Current Date

Search
Close this search box.
Search
Close this search box.

ഇബ്നു മാജിദ്; ആഴക്കടലിന്റെ സിംഹം

അറബികൾക്ക് കപ്പലോട്ടത്തെ കുറിച്ചുള്ള പരിജ്ഞാനം വളരെ പരിമിതമായിരുന്നെന്നും അവരുടെ കയ്യിൽ അതിനുപകാരപ്രദമായ ഉപകരണങ്ങളോ കൃതികളോ ഒന്നുമുണ്ടായിരുന്നില്ലെന്നും ഈ മേഖലയിൽ ഒരുവിധ സംഭാവനകളും അവർ നൽകിയിട്ടില്ലെന്നുമുള്ള വിശ്വാസം കാലങ്ങളോളം പാശ്ചാത്യ പണ്ഡിതന്മാർക്കിടയിൽ വ്യാപകമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തിൽ അറബ് നാവികന്മാരായ ‘അഹ്‍മദ് ഇബ്‍നു  മാജിദിന്റെയും’ ‘സുലൈമാൻ അൽമഹ്‌രിയുടെയും’ കൃതികൾ കണ്ടെടുക്കുന്നതോടെയാണ് ഈ മിഥ്യാധാരണ അമ്പേ പൊളിയുന്നത്. ഒമാനി നാവികനായ ഇബ്നു മാജിദിന്റെ വിഖ്യാതകൃതി ‘അൽഫവാഇദ്’ അടിസ്ഥാനപ്പെടുത്തി അറബികൾ നാവിക മേഖലക്ക് നൽകിയ സംഭാവനകളെ അടയാളപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

അറബികളും നാവികവിദ്യയും ചരിത്രത്താളുകളിൽ

സമുദ്രത്തെ കുറിച്ച അറബികളുടെ ആദ്യകാല വീക്ഷണത്തെ ഇബ്നു ഖൽദൂൻ അദ്ദേഹത്തിന്റെ ‘മുഖദ്ദിമയിൽ’ പങ്കുവെക്കുന്നുണ്ട്. മഹാനായ ഉമർ (റ) ഒരിക്കൽ ഈജിപ്തിലെ ഗവർണറായിരുന്ന അംറുബ്നു ആസ്വിനോട് (റ) കടലിനെ പറ്റി വിവരിച്ചു നൽകാൻ ആവശ്യപ്പെട്ടു. അദ്ദേഹം മറുപടിയായി എഴുതി: “തീർച്ചയായും കടൽ അതിമഹത്തായ സൃഷ്ടിയാണ്. അതിൽ സഞ്ചരിക്കുന്നതോ വെറും ദുർബലനായ പടപ്പും. ഊദിന്റെ (മരക്കഷ്ണം) പുറത്തിരിക്കുന്ന പുഴുപോലെയാണത്”. തുടർന്ന് കടലിലൂടെയുള്ള സഞ്ചാരം അദ്ദേഹം നിരോധിച്ചു. അറബികളാരും അക്കാലത്ത് കപ്പലിൽ യാത്ര ചെയ്തിരുന്നില്ല. മുആവിയയുടെ കാലംവരെ ഈ നില തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത്  കപ്പൽ മാർഗേണ ശത്രുക്കളോട് ജിഹാദ് ചെയ്യാൻ മുസ്‌ലിംകൾക്ക് അനുവാദം ലഭിച്ചു. 

അറബികൾ അടിസ്ഥാനപരമായി ബദവികളായതിനാൽ ആദ്യകാലത്ത് കടലും കപ്പൽയാത്രയും സംബന്ധിച്ച് തീരെ അജ്ഞരായിരുന്നു. അതുകൊണ്ടാകാം അക്കാലത്ത് കപ്പൽസഞ്ചാരം നിരോധിക്കപ്പെട്ടത്. എന്നാൽ, കാലം കഴിയുംതോറും കടലും കപ്പലും കടൽക്കാറ്റും ഓളവുമെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറി. വ്യത്യസ്ത ദേശ-സംസ്കാരങ്ങളുമായി അവർ വാണിജ്യാവശ്യാർത്തമോ അല്ലാതെയോ അടുത്തിടപെട്ടു. അവരിലെ നാവികന്മാരിൽ നിന്നും പതിയെ പതിയെ നാവികവിദ്യ സ്വായത്തമാക്കി. അതിനെല്ലാം ശേഷമാണ് നാവികസൈന്യം രൂപീകരിക്കപ്പെട്ടതും ശത്രുക്കൾക്കെതിരെ ജിഹാദ് ചെയ്യാൻ കടലിനെ കൂടി അവലംബിക്കുന്നതും.

ജിഹാദിന് വേണ്ടിയാണ് അറബികൾ കപ്പൽയാത്ര ആരംഭിച്ചതെന്ന് ഇബ്നു ഖൽദൂനിന്റെ വാക്കുകളിൽ നിന്ന് വ്യക്തം. കൂടാതെ, കടലിനെ  മറ്റു പല ആവശ്യങ്ങൾക്കും ആശ്രയിക്കുന്നതിനെ വിശുദ്ധ ഖുർആൻ തന്നെ പരാമർശിക്കുന്നുണ്ട്. അതിലൊന്നാണ് മത്സ്യബന്ധനം (അവന്‍ സമുദ്രത്തെ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നു. നിങ്ങളതില്‍നിന്ന് പുതുമാംസം ഭക്ഷിക്കാനും നിങ്ങള്‍ക്കണിയാനുള്ള ആഭരണങ്ങള്‍ കണ്ടെടുക്കാനും- അന്നഹ്ല്‍ : 14) അതുപോലെ, ഗതാഗതം (ഇവരുടെ സന്താനങ്ങളെ നാം ഭാരം നിറച്ച കപ്പലില്‍ കയറ്റിക്കൊണ്ടുപോയതും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്- യാസീന്‍ : 41) തുടങ്ങിയവ…

ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ പ്രശസ്ത പേർഷ്യൻ ഭൗമശാസ്ത്രജ്ഞനായ ഇബ്നു കൊർദാദ്ബേഹിൽ തുടങ്ങി പിന്നീടങ്ങോട്ട് അറബികൾ  സമുദ്രശാസ്ത്രത്തിൽ എത്തിപ്പിടിച്ച ഉന്നതിയെയും അവർ തനതായി വികസിപ്പിച്ച നാവികോപകരണങ്ങളെയും കുറിച്ച് നിരവധി ഭൗമശാസ്ത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കൂടാതെ കടലിനെയും അതിന്റെ വിവിധ സ്രോതസ്സുകളെയും അതിൽ അഭിമുഖീകരിക്കാൻ സാധ്യതയുള്ള കടമ്പകളെയും പഠനവിഷയമാക്കുന്ന നാവിക ഭൗമശാസ്ത്രത്തെയും അവർ വികസിപ്പിച്ചു.

ഒമ്പതാം നൂറ്റാണ്ട് മുതൽ നാവികവിദ്യയുടെ അടിസ്ഥാനങ്ങളും നിയമങ്ങളും വിവരിക്കുന്ന ഗ്രന്ഥങ്ങൾ രചിക്കാൻ ആരംഭിച്ചു (കപ്പൽ ഗൈഡുകൾ). കപ്പിത്താന്മാർക്കും മറ്റു നാവികർക്കും സഹായത്തിനായി ആണിത് രചിച്ചിരുന്നത്.  നാവികവിദ്യക്ക് താത്വികവും പ്രായോഗികവുമായ അടിത്തറ പാകുന്നതിൽ ഇത്തരം ഗ്രന്ഥങ്ങൾക്ക് നിസ്തുല പങ്കുണ്ട്. പ്രശസ്ത ഒമാനി നാവികനായ ഇബ്നു മാജിദിന്റെ ‘അൽഫവാഇദ്’ (അൽഫവാഇദ് ഫീ ഉസ്വൂലിൽ ബഹ്‌രി വൽഖവാഇദ്) ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ ഇതിൽ ഏറെ സ്മരണീയമാണ്.

ഇബ്‍നു മാജിദ്: ജീവചരിത്രവും കൃതികളും

അഹ്‌മദിബ്നു മാജിദിബ്നു അംറിബ്നു ഫദലിബ്നു അബീറകാഇബ് അന്നജ്ദി എന്നാണ് പൂർണ്ണനാമം. നിരവധി സ്ഥാനപേരുകൾ അദ്ദേഹത്തിനുണ്ട്. ഇരുഹറമിലെയും ഹാജി (حاج الحرمين الشريفين) ഇരുഖിബ്‌ലകളുടെയും (മക്കയും ഖുദുസും) കൈകാര്യകർത്താവ് (ناظم القبلتين), അറബി അധ്യാപകൻ (المعلم العربي), ദീനിന്റെയും ദുനിയാവിന്റെയും ജ്വലിക്കുന്ന നക്ഷത്രം (شهاب الدين والدنيا), ആഴക്കടലിന്റെ സിംഹം(أسد البحر الزاخر), സിംഹങ്ങളുടെ സിംഹം (ليث الليوث) തുടങ്ങിയവ. ജലഗതാഗതത്തിൽ നിപുണരായ ഒമാനിലെ ജൽഫാറിലുള്ള ഒരു കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ഇബ്നു മാജിദിന്റെ പിതാവും പിതാമഹനും അറിയപ്പെട്ട നാവികരായിരുന്നു. ജനനവർഷം കൃത്യമല്ലെങ്കിലും ഉസ്താദ് അൻവർ അബ്ദുൽ അലീം ഹിജ്റ 838-ൽ ആണെന്ന് അഭിപ്രായപ്പെടുന്നു. ഇബ്നു മാജിദിന്റെ കാവ്യങ്ങളിലൊന്നായ ‘ദരീബത്തുൽ ദറാഇബ്’-ൽ ഹിജ്റ 900 ൽ താൻ 60 വയസ്സ് പിന്നിട്ടു എന്ന് പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.

ഇബ്നു മാജിദിന്റെ കാവ്യങ്ങളും കൃതികളും മാത്രമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ അടുത്തറിയാനുള്ള ഏകമാർഗം. പതിനഞ്ച് വയസ്സിന് മുമ്പേ അദ്ദേഹം കപ്പൽയാത്ര ആരംഭിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഏകദേശം അമ്പത് വർഷത്തോളം അദ്ദേഹം കപ്പിത്താനായി സേവനമനുഷ്ഠിച്ചു. ഒരുതവണ ഹജ്ജ് നിർവഹിച്ച അദ്ദേഹം തന്റെ അവസാന നാളുകൾ ഹജ്ജ് പതിവാക്കാൻ തീരുമാനിച്ചു. എന്നാൽ അദ്ദേഹത്തിന് അത് സാധിച്ചിരുന്നോ എന്ന് നമുക്ക് അറിയില്ല. ഇത്ര ചെറുപ്രായത്തിൽ കപ്പലോട്ടത്തിൽ നിപുണത പ്രാപിച്ചത് ജനങ്ങൾക്കിടയിൽ ഏറെ ആശ്ചര്യമുളവാക്കിയ കാര്യമായിരുന്നു. മുപ്പതിൽപരം ഗ്രന്ഥങ്ങൾ രചിച്ച ഇബ്നു മാജിദിന്റെ അധിക ഗ്രന്ഥങ്ങളും കാവ്യ രൂപത്തിലാണ്. അതിൽ പ്രധാനപ്പെട്ടവ:

 ⁃ കിതാബുൽ ഫവാഇദ് ഫീ ഉസ്വൂലി ഇൽമിൽ ബഹ്ർ

 ⁃ ഹാവിയത്തുൽ ഇഖ്തിസാർ ഫീ ഉസ്വൂലി ഇൽമിൽ ബഹ്ർ

 ⁃ തസ്‌നീഫു ഖിബ്‌ലത്തിൽ ഇസ്‌ലാം ഫീജമീഇദ്ദുൻയാ (ഹി.893)

 ⁃ ഉർജൂസത്തുൻ ഫീ ഇദ്ദത്തിശ്ശുഹൂർ അറൂമിയ്യ

 ⁃ ഉർജൂസത്തുൻ ഫീന്നതഫാത്ത് ലിബറിൽ ഹിൻദി വബറിൽ അറബ്

 ⁃ ഉർജൂസത്തു ബറിൽ അറബ് ഫീ ഖലീജി ഫാരിസ്

 ⁃ ഉർജൂസത്തു ദരീബത്തുൽ ദറാഇബ് (192 വരികൾ)

 ⁃ ഉർജൂസത്തുസ്സബഇയ്യത്ത് (307 വരികൾ)

(അറബി കവിതാ ബഹ്റുകളിൽ ഒന്നായ ‘റജ്സിൽ’ രചിക്കപ്പെട്ടതിനാലാണ് ഇവ ‘ഉർജൂസത്ത്’ എന്ന് വിളിക്കപ്പെടുന്നത്)

കിതാബുൽ ഫവാഇദ്: രീതിശാസ്ത്രവും ചട്ടക്കൂടും

‘കിതാബുൽ ഫവാഇദ്’ ഉൾപ്പെടെയുള്ള ഇബ്നു മാജിദിന്റെ കൃതികൾ ഇസ്‌ലാമിക കാലഘട്ടത്തിൽ നാവികവിദ്യക്ക് നൽകിയ ഏറ്റവും വലിയ സംഭാവനകളായി കണക്കാക്കപ്പെടുന്നു. നിരവധി ഓറിയന്റലിസ്റ്റുകളുടെ പ്രശംസനക്ക് പാത്രമായിട്ടുണ്ട് ഈ കൃതി. പ്രശസ്ത റഷ്യൻ ഓറിയന്റലിസ്റ്റ്  ‘ക്രാച്ച്കോവ്സ്കി’യും അദ്ദേഹത്തിന്റെ ശിഷ്യരായ ‘തിയോഡർ ഷൂമൂഫ്സ്കി’, ‘ഫ്രാൻ’ എന്നിവരാണ് ഈ കൃതിയെ പരിശോധന നടത്തി പ്രസിദ്ധീകരിച്ചത്. കിതാബുൽ ഫവാഇദിലൂടെ ഇബ്നു മാജിദ് സ്വീകരിച്ച രീതിശാസ്ത്രം ചുരുക്കി ഇങ്ങനെ വിശദീകരിക്കാം:-

 ⁃ താത്വിക-പ്രായോഗിക വശങ്ങളുടെ സംയോജനം: കപ്പിത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കപ്പൽ സംരക്ഷിക്കുന്നതിനുവേണ്ടി ഒരുക്കിവെക്കേണ്ട സാധനസാമഗ്രികൾ തുടങ്ങി കേവലം നാവികവിദ്യയുടെ താത്വികവശം മാത്രമല്ല ഇബ്നു മാജിദ് പറഞ്ഞുവെക്കുന്നത്. അദ്ദേഹം അഭിമുഖീകരിച്ചതും മറികടന്നതുമായ അനവധി പ്രതിസന്ധികളെ കുറിച്ച പ്രായോഗിക അനുഭവങ്ങളും ഈ കൃതിയിൽ പങ്കുവെക്കുന്നുണ്ട്.

 ⁃ നാവികവിദ്യ സംജ്ഞകളെ കൃത്യമായി ഉദ്ധരിക്കൽ: തന്റെ കാലത്ത് നാവിക മേഖലയിൽ സാധാരണയായി ഉപയോഗിച്ചിരുന്ന നിരവധി സംജ്ഞകളിലേക്ക് ഇബ്നുമാജിദിന്റെ കൃതി വെളിച്ചം വീശുന്നു. ഫാരിസി, ഹിന്ദി, സംസ്കൃതം തുടങ്ങിയ ഭാഷകളിലെ സംജ്ഞകൾ ധാരാളമായി അവലംബിക്കുന്നതിനാൽ ഈ ഗ്രന്ഥം മനസ്സിലാക്കാൻ ഏറെ പ്രയാസകരമാണ്. ഇതിലെ സംജ്ഞകൾ മനസ്സിലാക്കാൻ വേണ്ടി മാത്രം പ്രത്യേക നിഘണ്ടു ഓറിയന്റലിസ്റ്റുകൾ തയ്യാറാക്കിയിട്ടുണ്ട്.

 ⁃ പൂർവ്വ കൃതികളിൽ നിന്ന് പ്രയോജനമുൾകൊള്ളുന്നു: ധാരാളം പൂർവ്വകാല ഗ്രന്ഥങ്ങൾ പരിശോധിച്ചാണ് ഇബ്നുമാജിദ് തന്റെ കൃതി വികസിപ്പിക്കുന്നത്. നാവിക ഭൂമിശാസ്ത്രം, ഗണിത ഭൂമിശാസ്ത്രം എന്നതിനുപരി ഇംറുൽ ഖൈസ്, അംറുബ്നു കുൽസും, മുഹൽഹൽ തുടങ്ങിയവരുടെ കാവ്യങ്ങളിൽ നിന്നും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. തന്റെ കൃതിയുടെ ഒരു ഭാഗത്ത് കപ്പിത്താന്മാരും കപ്പൽ യാത്രികരും നിർബന്ധമായും വായിച്ചിരിക്കേണ്ട ഗ്രന്ഥങ്ങളെയും (الكتب الكبار-ബൃഹത്കൃതികൾ) അതിന്റെ സവിശേഷതകളെയും കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്.

 ⁃ ധാർമിക മൂല്യങ്ങൾക്കുള്ള ഊന്നൽ: കപ്പിത്താനുണ്ടാകേണ്ട സവിശേഷ സ്വഭാവഗുണങ്ങളെ കുറിച്ചും ഇബ്നുമാജിദ് പറയുന്നുണ്ട്. “നീ കടലിൽ യാത്ര ചെയ്താൽ വൃത്തി മുറുകെപ്പിടിക്കുക. സർവ്വശക്തനായ സൃഷ്ടാവിന്റെ അതിഥിയാണ് നീ. അതിനാൽ, അവനെ സ്മരിക്കുന്നതിൽ നീ അശ്രദ്ധനാകരുത്”. ധാർമിക മൂല്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന സ്വതന്ത്ര ശാഖയായിട്ടല്ല നാവികവിദ്യ രൂപം പ്രാപിക്കുന്നതെന്ന് ഈ വാക്കുകളിലൂടെ വ്യക്തമാണ്. മറിച്ച്, നൈതികതയാണ് അതിന്റെ അകവും പുറവുമെല്ലാം ശക്തിപ്പെടുത്തുന്നത്.

കിതാബുൽ ഫവാഇദിൻറെ ഉളളടക്കങ്ങൾ

സമുദ്രഗവേഷണത്തെ കുറിച്ച് പന്ത്രണ്ട് അധ്യായങ്ങളിലായി രചിക്കപ്പെട്ട കിതാബുൽ ഫവാഇദിലെ ഓരോ അധ്യായത്തിലെയും പ്രധാന പ്രതിപാദന വിഷയങ്ങൾ:

ഒന്നാമത്തെ അധ്യായത്തിൽ സമുദ്രപര്യവേഷണത്തെ കുറിച്ചുള്ള ആമുഖവും മുൻകാല നാവികമേധാവികളുടെ അനുഭവങ്ങളുമാണ് ഉൾകൊള്ളുന്നത്. രണ്ടാം അധ്യായത്തിൽ കപ്പിത്താനും യാത്രക്കാരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചന്ദ്രന്റെ വിവിധ സ്ഥാനങ്ങൾ, കടൽ പാതകളിലെ ദൂരവ്യത്യാസങ്ങളും ഋതുഭേദങ്ങളും ചുരുക്കി പ്രതിപാദിക്കുന്നു. മൂന്നാം ഭാഗത്തിൽ ചന്ദ്രന്റെ വിവിധ സ്ഥാനങ്ങളെ കുറിച്ച് വിശദമായി വിവരിക്കുമ്പോൾ നാലാം അധ്യായത്തിൽ സമുദ്രസഞ്ചാരത്തെ സ്വാധീനിക്കുന്ന കാറ്റിന്റെ മുപ്പത്തിരണ്ട് തരത്തിലുള്ള ഗതിമാറ്റങ്ങളെ കുറിച്ച് വടക്കുനോക്കിയന്ത്രത്തിന്റെ സഹായത്തോടെ സൂചിപ്പിക്കുന്നു. അഞ്ചാം അധ്യായത്തിൽ ആദ്യകാല ഗോളശാസ്ത്രജ്ഞന്മാരെയും ഭൂമിശാസ്ത്രജ്ഞന്മാരെയും സമുദ്രസഞ്ചാരത്തിന് അനിവാര്യമായ അവരുടെ സംഭാവനകളെയും കുറിച്ച് ഗ്രന്ഥസഹിതം പരാമർശിക്കുന്നു.

ആറാം അധ്യായത്തിൽ അറബിക്കടലിലെയും കിഴക്കനാഫ്രിക്കൻ സമുദ്രങ്ങളിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും വ്യത്യസ്ത സഞ്ചാരപാതകളെ പരിചയപ്പെടുത്തുമ്പോൾ, ഏഴാം അധ്യായത്തിൽ ഗോളശാസ്ത്രത്തിലെ അളവുകളെയും വിവിധ നക്ഷത്രങ്ങളുടെ സ്ഥാനവ്യതിയാനങ്ങളെ കുറിച്ചും സൂചിപ്പിക്കുന്നു.  ഗോളശാസ്ത്ര നിരീക്ഷണത്തിൽ പ്രധാനമായ അളവുകൾ മനസ്സിലാക്കാൻ തടസ്സമായി നിൽക്കുന്ന പുക, മഞ്ഞ്, ഇടതുകയ്യിന്റെ ഉപയോഗം, നിരീക്ഷണ സമയത്തെ അനുയോജ്യമല്ലാത്ത ഇരുത്തം തുടങ്ങിയവയെകുറിച്ചും ഇബ്നു മാജിദ് ഈ അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. 

എട്ടാം അധ്യായത്തിൽ കടലിൽ മുങ്ങുന്നതിന് മുമ്പ് കപ്പൽ ഉപേക്ഷിക്കേണ്ടതിന്റെയും രാത്രി ദിശ മനസ്സിലാക്കാൻ വടക്കുനോക്കിയന്ത്രം കയ്യിൽ കരുതേണ്ടതിന്റെയും ആവശ്യകതയെ ഉണർത്തുന്നു. ശേഷം കപ്പൽ കരയടുക്കാറായി എന്നതിനെ സൂചിപ്പിക്കുന്ന അടയാളങ്ങളെയും അദ്ദേഹം പരാമർശിക്കുന്നു. ഒമ്പതാം അധ്യായത്തിൽ ലോകത്തെ മുഴുവൻ കടൽ ബാന്ധവത്തെ ചർച്ചാവിഷയമാക്കുന്നു.

‘ബാബുൽ മൻദബ്’ മുതൽ ചെങ്കടലിന്റെ വ്യത്യസ്ത ഭാഗങ്ങളെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരദേശങ്ങളെയും ഇതിൽ വിവരിക്കുന്നുമുണ്ട്. പത്താം ഭാഗത്തിൽ അറബ് ഉപദ്വീപും അതിന്റെ ഭൂപ്രദേശങ്ങളും ഉൾപ്പെടെ വ്യത്യസ്ത ഉപദ്വീപുകളെ വിശദീകരിക്കുമ്പോൾ പതിനൊന്നാം അധ്യായത്തിൽ യാത്രക്ക് അനുയോജ്യമായ കാലസമയങ്ങളെ സ്മരിക്കുന്നു. ഫാരിസി കലണ്ടറാണ് ഇതിനായി ഇബ്നു മാജിദ് അവലംബിച്ചിരുന്നത്. ‘അറബ് ചെങ്കടൽ’ എന്ന് നാമകരണം ചെയ്യപ്പെട്ട അവസാനഭാഗത്തിൽ അവിടം സഞ്ചരിച്ചവർക്ക് മാത്രം അറിയാവുന്ന നിരവധി സംഭവകഥകൾ അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

കടൽ യാത്രികർക്ക് ആവശ്യമായ എല്ലാം ഈ കൃതിയിൽ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തം. ഇബ്നുമാജിദ് പറയുന്നപോലെ ഹിജ്റ 895 ൽ പൂർത്തീകരിച്ച ഈ കൃതി പിന്നീടും മാറ്റത്തിരുത്തലുകൾക്കും സൂക്ഷ്മപരിശോധനക്കും വിധേയമായിട്ടുണ്ടെന്ന് ഫ്രാൻ അഭിപ്രായപ്പെടുന്നു. പേജുകൾക്ക് ചുറ്റിലും രേഖപ്പെടുത്തപ്പെട്ട എഴുത്തുകുത്തുകളും കൂട്ടിച്ചേർക്കലുകളും ഇതിനെ സൂചിപ്പിക്കുന്നുണ്ട്. അതുപോലെ, ഈ കൃതി കൈകാര്യം ചെയ്യുന്ന ധാർമിക-നൈതിക വശങ്ങൾ പ്രത്യേക പരാമർശം അർഹിക്കുന്നതാണ്. മുസ്‌ലിം നാവികന്മാർ അനുവർത്തിച്ച ഇത്തരം ധാർമികമൂല്യങ്ങൾ മറ്റുള്ളവരിൽ നിന്ന് അവരെ വ്യത്യസ്തരാക്കി നിർത്തി. ഉസ്താദ് അൻവർ അബ്ദുൽ അലീം ഇതിനെ ‘കടലിന്റെ ഭരണഘടന’യെന്ന് വിശേഷിപ്പിക്കുന്നുണ്ട്.

കടലിലെ ധാർമിക ഭരണഘടന

ഇബ്നു മാജിദ് രൂപപ്പെടുത്തിയ ധാർമ്മിക പാഠങ്ങളിലേക്ക് അൻവർ അബ്ദുൽ അലീം തന്റെ പുസ്തകത്തിൽ ശ്രദ്ധ തിരിക്കുന്നുണ്ട്. കപ്പിത്താൻ, കപ്പൽ, ചരക്ക് എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് ഈ കൃതിയിലെ നൈതിക ചട്ടക്കൂടിനെ അദ്ദേഹം പരിശോധിക്കുന്നത്.

ഒന്ന്,കപ്പിത്താൻ: ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തിന് ചുമതലയുള്ള കപ്പിത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറെ പ്രാധാന്യത്തോടെ ഇബ്‌നു മാജിദ് വിവരിക്കുന്നു. കപ്പിത്താനെ തിരഞ്ഞെടുക്കുന്നതിലും ചില നിബന്ധനകൾ പാലിക്കണമെന്ന് ഓർമപ്പെടുത്തുന്നുണ്ട് അദ്ദേഹം. ഉയർന്ന ധാർമ്മിക സ്വഭാവമുള്ളവനും ശക്തനും നിശ്ചയദാർഢ്യമുള്ളവനും കാര്യങ്ങളിൽ ഗൗരവം പുലർത്തുന്നവനും ദീൻ മുറുകെപിടിക്കുന്നവനുമാകണം അയാൾ. ഈ സവിശേഷതകളെ കുറിച്ച് ഉബ്നുമാജിദ് പറയുന്നത് ഇങ്ങനെ: “ആപത്ഘട്ടങ്ങളെ വിജയകരമായി തരണം ചെയ്യാൻ എല്ലാ കാര്യങ്ങളെയും കുറിച്ച് നീ സൂക്ഷ്മ വിചിന്തനം നടത്തുക.. വാക്കുകളിലും പ്രവൃത്തികളിലും കാര്യഗൗരവമുള്ളവനാവുക, സൗമ്യ സ്വഭാവക്കാരനാവുക, നിന്നെ അനുസരിക്കാത്തവരുടെ സഹവാസം നീ വെടിയുക, പ്രതിസന്ധികൾക്ക് മുമ്പിൽ ധീരത കൈമുതലാക്കുക, അശ്രദ്ധ മാറ്റി ഉന്മേഷവാനായി നിൽക്കുക”. 

മറ്റൊരിടത്ത് അദ്ദേഹം പറയുന്നു: “അധ്യാപകൻ (കപ്പിത്താൻ) ക്ഷമയും ഉപേക്ഷയും വിവേചിച്ചറിയുക, ധൃതിയും ചടുതലയും  വേർതിരിച്ച് മനസ്സിലാക്കുക, കാര്യങ്ങളെ കുറിച്ച് അറിവുള്ളവനാവുക, ആരോടും അക്രമം കാണിക്കാതെ നീതിയുടെ വാഹകനാവുക, സംസാരത്തിൽ സൗമ്യതയും നിശ്ചയദാർഢ്യവും പുലർത്തുക, റബ്ബിന്റെ പാതയിൽ അനുസരണത്തോടെ ഉറച്ചുനിൽക്കുകയും അവന് തഖ്‌വയുള്ളവനായി മാറുകയും ചെയ്യുക”.

രണ്ട്, കപ്പൽ: കപ്പിത്താന്റെ യോഗ്യതയും അദ്ദേഹത്തെ തെരെഞ്ഞെടുക്കുന്നതിൽ അവലംബിക്കേണ്ട മാർഗദർശനങ്ങളും മാത്രമല്ല, സമാധാനപരമായി യാത്ര പര്യവസാനിക്കാൻ യാത്രക്കാർ അനുവർത്തിക്കേണ്ട ചില നിയമവശങ്ങൾ കൂടി ഇബ്നുമാജിദ് ഓർമപ്പെടുത്തുന്നു. അദ്ദേഹം പറയുന്നു: “പഴയ കാലത്ത് ജനങ്ങൾ ഏറെ ജാഗരൂകരായിരുന്നു. തങ്ങളുടെ സ്വന്തക്കാരുടെ കൂടെയല്ലാതെ അവർ കടലിലൂടെ സഞ്ചരിച്ചിരുന്നില്ല”. കപ്പിത്താനെ അഭിസംബോധന ചെയ്ത് അദ്ദേഹം പറയുന്നു: “കളിതമാശകളിൽ ഏർപ്പെടുന്ന അധിക യാത്രക്കാരും പ്രശ്നങ്ങളും പരസ്പര ശത്രുതയും വിദ്വേഷവുമാണ് സൃഷ്ടിക്കുക”. സുഖമമായ യാത്രക്ക് ആവശ്യമായ സജ്ജീകരണങ്ങളും ഉപകരണങ്ങളും കപ്പലിൽ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം കപ്പിത്താനെ ഓർമപ്പെടുത്തുന്നു: “ഒരു സ്ഥലത്ത് നിന്ന് പുറപ്പെടും മുമ്പ് സജ്ജീകരണങ്ങളെല്ലാം ഉറപ്പുവരുത്തുക”. ലാഭം കാംക്ഷിച്ച് അധികഭാരം കയറ്റുന്നത് അദ്ദേഹം വിരോധിക്കുന്നുമുണ്ട്.

മൂന്ന്, ചരക്ക്: ജീവന് ഏറെ വിലമതിക്കുന്ന ഇബ്നുമാജിദ് കപ്പൽ എന്തെങ്കിലും അപകടത്തിൽ അകപ്പെട്ടാൽ ചരക്കിന്റെ ഒരുഭാഗം കടലിലേക്ക്  തള്ളി ഭാരം ലഘൂകരിക്കണമെന്ന് ആവശ്യപ്പെടുന്നു. അതുപോലെ അപകടം നേരിടുന്ന സന്ദർഭത്തിൽ ആദ്യം രക്ഷപ്പെടുത്തേണ്ടത് യാത്രികരെയും പിന്നെ നാവികന്മാരെയുമാണ്. ഏറ്റവും അവസാനം മാത്രമാണ് കപ്പിത്താൻ രക്ഷപ്പെടുക. ചിലപ്പോൾ കപ്പലിന്റെയൊപ്പം ആഴക്കടലിലേക്ക് അദ്ദേഹവും മുങ്ങിപ്പോകാം.

നടേ വിശദീകരിച്ചതിൽ നിന്ന് അറബികൾ സമുദ്രസഞ്ചാര മേഖലക്ക് സമർപ്പിച്ച അതുല്യമായ സംഭാവനകളും അവർ പാലിച്ചുവന്ന ധാർമിക ചട്ടക്കൂടും നമുക്ക് വ്യക്തമാകുന്നു. ഈ ധാർമിക ഭരണഘടനയാണ് കാലങ്ങളോളം അവരിലെ സഞ്ചാരികളും നാവികന്മാരും അനുധാവനം ചെയ്തുവന്നത്. ചിലപ്പോഴൊക്കെ ഫാരിസികൾ, ഇന്ത്യക്കാർ, ആഫ്രിക്കക്കാർ ഉൾപ്പെടെയുള്ള മറ്റു വിഭാഗക്കാരും ഈ ഭരണഘടനയെ പിന്തുടർന്നിരുന്നു.

വിവ: തൗഫീഖ് അസ്‍ലം

Related Articles