Current Date

Search
Close this search box.
Search
Close this search box.

ഓർഹാൻ ഗാസി: അഭിവൃദ്ധി നിറഞ്ഞ കാലഘട്ടം

ഓർഹാൻ ബെയ്, ഓർഹാൻ ഗാസി എന്നീ പേരുകളിലാണ് ഒട്ടോമൻസിലെ രണ്ടാമത്തെ സുൽത്താൻ അറിയപ്പെട്ടത്. ഉസ്മാൻ ഗാസിയുടെയും മാൽഹുൻ ഹത്തൂനിന്റെയും മകനായാണ് അദ്ദേഹം ജനിച്ചത്. തന്റെ പിതാമഹന്‍ എർതുഗ്‌റുൽ ഗാസി മരണപ്പെട്ട അതേ വര്‍ഷം തന്നെയാണ് (1281) ഒർഹാൻ ഗാസി ജനിക്കുന്നത്. ഓർഹാൻ എന്ന പദത്തിന് ‘നഗര ജഡ്ജി’ എന്നാണ് ടർക്കിഷ് ഭാഷയിൽ അര്‍ത്ഥം. ഭാവി ഭരണാധികാരിയായി പിതാവ് വളർത്തിയ ഓർഹാൻ ബെയ്, വിശാലമായ ഒരു രാഷ്ട്രം തന്നെ സ്ഥാപിക്കുന്നതിന് സാക്ഷ്യം വഹിച്ചാണ് വളര്‍ന്നത്. പിതാവിന്റെ ഭരണകാലത്ത് തന്നെ കമാൻഡറായി നിരവധി പ്രധാന യുദ്ധങ്ങളിൽ അദ്ദേഹം പങ്കെടുത്തു. എസ്കിഷെഹിറിന്റെ ആധുനിക മധ്യ പ്രവിശ്യയായ സുൽത്താനൂവിന്റെ ഗവർണറായിരുന്നു അദ്ദേഹം. പതിനേഴാം വയസ്സിൽ അദ്ദേഹം യാർഹിസാർ ടെക്‌ഫുറിന്റെ മകൾ ഹോളോഫിറയെ വിവാഹം കഴിച്ചു. ഹോളോഫിറ ഇസ്‍ലാം മതം സ്വീകരിച്ച് “നിലൂഫർ” എന്ന പേര് സ്വീകരിക്കുകയായിരുന്നു.

പിതാവിന്റെ മരണശേഷം സിംഹാസനത്തിലെത്തിയ ഓര്‍ഹാന്‍, സഹോദരനും പണ്ഡിതനുമായിരുന്ന അലാവുദ്ദീൻ പാഷയെ മന്ത്രിയാക്കി നിയമിച്ചു. ഓട്ടോമൻ രാഷ്ട്രത്തിന്റെ ആദ്യത്തെ നിയമാവലി തയ്യാറാക്കിയിരുന്നതും അദ്ദേഹമായിരുന്നു. ബുര്‍സാ കീഴടക്കിയതോടെ, ഓര്‍ഹാന്‍ ബേ ഭരണ തലസ്ഥാനം ബുർസയിലേക്ക് മാറ്റി. 1335-ൽ അദ്ദേഹം അവിടെ മനോഹരമായ ഒരു പള്ളി സ്ഥാപിച്ചു. ബുർസ കീഴടക്കി ഓര്‍ഹാന്‍ ബേ വീണ്ടും മുന്നേറുന്നത് ബൈസന്റൈൻ ചക്രവര്‍ത്തിയെ ആശങ്കപ്പെടുത്തി.

1331-ൽ വന്‍സൈനിക സന്നാഹങ്ങളുമായി ഓര്‍ഹാന്‍ ബേയെ നേരിടാനെത്തിയ ബൈസന്റൈന്‍ ചക്രവര്‍ത്തി ദയനീയമായി പരാജയപ്പെട്ടു. അതോടെ, ഇസ്നിക് പ്രദേശവും ഓര്‍ഹാന്‍ ബേയുടെ കീഴിലായി മാറി. ആ പ്രദേശത്തുകാർ, നീതിയുടെ പര്യായമായ ഓര്‍ഹാന്‍ ബേയുടെ ഭരണം ആഗ്രഹിച്ചിരുന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ വിധവകളായ ഭാര്യമാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, തന്റെ സൈനികരോട് അവരെ വിവാഹം കഴിക്കാന്‍ വരെ അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്നിക്കിലും ഒരു ഹാ​ഗിയ സോഫിയയുണ്ടായിരുന്നു.

എഡി. 325-ൽ, പ്രസിദ്ധമായ ക്രിസ്ത്യൻ ബിഷപ്പുമാരുടെ കൗൺസിൽ നടന്നത് ഇവിടെയായിരുന്നു. യുദ്ധാനന്തര ഉടമ്പടി പ്രകാരം അത് പള്ളിയാക്കി മാറ്റുകയായിരുന്നു. ശേഷം അതിനോട് ചേര്‍ന്ന് മദ്റസയും തുടക്കം കുറിച്ചു. അതായിരുന്നു ഇസ്‌നിക്കിലെ ആദ്യത്തെ ഓട്ടോമൻ മദ്രസ. പ്രശസ്‌ത പണ്ഡിതരായ ദാവൂദുൽ ഖൈസരിയും തഖിയുദ്ദീൻ കുർദിയും ഈ മദ്രസയിലെ അധ്യാപകരായിരുന്നു. സൈനിക മുന്നേറ്റം തുടര്‍ന്ന ഓര്‍ഹാന്‍ ബേ, ജെംലിക്, ഇസ്മിത്ത് എന്നീ നഗരങ്ങള്‍ കൂടി കീഴടക്കി ഓട്ടോമൻ സാമ്രാജ്യം ബോസ്പോറസിന്റെ തീരം വരെ എത്തി.1331-ൽ സഹോദരൻ അലാഉദ്ദീൻ പാഷയുടെ മരണത്തെ തുടര്‍ന്ന്, കിരീടാവകാശിയായ സുലൈമാൻ പാഷയെ മന്ത്രിയായും ശേഷം പുതുതായി സ്ഥാപിതമായ റുമേലിയ പ്രവിശ്യയുടെ ഗവർണറായും നിയമിച്ചു.1360-ൽ ബുർസില്‍, എഴുപത്തി ഒമ്പതാം വയസ്സില്‍ ഓര്‍ഹാന്‍ ബേ മരണപ്പെട്ടു. പിതാവിനോട് ചേര്‍ന്ന് തന്നെ അദ്ദേഹത്തെയും അടക്കം ചെയ്തു. 

സിംഹാസനത്തിലിരിക്കെ അന്തരിച്ച ഏറ്റവും പ്രായം കൂടിയ ഓട്ടോമൻ സുൽത്താനാണ് ഓർഹാൻ ഗാസി. തന്റെ പിതാവിൽ നിന്ന് ഏറ്റെടുത്ത അധികാര ദേശം, ഏകദേശം ആറിരട്ടിയായി ഓര്‍ഹാന്‍ ബേ വികസിപ്പിച്ചു. രണ്ട് ഭൂഖണ്ഡങ്ങളിലായി ഏകദേശം 95,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്നു അതിന്. രാജ്യത്തെ ജനസംഖ്യ 3 ദശലക്ഷവും അതില്‍ മൂന്നിലൊന്ന് ക്രിസ്ത്യാനികളുമായിരുന്നു. കീഴടക്കിയ പ്രദേശങ്ങളില്‍ ജനസംഖ്യാ സന്തുലിതാവസ്ഥ ഉറപ്പ് വരുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആദ്യ ഭാര്യ നിലൂഫർ ഹാത്തൂനിൽ അദ്ദേഹത്തിന്, സുലൈമാൻ, മുറാദ്, കാസിം എന്നീ മൂന്ന് മക്കള്‍ ജനിച്ചു. മറ്റൊരു ഭാര്യയായ തിയോഡോറയില്‍ ഹലീലും ഇബ്രാഹീം, ഫാത്വിമ, അസ്പോർസയിലും ജനിച്ചു. 

ഭർത്താവിന്റെ അരികിൽ തന്നെ അന്ത്യവിശ്രമം കൊള്ളുന്ന ഭാര്യ നിലൂഫർ ഹാതൂനും വളരെ നല്ല മനുഷ്യസ്‌നേഹിയും മതനിഷ്ഠയുള്ളവളുമായിരുന്നു. ബുർസയിൽ അവരുടെ പേരിൽ മൂന്ന് മസ്ജിദുകളും ഒരു ലോഡ്ജും ഒരു പാലവും അവർ സ്ഥാപിച്ചു. യുദ്ധസമയത്തും പുതുതായി കീഴടക്കിയ നാടുകളുടെ ഇസ്ലാമികവൽക്കരണത്തിലും ഗാസികൾക്ക് പരിശീലനം നൽകുന്നതിൽ സൂഫി ദർവീശുകൾ വലിയ പങ്കുവഹിച്ചിരുന്നു. ഒട്ടോമൻ അധിനിവേശത്തിന്റെ ലക്ഷ്യം കേവല അധികാരമോ മഹത്വമോ അല്ലെന്ന് അവർ സൈനികരെ നിരന്തരം ബോധ്യപ്പെടുത്തി. ഓർഹാൻ ഗാസിയും സൂഫികൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. അവര്‍ക്കായി പ്രത്യേക ദർവീശ് ലോഡ്ജുകൾ അദ്ദേഹം നിർമ്മിച്ച് നല്കിയിരുന്നു. ഗെയിക്‌ലി ബാബ, ഡോഗ്‌ലു ബാബ, ദര്‍വീശ് മുറാദ് എന്നിവർ ഇവരില്‍ പ്രശസ്തരാണ്. 

രാജാവ് എന്ന അറബി പദത്തിന് തുല്യമായ ‘സുൽത്താൻ’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ഒട്ടോമൻ സുൽത്താൻ ഓർഹാൻ ഗാസിയാണ്. ആദ്യകാലങ്ങളിൽ അദ്ദേഹത്തെ സന്ദർശിച്ച വടക്കേ ആഫ്രിക്കൻ അറബ് സഞ്ചാരി ഇബ്ൻ ബത്തൂത്ത പറയുന്നത്, തുർക്ക്മെൻ ഭരണാധികാരികളിൽ ഏറ്റവും മഹാനാണ് ഓര്‍ഹാന്‍ ബേ എന്നാണ്. ഒർഹാൻ ബെയ് ബുർസയിൽ ഒരു വെള്ളി നാണയം തന്നെ പുറത്തിറക്കിയിരുന്നു. അതിൽ നാല് ഖലീഫമാരുടെ പേരുകളും ഒരു വശത്ത് സത്യസാക്ഷ്യ വാക്യങ്ങളും ആലേഖനം ചെയ്യപ്പെട്ടിരുന്നു. മറുവശത്ത്, അതിൽ “ഓർഹാൻ ബിൻ ഒസ്മാൻ ബുർസ, 727″ എന്നും കായ് ഗോത്രത്തിന്റെ സ്റ്റാമ്പും ഉണ്ടായിരുന്നു. 

ഓർഹാൻ ബേയിക്ക് 50,000 കാലാൾപ്പടയും 40,000 കുതിരപ്പടയും 25,000 സൈനികരും ഉണ്ടായിരുന്നു. യുദ്ധമില്ലാത്ത കാലത്ത് അവർക്ക് കൃഷി ചെയ്യാൻ കഴിയുന്ന ഭൂമി സുൽത്താൻ നൽകി. യുദ്ധത്തിന് പോകാത്തവരെ യമക് എന്ന് വിളിക്കുകയും അവരുടെ സഹായത്തിന് പണം നൽകുകയും ചെയ്തു.

എഴുത്തുകാരനായ അൽഫോൺസ് ഡി ലാമർടൈൻ ഓർഹാൻ ബേയെക്കുറിച്ച് ഇങ്ങനെ പരാമർശിക്കുന്നതായി കാണാം: “മോസസിനെപ്പോലെ, ഏഷ്യയിൽ ഒരു കാലും യൂറോപ്പിൽ ഒരു കണ്ണും ഉപേക്ഷിച്ച് അദ്ദേഹം മരിച്ചു. അദ്ദേഹം ബുദ്ധിമാനും, സുന്ദരനും, മതപരമായ മഹത്വമുള്ളവനുമായിരുന്നു. അദ്ദേഹം തന്റെ ജീവിതത്തിന്റെ പകുതി വീരോചിതനായ പോരാളിയായി ചെലവഴിച്ചു. നൂറുകണക്കിന് പണ്ഡിതന്മാരും ചരിത്രകാരന്മാരും കവികളും ഉയർന്നു വന്ന വർഷങ്ങളായിരുന്നു അത്. യുദ്ധങ്ങളിൽ സമാഹരിച്ച സമ്പത്ത് പൊതുപ്രവർത്തനങ്ങൾ, ശാസ്ത്രം, സാഹിത്യം, ഇസ്‌ലാമിന്റെ വ്യാപനം എന്നിവയ്ക്കായി ചെലവഴിച്ചു. അനാട്ടോളിയയിൽ ഒരു പുതിയ ബാഗ്ദാദ് തന്നെ ഉയർന്നുവന്നു.

References: 

ابن بطوطة (1997). تُحفة النُظَّار في غرائب الأمصار وعجائب الأسفار. الرباط: أكاديمية المملكة المغربية. ج

محمد سهيل طقوش (2013). تاريخ العُثمانيين من قيام الدولة إلى الانقلاب على الخلافة (ط. 3). بيروت: دار النفائس للطباعة والنشر والتوزيع

حمد بن يوسف القرماني (1985)، تاريخ سلاطين آل عُثمان، تحقيق: بسام عبد الوهاب الجابي (ط. 1)، دمشق: دار البصائر

عبد الرحمن البيطار (د.ت). “العثمانيـون: (699 – 1342هـ/1299 – 1924م)”. الموسوعة العربيَّة. هيئة الموسوعة العربيَ 

Goffman, Daniel. The Ottoman Empire and Early Modern Europe. Cambridge University Press, 2002.

 

Related Articles