്കായി ഇങ്ങനെയൊരു പ്രകടനം നടത്താൻ അദ്ദേഹത്തിൻ എത്രമാത്രം പ്രതിഫലം കിട്ടിയിട്ടുണ്ടാകുമെന്നാണ് ഞാൻ അത്ഭുതപ്പെടുന്നത്.

ഞാനിത് എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെ, അഫ്ഗാനിലെ എന്റെ പെൺ സുഹൃത്തുക്കൾ സ്ഥിരീകരിച്ചത് പ്രകാരം അവിടെയുള്ള ഹെയർഡ്രെസ്സർമാരും ബ്യൂട്ടി ഷോപ്പുകളും ഇപ്പോഴും നല്ല ബിസിനസിലാണെന്ന് പറയാൻ കഴിയും. താലിബാന്റെ പൂർണ അധികാരത്തിലുള്ള കാബൂളിലെ ഉയർന്ന പ്രദേശങ്ങളിൽ ബ്യൂട്ടി ഷോപ്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും എനിക്ക് ഉറപ്പിച്ച് പറയാനാകും. അവിടെയുള്ള താലിബാൻ നേതാക്കൾ കടുത്ത യാഥാസ്ഥികർ പോലും സ്ത്രീയുടെയും അവളുടെ മുടിയുടെയും വിഷയത്തിൽ ഇടപെടാൻ ധൈര്യപ്പെടില്ല.

2021ൽ താലിബാൻ കാബൂൾ പിടിച്ചടക്കുമ്പോൾ കൊള്ളയുടെയും ബലാൽസംഗത്തിന്റെയും അടയാളങ്ങളെയും തിരഞ്ഞു നടക്കുകയായിരുന്നു ലോക മാധ്യമങ്ങൾ. കാരണം, അധിനിവേശം നടത്തി വിജയിക്കുന്ന സൈന്യം സാധാരണയായി ചെയ്യാറുള്ളത് അതാണല്ലോ? 2003ലെ ഇറാഖ് തലസ്ഥാന നഗരി പിടിച്ചെടുത്ത സമയത്ത് അമേരിക്കൻ സൈന്യം അവിടെ ചെയ്തുകൂട്ടിയ നെറികേടുകൾ നമുക്കറിയാം. ജേതാക്കളെപ്പോലെ പെരുമാറരുതെന്ന് നിർദ്ദേശം നൽകപ്പെട്ടിരുന്നെങ്കിലും, നഗരം കൊള്ളയടിക്കുകയും തീയിട്ട് നശിപ്പിക്കുകയും സദ്ദാമിന്റെ തകർന്ന പ്രതിമകൾക്ക് മുകളിൽ കയറി നിന്ന് അമേരിക്കയുടെ പതാക വീശുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. രാഷ്ട്രീയക്കാർക്കും അവരുടെ അനുസരണയുള്ള മാധ്യമങ്ങൾക്കും നേർവിപരീതമായി പ്രാദേശിക മ്യൂസിയത്തിലേക്കുള്ള യാത്രയിൽ മാതൃകാ സ്‌കൂൾ കുട്ടികളെപ്പോലെയാണ് താലിബാൻ പെരുമാറിയത്. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ പ്രവേശിക്കുമ്പോഴും ചില പ്രാസ്ഥാനിക അംഗങ്ങൾ പുഞ്ചിരച്ചുകൊണ്ട് ഫോട്ടോഗ്രാഫുകൾക്കായി പോസ് ചെയ്തുകൊടുക്കുകയും ചെയ്തു. എന്നിട്ടും, ‘താലിബാൻ എത്തിയിരിക്കുന്നു’വെന്ന അടിക്കുറിപ്പോടെ അഫ്ഗാൻ തെരുവുകളിൽ കണങ്കാലിൽ ചങ്ങലകൾ വെച്ച് നയിക്കപ്പെടുന്ന, കറുത്ത അബായ ധാരികളായ സ്ത്രീകളുടെ വ്യാജ ചിത്രങ്ങളുടെ വ്യാപക പ്രചരണത്തെ അതൊട്ടും തടഞ്ഞില്ല.

പ്രസിഡൻഷ്യൽ കൊട്ടാരത്തിന്റെ കവാടത്തിൽ നിന്ന് വായിൽ സിഗരറ്റും പോക്കറ്റിൽ ഡോളറും നിറച്ച് ഉന്മാദിക്കുന്ന രാഷ്ട്രീയക്കാരെ ആരും കണ്ടില്ല. അഷ്‌റഫ് ഗനി അടക്കമുള്ള അമേരിക്കൻ പാവ സർക്കാറിലെ രാഷ്ട്രീയക്കാരെല്ലാം ദശലക്ഷക്കണക്കിന് ഡോളറുമായി മുങ്ങിയ ആളുകളായതിനാൽ തന്നെ അങ്ങനെയൊരു ആരോപണം താലിബാനെതിരെ ഉന്നയിക്കാൻ മാധ്യമങ്ങൾക്ക് പ്രയാസമായി. കറുത്ത അബായകൾ ധരിച്ച് അഫ്ഗാൻ തെരുവുകളിലൂടെ നടന്ന പാശ്ചാത്യ മാധ്യമപ്രവർത്തകർക്ക് ‘അമേരിക്കക്ക് മരണമെന്ന’ മുദ്രാവാക്യങ്ങളാണ് കേൾക്കാനായത്. ഒരു പ്രത്യേക യുഎസ് ചാനലിൽ ഞാൻ കണ്ട ഒരു ഫൂട്ടേജ്, പലതവണ ഞാനത് റീപ്ലേ ചെയ്തുനോക്കി, ‘തക്ബീർ..അല്ലാഹു അക്ബർ’ എന്ന് താലിബാൻ സൈന്യം ഉറക്കെ ശബ്ദിക്കുന്നതാണ് പ്രദർശിപ്പിക്കുന്നത്. തമാശക്കാരായ ചില താലിബാനികൾ ഫെയർഗ്രൗണ്ടിൽ ഡോഡ്ജം കാറുകൾ ഓടിക്കുന്ന ഫോട്ടോഗ്രാഫുകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഒരു പൈശാചിക ഭരണകൂട അംഗങ്ങൾക്ക് എങ്ങനെയാണ് പാർക്കിൽ ചെന്ന് സവാരി ആസ്വദിക്കാനാവുക?

കൂട്ടബലാത്സംഗങ്ങൾ, അടിമ ചന്തകൾ, പൊതുകല്ലേറുകൾ, വധശിക്ഷ എന്നിവയുടെ റിപ്പോർട്ടുകൾ ഫയൽ ചെയ്യാനാകാതെ, 1975ലെ ഫാൾ ഓഫ് സൈഗോണിനെ അനുസ്മരിപ്പിക്കും വിധം കാബൂളിലെ ഹാമിദ് കർസായി എയർപോർട്ടിന്റെ റൺവേയിൽ നിന്നും പുറപ്പെടുന്ന വിമാനത്തിന് പിന്നാലെ നിരാശരായി ഓടുന്ന ആളുകളിൽ അവർക്ക് സംതൃപ്തിയടയേണ്ടി വന്നു. സംഭവം നടക്കുമ്പോൾ വിമാനത്താവളം അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും വാഷിംഗ്ടണിൽ നിന്നുള്ള നിരീക്ഷണവുമുണ്ടായിരുന്നെന്ന് സംശയിക്കുന്നതിൽ അതിശയിക്കാനില്ല.
മറ്റൊരു മാധ്യമപ്രർത്തകൻ കാബൂൾ നഗരത്തിലെ തെരുവുകളിലൂടെ ‘ധൈര്യത്തോടെ’ നടന്ന് യാഥാസ്ഥിക ഇസ്ലാമിക വസ്ത്രം ധരിച്ചവരെ ചൂണ്ടിക്കാണിച്ച് ഇതെല്ലാം താലിബാൻ വരുന്നത് വരെയുള്ളൂ എന്ന് എന്നാണ് അഭിപ്രായപ്പെട്ടത്. അഫ്ഗാൻ പോലെയുള്ള മുസ്ലിം രാജ്യത്തിൽ നിന്ന് അവിടത്തെ പൊതുവായ വസ്ത്ര രീതിയെക്കുറിച്ച് ഇങ്ങനെ ആശങ്കപ്പെടുന്നത് പരിതാപകരം തന്നെയാണ്. പാശ്ചാത്യ വസ്ത്രം ധരിച്ചിരുന്ന ആളുകളിൽ ബഹുഭൂരിപക്ഷവും വിദേശികളും അവരെല്ലാം തന്നെ നേരത്തെ കാബൂൾ എയർപോർട്ട് വിടുകയും ചെയ്തിരുന്നു.
യുഎസ്, നാറ്റോ അധിനിവേശത്തിൽ നിന്നുമുള്ള കാബൂളിന്റെ മോചനം ധാരാളം മാധ്യമ നുണകളെയും വ്യാജ നിർമ്മിതകളെയുമാണ് പുറത്തുകൊണ്ടുവന്നത്. അതുകൊണ്ടാണ് അഫ്ഗാനിലെ താലിബാൻ അധികാരത്തിൽ പല പാശ്ചാത്യരും സ്തംഭിച്ചു നിന്നത്. മാന്യമായ സദസ്സിന് മുന്നിൽ നിന്ന് സത്യം പറയുന്നവരുടെ വേഷമിട്ട റിപ്പോർട്ടർമാരുടെ മാധ്യമപ്രവർത്തനത്തിന്റെ ഫലമായിരുന്നു താലിബാന്റെ പൈശാചികവൽകരണം.

താലിബാൻ ഇനി ആ കെണിയിൽ വീഴുമെന്ന് തോന്നുന്നില്ല. രണ്ടു ദശകങ്ങളായി ദുരുപയോഗം ചെയ്യപ്പെട്ട, മാധ്യമങ്ങളുടെ വ്യാജ വാർത്തകൾക്ക് ഇരയായ പ്രസ്ഥാനം അധികാരത്തിൽ വന്ന ഉടനെ ഒന്നുകിൽ മാധ്യമ പ്രവർത്തനത്തെ നിരോധിക്കുകയോ അല്ലെങ്കിൽ പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരികയോ അല്ലേ ചെയ്യേണ്ടിയിരുന്നത്? പക്ഷേ, അങ്ങനെയൊന്ന് ഉണ്ടായില്ല. പകരം, തങ്ങളെ എതിർക്കുന്നവർക്ക് വേണ്ടി അവരൊരു പത്രസമ്മേളനം തന്നെ നടത്തി. സ്ത്രീകളുടെ അവകാശങ്ങൾ, മാനുഷിക അവകാശങ്ങൾ, സമാധാനം, അനുരജ്ഞനം, ശത്രുക്കൾക്കുള്ള പൊതുമാപ്പ് എന്നിവയെക്കുറിച്ച് വിശദമായി സംവദിച്ചു. ഇത് കേട്ട് മാധ്യമപ്രവർത്തകർ ഞെട്ടിപ്പോയി. അമേരിക്കൻ, യൂറോപ്യൻ രാഷ്ട്രീയ ശക്തികൾ പ്രകോപിതരായി. പാശ്ചാത്യൻ നാടുകളിലെ പൈശാചിക നാവുകൾ നിശബ്ദമായി.

അവരുടനെ അതിനൊരു പ്രതിസ്വരമുണ്ടാക്കി. വസ്തുതകളെ മറച്ചുവെച്ച്, ടെലിവിഷൻ, സാറ്റ്‌ലൈറ്റ്, ചാറ്റ് ഷോ, റേഡിയോ സ്റ്റേഷൻ എന്നിവ വഴി വ്യാപകമായി വ്യാജ വാർത്തകൾ പടച്ചുവിട്ടു. താലിബാൻ നേതൃത്വത്തിന്റെ വാക്കുകളും പ്രസ്താവനകളും വെറും കള്ളമാണെന്ന് വരുത്തിത്തീർത്തു. കളവ് പതിവാക്കിയ രാഷ്ട്രീയക്കാർ, സൈനിക ഉദ്യോഗസ്ഥർ, കൃത്യമായ തെളിവുകളോ അന്വേഷണങ്ങളോ ഇല്ലാതെ വെറും വെറുപ്പും വിദ്വേഷവും മാത്രം പരത്തുന്ന വിദഗ്ധർ എന്നിവർ ‘വിശ്വാസയോഗ്യരല്ലാത്തവർ’ എന്ന് താലിബാനെ മുൻകൂട്ടി വിധിയെഴുതി. കാബൂളിൽ നിന്നും പുറത്തുപോകാൻ കാത്തുനിൽക്കുന്ന അഫ്ഗാനികൾ മണിക്കൂറുകളോളം മലിനജലക്കുഴിയിൽ തങ്ങിയതിൽ അതിശയിക്കാനില്ല. കാരണം, ഭയവും പരിഭ്രമവും അത്രമാത്രമുണ്ടായിരുന്നു. താലിബാൻ എന്തുകൊണ്ട് വിശ്വാസയോഗ്യരല്ലെന്ന് ബ്രിട്ടീഷ്, അമേരിക്കൻ രാഷ്ട്രീയ നേതാക്കളോട് എന്തുകൊണ്ട് ആരും ചോദിച്ചില്ല? അവർ പറഞ്ഞത് ശരിയാണെങ്കിൽ പിന്നെ കൂട്ടപ്പലായനം നടക്കുമ്പോൾ ബ്രിട്ടീഷ്, അമേരിക്കൻ സൈനികരെ എന്തുകൊണ്ടാണ് താലിബാൻ സംരക്ഷിച്ചത്?

പല അഫ്ഗാനികൾക്കും പലായനത്തിന് മതിയായ കാരണങ്ങൾ ഉണ്ടാകുമെന്നത് ഞാൻ നിഷേധിക്കുന്നില്ല. നിരവധി അഫ്ഗാനികളെ കൊല്ലുകയും ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത നാറ്റോ, അമേരിക്കൻ സൈന്യത്തിനും ഇന്റലിജൻസിനും വേണ്ടി ട്രാൻസ്ലാറ്റർ ജോലി ചെയ്തിരുന്ന ഒരുപാട് പേർ അവരിലുണ്ടായിരുന്നു. പ്രതികാരം ഉണ്ടാകില്ലെന്ന് താലിബാൻ ഉറപ്പിച്ചു പറഞ്ഞിട്ടും അവർ അവരുടെ ജീവനിൽ ഭയക്കുന്നു, അതിന് ആർക്കാണ് അവരെ കുറ്റപ്പെടുത്താനാവുക? അതേസമയം, കുപ്രസിദ്ധമായ ബഗ്രാം എയർബേസിൽ തടവിലാക്കപ്പെടുകയും മർദ്ദനങ്ങൾക്ക് ഇരയാവുകയും ചെയ്ത ഉറ്റവരുമായി അഫ്ഗാനിൽ താമസസ്ഥലം ഉറപ്പിക്കാൻ ശ്രമിക്കുന്ന നിരവധി സാധാരണക്കാരുമുണ്ട്. അകലാത്ത ആശങ്കകൾ, പ്രതികാരങ്ങൾ, ശത്രുത എന്നിവ ബാക്കിവെച്ചാണ് ക്രൂരമായ എല്ലാ സൈനിക അധിനിവേശവും അവസാനിക്കുന്നത്. താലിബാൻ നേരിടുന്ന ഒരു പ്രശ്‌നവും ഇതുതന്നെയാണ്.

അതേസമയം, കഴിഞ്ഞ രണ്ട് ദശകങ്ങളിലായി പാശ്ചാത്യ മാധ്യമങ്ങൾ സൃഷ്ടിച്ചുവെച്ച ഭയവും വെറുപ്പും വഞ്ചനയും ഇല്ലായ്മ ചെയ്യാനും താലിബാനെ പൈശാചികവൽകരിക്കാൻ ഉപയോഗിച്ച വ്യാജ തെളിവുകൾ നശിപ്പിക്കാനും ശക്തമായൊരു മാധ്യമ സൈന്യം തന്നെ താലിബാന് അനിവാര്യമാണ്. മാധ്യമപ്രവർത്തകരും അവരുടെ സ്രോതസ്സുകളും തമ്മിൽ സങ്കീർണമായ ബന്ധമുണ്ട്. വാർത്ത സ്രോതസ്സുകൾ മിക്കപ്പോഴും പ്രതിപക്ഷ ഗ്രൂപ്പുകളിൽ നിന്നോ പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ അജണ്ടകൾ തയ്യാറാക്കുന്നവരിൽ നിന്നോ ലഭ്യമായവയാണ്. അതിനാൽ തന്നെ ഓരോ മാധ്യമപ്രവർത്തകരും തങ്ങളുടെ വാർത്താ ഉറവിടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകളുള്ളവരാകണം. അഫ്ഗാൻ മാധ്യമപ്രവർത്തകരെ താലിബാൻ ആക്രമിക്കുന്നുവെന്ന വാർത്തകൾ ഇതിനകം തന്നെ നമുക്ക് ലഭ്യമായിട്ടുണ്ട്. എന്നാൽ, അതിന്റെ പിന്നാമ്പുറം പരിശോധിച്ചാൽ അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടോ എന്നത് വ്യക്തമായിരിക്കില്ല. താലിബാൻ സൈനികനായി വേഷമിടുന്ന പുരുഷന്മാരെയെല്ലാം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരായിട്ടാണ് മാധ്യമങ്ങൾ കവർ ചെയ്യുന്നത്. അത് പണത്തിന് വേണ്ടിയാണോ അതോ അതിന് പിന്നിൽ കൃത്യമായ കാരണങ്ങളോ പകയോ ഉണ്ടെന്നോ വ്യക്തമല്ല.

നമ്മുടെ ടിവി സ്‌ക്രീനുകളിൽ നിലനിൽക്കുന്ന പാശ്ചാത്യ മാധ്യമ പ്രൊപഗണ്ടകൾ ഇപ്പോഴും അതുപോലെ നിലനിൽക്കുന്നുണ്ട്. ബിബിസിയും അതിന്റെ ന്യൂസ് ഡിപ്പാർട്ടുമെന്റുകളും വേൾഡ് സർവീസുകളും അതിന്റെ അന്താരാഷ്ട്ര ലേഖകരുമെല്ലാം ഇപ്പോഴും താലിബാൻ സ്‌കൂളുകൾ അടുച്ചുപൂട്ടുന്നുവെന്നും പെൺകുട്ടികളുടെ വിദ്യഭ്യാസം തടയുന്നുവെന്നുമുള്ള വാർത്തകൾ അതുപോലെത്തന്നെ സൂക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇത് വ്യാജമാണ്. കഴിഞ്ഞ ഇരുപത് വർഷമായി തങ്ങളുടെ പ്രേക്ഷകരെയും ശ്രോതാക്കളെയും തങ്ങൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് സമ്മതിക്കാതെ ബ്രോഡ്കാസ്റ്റിന് തിരുത്താൻ കഴിയാത്ത വിധം ബിബിസി ഇത്രയും കാലമത് ആവർത്തിച്ചുകൊണ്ടിരുന്നു. മറ്റു ടിവി, റേഡിയോ, പ്രിന്റ് മീഡിയകളുടെ അവസ്ഥയും ബിബിസിക്ക് സമാനമായിരുന്നു. എന്റെ മാധ്യമ സുഹൃത്തായ റോബർട്ട് കാർട്ടർ ഈയിടെ അദ്ദേഹം ‘വെസ്റ്റിന്റെ താലിബാൻ ഉന്മാദങ്ങൾ’ എന്ന് വിളിച്ചിരുന്ന വിഷയത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. തന്റെ യൂടൂബ് വീഡിയോയിൽ ഒരു കമ്മന്റേറ്ററെ ഉദ്ധരിച്ചു അദ്ദേഹം പറയുന്നുണ്ട്: ‘താലിബാൻ ഒട്ടും മാറിയിട്ടില്ല. ഇരുപത് വർഷങ്ങൾക്ക് മുമ്പ് അവർക്കുണ്ടായിരുന്ന അതേ പ്രാകൃത, കാട്ടാള സ്വഭാവം തന്നെയാണ് ഇപ്പോഴും. ഒരു സ്‌കൂളിന് ബോംബിട്ട് 90 പെൺകുട്ടികൾ കൊല്ലപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് മെയ് മാസം ഒരു റിപ്പോർട്ട് വന്നിരുന്നു’. കാബൂളിന് തൊട്ടടുത്തുള്ള ദശ്‌തേബർച്ചിയിലെ സയ്യിദുശ്ശുഹദാ വിമൺ സ്‌കൂളിൽ മെയ് മാസം ബോംബിട്ടിരുന്നുവെന്നത് സത്യമാണ്.

വിഷയത്തിൽ അഷ്‌റഫ് ഗനി താലിബാനെ അപകീർത്തിപ്പെടുത്തിയെങ്കിലും പിന്നീടത് ഐസ്‌ഐസ്-കെ തീവ്രവാദികൾ ചെയ്ത പ്രവർത്തിയാണെന്ന് തെളിഞ്ഞു. താലിബാൻ തങ്ങളുടെ ഉത്തരവാദിത്തം നിഷേധക്കുകയും കൊലപാതകത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. കാർട്ടർ ഉദ്ധരിച്ച തീവ്ര വലതുപക്ഷ വ്യാഖ്യാതാക്കൾ അവരുടെ കൈമുട്ടിന് അടുത്തുള്ള ഐസ്‌ഐസ്-കെയെക്കുറിച്ച് അബോധവാന്മാരാണെന്നതാണ് സത്യം. അക്കാരണത്താൽ തന്നെയാണ് കൂട്ട ബലാത്സംഗങ്ങളും ലൈംഗിക വിപണികളും മനുഷ്യക്കടത്തുകളും താലിബാന് മേൽ ചാർത്തി വ്യാജ വാർത്തകളുണ്ടാക്കാൻ അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഈ അജ്ഞനായ കമ്മന്റേറ്ററുടെ പേരു പറയാനോ അയാളുടെ കാര്യത്തിൽ ലജ്ജിക്കാനോ എനിക്ക് താൽപര്യമില്ല. കാരണം, ഇതുപോലെയുളള അനേകമാളുകളിൽ ഒരാൾ മാത്രമാണ് ആ സ്ത്രീ. ചിലപ്പോൾ ആളുകൾക്ക് അവരുടെ സ്വന്തം വിഡ്ഢിത്തത്തിൽ നിന്നും ആത്മരക്ഷ നേടേണ്ടി വരും. പക്ഷെ, അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്നുവെങ്കിൽ പിന്നെ ബലാത്സംഗവും ലൈംഗിക പീഢനവും നടക്കുമ്പോൾ അതെല്ലാം താലിബാനുമേൽ വെച്ചുകെട്ടുന്നതിനെക്കുറിച്ച് അവരെയെനിക്ക് ബോധവൽകരിക്കേണ്ടി വരും. അതിനെക്കുറിച്ച് ഞാൻ 2001ൽ പുറത്തിറങ്ങിയ ഇൻ ദി ഹാന്റ്സ് ഓഫ് ദി താലിബാൻ എന്ന് പുസ്തകത്തിൽ കൃത്യമായി പഠനം നടത്തി എഴുതിയിട്ടുണ്ട്.

‘മതപണ്ഡിതനായിരുന്ന മുല്ലാ മുഹമ്മദ് ഉമർ അഖുന്ദ് തന്റെ നാൽപ്പത്തിമൂന്നാം വയസ്സിലാണ്(1993) താലിബാൻ രൂപീകരിക്കുന്നത്. മുജാഹിദ് ഭരണം തുടർന്നുകൊണ്ടിരുന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെയുള്ള രോഷമായിട്ടാണ് ഉമറിന്റെ സംഘം രൂപീകരിക്കപ്പെട്ടതെന്ന് ഏഷ്യാവീക്ക് പറയുന്നു. കവർച്ചയും ബലാത്സംഗവും നിത്യസംഭവമായിരുന്ന ഹൈവേ ടോളുകളിലെ വർദ്ധിച്ചുവരുന്ന കൊള്ളയായിരുന്നു അടിസ്ഥാന സംഭവം. 1994 ജൂലൈ മാസം കാണ്ഡഹാർ സൈനിക നേതാവ് മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് നഗരത്തിൽ വലിയ കോലാഹലങ്ങളും പ്രതിഷേധങ്ങളും സൃഷ്ടിച്ചു. ഉമറും താലിബാനും വിഷയത്തൽ പെട്ടെന്ന് തന്നെ നീതി നടപ്പിലാക്കി. സൈനിക നേതാവ് തൂക്കിലേറ്റപ്പെടുകയും അദ്ദേഹത്തിന് കീഴിലുള്ളവരെ ഉമറിന് സേവനം ചെയ്യണമെന്ന കരാറോടെ വിടുകയും ചെയ്തു. താലിബാന് ശക്തിയും സ്വീകാര്യതയും നേടിയെടുക്കാൻ കാരണമായി വർത്തിച്ച സംഭവമിതാണ്. അതിനെത്തുടർന്ന് താലിബാൻ വലിയ ശക്തിയായി വളർന്നുവന്നു’. (ഇൻ ദി ഹാന്റ്സ് ഓഫ് ദി താലിബാൻ, പേ. 85)

ഇങ്ങനെയൊരു നടപടി കൈകൊണ്ട താലിബാൻ എങ്ങനെയാണ് കൂട്ട ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നത്? താലിബാൻ ബലാത്സംഗ സംഘങ്ങൾ എന്നൊന്ന് യഥാർത്ഥത്തിൽ ഉണ്ടോ? ഇവരെക്കുറിച്ചാണ് ആ കമ്മന്റേറ്റർ ‘താലിബാൻ ഒട്ടും മാറിയിട്ടില്ല. ഇരുപത് വർഷങ്ങൾക്ക് മുമ്പ് അവർക്കുണ്ടായിരുന്ന അതേ പ്രാകൃത, കാട്ടാള സ്വഭാവം തന്നെയാണ് ഇപ്പോഴും’ എന്ന് പറയുന്നത്. ഇന്നത്തെ നേതൃത്വം എന്നത്തേയും പോലെ സംശുദ്ധവും യാഥാസ്ഥികവും തന്നെയാണ്. ഐസ്‌ഐസ്-കെയുടെ പെരുമാറ്റവും ഇറാഖിലെ യസീദി സ്ത്രീകളുടെ മേൽ അവർ നടത്തിയ ബലാത്സംഗവും റാഖയിലെ അടിമച്ചന്തയും സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങളുമെല്ലാം അവരെ പരിഭ്രാന്തരാക്കുന്നുണ്ട്.

മിഡിൽ ഈസ്റ്റ്, ഏഷ്യൻ രാഷ്ട്രീയ സ്ഥിതിഗതികളെ പിന്തുടരുന്ന ആളുകൾക്കിടയിൽ ഇതെന്തുകൊണ്ടാണ് ആശയക്കുഴപ്പമുണ്ടാക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. അതിനാൽ തന്നെയാണ് വെസ്റ്റിന്റെ മാധ്യമ പ്രൊപഗണ്ടയെ മറികടന്ന് യാഥാർത്ഥ്യം ജനങ്ങളിലേക്ക് എത്തിക്കുന്നത് മാധ്യമപ്രവർത്തകരുടെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നത്. അത് വളരെ സുഗമമായ പ്രവർത്തനമായാണ് എനിക്ക് തോന്നുന്നത്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് താലിബാൻ എന്നോട് വളരെ ബഹുമാനത്തോടെയും മര്യാദയോടെയുമാണ് പെരുമാറിയതെന്ന പ്രസ്തവാന കാരണം മാധ്യമ മേഖലയിലെ എന്റെ ചില സഹപ്രവർത്തകർ എന്നോട് ഇപ്പോഴും ക്ഷമിച്ചിട്ടില്ല.

പാശ്ചാത്യ രാജ്യങ്ങളിൽ ചില മാധ്യമപ്രവർത്തനങ്ങൾ ക്രിമിനൽവൽകരിക്കപ്പെട്ടിട്ടുണ്ടെന്നത് ദുഖകരമാണ്. ലണ്ടനിലെ അതിസുരക്ഷാ ജയിലായ ബെൽമാർഷിൽ കഴിയുന്ന വിക്കിലീക്‌സ് പ്രസാധകനായ ജൂലിയൻ അസാഞ്ചിന്റെ കാര്യം തന്നെ എടുത്തുനോക്കുക. അമേരിക്കയിലേക്കുള്ള കൈമാറ്റത്തിനും യുഎസ് ചാരവൃത്തി നിയമപ്രകാരം(എസ്പിയോണേജ് ആക്റ്റ്) ക്രിമിനൽ പ്രൊസിക്യൂഷനും വിധേയനായിക്കൊണ്ടിരിക്കുന്നു. അഫ്ഗാൻ, ഇറാഖ് യുദ്ധ ഡയറികളും യുഎസ് എംബസി കേബിളുകളും ലോകമാധ്യമങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ പ്രസിദ്ധികരിച്ചുവെന്നതാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കേസ്. അഫ്ഗാനിലും ഇറാഖിലും അമേരിക്ക ചെയ്ത ക്രിമിനൽ യുദ്ധ കുറ്റങ്ങളും അവ പൊതുജന ശ്രദ്ധയിൽ നിന്നും തിരിച്ചുവിട്ടതിന്റെ തെളിവുകളും അടങ്ങുന്നതായിരുന്നു അസാഞ്ചിന്റെ ‘വാർ ഡയറീസ്’.

താലിബാനെ അവരുടെ വാക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നമുക്ക് വിശ്വസത്തിലെടുക്കാനാകില്ലെന്നത് തീർച്ചയാണ്. വാക്കുകൾക്ക് അനുസരിച്ച് പ്രവർത്തനങ്ങളും നടക്കുന്നുണ്ടോയെന്ന വിലയിരുത്തലുകൾ നടത്തേണ്ടതും അനിവാര്യമാണ്. അവരുടെ പ്രതിജ്ഞകൾ എത്രമാത്രം വേഗതയിൽ പ്രവർത്തന ഫലത്തിലെത്തിക്കുന്നുവോ അത്രയും വേഗമത് റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യും. മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും അടക്കം വെസ്റ്റിലുള്ള അധിക ആളുകളെക്കാളും 2021ലെ താലിബാന് ഉയർന്ന ധാർമ്മിക ബോധമുണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

വിവ: മുഹമ്മദ് അഹ്‌സൻ പുല്ലൂർ

Related Articles