Current Date

Search
Close this search box.
Search
Close this search box.

കൂരിരുട്ടില്‍ വെളിച്ചം തെളിയിച്ച് അവള്‍ പോയി

റെഡ് സിഗ്നല്‍ തെളിഞ്ഞു, റോഡ് വാഹനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ഏതാനും നിമിഷങ്ങള്‍ കൂടി മാത്രമേ എനിക്ക് മുന്നില്‍ അവശേഷിക്കുന്നുള്ളൂ. നാശം! ഈ സിഗ്നല്‍ അവസാനിക്കുന്നില്ലല്ലോ… ഞാന്‍ മുന്‍നിരയിലായിരുന്നെങ്കില്‍ എനിക്കത് തെളിയുന്നതിന് മുമ്പ് പോകാന്‍ കഴിയുമായിരുന്നു.. നിമിഷങ്ങള്‍ മണിക്കൂറുകള്‍ കണക്കെ സാവധാനം നീങ്ങി.

സിഗ്നലില്‍ പച്ച തെളിഞ്ഞതും ഞാന്‍ ഹോണില്‍ കയ്യമര്‍ത്തി. എല്ലാവരും പരിഭ്രാന്തരായി, വാഹനങ്ങള്‍ ചലിച്ചു തുടങ്ങി. മുന്നിലുണ്ടായിരുന്ന കാറിനെ മറികടന്നു അതിനും മുന്നിലുണ്ടായിരുന്നതിനെ ഇടിക്കുന്നതിന്റെ വക്കിലെത്തി. എന്റെ ഡ്രൈവിങ് ചുറ്റുമുണ്ടായിരുന്നവരെയെല്ലാം പേടിപ്പെടുത്തി കൊണ്ടിരുന്നു. ഇനിയും വേഗം കൂട്ടാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ എനിക്കതിന് സാധിച്ചില്ല.

സമയം കഴിഞ്ഞു, നിശ്ചയിച്ച സമയം പിന്നിടുകയും ചെയ്തു. അതുകൊണ്ട് തന്നെ കൂട്ടുകാരെ അവിടെ കണ്ടില്ല. അവരെല്ലാം പോയിരിക്കുന്നു. ഞാനിനി എവിടെ പോകും? ഒരുത്തരം കിട്ടാതെ ഒരു നെടുവീര്‍പ്പ് എന്നില്‍ നിന്നുയര്‍ന്നു. അവര്‍ എവിടെയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍… കാര്‍ വളരെ സാവധാനം നീങ്ങി. മറ്റൊരു കാറിന്റെ ഹോണ്‍ ശബ്ദമാണ് എന്നെ ചിന്തയില്‍ നിന്നുണര്‍ത്തിയത്. ദേഷ്യത്തോടെ അതിന്റെ ഡ്രൈവറെ ഞാന്‍ നോക്കി. നിമിഷങ്ങള്‍ക്ക് മുമ്പ് എന്റെ അവസ്ഥ എന്തായിരുന്നു എന്നത് ഞാന്‍ മറന്നു. സാവധാനം പോയ്ക്കൂടെ എന്ന് ആംഗ്യത്തിലൂടെ ചോദിച്ചു.

അന്ന് രാത്രി വീട്ടില്‍ തന്നെ കഴിയാനാണ് ഞാന്‍ തീരുമാനിച്ചത്. ഏകമകള്‍ രോഗിയാണ് അതുകൊണ്ട് അവളുടെ അടുത്ത് തന്നെയുണ്ടാവുകയെന്നത് നല്ല ആശയമായി എനിക്ക് തോന്നി. അടുത്തുള്ള ഒരു വീഡിയോ ഷോപ്പില്‍ കയറി കുറച്ച് സിനികള്‍ തെരെഞ്ഞെടുത്ത് വീട്ടിലേക്ക് തിരിച്ചു. വാതില്‍ തുറന്ന് ‘ചായയും കൊറിക്കാന്‍ വല്ലതും എടുക്ക്’ എന്ന് ഭാര്യയോട് പറഞ്ഞ് ഞാന്‍ മുറിയില്‍ കയറി. ‘നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കണം’ എന്ന് അവളിപ്പോള്‍ പറയുമെന്ന് എനിക്കറിയാം. എന്നാല്‍ വളരെ അനുസരണയുള്ള, എന്റെ സന്തോഷത്തിനായി പ്രയാസപ്പെടുന്ന നല്ല ഇണയാണവള്‍.

ചായയും കൊറിക്കാനുള്ള വസ്തുക്കളുമായി അവളെത്തി. എന്റെ മുഖത്ത് നോക്കി നന്നായി പുഞ്ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു: ‘കൂട്ടുകാര്‍ക്കൊപ്പം ഉറക്കമിളച്ച് മടുത്തു കാണും അല്ലേ, അതുകൊണ്ട് തീര്‍ച്ചയായും വീട്ടിലിരിക്കാന്‍ നിങ്ങളുദ്ദേശിക്കുന്നുണ്ടാവും.’
ഞാന്‍ പറഞ്ഞു: ‘അതെ, വാ.. ഇവിടെ ഇരിക്ക്.’
സന്തോഷത്തോടെ അവള്‍ ഇരുന്നു. ഞാന്‍ ടെലിവിഷന്‍ സെറ്റിന്റെ അടുത്ത് ചെന്ന് ഓണ്‍ചെയ്തു. കാതടപ്പിക്കുന്ന ശബ്ദത്തില്‍ സംഗീതം ആരംഭിച്ചു. എന്നോട് അല്ലാഹുവിനെ സൂക്ഷിക്കാന്‍ പറഞ്ഞ് തലയും താഴ്ത്തി അവള്‍ മുറിവിട്ടു. സംഗീതം കേള്‍ക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്തിരിക്കുന്നു എന്ന പോലെയായിരുന്ന ആ പോക്ക്. സംഗീതത്തോടൊപ്പം ചിരികളും അട്ടഹാസങ്ങളും മുറിയില്‍ നിറഞ്ഞു. ചായ കുടിക്കുമ്പോഴും എന്റെ കണ്ണുകള്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ തന്നെയായിരുന്നു. ഒന്നാമത്തെ ഡിസ്‌ക് കഴിഞ്ഞു. രണ്ടാമത്തിലേക്ക്… സമയം അര്‍ധരാത്രി പിന്നിട്ട് മൂന്ന് മണിയായിരിക്കുന്നു.

പെട്ടന്ന് വാതിലിന്റെ ഹാന്‍ഡില്‍ ഒന്നിളകി. എന്താണ് വേണ്ടതെന്ന് ഞാന്‍ ഉറക്കെ ചോദിച്ചു. എന്നാല്‍ ഉത്തരമൊന്നും ഞാന്‍ കേട്ടില്ല. വാതില്‍ തുറന്ന് രോഗിയായ എന്റെ മകള്‍ കയറിവന്നു. ആ രംഗം എന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരു നിമിഷം ഒന്നും സംസാരിക്കാന്‍ കഴിയായതെ ഞാന്‍ മൗനിയായി പോയി. വളരെ ശാന്തയായി എന്നെ നോക്കി അവള്‍ പറഞ്ഞു: ഉപ്പാ.. അല്ലാഹുവിനെ സൂക്ഷിക്കണം. അതും പറഞ്ഞ് അവള്‍ തിരിച്ചു പോയി. സാറാ… മോളേ സാറ.. എന്ന് പലതവണ ഞാന്‍ വിളിച്ചെങ്കിലും വിളിക്കുത്തരം കേട്ടില്ല. ഞാന്‍ അവളുടെ പുറകെ പോയി.. എനിക്ക് വിശ്വസിക്കാനായില്ല.. എന്റെ മകള്‍ തന്നെയോ ഇത്?

ഞാന്‍ വാതില്‍ തുറന്നു, ഞാന്‍ എത്തുന്നതിന് മുമ്പ് അവള്‍ ബെഡില്‍ എത്തിയിരിക്കുന്നു. ഉമ്മയോട് ചേര്‍ന്ന് കിടന്ന് ഉറങ്ങുകയാണവള്‍.. അത് അവള്‍ തന്നെ. ഞാന്‍ സ്വീകരണ മുറിയിലേക്ക് മടങ്ങി. ടെലിവിഷന്‍ ഓഫ് ചെയ്തു. ഉപ്പാ അല്ലാഹുവിനെ സൂക്ഷിക്കണം എന്ന മകളുടെ വാക്കുകള്‍ മുറിയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്റെ ശരീരത്തിനെന്തോ വിറയല്‍.. തലയാകെ വിയര്‍ത്തിരിക്കുന്നു. എന്താണ് എനിക്ക് പറ്റിയതെന്ന് അറിയില്ല. അവളുടെ ശബ്ദമല്ലാതെ മറ്റൊന്നും ഞാന്‍ കേള്‍ക്കുന്നില്ല, അവളുടെ രൂപമല്ലാതെ മറ്റൊന്നും ഞാന്‍ കാണുന്നുമില്ല. കാലങ്ങളായി എന്റെ ഹൃദയത്തിന് ചുറ്റുമുണ്ടായിരുന്ന വേലിക്കെട്ടുകളെല്ലാം ഭേദിച്ച് എന്റെ ഹൃദയത്തില്‍ തുളച്ചു കയറുകയാണത്. നമസ്‌കാരം ഉപേക്ഷിക്കല്‍.. പാപങ്ങള്‍.. പുകവലി.. അശ്ലീല സിനിമകള്‍…

അശ്രദ്ധയില്‍ നിന്നും അവളെന്നെ ഉണര്‍ത്തിയിരിക്കുന്നു. എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി. ഉറങ്ങാന്‍ ശ്രമിച്ചുകൊണ്ട് നിലത്തോട് ചേര്‍ന്ന് കിടന്നു. എന്നാല്‍ അതിന് സാധിച്ചില്ല. സമയം പെട്ടന്ന് മുന്നോട്ട് നീങ്ങി. കഴിഞ്ഞ കാല ചിത്രങ്ങള്‍ എന്റെ മുന്നില്‍ മിന്നിമറഞ്ഞു. അവ ഓരോന്നിനും ഒപ്പം മകളുടെ ശബ്ദം ആവര്‍ത്തിക്കുന്നതും ഞാന്‍ കേട്ടു. അല്ലാഹുവിനെ സൂക്ഷിക്കണം.. അല്ലാഹുവിനെ സൂക്ഷിക്കണം..

അതാ ബാങ്ക് വിളി കേള്‍ക്കുന്നു. എന്റെ ശരീരം ആകെ വിറകൊള്ളാന്‍ തുടങ്ങി. ‘നമസ്‌കാരമാണ് ഉറക്കത്തേക്കാള്‍ ഉത്തമം’ എന്ന് ആവര്‍ത്തിക്കുന്നു. ഞാന്‍ പറഞ്ഞു: സത്യമാണ് പറഞ്ഞത്. നമസ്‌കാരം ഉറക്കത്തേക്കാള്‍ ഉത്തമം തന്നെ. എന്നാല്‍ വര്‍ഷങ്ങളായി ഞാന്‍ ഉറങ്ങുകയായിരുന്നു. അംഗശുദ്ധി വരുത്തി ഞാന്‍ വേഗം മസ്ജിദിലേക്ക് നടന്നു. ആ വഴികളെ തീരെ പരിചയമില്ലാത്തവനെ പോലെ ഞാന്‍ നടന്നു. എവിടെയായിരുന്നു നീ ഇത്രയും കാലം? എന്ന് പ്രഭാതത്തിലെ ഇളംകാറ്റ് എന്നെ ആക്ഷേപിക്കുന്നത് പോലെ തോന്നി. ആകാശത്തിലെ പക്ഷികള്‍ ഇത്രയും കാലം ഉറങ്ങിയ, ഇപ്പോള്‍ മാത്രം എണീറ്റ എനിക്ക് സ്വാഗതമോതി. പള്ളിയില്‍ കയറി രണ്ട് റക്അത്ത് നമസ്‌കരിച്ചു ഖുര്‍ആന്‍ ഓതാന്‍ ഇരുന്നു. ഖുര്‍ആന്‍ ഓതിയിട്ട് വളരെ കാലമായിരുന്നതിനാല്‍ നന്നായി തപ്പിത്തടഞ്ഞു. ‘കുറെ വര്‍ഷങ്ങളായി നീയെന്നെ ബഹിഷ്‌കരിച്ചിരിക്കുകായിരുന്നല്ലോ, നിന്റെ നാഥന്റെ സംസാരമല്ലേ ഞാന്‍’ എന്ന് ഖുര്‍ആന്‍ എന്നോട് ചോദിക്കുന്നത് പോലെ തോന്നി. ‘പറഞ്ഞു കൊടുക്കുക: സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം, അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ.’ സൂറത്തുസ്സുമറിലെ ഈ സൂക്തം ഞാന്‍ ആവര്‍ത്തിച്ചു പാരായണം ചെയ്തു. അത്ഭുതം തന്നെ, സകല പാപങ്ങളും…. അല്ലാഹു എത്രവലിയ കാരുണ്യവാനാണ്. പാരായണം തുടരാന്‍ തന്നെയായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ മുഅദിന്‍ ഇഖാമത്ത് കൊടുത്തു. ഒരു നിമിഷം ഇരുന്നിടത്ത് തന്നെ നിശ്ചലനായി നിന്നെങ്കിലും ഒരു അപരിചിതനെ പോലെ ആളുകള്‍ക്കൊപ്പം സ്വഫ്ഫില്‍ അണിചേര്‍ന്നു ഞാനും നിന്നു. നമസ്‌കാരം കഴിഞ്ഞിട്ടും സൂര്യന്‍ ഉദിക്കുന്നത് വരെ പള്ളിയില്‍ തന്നെ ഇരുന്നു. വീട്ടില്‍ മടങ്ങിയെത്തി വാതില്‍ തുറന്നപ്പോള്‍ ഭാര്യയും മകള്‍ സാറയും ഉറക്കത്തിലാണ്. അവരുടെ ഉറക്കം തടസ്സപ്പെടുത്താതെ ഞാന്‍ ജോലിക്ക് പോയി.

നേരത്തെ ജോലിക്ക് പോകുക എന്നത് എന്റെ ശീലമായിരുന്നില്ല. ഞാന്‍ നേരത്തെ എത്തിയത് കൂട്ടുകാരെയും അത്ഭുതപ്പെടുത്തി. പരിഹാസം കലര്‍ന്ന അഭിനന്ദനം അവര്‍ അറിയിച്ചു. അവര്‍ പറയുന്നതൊന്നും ഞാന്‍ കാര്യമാക്കിയില്ല. എന്റെ കണ്ണുകള്‍ വാതില്‍ക്കലാണ്. എപ്പോഴും എന്നെ ഉപദേശിക്കാറുള്ള ഓഫീസിലെ കൂട്ടുകാരന്‍ ഇബ്‌റാഹീമിനെയാണ് ഞാന്‍ കാത്തുനില്‍ക്കുന്നത്. സല്‍പെരുമാറ്റത്തിനുടമയായ നല്ല വ്യക്തിയാണദ്ദേഹം.

ഇബ്‌റാഹീം വന്നപ്പോള്‍ എഴുന്നേറ്റ് നിന്ന് ഞാനദ്ദേഹത്തെ സ്വീകരിച്ചു. ‘എനിക്ക് നിങ്ങളോട് കുറച്ച് സംസാരിക്കണം’ എന്ന് ഞാന്‍ പറഞ്ഞു. ഓഫീസിലിരുന്ന് സംസാരിക്കാം എന്നു പറഞ്ഞ അദ്ദേഹത്തോട് വിശ്രമമുറിയില്‍ ഇരുന്ന് സംസാരിക്കാം എന്ന് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ മൗനം അംഗീകാരമായി ഞാന്‍ മനസ്സിലാക്കി. കഴിഞ്ഞ രാത്രി സംഭവിച്ചതെല്ലാം ഞാന്‍ വിവരിച്ചു കൊടുക്കു. അത് വിവരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ തുളുമ്പിയിരുന്നു. വളരെ ശ്രദ്ധയോടെ അത് കേട്ട അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: നിങ്ങളുടെ ഹൃദയത്തിന് വെളിച്ചമേകിയ പ്രകാശമാണത്, തെറ്റുകള്‍ കൊണ്ടൊരിക്കലും അതിനെ കെടുത്തിക്കളയരുത്.

കഴിഞ്ഞ രാത്രിയില്‍ ഉറങ്ങിയിട്ടില്ലെങ്കിലും ഉന്‍മേഷവും സജീവതയും നിറഞ്ഞ് ഒരു ദിവസമായിരുന്നു അത്. ജോലിസമയത്തെല്ലാം നിറഞ്ഞ പുഞ്ചിരിയായിരുന്നു എന്റെ മുഖത്ത്. ഓഡിറ്റര്‍മാര്‍ എന്റെ സഹായം തേടി എന്റെ അടുത്ത് പലപ്പോഴും വന്നു. എന്താണിത്ര ഉന്‍മേഷമെന്ന് ചിലരെല്ലാം ചോദിക്കുകയും ചെയ്തു. പള്ളിയില്‍ വെച്ച് പ്രഭാത നമസ്‌കാരം നിര്‍വഹിച്ചതിന്റെ ഫലമാണതെന്ന് അവരോട് പറഞ്ഞു. ഇത്രയും കാലം ജോലിയുടെ എല്ലാ ഭാരവും പേറുകയായിരുന്നു ഇബ്‌റാഹീം.. പാവം. അപ്പോഴെല്ലാം ഞാന്‍ ഉറങ്ങുകയായിരുന്നു. എന്നിട്ടും എന്നെ ആക്ഷേപിക്കുകയോ എനിക്കെതിരെ ആവലാതിപ്പെടുകയോ ചെയ്തില്ല. എത്ര നല്ല മനുഷ്യന്‍! വിശ്വാസത്തിന്റെ മധുരമാണത്.

സമയം പിന്നെയും മുന്നോട്ട് നീങ്ങി. ക്ഷീണമോ മടുപ്പോ എനിക്ക് തോന്നിയില്ല. ഇബ്‌റാഹീം എന്നോട് പറഞ്ഞു: ‘നിങ്ങള്‍ വീട്ടില്‍ പൊയ്‌ക്കൊള്ളൂ.. കഴിഞ്ഞ രാത്രി നിങ്ങള്‍ തീരെ ഉറങ്ങിയിട്ടില്ല, ജോലി ഞാന്‍ ചെയ്തുകൊള്ളാം.’ ഞാന്‍ സമയം നോക്കി. ള്വുഹര്‍ നമസ്‌കാരത്തിന് ഏതാനും മിനുറ്റുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ബാങ്ക് വിളി കേട്ടപ്പോള്‍ മസ്ജിദിലേക്ക് നടന്നു. ഒന്നാമത്തെ സ്വഫ്ഫില്‍ തന്നെ ഇടംപിടിക്കുകയും ചെയ്തു. നമസ്‌കാര സമയത്ത് ജോലിസ്ഥലം വിട്ടോടിയിരുന്ന ദിനങ്ങളെയോര്‍ത്ത് ഞാന്‍ ഖേദിച്ചു.

നമസ്‌കാരത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചു. സാറയുടെ അവസ്ഥ എന്തായിരിക്കുമെന്ന ചിന്തയാണ് വഴിയിലുടനീളം എന്നെ അസ്വസ്ഥപ്പെടുത്തിയത്. എന്തുകൊണ്ടാണ് അങ്ങനെ ഒരു അസ്വസ്ഥതയെന്ന് എനിക്കറിയില്ല. വഴി വളരെ ദീര്‍ഘിച്ചതായി എനിക്കനുഭവപ്പെട്ടു. എന്റെ ഭയം കൂടിക്കൂടി വന്നു. ആകാശത്തേക്ക് തലയുയര്‍ത്തി അവളുടെ രോഗശമനത്തിനായി അല്ലാഹുവോട് ഞാന്‍ പ്രാര്‍ഥിച്ചു.

വീട്ടിലെത്തി വാതില്‍ തുറന്ന് ഞാന്‍ ഭാര്യയെ വിളിച്ചു. വിളിക്കുത്തരം ഉണ്ടായില്ല. വേഗം മുറിയില്‍ കടന്നു നോക്കുമ്പോള്‍ കുനിഞ്ഞിരുന്ന് കരയുകയാണവള്‍. എന്നെ നോക്ക് കരഞ്ഞു കൊണ്ടവള്‍ പറഞ്ഞു: സാറ പോയീ… അവള്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല. സാറയുടെ അടുത്ത് ചെന്ന് അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. അവളെ കോരിയെടുക്കാന്‍ ശ്രമിച്ചു നോക്കി. അവളുടെ കൈകള്‍ താഴേക്ക് വീണു, ശരീരം തണുത്തിരിക്കുന്നു. എല്ലാ മിടിപ്പുകളും അവസാനിച്ചിരിക്കുന്നു. ഒരു നക്ഷത്രം കണക്കെ അവളുടെ മുഖം തിളങ്ങുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. കുലുക്കി വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു നോക്കി.

സാറാ.. സാറാ എന്ന് വിളിച്ച് അലറിക്കരയുകയാണ് അവളുടെ ഉമ്മ. ആ കാണുന്നത് എനിക്ക് വിശ്വസിക്കാനായില്ല. എന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഉതിര്‍ന്നു വീണു. അവളുടെ സുന്ദരമായ മുഖത്തേക്ക് ഞാന്‍ നോക്കി. ഉപ്പാ.. നിങ്ങള്‍ക്ക് കുറച്ചിലാണിത് എന്ന് അവളുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നത് പോലെ തോന്നി. ഇതൊരു ദുരന്തമാണെന്ന് ഞാന്‍ ഓര്‍ത്തു.. ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാഹ്, അല്ലാഹുവില്‍ നിന്നാണ് നാം.. അവനിലേക്ക് തന്നെ മടങ്ങുന്നു.

ഇബ്‌റാഹിമിനെ വിളിച്ചു മകള്‍ മരിച്ചിരിക്കുന്നുവെന്ന കാര്യം അറിയിച്ച് വേഗം വരാന്‍ പറഞ്ഞു. വീട്ടിനകത്തുണ്ടായിരുന്ന സ്ത്രീകള്‍ എന്റെ മകളെ കുളിപ്പിച്ചു. അവളുടെ സംശുദ്ധമായ ശരീരത്തില്‍ അവര്‍ വെള്ള പുതപ്പിച്ചു. അവസാനമായി അവളെ യാത്രയയക്കാന്‍ ഞാന്‍ അവിടേക്ക് പ്രവേശിച്ചു. ഞാന്‍ വീഴാറാകാറായ അവസ്ഥയിലെത്തിയിരുന്നു. ഒരു വിധം പിടിച്ചു നിന്ന് അവളുടെ നെറ്റിത്തടത്തില്‍ ചുംബനമര്‍പ്പിച്ചു. മരിക്കുന്നത് വരെ അവള്‍ സ്ഥൈര്യത്തോടെയായിരുന്നു. അവളുടെ ഉമ്മയെ ഞാന്‍ നോക്കി. കണ്ണുകള്‍ കലങ്ങി മുഖം വിളറിയ രൂപത്തിലായിരിക്കുന്നു അവര്‍. ഞാന്‍ പറഞ്ഞു: നമ്മുടെ മകള്‍ അല്ലാഹുവിന്റെ വിളിക്കുത്തരം ചെയ്ത് സ്വര്‍ഗത്തിലേക്ക് പോയിരിക്കുന്നു. നമുക്കവിടെ വെച്ച് അവളെ കണ്ടുമുട്ടാം. ‘സത്യവിശ്വാസികളും, വിശ്വാസത്തില്‍ ഒരളവോളം അവരെ പിന്‍പറ്റിയ സന്താനങ്ങളും. ആ സന്താനങ്ങളെ നാം (സ്വര്‍ഗത്തില്‍) അവരോടൊപ്പം ചേര്‍ത്തുകൊടുക്കും. അവരുടെ യാതൊരു കര്‍മത്തെയും കിഴിച്ചുകളയുന്നതല്ല.’ (52:21) എന്ന ഖുര്‍ആന്‍ സൂക്തം ഓതികൊടുക്കുകയും ചെയ്തു. ഇത് കേട്ട് കരഞ്ഞ അവള്‍ക്കൊപ്പം ഞാനും കരഞ്ഞുപോയി.

ജനാസ നമസ്‌കരിച്ച് ഖബര്‍ സ്ഥാനിലേക്ക് അവളെയുമെടുത്ത് ഞങ്ങള് നടന്നു. എന്റെ ജീവിതത്തിന് വെളിച്ചം പകര്‍ന്ന ഒരു പ്രകാശമാണ് ആ ജനാസയില്‍ ഞാന്‍ കണ്ടത്. ഖബറിനടുത്തെത്തി, ഏകാന്തത ഭയം ജനിപ്പിക്കുന്ന ഇടം. ഞാന്‍ നില്‍ക്കുന്നത് കബ്‌റിനരികിലാണ്. അവിടെയാണ് എന്റെ മകളെ വെക്കാനുള്ളത്. എന്റെ ചുലില്‍ മുറുകെ പിടിച്ച് ഇബ്‌റാഹീം പറഞ്ഞു: അഹ്മദ്, ക്ഷമകാണിക്കണം. ഞാന്‍ ഖബറിലേക്ക് ഇറങ്ങി നിന്നു. ഇത് നിന്റെയും വീടാണ്, ഇന്നല്ലെങ്കില്‍ നാളെ നീ ഇവിടെ വരേണ്ടവനാണ്, എന്താണ് നീ അതിന് ഒരുക്കിവെച്ചിട്ടുള്ളതെന്ന് അതെന്നോട് ചോദിക്കും പോലെ തോന്നി.

ഇബ്‌റാഹീം പറഞ്ഞു: മകളെ പിടിക്ക്… ഞാനവളെ എന്റെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. അവിടെ തന്നെ അവളെ മറമാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി. ചേര്‍ത്തു പിടിച്ച് അന്ത്യചുംബനവും നല്‍കി ‘ബിസ്മില്ലാഹി വഅലാ മില്ലത്തി റസൂലില്ലാഹ്’ എന്നു പറഞ്ഞ് ഖബറിലേക്കവളെ വെച്ചു. മുകളില്‍ കട്ടകള്‍ നിരത്തി വെച്ചു… എല്ലാ കവാടങ്ങളും അടച്ചു… ഞാനതില്‍ നിന്നും കയറി… ആളുകള്‍ മണ്ണ് വാരിയിടാന്‍ തുടങ്ങി… എന്റെ കണ്ണുനീര്‍ എല്ലാ നിയന്ത്രണവും വിട്ടൊഴുകി.

മൊഴിമാറ്റം : നസീഫ്‌

Related Articles