Current Date

Search
Close this search box.
Search
Close this search box.

യാത്രികന്‍ മടങ്ങിവരുന്നില്ല..!

‘അമ്പത് വയസ്സൊക്കെ ആകുമ്പോള്‍ തനിക്ക് സ്വസ്ഥവും സമാധാനപരവുമായ ഒരു ജീവിതം ഉണ്ടാകുമെന്നാണ് ഞാന്‍ സങ്കല്‍പിച്ചിരുന്നത്. കഫേയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒത്തുകൂടി പഴയ കാര്യങ്ങളൊക്കെ സംസാരിച്ചിരിക്കുന്ന ശാന്തമായ ജീവിതം. എന്നാല്‍, ഒരുപാട് നാളുകള്‍ക്ക് ശേഷം സരയേവോയിലേക്ക് തിരിച്ചെത്തിയപ്പോള്‍ എനിക്കതൊന്നും കണ്ടെത്താനായില്ല.’

യുദ്ധമെന്നത് ഇപ്പോള്‍, ഇവിടെ സംഭവിക്കുന്നത് മാത്രമല്ല. ഏത് സമയത്തും ഏത് സ്ഥലത്തും സംഭവിക്കാവുന്നതാണ്. പക്ഷേ, അതിന്റെ ആഘാതം സ്ഥല-കാലങ്ങള്‍ക്ക് അതീതമാണ്. യുദ്ധം അവസാനിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും യുദ്ധം സൃഷ്ടിച്ച ഇരകളെ നിങ്ങള്‍ക്ക് കാണാം. ഇവിടെ, ഒരു മനുഷ്യന്റെ ഉദാഹരണം നിങ്ങളോട് പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അദ്ദേഹം 1960ല്‍, ബോസ്നിയ-ഹെര്‍സഗോവിനയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് ഖനികളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ഉപ്പയും ഉപ്പൂപ്പയും അവിടെ ജോലി ചെയ്തു. ചെറുപ്പത്തില്‍ എന്താകാനാണ് ആഗ്രഹമെന്ന് ചോദിച്ചാല്‍ അദ്ദേഹം മറുപടി പറഞ്ഞിരുന്നത് ഖനിത്തൊഴിലാളിയാകണം എന്നായിരുന്നു. അറുപതുകളുടെ അവസാനത്തോടെയാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ടെലിവിഷന്‍ വരുന്നത്. എട്ട് വയസ്സുള്ള സമയത്ത് കണ്ടിരുന്ന നാടകങ്ങള്‍ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായിരുന്നു. അത്, ഒരു വ്യക്തിയുടെ ജീവിതം പറയുന്ന, പുതിയ ജീവിത സാധ്യതകള്‍ കാണിക്കുന്ന കഥയായിരുന്നു. എന്നാല്‍, ആ വ്യക്തിയുടെ മരണത്തോടെ ആ കഥ അവസാനിക്കുകയും ചെയ്യുന്നു. അദ്ദേഹം സ്വയം പറയുന്നതുപോലെ, അത് അദ്ദേഹത്തിന്റെ ആദ്യ ദുഃഖാനുഭവമായിരുന്നു. ജീവിതത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ചോദിച്ച അനുഭവം. അതിന് ശേഷം, അദ്ദേഹം ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടര്‍ന്നു. അത് ഭാവിയില്‍ ഖനിത്തൊഴിലാളിയാകണമെന്ന് സ്വപ്നം കണ്ടിരുന്ന ഒരാളെ എഴുത്തുകാരനാക്കി.

സര്‍വകലാശാലയില്‍ നിന്ന് താരതമ്യ സാഹിത്യ പഠനം പൂര്‍ത്തീകരിച്ചതിന് ശേഷം, അദ്ദേഹം ബോസ്നിയന്‍ തലസ്ഥാനമായ സരയേവോയിലെ ഒരു പ്രാദേശിക പത്രത്തില്‍ എഡിറ്ററായി ജോലി ചെയ്യാന്‍ തീരുമാനിച്ചു. 1984ല്‍ അദ്ദേഹം ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ആ വര്‍ഷത്തെ ഏറ്റവും നല്ല കവിതാ സമാഹാരത്തിനുള്ള ജേതാവായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് വിവിധ സാഹിത്യ മാസികകളിലും പത്രങ്ങളിലും എഴുത്തുകാരനായും എഡിറ്ററായും പ്രവര്‍ത്തിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ‘ശബ്ഹുല്‍ ഹുര്‍റിയ്യ’യെന്ന് മാസിക ആരംഭിച്ചു. യുവ എഴുത്താര്‍ക്ക് പ്രചോദനം നല്‍കുകയെന്നതായിരുന്നു ലക്ഷ്യം. 1992ല്‍ അദ്ദേഹത്തിന്റെ രാജ്യത്ത് യുദ്ധം പൊട്ടിപുറപ്പെട്ടു. കുടുംബത്തോടൊപ്പം അദ്ദേഹം നാട്ടില്‍ തന്നെ നിന്നു. യുദ്ധം ആരംഭിച്ച ആദ്യ വര്‍ഷത്തില്‍, കവിതയും ചെറുകഥയും കൂടിച്ചേര്‍ന്ന ‘സരയേവോക്കൊരു ദുഃഖ ഗീതം’ അദ്ദേഹം പ്രസിദ്ധീകരിച്ചു. താനും നാട്ടുകാരും യുദ്ധകാലത്ത് അനുഭവിച്ച വികാരവും സങ്കടവുമാണ് അതില്‍ പങ്കുവെക്കുന്നത്. പിന്നീടത് ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.

വര്‍ഷങ്ങള്‍ നീണ്ട യുദ്ധവും ഉപരോധവും സരയേവോയിലെ എല്ലാ സാംസ്‌കാരിക ചിഹ്നങ്ങള്‍ക്ക് നേരെയുള്ള സെര്‍ബിയന്‍ ആക്രമണവും അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. ബോസ്നിയന്‍ സ്വത്വം ഓരോന്നായി നശിപ്പിക്കുകയും മറ്റ് സ്വത്വം നഗരത്തില്‍ സ്ഥാപിക്കുകയും ചെയ്തു. നഗരത്തിലെ ഓരോ ഓര്‍മകളും ഇല്ലാതായി. സെര്‍ബിയന്‍ സൈന്യം നടപ്പിലാക്കിയ സംഘടിത വംശഹത്യയുടെ സമയത്ത് എല്ലാവരെയും ഉള്‍കൊള്ളുന്നതിനും വൈവിധ്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുമായി വിവിധ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സഹായത്തോടെ ‘ദാനി’ (അല്‍അയ്യാം) മാസിക ആരംഭിച്ചു. നഗരത്തിലുണ്ടായിരുന്ന പൂര്‍ണ ഉപരോധത്തിന് കീഴിലും ‘ദാനി’ മാസികയുടെ പ്രസിദ്ധീകരണം തുടര്‍ന്നു. വെള്ളവും വൈദ്യുതിയുമില്ലാതെ, കടുത്ത ശൈത്യത്തെ പ്രതിരോധിക്കാനുള്ള യാതൊന്നുമില്ലാതെ വലിയ പ്രതിസന്ധി നേരിട്ടപ്പോഴും പ്രസിദ്ധീകരണം തുടര്‍ന്നു. പ്രസിദ്ധീകരണത്തിന് വേണ്ട സാമഗ്രികളുടെ ലഭ്യതക്കുറവിന് പുറമെയാണിത്. നഗരത്തില്‍ 24 മണിക്കൂറും സെര്‍ബിയന്‍ സൈന്യത്തിന്റ മിസൈലുകളും ബോംബുകളുമായിരുന്നു.

1993ല്‍, അദ്ദേഹം ‘സഅര്‍തഹില്‍’ എന്ന സിനിമയെഴുതി സഹസംവിധാനം ചെയ്തു. പ്രയാസംനിറഞ്ഞ സാഹചര്യമായതിനാല്‍ ഒറ്റ ക്യാമറ ഉപയോഗപ്പെടുത്തികൊണ്ടായിരുന്നു സംവിധാനം. 1994ലെ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന് അവാര്‍ഡ് ലഭിച്ചു. 1995ല്‍ ഇറ്റലിയില്‍ നടന്ന മെഡ് ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. 1995ല്‍ യുദ്ധം അവസാനിച്ചുവെന്നത് ശരിയാണ്. എന്നാല്‍, തന്റെ വീടും സ്വത്തും പ്രിയപ്പെട്ടവരുമെല്ലാം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അങ്ങനെ ഒരുപാട് നാളത്തെ ഓര്‍മകള്‍ വിട്ട് അദ്ദേഹം ഭാര്യക്കും മക്കള്‍ക്കുമൊപ്പം അമേരിക്കയിലേക്ക് പോയി. തന്റെ മനസ്സില്‍ മായാതെ നില്‍ക്കണമെന്ന് ആഗ്രഹിച്ച ഓര്‍മകള്‍ വിട്ടേച്ചായിരുന്നു അദ്ദേഹത്തിന്റെ യാത്ര. പണവും ബന്ധുക്കളുമില്ലാതെ അദ്ദേഹം മറ്റൊരു നാട്ടിലെത്തി. പത്രപ്രവര്‍ത്തന മേഖലയിലെ പരിചയം ഉപയോഗപ്പെടുത്തി അദ്ദേഹം റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയില്‍ ജോലി നേടി. പതിയെ പതിയെ സാഹചര്യം പുരോഗതി പ്രാപിച്ചുതുടങ്ങി. പിന്നീട് അദ്ദേഹത്തിന് കുടുംബത്തോടൊപ്പം മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ സാധിച്ചു.

എന്നാല്‍, അദ്ദേഹത്തിന് വളരെ വിചിത്രമായ സാഹചര്യമാണ് അഭുമുഖീകരിക്കേണ്ടി വന്നത്. ബോസ്നിയക്കാരനെന്ന നിലയില്‍, ഏഷ്യക്കാര്‍ക്ക് അദ്ദേഹം യൂറോപ്യനാണ്. യൂറോപ്യരുടെ കണ്ണില്‍ അദ്ദേഹം മുസ്ലിമാണ്. അമേരിക്കക്കാര്‍ക്ക് അദ്ദേഹം റഷ്യക്കാരനാണ്; ആ രാജ്യത്തേക്ക് മടങ്ങിപോകേണ്ടയാളാണ്. വിവിധ രാജ്യക്കാര്‍ തന്നോട് ഇടപഴകുന്നതിലെ വിചിത്രമായ ഈ വൈരുധ്യം, മറ്റുള്ളവര്‍ ചെയ്ത തെറ്റിന്റെയും യുദ്ധസമയത്ത് നഗരത്തിലെ വീടുകളില്‍ പതിച്ച ബോംബുകളുടെയും പാപഭാരം താനും തന്റെ ചുമലില്‍ വഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഏറ്റവും മോശമായ കാര്യം, ചുറ്റുമുള്ള ആളുകളുടെ ഒറ്റപ്പെടുത്തലും മുന്‍വിധിയുമാണ്.

2010ല്‍, തന്റെ അമ്പതാം വയസ്സില്‍ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു. ഈ ആരോഗ്യപ്രശ്‌നത്തെ അതിജീവിച്ച് അദ്ദേഹം വലിയൊരു മാറ്റത്തിലേക്ക് പ്രവേശിക്കുകയും എല്ലായ്പ്പോഴും പോരാടിയിരുന്ന ഭയത്തെ മറികടക്കുകയും ചെയ്തു. ചികിത്സിച്ച കാര്‍ഡിയോളജിസ്റ്റ് അദ്ദേഹത്തിന് മരുന്ന് കുറിച്ചുനല്‍കി. അവയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, ചിലപ്പോഴത് ഓര്‍മക്കുറവിന് കാരണമായേക്കാമെന്ന് ഡോക്ടര്‍ മറുപടി നല്‍കി. കഴിഞ്ഞകാലം മറക്കാനോ ഓര്‍മകള്‍ നഷ്ടപ്പെടുത്താനോ തനിക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം ഡോക്ടറോട് പറഞ്ഞു. ഓര്‍മക്കുറവ് സംഭവിക്കുമെങ്കിലും താങ്കള്‍ മരിക്കില്ല. പക്ഷേ, ഹൃദ്രോഗം താങ്കളുടെ മരണത്തിന് കാരണമായേക്കാമന്നെ് ഡോക്ടര്‍ പറഞ്ഞു. യഥാര്‍ഥത്തില്‍, ഓര്‍മ നഷ്ടപ്പെടുന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മരിച്ചുകൊണ്ട് ജീവിക്കലാണ്.

അദ്ദേഹത്തിന് ഒരാശയം തോന്നി. ഓര്‍മകള്‍ നഷ്ടപ്പെടുന്നതിന് മുമ്പ് പഴയ ഓര്‍മകള്‍ വീണ്ടെടുക്കാന്‍ മകനെയും കൂട്ടി അമേരിക്ക മുഴുവന്‍ യാത്ര ചെയ്യണം. ബോസ്‌നിയയില്‍ നിന്ന് വന്നതിന് ശേഷം ആദ്യമായി താമസിച്ച അരിസോണയിലെ വീട്ടിലേക്ക് അവര്‍ പോയി. കഴിഞ്ഞുപോയ ഓരോന്നും പിന്നീട് ഓര്‍ത്തെടുക്കാന്‍, റോഡുകളും ചുറ്റുമള്ള പ്രദേശങ്ങളും ഫോട്ടോയെടുക്കാന്‍ അദ്ദേഹം മകനോട് പറഞ്ഞു. തന്റെ മനസ്സില്‍ നിന്ന് ഓര്‍മകള്‍ മായുന്നതിന് മുമ്പ് അതെല്ലാം സൂക്ഷിച്ചുവെക്കാനും അദ്ദേഹം പറഞ്ഞു. വിധി അദ്ദേഹത്തിന് സമയം നീട്ടികൊടുക്കുകയില്ല. അടുത്ത വര്‍ഷം, അദ്ദേഹത്തിന്റെ ഭാര്യക്ക് അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചു. രോഗത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു. അത് അവരുടെ ഓര്‍മ പൂര്‍ണമായും ഇല്ലാതാക്കും. അദ്ദേഹം മുന്നില്‍ നില്‍ക്കുന്ന നിമിഷം ഡോക്ടര്‍ ഭാര്യയോട് ചോദിച്ചു: ഇത് നിനക്ക് അറിയുമായിരുന്നോ ഇല്ലയോ എന്ന്. ഡോക്ടര്‍ കുറച്ച് നേരം നിശ്ശബ്ദനായി. എല്ലാ കാര്യവും മറന്നതുപോലെ അവര്‍ അതിനെ കുറിച്ചും മറന്നിരിക്കുന്നുവെന്ന് ഡോക്ടര്‍ മനസ്സിലാക്കി.

അമേരിക്കയില്‍ ചെയ്തുപോലെ തന്റെ നാട്ടിലും ചെയ്യാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചു. അമേരിക്കയിലെ 25 വര്‍ഷത്തെ പ്രവാസത്തിന് ശേഷം ആദ്യമായി സരയേവോ സന്ദര്‍ശിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. തന്റെ നാട്ടിലെ പല ഓര്‍മകളും ഓര്‍ത്തെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ മടക്കം. മൂന്ന് ഭാഗങ്ങളായി തിരിച്ചുള്ള പുസ്തകത്തില്‍, തന്നെയും ഇണയെയും മകനെയും കുറിച്ചുള്ള ഓര്‍മകള്‍ കഥപറച്ചിലിന്റെ ഏതെങ്കിലുമൊരു രൂപത്തില്‍ ക്രോഡീകരിക്കണമെന്നും അദ്ദേഹം തീരുമാനിച്ചു. ആ പുസ്തകത്തിന്റെ കവര്‍ പേജ് ‘ഖല്‍ബീ’ (എന്റെ ഹൃദയം) എന്ന തലക്കെട്ട് കൊണ്ട് അലങ്കരിക്കും. തന്റെ ജീവത സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം ഈ പേര് നല്‍കിയത്. അദ്ദേഹത്തിന്റെ ഹൃദയത്തിലൂടെ പല വികാരങ്ങളും ചിന്തകളുമാണ് കടന്നുപോയിരുന്നത്. അദ്ദേഹത്തിന്റെ രോഗമാണ് ജീവിതത്തിലെ എല്ലാം മറക്കാനുള്ള കാരണമായിരിക്കുന്നത്. ‘ഖല്‍ബീ’ എന്ന പുസ്തകം അദ്ദേഹത്തിന്റെ കരിയറില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായി മാറി. ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതിന് ശേഷം പുസ്തകത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മരണം, കൊല, രക്തച്ചൊരിച്ചില്‍ എന്നിവയൊന്നും പുസ്തകത്തില്‍ കാണാന്‍ കഴിയുകയില്ല. യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ട അഭയാര്‍ഥിയുടെ ഓര്‍മകളല്ല, മിറിച്ച് മനുഷ്യത്വത്തെ അടയാളപ്പെടുത്തുന്ന മനോഹര നിമിഷങ്ങളാണെന്നത് ശ്രദ്ധേയമാണ്.

ഇതുവരെ പറഞ്ഞത് പ്രശസ്ത ബോസ്നിയന്‍ എഴുത്തുകാരന്‍ ശംസുദ്ധീന്‍ മുഹമ്മദിനോവിച്ചിനെ കുറിച്ചാണ്. അദ്ദേഹം ‘ഖല്‍ബീ’ എന്ന പുസ്തകത്തില്‍ തന്റെ അവസ്ഥ വിവിരച്ചുകൊണ്ട് പറയുന്നു: ‘അമ്പത് വയസ്സൊക്കെ ആകുമ്പോള്‍ തനിക്ക് സ്വസ്ഥവും സമാധാനപരവുമായ ഒരു ജീവിതം ഉണ്ടാകുമെന്നാണ് ഞാന്‍ സങ്കല്‍പിച്ചിരുന്നത്. കഫേയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒത്തുകൂടി പഴയ കാര്യങ്ങളൊക്കെ സംസാരിച്ചിരിക്കുന്ന ശാന്തമായ ജീവിതം. എന്നാല്‍, ഒരുപാട് നാളുകള്‍ക്ക് ശേഷം സരയേവോയിലേക്ക് തിരിച്ചെത്തിയപ്പോള്‍ എനിക്കതൊന്നും കണ്ടെത്താനായില്ല. എനിക്ക് എഴുതാന്‍ എപ്പോഴും അവസരം കിട്ടി. ഒരിക്കല്‍ നിങ്ങള്‍ പ്രവാസിയായാല്‍ നിങ്ങള്‍ക്ക് തിരികെ വരാന്‍ കഴിയുകയില്ല. നിങ്ങളുടെ നാടിനെ കുറിച്ചുള്ള ഓര്‍മ നിങ്ങള്‍ക്ക് നഷ്ടപ്പെടും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സരയേവോയിലേക്ക് മടങ്ങിയപ്പോള്‍, ഞാനെന്റെ വീട്ടിലേക്കാണ് മടങ്ങിയതെന്ന് എനിക്ക് പറയാന്‍ കഴിഞ്ഞില്ല. എനിക്കങ്ങനെ പറയാന്‍ കഴിയില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒരു വിധത്തില്‍, ഞാനൊരു പുതിയ പ്രവാസിയായതായി എനിക്ക് തോന്നുന്നു.’

മൊഴിമാറ്റം: അര്‍ശദ് കാരക്കാട്
അവലംബം: aljazeera.net

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles