Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് മന്‍സൂറുദ്ദീന്‍: ഇന്ത്യന്‍ കാലിഗ്രഫിയിലെ കുലപതി

ജുമാ മസ്ജിദില്‍ മെട്രോ ഇറങ്ങി നടന്നു. ജുമാ മസ്ജിദിന്റെ പിന്‍ഭാഗത്തുള്ള മത്തിയ മഹല്‍ ( Matia Mahal ) ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ യാത്ര. തെരുവുകള്‍ ഉണര്‍ന്നു വരുന്നേയുള്ളൂ. ഉച്ച ചൂടിന്റെ കാഠിന്യം കൂടുന്നതിന് മുന്‍പ് ആ വ്യക്തിയെ കാണണം, സംസാരിക്കണം. കയ്യിലുള്ള ഹോസ് (house) നമ്പര്‍ ലക്ഷ്യമാക്കി നടന്നു. പലരോടും ചോദിച്ചു വഴി മനസ്സിലാക്കി. എങ്കിലും ജമാ മസ്ജിദിന്റെ പരിസര പ്രദേശങ്ങളില്‍ വ്യക്തമായ മേല്‍വിലാസം ഇല്ലാതെ ഒരു വ്യക്തിയെക്കുറിച്ചു അന്വേഷിക്കുക ദുഷ്‌കരമായ ദൗത്യമാണ്.

ഒടുവില്‍ പല തെരുവുകളും ഗല്ലികളും പിന്നിട്ട് ഞങ്ങള്‍ കാണാന്‍ കൊതിച്ച സയ്യിദ് മന്‍സൂറുദ്ധീന്‍ സാഹിബിന്റെ വീടിന്റെ മുമ്പിലെത്തി. സയ്യിദ് മന്‍സൂറുദ്ധീന്‍ സാഹിബ് മൊറാദാബാദില്‍ നിന്ന് ഡല്‍ഹിയിലെത്തിയിട്ട് 76 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്ന് അദ്ദേഹത്തിന് 94 വയസ്സ് പ്രായമുണ്ട്. ഒറ്റ നോട്ടത്തില്‍ തന്നെ പ്രായാധിക്യം മൂലമുള്ള ശാരീരിക പ്രയാസങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടെന്നു തോന്നി. അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് സലാഹുദ്ധീന്‍ ഒരു മികച്ച കാലിഗ്രാഫറും ഗായകനുമൊക്കെയാണ്.

പിതാവിന് വേണ്ടി ഞങ്ങളോട് സംസാരിച്ചതും അദ്ദേഹം തന്നെ. സുഹൃത്ത് മിന്‍ഹാജ് വടകരയും അദ്ദേഹത്തിന്റെ വാക്കുകള്‍ സശ്രദ്ധം കേട്ടുകൊണ്ടിരുന്നു. പിതാവിന്റെ പ്രതാപ കാലം അയവിറക്കി മകന്‍ സലാഹുദ്ധീന്‍ പറഞ്ഞു തുടങ്ങി. പിതാവിന്റെ ഡല്‍ഹി ജീവിതം ഡല്‍ഹിയിലെ ഹംദര്‍ദ് യൂണിവേഴ്‌സിറ്റിയിലെ മാഗസിന്‍ എഡിറ്റര്‍ ആയി സേവനമനുഷ്ഠിച്ചത് മുതല്‍ തുടങ്ങുന്നു. അദ്ദേഹത്തിന്റെ കലാപരമായ കഴിവുകള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കിയ വ്യക്തിയാണ് ഹംദര്‍ദ് യൂണിവേഴ്‌സിറ്റി സ്ഥാപകനും ആദ്യത്തെ വൈസ് ചാന്‍സലറുമായ ഹകീം അബ്ദുല്‍ ഹമീദ്. തുടക്കത്തില്‍ ഇന്ത്യയില്‍ യൂനാനി വൈദ്യ പഠനാര്‍ത്ഥം ആരംഭിച്ച ഹംദര്‍ദ് സര്‍വകലാശാലയുടെ എക്കാലത്തെയും വലിയ നേട്ടങ്ങളിലൊന്നായിരുന്നു റൂഹ് അഫ്സ (refresher of the soul) ‘ആത്മാവിന് ഉന്‍മേഷം നല്‍കുന്നത്’ എന്ന ഭാഷാര്‍ത്ഥമുള്ള സര്‍ബത്തിന്റെ ഉത്പാദനം.

അതില്‍ ‘റൂഹ് അഫ്‌സ’ എന്ന് ഉറുദു ഭാഷയില്‍ ഇന്നും ഉപയോഗിക്കുന്ന പ്രസ്തുത ഉല്‍പ്പന്നത്തിന്റെ ചിഹ്നം വരച്ചത് സയ്ദ് മന്‍സൂറുദ്ധീന്‍ സാഹിബാണ്. അറബി, ഉറുദു, പേര്‍ഷ്യന്‍, കാശ്മീരി, സിന്ധി, പശ്‌ത്തോ ഭാഷകളില്‍ കലിഗ്രഫിയില്‍ പേരെടുത്ത മന്‍സൂറുദ്ധീന്‍ സാഹിബ് യൂനാനിയുമായി ബന്ധപ്പെട്ട് ധാരാളം ഗ്രന്ഥങ്ങള്‍ എഴുതുകയും വിവര്‍ത്തനം നടത്തുകയും ചെയ്തു. ഇറാന്‍ രാജാവ് റാസ ഷാ പഹ്‌ലവി മൂന്ന് പ്രാവിശ്യം ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും ഉദ്ഘാടന പ്രഭാഷണം തയ്യാറക്കാന്‍ ചുമതലയേല്‍പിക്കപെട്ട വ്യക്തിയാണ് സയ്യിദ് മന്‍സൂറുദ്ധീന്‍ സാഹിബ്.

സ്വതന്ത്ര ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയായിരുന്ന ഗ്യാനി സൈല്‍ സിങ്, പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി, ശ്രീ വെങ്കിട്ട രാമന്‍, വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ക്കായി നിരന്തരം ഉദ്ഘാടന പ്രസംഗങ്ങളും ആമുഖ പ്രഭാഷണങ്ങളും തയ്യാറാക്കി നല്‍കിയിരുന്നു മന്‍സൂറുദ്ധീന്‍. ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ എത്തിപ്പിടിച്ച മന്‍സൂറുദ്ധീന്‍ സാഹിബിനെത്തേടി ഇതുവെരയും ഒരു അംഗീകാരവും എത്തിയിട്ടില്ല. ഒരു പുരുഷായുസ്സിന് ചെയ്യാന്‍ കഴിയുന്നതിലപ്പുറം തന്റെ കഴിവുകളെ സമൂഹത്തിനും രാജ്യത്തിനും വേണ്ടി മാത്രം ചിലവഴിച്ച വ്യക്തിയാണ് ഇദ്ദേഹം. കഴിവുകളെ അംഗീകരിച്ചില്ലെങ്കിലും പഴയകാല സ്മരണകളില്‍ സയ്യിദ് മന്‍സൂറുദ്ധീന്‍ എന്ന വ്യക്തിയുടെ നാമം പുതുതലമുറ അറിയണമെന്ന് മാത്രമാണ് അദ്ദേഹം ഇന്നും ആഗ്രഹിക്കുന്നത്. ഇസ്‌ലാമിക കാലിഗ്രഫിയില്‍ ഒരു കാലത്ത് ഇന്ത്യയില്‍ തിളങ്ങി നിന്ന വ്യക്തിപ്രഭയായിരുന്നു സയ്യിദ് മന്‍സൂറുദ്ധീന്‍ എന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്റെ കലാ മൂല്യങ്ങള്‍ക്ക് പക്ഷെ തന്റെ കുടുംബത്തിന്റെ സാമ്പത്തിക ചുറ്റുപാടുകളെ വലിയ രീതിയിലൊന്നും സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെന്നു പറയുന്നതാവും ശരി.

ഗോവണി കയറി ഞങ്ങളെത്തിയ അദ്ദേഹത്തിന്റെ മുറി പലതും നമ്മോട് പറയുന്നുണ്ട്. തന്റെ മക്കളില്‍ നിന്ന് പേര മക്കളിലേക്കും അവരില്‍ നിന്ന് തുടര്‍ന്നും കാലിഗ്രഫിയെന്ന മഹത്തായ കലയുടെ വൈവിധ്യങ്ങള്‍ ഇന്നും അദ്ദേഹം ഒഴുക്കികൊണ്ടേയിരിക്കുന്നു. മുഗള്‍ വാസ്തു വിദ്യാ പാരമ്പര്യം കൊണ്ടനുഗ്രഹീതമായ ജമാ മസ്ജിദിന്റെ പിന്നാമ്പുറങ്ങള്‍ തേടിപ്പോയാല്‍ പേന കൊണ്ടും, ഭാഷ കൊണ്ടും ചരിത്രത്തില്‍ ഇതിഹാസങ്ങള്‍ രചിച്ച മഹാന്മാരുടെ തലമുറകളെ ഇനിയും നമുക്ക് അടുത്തറിയാം എന്ന ശുഭ സൂചനകളാണ് സയ്യിദ് മന്‍സൂറുദ്ധീന്‍ സാഹിബിന്റെ ജീവിതം വരച്ചിടുന്നത്. ബ്രഹത്തയ ഇന്തോ-പേര്‍ഷ്യന്‍, ഇന്തോ-അറബിക് വാസ്തു വിദ്യാ പാരമ്പര്യം നെഞ്ചേറ്റിയ പഴയ മുസ്‌ലിം ഡല്‍ഹിയുടെ കാരണവന്മാര്‍ ഏറക്കുറെ കളമൊഴിഞ്ഞു കഴിഞ്ഞിരിക്കുന്നു. തേടിപ്പോയാലും കിട്ടാക്കനിയായി മാറിയ തനത് കലാവിഷ്‌കാരങ്ങള്‍ക്ക് ഇനിയും അര്‍ഹിച്ച പ്രോത്സാഹനവും അംഗീകാരവും നമ്മള്‍ നല്‍കിയില്ലെങ്കില്‍ പഴമയുടെ ചരിത്രം അയവിറക്കാന്‍ മാത്രം വിധിക്കപ്പെട്ടവരായിത്തീരും നമ്മളെന്ന് തീര്‍ച്ച.

 

Related Articles