Current Date

Search
Close this search box.
Search
Close this search box.

ആലി മുസ്‌ലിയാര്‍: ഒരു ജനതക്ക് ആത്മാഭിമാനം പകര്‍ന്ന ജേതാവ്

ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഏറ്റവും ശക്തമായ ജനകീയ ചെറുത്തുനില്‍പുകളാണ് മലബാറില്‍ നടന്നത്. ബ്രിട്ടീഷ് ആധിപത്യത്തിന് കനത്ത നാശനഷ്ടങ്ങളാണ് ഈ പോരാട്ടങ്ങളിലൂടെ സംഭവിച്ചത്. പ്രസിദ്ധരായ പല സൈനിക ഓഫിസര്‍മാരും ഈ ചെറുത്തുനില്‍പ്പുകളില്‍ കൊല്ലപ്പെട്ടു. വിവിധ രാജ്യങ്ങളിലേക്ക് നിയോഗിച്ചിരുന്ന ബറ്റാലിയനുകളെ മലബാറിലേക്ക് തിരിച്ചുവിളിക്കേണ്ടി വന്നു. കൊടിയ അക്രമത്തിനും അനീതിക്കും ഇരയായ ഒരു ജനത സര്‍വശക്തിയുമെടുത്ത് തിരിച്ചടിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ പകച്ചുപോയി. ദൈവത്തിന്റെ മുന്നിലല്ലാതെ മറ്റൊരാളുടെ മുന്നിലും അടിമപ്പെടാന്‍ സന്നദ്ധമാകാത്ത പോരാട്ടമായിരുന്നു വിശ്വാസമായിരുന്നു ഈ പോരാട്ടങ്ങള്‍ക്ക് ആ ജനതയെ പ്രചോദിപ്പിച്ചത്.

മലബാറിലെ മാപ്പിളമാരില്‍ കൊല്ലപ്പെട്ടവരിലെല്ലാവര്‍ക്കും നെഞ്ചിലായിരുന്നു വെടിയേറ്റിരുന്നതെന്ന് ഹിച്‌കോക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ധീരരായ മാപ്പിളമാര്‍ എന്നാണ് അവര്‍ അദ്ദേഹത്തെ വിശേഷിപ്പിചച്ചത്. മലബാറില്‍ നടന്ന പോരാട്ടങ്ങള്‍ക്ക് പ്രചോദന കേന്ദ്രമായി വര്‍ത്തിച്ച നേതാവാണ് ആലി മുസ്‌ലിയാര്‍. ഏറനാട് ഗ്രാമത്തിലെ നെല്ലിക്കുത്ത് ഗ്രാമത്തിലാണ് അദ്ദേഹം ജനിക്കുന്നത്. മഞ്ചേരിയില്‍ നിന്നും പാണ്ടിക്കാട്ടേക്ക് പോകുന്ന വഴിയിലാണ് നെല്ലിക്കുത്ത്. 1853ല്‍ ഏരിക്കുന്നന്‍ കുഞ്ഞുമൊയ്തീന്റെയും പൊന്നാനി ഒറ്റകത്ത് ആമിനയുടെയും മകനായിട്ടാണ് ആലി മുസ്‌ലിയാര്‍ ജനിച്ചത്. പൊന്നാനിയിലെ പ്രാഥമിക മതപഠനത്തിന് ശേഷം മക്കയിലായിരുന്നു ഉപരിപഠനം നടത്തിയത്. പ്രഗത്ഭരായ ഗുരുനാഥന്മാരില്‍ നിന്നും അദ്ദേഹം മതവിജ്ഞാനങ്ങള്‍ കരസ്ഥമാക്കി. യൂറോപ്പിന്റെ കുരിശുയുദ്ധങ്ങളും ബഗ്ദാദിന്റെയും സ്‌പെയിനിന്റെയും തകര്‍ച്ചകളുടെ ചരിത്രങ്ങളും അദ്ദേഹം മക്കയില്‍ നിന്ന് വിശദമായി പഠിച്ചിരുന്നു.

മക്കയില്‍ നിന്നും ഉപരിപഠനം കഴിഞ്ഞ് ലക്ഷ്വദ്വീപിലാണ് ആദ്യമായി അദ്ദേഹം ദര്‍സ് നടത്തിയിരുന്നത്. തൊട്ടകപ്പുലം,ആലത്തൂര്‍പ്പട് എന്നിവിടങ്ങളിലും ദര്‍സ് നടത്തി. തിരൂരങ്ങാടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം. 1907ലാണ് തിരൂരങ്ങാടിയിലേക്ക് ദര്‍സ് നടത്താന്‍ മുസ്‌ലിയാര്‍ എത്തുന്നത്. വിവിധ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിരുന്നതിനാല്‍ ധാരാളം ശിഷ്യന്മാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മലബാറില്‍ നടന്ന പോരാട്ടങ്ങളില്‍ നേതൃസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. കോഴിക്കോട് താലൂക്കില്‍ നടന്ന ഖിലാഫത്ത് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പാലക്കാംതൊടി അബൂബക്കര്‍ മുസ്‌ലിയാര്‍ ആലി മുസ്‌ലിയാരുടെ ശിഷ്യനായിരുന്നു.

മേല്‍മുറി,പൂക്കോട്ടൂര്‍,താനൂര്‍,ഇരുമ്പുഴി,കൊടിയത്തൂര്‍,മഞ്ചേരി,മലപ്പുറം,അരീക്കോട്,ഒതായി,എടവണ്ണ,നിലമ്പൂര്‍,മണ്ണാര്‍ക്കാട്,ചെര്‍പ്പുളശ്ശേരി,തിരൂര്‍,പറവണ്ണ,കോട്ടക്കല്‍,പുത്തനത്താണി,വേങ്ങര,ഊരകം,മൊറയൂര്‍,പാണ്ടിക്കാട്,തുവ്വൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടങ്ങള്‍ നടത്തിയിരുന്നത് അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ നേതൃത്വത്തിലായിരുന്നു.

ആളുകളുടെ ആദരവ് പിടിച്ചുപറ്റുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റെത്. നേതൃപാടവും,മതാനുഷ്ടാനങ്ങളിലുള്ള കണിശത,വിനയാന്വിതമായ പെരുമാറ്റം എന്നിവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. മോല്യാരുപ്പാപ്പ എന്നായിരുന്നു അദ്ദേഹത്തെ സാധാരണക്കാര്‍ അഭിസംബോധന ചെയ്തിരുന്നത്. ശിഷ്യനും സഹപ്രവര്‍ത്തകനുമായ കെ.എം മൗലവി ആലി മുസ്‌ലിയാര്‍ തങ്ങള്‍ എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.

ജീവിതത്തിന്റെ എല്ലാ വശങ്ങളും ഇസ്‌ലാമികമായി ചിട്ടപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ഭക്ഷണം,വസ്ത്രം,സംസാരം, സഹപ്രവര്‍ത്തകരോടും ശിഷ്യന്മാരോടുമുള്ള പെരുമാറ്റം,ജാതിയോ മതമോ നോക്കാത്ത മനുഷ്യ ബന്ധം,ധനികനോ പ്രാമാണിയോ ദരിദ്രനോ എന്നിങ്ങനെ നോക്കാത്ത മതവിധികള്‍ തുടങ്ങിയവയെല്ലാം ആലിമുസ്‌ലിയാരെ വ്യതിരിക്തമാക്കുന്ന ഗുണങ്ങളായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ദരിദ്രരുടെ വീടുകള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ ഇല്ലാതാക്കണമെങ്കില്‍ ആലി മുസ്‌ലിയാരെ വധിക്കുകയോ പിടികൂടുകയോ ചെയ്യണമെന്ന് ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. തിരൂരങ്ങാടി കേന്ദ്രമാക്കി ആലി മുസ്‌ലിയാര്‍ സ്ഥാപിച്ച ഭരണക്രമം തകര്‍ക്കാന്‍ അവര്‍ തീരുമാനിച്ചു. അതേസമയം, സമാധാനവും സുരക്ഷിതത്വവും ഉറപപ്പുവരുത്താന്‍ ആലിമുസ്‌ലിയാര്‍ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ധീരനായ പോരാളിക്ക് വധശിക്ഷയില്‍ കുറഞ്ഞ ഒന്നും നല്‍കേണ്ടതില്ലെന്ന് ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു.

കോഴിക്കോട് നിന്നും വിവിധ ഭാഗങ്ങളിലൂടെ സൈനികര്‍ തിരൂരങ്ങാടിയെ വലയം ചെയ്തു. പള്ളി വളയുകയും ചെയ്തു. ആലി മുസ്‌ലിയാരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. 1921 ആഗസ്റ്റ് 30ന് പള്ളിയുടെ മൂന്ന് ഭാഗത്തും കിടങ്ങുകള്‍ കുഴിച്ച് പീരങ്കികള്‍ ഘടിപ്പിച്ചു. തുടര്‍ന്ന് പള്ളിയിലേക്ക് വെടിവെക്കാന്‍ തുടങ്ങി. ആലി മുസ്‌ലിയാരോട് കീഴടങ്ങാന്‍ ബ്രിട്ടീഷ് സൈനിക മേധാവികള്‍ ആവര്‍ത്തിച്ചു. ആഗസ്റ്റ് 31ന് സുബ്ഹിക്ക് മുമ്പ് എഴുന്നേറ്റ് ദീര്‍ഘനേരം നമസ്‌കരിച്ചു. അല്‍പനേരം ഖുര്‍ആന്‍ പാരായണം ചെയ്തു. താന്‍ കീഴടങ്ങിയാല്‍ സാധുക്കളായ അനേകം മാപ്പിളമാരുടെ ജീവന്‍ രക്ഷപ്പെടുമെന്ന് മനസ്സിലാക്കി വെള്ളക്കൊടി ഉയര്‍ത്തി അദ്ദേഹവും 34 പേരും കീഴടങ്ങി. തുടര്‍ന്ന് അദ്ദേഹത്തെ കോയമ്പത്തൂര്‍ ജയിലിലേക്കാണ് കൊണ്ടുപോയത്. അവിടെവെച്ച് ശക്തമായ പീഡനമുറകള്‍ക്ക് അദ്ദേഹം വിധേയനായി. തനിക്കെതിരെ കള്ളസാക്ഷി പറഞ്ഞവരോട് നമുക്ക് പരലോകത്ത് വെച്ച് സാക്ഷി പറയാം എന്നു പറഞ്ഞ് 1922 ഫെബ്രുവരി 17ന് അദ്ദേഹം രക്തസാക്ഷിയായി.

Related Articles