Current Date

Search
Close this search box.
Search
Close this search box.

ഉമറു ബ്നുൽ ഖത്ത്വാബിന്റെ അവസാന ദിനങ്ങൾ (1 – 4 )

ഹിജ്റ ഇരുപത്തി മൂന്നാം വർഷം ദുൽഹജ്ജ് മാസത്തിൽ രണ്ടാം ഖലീഫ ഉമർ ബ്നുൽ ഖത്ത്വാബ് മക്കയിലെത്തിയിട്ടുണ്ട്; തന്റെ അവസാന ഹജ്ജ് നിർവഹിക്കാനായി.

തന്റെ ഖിലാഫത്തിന്റെ പത്ത് വർഷങ്ങളിലും ഉമർ ഹജ്ജ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു ; പക്ഷെ നടന്നില്ല. അതേസമയം തന്റെ ഖിലാഫത്തിന്റെ ആദ്യ വർഷം അദ്ദേഹം ഹജ്ജ് ചെയ്തിരുന്നതായി ചരിത്രകാരൻ മഖ് രീസി തന്റെ ‘അദ്ദഹബുൽ മസ്ബൂക് ഫീ ദിക് രി മൻ ഹജ്ജ മിനൽ ഖുലഫാഇ വൽ മുലൂക്’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഒരു റിപ്പോർട്ട് ഇതിന് അപവാദമായുണ്ട്.

തന്റെ അവസാന ഹജ്ജിൽ ഉമറിനോടൊപ്പം സത്യവിശ്വാസികളുടെ മാതാക്കളായ നബി പത്നിമാരും ഉണ്ടായിരുന്നു.

ശാമും മിസ്വ് റും പേർഷ്യയും അടക്കിവാഴുന്ന ഈ ഭരണാധികാരി ധരിച്ചിരുന്ന വസ്ത്രം അതീവ ലളിതമായിരുന്നു. അതിൽ പ്രകടനപരത തീരെയില്ലായിരുന്നു. ശരിക്കുമുള്ള സുഹ്‌ദ് / ഇഹലോക വിരക്തി തന്നെ. പ്രദർശിപ്പിക്കപ്പെടാൻ മാത്രമുള്ള ചില സുഹ്ദ് നാട്യങ്ങളൊക്കെ നാം ഈ കെട്ട കാലത്ത് കാണുന്നുണ്ടല്ലോ.

മഖ് രീസി പറയുന്നു: “അബൂ ഉസ്മാൻ അന്നഹദി ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് – ഉമർ ജംറയിൽ എറിയുന്നത് ഞാൻ കണ്ടു. അപ്പോൾ അദ്ദേഹത്തിന്റെ വസ്ത്രം കണ്ടം വെച്ച് തുന്നിക്കൂട്ടിയതായിരുന്നു.”

വിവിധ ചരിത്ര ഗ്രന്ഥങ്ങളിൽ ഒരു സംഭവം ഉദ്ധരിക്കപ്പെടുന്നുണ്ട്. തന്റെ അവസാന ഹജ്ജിൽ ജംറയിൽ എറിഞ്ഞു കൊണ്ടിരിക്കെ ബനൂ ലഹബിൽ പെട്ട ഒരാൾ എറിഞ്ഞ കല്ല് ഉമറിന്റെ നെറ്റിത്തടത്തിൽ കൊണ്ടു. ചോര പൊടിഞ്ഞു. അപ്പോൾ ഉമർ പറഞ്ഞു.:” ഇനി അമീറുൽ മുഅ്മിനീൻ ഹജ്ജ് ചെയ്യുകയുണ്ടാവില്ലെന്ന് എനിക്ക് തോന്നുന്നു.” രണ്ടാം ജംറയിൽ എറിയാനായി ചെന്നപ്പോൾ ഒരാൾ ‘അല്ലയോ ദൈവദൂതന്റെ ഖലീഫാ’ എന്ന് അഭിസംബോധന ചെയ്തു. അപ്പോൾ ഉമർ പറഞ്ഞു: ” ഈ വർഷത്തിന് ശേഷം അമീറുൽ മുഅ്മിനീൻ ഹജ്ജ് ചെയ്യുകയില്ല.”

ഇവിടെ നടന്ന സംഭവത്തിൽ ദുർലക്ഷണം കാണുകയല്ല ഉമർ ചെയ്യുന്നത്. ഇനി ഹജ്ജ് കർമം നിർവഹിക്കലുണ്ടാവില്ലെന്ന് ഉമറിന് സ്വയം തോന്നുകയാണ്. ആ തോന്നലിനെ ഇൽഹാം എന്ന് വിളിക്കാം. നെറ്റിയിൽ ചോര പൊടിഞ്ഞപ്പോൾ അത് വരാനിരിക്കുന്ന രക്തസാക്ഷ്യത്തിന്റെ സൂചനയായി അദ്ദേഹം മുൻകൂട്ടി കാണുകയാണ്. നബി (സ) പറഞ്ഞിട്ടുണ്ടല്ലോ : ” നിങ്ങളുടെ മുമ്പുള്ള സമൂഹങ്ങളിൽ ചിലരുണ്ടായിരുന്നു. അവർ മുഹദ്ദസൂൻ ആയിരുന്നു. എന്റെ സമൂഹത്തിൽ അങ്ങനെയൊരാളുണ്ടെങ്കിൽ അത് ഉമർ ആണ്.” (ബുഖാരി, മുസ്ലിം ; ആഇശയിൽ നിന്ന് നിവേദനം). ഇബ്നു വഹബ് പറയുന്നു: ഇവിടെ മുഹദ്ദസൂൻ എന്നാൽ അർഥം ഇൽഹാം നൽകപ്പെടുന്നവർ എന്നാണ്. അതായത് ശരിയായ കാര്യങ്ങൾ അപ്പപ്പോൾ അവരുടെ മനസ്സിൽ തോന്നിക്കൊണ്ടിരിക്കും. മുഹദ്ദസായ ആൾ എന്നാൽ അർഥം, ഒട്ടും ഉദ്ദേശ്യപൂർവമല്ലാതെ ശരിയായ കാര്യങ്ങൾ നാവിൽ വന്നുകൊണ്ടിരിക്കുന്ന ആൾ എന്നാണ്.

ഹജ്ജ് കർമങ്ങളിൽ നിന്ന് വിരമിച്ചപ്പോൾ ഹാജിമാർ അവസാന കർമങ്ങൾ ചെയ്യുന്നത് നിരീക്ഷിച്ചു കൊണ്ട് ഉമർ അൽപ്പനേരം കിടന്നു. അപ്പോൾ അദ്ദേഹം നടത്തിയ ഒരു പ്രാർഥനയുണ്ട്. അതിങ്ങനെയാണ് :” അല്ലാഹുവേ, എന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു; എന്റെ എല്ലുകൾ നേർത്തിരിക്കുന്നു; ഞാൻ സംരക്ഷണം നൽകേണ്ട പ്രജകൾ പല നാടുകളിലായി വ്യാപിച്ചിരിക്കുന്നു. ഉത്തരവാദിത്വങ്ങളിൽ വീഴ്ച വരുത്താത്തവനായി, പരീക്ഷണങ്ങളിലൊന്നും പെടുത്താതെ നീ എന്റെ ആത്മാവിനെ നിന്നിലേക്ക് എടുക്കണം. അല്ലാഹുവേ, ഞാൻ നിന്റെ മാർഗത്തിലുള്ള ശഹാദത്താണ് ചോദിക്കുന്നത്. നിന്റെ പ്രിയ റസൂലിന്റെ നാട്ടിൽ വെച്ചുള്ള ഒരു മരണം.”

ഉമറിന്റെ അന്ത്യാഭിലാഷമാണിത്. ഏറ്റെടുത്ത ഖിലാഫത്തെന്ന ഈ ഭാരിച്ച ഉത്തരവാദിത്ത നിർവഹണത്തിൽ വീഴ്ച വന്നു പോകുന്നതിന് മുമ്പായി തന്റെ ആത്മാവിനെ തിരിച്ചെടുക്കണം. ഈ പ്രാർഥനയിൽ വിചിത്രമെന്ന് തോന്നാവുന്ന ഒരു ആഗ്രഹവും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട് : തന്റെ രക്തസാക്ഷ്യം റസൂലിന്റെ നഗരമായ മദീനയിൽ വെച്ചാവണം! മദീന ആ സമയത്ത് പ്രവിശാലമായ ഇസ്ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്. രക്തസാക്ഷികളാൻ ആഗ്രഹമുള്ളവർ കിഴക്കോട്ടും പടിഞ്ഞാറോട്ടും നീണ്ടുകിടക്കുന്ന അതിർത്തികളിലേക്ക് ആയിരക്കണക്കിന് കിലോമീറ്റർ യാത്ര ചെയ്ത്, അതിർത്തികളിൽ യുദ്ധം നടക്കുന്നുണ്ടെങ്കിൽ അതിൽ പങ്കെടുത്താൽ മാത്രമേ ശഹാദത്തിനുള്ള ഒരു സാധ്യത പോലും ഉണ്ടായിരുന്നുള്ളൂ. മദീന എന്ന തലസ്ഥാനം ആരാലും ആക്രമിക്കപ്പെടാനാവാത്ത സുശക്തമായ ഒരു കോട്ട തന്നെയായിരുന്നല്ലോ അന്ന്.

ഈ അന്ത്യാഭിലാഷം ഉമറിന്റെ വ്യക്തിപരമായ ഒന്നായി കാണേണ്ടതില്ല. മുസ്ലിംകളുടെ ചുമതലേയേൽപ്പിക്കപ്പെട്ട സദ് വൃത്തനായ ഏത് ഭരണാധികാരിയും ഉത്തരവാദിത്ത നിർവഹണത്തിൽ വീഴ്ച വന്നു പോകുന്നതിന് മുമ്പ് തന്റെ ആയുസ്സ് അവസാനിക്കേണമേ എന്ന് ആഗ്രഹിക്കുക സ്വാഭാവികം. രക്ത സാക്ഷ്യമാവണം തന്റെ ജീവിതാവസാനം എന്ന് ആഗഹിക്കും ഇത്തരം പുണ്യാത്മാക്കൾ. അത്തരക്കാർക്കിനി പായയിൽ കിടന്ന് മരിക്കേണ്ടി വന്നാലും ശഹാദത്തിന്റെ പദവി ഉണ്ടാവും എന്ന് നബി (സ) പഠിപ്പിച്ചിട്ടുമുണ്ടല്ലോ (മുസ്ലിം ഉദ്ധരിച്ച ഹദീസ് ).

ആ വർഷത്തെ, അഥവാ ഹിജ്റ ഇരുപത്തിമൂന്നാം വർഷത്തെ ഹജ്ജ് കഴിഞ്ഞ് ഉമർ (റ) മദീനയിലേക്ക് മടങ്ങി. ദുൽഹജ്ജ് മാസത്തിലെ അവസാന ദിനങ്ങൾ ആ മഹത് ജീവിതത്തിന്റെ ഒടുവിലത്തെ അധ്യായമായിരുന്നല്ലോ. ആ സംഭവങ്ങളിലേക്ക് നമുക്കൊന്ന് പോയി നോക്കാം (തുടരും).

വിവ : അശ്റഫ് കീഴുപറമ്പ്

(ഇസ്തംബൂളിൽ താമസിക്കുന്ന ഫലസ്തീനി എഴുത്തുകാരനാണ് ലേഖകൻ. )

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles