Current Date

Search
Close this search box.
Search
Close this search box.

ഗസ്സ; ചെറുത്തുനിൽപ്പിൻ്റെ ചരിത്രവും വർത്തമാനവും

ഇസ്രയേലിന്റെ ഫലസ്തീൻ അധിനിവേശത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എങ്ങനെയെങ്കിലും ഫലസ്തീൻ പ്രവിശ്യയെ തങ്ങളുടെ പ്രധാന കേന്ദ്രമാക്കി മാറ്റുക എന്നത് വർഷങ്ങളായുള്ള സയണിസ്റ്റുകളുടെ അജണ്ടയാണ്. ഇപ്പോൾ കാണുന്ന യുദ്ധം 2006 മുതൽ സയണിസ്റ്റുകൾ സ്വീകരിച്ചു പോന്നിട്ടുള്ള രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണ്. ഇങ്ങനെ മില്യൺ കണക്കിന് വരുന്ന ഫലസ്തീൻ ജനതയെ അവരുടെ മണ്ണിൽ നിന്നും പുറന്തള്ളി ഫലസ്തീനികളുടെ അസ്ഥിത്വം സമ്പൂർണ്ണമായും ഇല്ലാതാക്കിയാൽ മാത്രമേ തങ്ങൾക്ക് വിജയം സാധ്യമാവൂ എന്ന് അധിനിവേശകർ കരുതുന്നു. എന്നാൽ ഇത് ഇക്കൂട്ടരുടെ വെറും വ്യാമോഹം മാത്രമാണെന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസിൽ മധ്യേഷ്യയെ കുറിച്ച് പഠനം നടത്തുന്ന ജീൻ പിയറി ഫിയലുവിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.

ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധം മൂന്ന് മാസം പിന്നിടുമ്പോൾ ഫലസ്ത്വീൻ – ഇസ്രയേൽ പ്രശ്നം മുമ്പുണ്ടായിരുന്നതിനേക്കാൾ രൂക്ഷമായിരിക്കുകയാണിന്ന്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഗസ്സക്കുമേൽ ഇസ്രായേൽ കര മാർഗ്ഗവും കടൽ മാർഗ്ഗവും വ്യോമ മേഖലയിലും ആക്രമണം നിർബാധം തുടരുകയാണ്. തൽസ്ഥിതി തുടരുകയാണെങ്കിൽ ഗസ്സയിലെ 2.3 മില്യൻ വരുന്ന ഫലസ്തീനികൾ എന്നെന്നേക്കുമായി തുടച്ചുമാറ്റപ്പെടുകയും ഗസ്സ എന്ന പ്രദേശം നാമാവശേഷമാവുകയും ചെയ്യും എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതോടൊപ്പം തന്നെ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് ലോകം സാക്ഷിയായതാണ്. മാത്രവുമല്ല തൂഫാനുൽ അഖ്സ ഗസ്സയെ കുറിച്ച് അതുവരെ നിലവിലുണ്ടായിരുന്ന സകല മുൻധാരണകളെയും പൊളിച്ചെഴുതി. യഥാർത്ഥത്തിൽ ഈ യുദ്ധം ഫലസ്തീൻ പ്രശ്നത്തെ കുറിച്ചുള്ള ചിത്രത്തെ അപ്പാടെ മാറ്റിമറിച്ചു. എത്രത്തോളമെന്നാൽ, ഇതിലൂടെ ഇസ്രായേലും ഫലസ്തീനികളും തമ്മിലുള്ള സന്ധി സംഭാഷണത്തിലേക്ക് വരെ കാര്യങ്ങൾ എത്തി.

മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ, ഗസ്സയിൽ ഉണ്ടായ പൊടുന്നനെയുള്ള ഈ അക്രമണം പഠനവിധേയമാക്കേണ്ടതാണ്. കഴിഞ്ഞ 4000 വർഷത്തെ ഗസ്സയുടെ ചരിത്രം വ്യക്തമാക്കുന്നത് കഴിഞ്ഞ 16 വർഷത്തെ സംഭവവികാസങ്ങളെ സവിശേഷമായി മനസ്സിലാക്കണം എന്നാണ്. ഇത് പലരും അറിയാതെ പോയ സംഗതിയാണ്. ശക്തമായ സൈനിക മുന്നേറ്റം ഒഴിച്ചു നിർത്തിയാൽ മേഖലയിലെ പ്രധാന രാഷ്ട്രീയ ചാലശക്തിയായി വർത്തിക്കാൻ ഗസ്സക്ക് സാധ്യമായിട്ടുണ്ട്.

ഇരുപതുകളുടെ പ്രാരംഭത്തിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് കാലം മുതൽ തന്നെ ഗസ്സ പ്രധാനപ്പെട്ട ഒരു പ്രദേശമായിരുന്നു. അതിനാൽ തന്നെ നയപരമായ നീക്കുപോക്കിന്റെ അടിസ്ഥാനത്തിലല്ലാത്ത ഗസ്സക്കു മേലുള്ള ഏതുതരം കടന്നു കയറ്റങ്ങളും അമ്പേ പരാജയപ്പെടുക തന്നെ ചെയ്യും. എന്നാൽ അധിനിവേശ സേന ഈ വസ്തുതകളെല്ലാം മറന്ന് കൂട്ടക്കുരുതിയിലൂടെ കാര്യം നേടാം എന്ന് വ്യാമോഹിക്കുകയാണ്.

ഗസ്സയുടെ സാമ്പത്തിക വളർച്ചക്ക് ഉപോൽബലകമാകുന്ന ചില കാര്യങ്ങൾ ജീൻ പിയറി ഫിയലു മുന്നോട്ടുവെക്കുന്നുണ്ട്. ഗസ്സയുടെ ചരിത്രപരമായ പ്രാധാന്യം തിരിച്ചുപിടിക്കുന്നതിന് ആഗോള ശക്തികൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറയുന്നു. മെഡിറ്ററേനിയൻ കടൽ പാതയെയും പടിഞ്ഞാറൻ ആഫ്രിക്കയെയും തമ്മിൽ ബന്ധിപ്പിക്കുന്നത് വഴി ഗസ്സക്ക് സാമ്പത്തികമായ അഭിവൃദ്ധി നേടാനാകും എന്നും അദ്ദേഹം പറയുന്നുണ്ട്. എല്ലാറ്റിനുമുപരി ഗസ്സയെന്നത് ഫലസ്തീൻ പ്രശ്നത്തിന്റെ കാതലായ വശമാണ് എന്ന മട്ടിലാവണം പ്രശ്നപരിഹാരങ്ങൾക്ക് ഐക്യരാഷ്ട്രസഭ നേതൃത്വം കൊടുക്കേണ്ടത് എന്നത് പ്രധാനമാണ്..

നിലക്കാത്ത പരിവേദനകളാൽ കുടിവെള്ളം പോലും കിട്ടാത്ത അതികഠിനമായ സാഹചര്യത്തിലൂടെയാണ് നിലവിൽ ഗസ്സ കടന്നുപോവുന്നത്. ഇടതൂർന്ന മരങ്ങളുള്ള, പൂക്കളും കായ്കനികളും മനോഹാരിത തീർത്ത ഏത് ഉഷ്ണാവസ്ഥയിലും സ്വച്ഛമായ മന്ദമാരുതൻ കൂട്ടിനുണ്ടായിരുന്ന ശാദ്വല സുന്ദര തീരമായിരുന്നു ഒരുകാലത്ത് ഗസ്സ . അതുപോലെ നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു പ്രദേശമാണത്. ഈജിപ്ത് ആണ് ഈയൊരു ബന്ധം സ്ഥാപിച്ചെടുത്തത്. ബി.സി 17-ാം നൂറ്റാണ്ടിൽ ഗസ്സയിൽ നിന്ന് ഈജിപ്തിനെ അക്രമിച്ച ഹൈക്സോസ് രാജവംശത്തെ ഫറോവനിക് രാജവംശം പരാജയപ്പെടുത്തിയിരുന്നു. പിന്നീട്, ഇപ്പോൾ ഫലസ്തീനികൾ താമസിക്കുന്ന പ്രദേശമടക്കം 5 പ്രധാന നഗരങ്ങൾ ഗസ്സക്കാർക്ക് വേണ്ടി ഫറോവൻ രാജവംശം ഒഴിഞ്ഞു കൊടുത്തു.

ഒരുപാട് രാഷ്ട്രീയ വേലിയേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച നാടാണ് ഗസ്സ . ഗസ്സക്കു വേണ്ടി വൻകിട സാമ്രാജ്യത്വ ശക്തികൾ രക്തരൂക്ഷിതമായ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട് . അസ്സീറിയർ , ബാബിലോണിയർ എന്നിവർക്കു ശേഷം ബി.സി 6ാം നൂറ്റാണ്ടിൽ പേർഷ്യൻ അധിപതി സൈറസ് അധികാരം പിടിച്ചടക്കി. എന്നാൽ രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം ബിസി 332-ൽ അലക്സാണ്ടർ ചക്രവർത്തി ഗസ്സക്കുമേൽ നൂറു ദിവസത്തെ കനത്ത ഉപരോധം ഏർപ്പെടുത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി . ഈയൊരു കാലയളവിൽ പേർഷ്യൻ ചക്രവർത്തി സൈറസും ഇപ്പുറത്ത് അലക്സാണ്ടറും തങ്ങളുടെ പ്രദേശങ്ങൾ സുരക്ഷിതമാക്കുന്നതിനായി ഗസ്സയുടെ ഉള്ളിലൂടെ അനേകം തുരങ്കങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.

ഇന്ന് ഹമാസ് ഇസ്രയേലിനെതിരെ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന തുരങ്കങ്ങളുടെ പ്രാഗ് രൂപമായിരുന്നു അത്. ഒടുവിൽ തുരങ്ക നിർമ്മാണത്തിൽ അലക്സാണ്ടർ വിജയിച്ചു. പക്ഷേ, ഉപരോധ കാലയളവിൽ അലക്സാണ്ടർക്ക് പരിക്കേൽക്കുകയും ഗസ്സക്കാരുടെ ശക്തമായ പ്രത്യാക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പിന്മാറേണ്ടി വരികയും ചെയ്തു. ആ ആക്രമണത്തിൽ ഒരുപാട് ഗസ്സക്കാർക്ക് ജീവൻ നൽകേണ്ടിവന്നു. അനേകം പുരുഷന്മാർ കൂട്ടക്കശാപ്പിനിരയായി . കുട്ടികളും സ്ത്രീകളുമടക്കം വലിയൊരു വിഭാഗത്തിന് നാടുവിട്ടു പോവേണ്ടിവന്നു.

ഗസ്സയെന്നത് വെറുമൊരു പോരാട്ട ഭൂമി മാത്രമായിരുന്നില്ല. അലക്സാണ്ടറുടെ മരണശേഷം വന്ന ഹെല്ലെനിസ്റ്റിക്ക് യുഗത്തിൽ ഇസ്‌ലാം, ക്രൈസ്തവത എന്നീ മതങ്ങളുടെ വരവോടെ പ്രധാന ദീനി കേന്ദ്രങ്ങളിലൊന്നായി ഗസ്സ മാറി. എ.ഡി 407-ൽ പോർഫിറിയസ് വിഭാഗം ക്രൈസ്തവ വിശ്വാസികൾ ഗസ്സയിൽ ബിഷപ് ചർച്ച് സ്ഥാപിച്ചു. ഹിലാരിയൂൻ (291- 371) എന്നറിയപ്പെടുന്ന മറ്റൊരു വിശുദ്ധനെ ചർച്ചിന്റെ ഉത്തരവാദിത്വമേൽപ്പിച്ചു. അദ്ദേഹത്തിന്റെ ശവകുടീരം പിൽക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്നു. ഇവിടെ തന്നെയാണ് മുഹമ്മദ് നബി (സ) യുടെ പിതാമഹനായിരുന്ന അബ്ദു മനാഫ് മരണമടഞ്ഞത്. ഏഴാം നൂറ്റാണ്ടിൽ ഇസ്‌ലാമിക സൈന്യം ഫലസ്തീൻ കീഴടക്കിയപ്പോൾ ഈയൊരു പ്രദേശത്തെ ‘ഗസ്സത്തു ഹാശിം’ (ബനൂ ഹാശിമിന്റെ ഗസ്സ) എന്ന് നാമകരണം ചെയ്തിരുന്നു. (പത്തൊമ്പതാം നൂറ്റാണ്ടിൽ ഉഥ്മാനിയാക്കൾ ഗസ്സ പട്ടണത്തിൽ ജാമിഉ ഹാശിം എന്ന പേരിൽ ഒരു പള്ളി പണിതു).

മധ്യകാലത്തിനുശേഷം പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരുപാട് സാമ്രാജ്യത്വ ശക്തികൾ ഗസ്സയിൽ നോട്ടമിട്ടിരുന്നു. കുരിശുയുദ്ധക്കാർ, പന്ത്രണ്ടാം നൂറ്റാണ്ടിൽ മുസ്ലിം സൈന്യം, മറ്റൊരിക്കൽ മംലൂക്ക് രാജവംശം, പതിമൂന്നാം നൂറ്റാണ്ടിൽ മംഗോളിയന്മാർ എന്നിവരൊക്കെ ഗസ്സ നിലകൊള്ളുന്ന പ്രദേശം കയ്യടക്കാൻ പലവുരു ശ്രമിച്ചതാണ്. മംലൂക്കി രാജവംശം ഭരിച്ച രണ്ടര നൂറ്റാണ്ട് കാലം ഗസ്സയെ സംബന്ധിച്ചിടത്തോളം സുവർണ്ണ കാലമായിരുന്നു. ധാരാളം പള്ളികളും ലൈബ്രറികളും വലിയ അമ്പരചുംബികളായ കെട്ടിടങ്ങളും ഗസ്സയിൽ ഉയർന്നു. കച്ചവട സ്ഥാപനങ്ങൾ തഴച്ചുവളർന്നു.

1937 ആയപ്പോഴേക്കും ഗസ്സ മുതൽ ഖാൻ യൂനിസ് വരെയുള്ള വലിയൊരു പ്രദേശം കച്ചവട സ്ഥാപനങ്ങളാൽ സമ്പന്നമായി. 1517 ൽ ഒട്ടോമൻ സാമ്രാജ്യത്വവും 1798 ൽ കുറഞ്ഞ കാലമാണെങ്കിൽ കൂടി നെപ്പോളിയൻ ബോണപ്പാർട്ടും ഗസ്സ ഭരിച്ചവരാണ്. ഇക്കാലത്ത് ഗസ്സയും അവിടുത്തെ നിവാസികളും സമ്പൽസമൃദ്ധിയുടെ പാരമ്യത്തിൽ എത്തിയിരുന്നു. 1659 ൽ ഒരു ഫ്രഞ്ച് യാത്രാസംഘം ഗസ്സയെ വിശേഷിപ്പിച്ചത് സന്തോഷവും സമാധാനവും കളിയാടുന്ന പ്രദേശം എന്നായിരുന്നു. ‘പ്രവിശാലമായ ബാർലി പാടങ്ങളാലും പച്ച പുതച്ച താഴ്വാരങ്ങളാലും സമ്പന്നമാണ് ഗസയുടെ മണ്ണ്’ എന്ന് ഫ്രഞ്ച് എഴുത്തുകാരൻ പിയറി ലോട്ടി രേഖപ്പെടുത്തിയിട്ടുണ്ട്.

1906-ൽ ബ്രിട്ടന്റെ കീഴിലായിരുന്ന ഈജിപ്തിനെയും ഒട്ടോമൻ സാമ്രാജ്യത്തിന് കീഴിലായിരുന്ന ഗസ്സയെയും തമ്മിൽ വേർതിരിച്ചുകൊണ്ട് അതിർത്തി നിലവിൽ വന്നു. അപ്പോൾ പ്രധാന കച്ചവട കേന്ദ്രമായ റഫ പട്ടണം എന്തു ചെയ്യുമെന്ന കാര്യത്തിൽ രണ്ട് ഭരണകൂടത്തിനുമിടയിൽ തർക്കം വന്നു. ഒന്നാം ലോക യുദ്ധം നടക്കുന്നതിനിടയിൽ ഈ അതിർത്തി പ്രശ്നം ഒട്ടോമൻ – ബ്രിട്ടീഷ് സാമ്രാജ്യത്വങ്ങൾക്കിടയിൽ വീണ്ടും രൂക്ഷമായി. പലതരം പിടിവലികൾക്കൊടുവിൽ, 1917 നവംബർ 9ന് ഒട്ടോമൻ സാമ്രാജ്യത്വത്തെ പരാജയപ്പെടുത്തി ബ്രിട്ടൻ ഗസ്സ അടങ്ങുന്ന പ്രദേശം അധീനപ്പെടുത്തി. അന്നേ ദിവസമാണ് ഗസയിൽ പ്രവേശിച്ച ബ്രിട്ടീഷ് ജനറലായിരുന്ന എഡ്മണ്ട് അലൻബി ഫലസ്തീനിൽ ജൂത ജനതയ്ക്ക് അവകാശം സ്ഥാപിക്കുന്ന ബാൽഫോർ കരാർ പ്രഖ്യാപനം നടത്തുന്നത്.

ജൂത വിഭാഗത്തിന് ഫലസ്തീനിൽ താമസിക്കാനും സയണിസ്റ്റുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഉപര്യുക്ത കരാർ നടപ്പിലാക്കാനും ബ്രിട്ടീഷുകാർക്ക് ഐക്യരാഷ്ട്രസഭ അംഗീകാരം കൊടുത്തതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. ആ സമയത്ത് ഫലസ്തീനിലെ ജൂതർ എണ്ണത്തിൽ വളരെ കുറവായിരുന്നു. മാത്രവുമല്ല ഫലസ്തീനികൾക്ക് ദേശീയ വികാരം വർദ്ധിച്ച കാലം കൂടിയായിരുന്നു അത്. തുടർന്ന് ബാൽഫോർ കരാറിനു ശേഷം, പ്രത്യേകിച്ചും 1936 മുതൽ 1939 വരെയുള്ള കാലങ്ങളിൽ ബ്രിട്ടനെതിരെ ഫലസ്തീൻ ജനത സ്വതന്ത്രമായ അറബ് രാഷ്ട്രം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ശക്തമായ പോർമുഖം തുറന്നു . 1947 ൽ യു.എൻ, ഫലസ്തീൻ ജനതയുടെ ഈ ആവശ്യം പരിഗണിക്കുന്നതിന് പകരം നാടിനെ അറബികൾ, യഹൂദർ എന്നിങ്ങനെ രണ്ടു വിഭാഗത്തിനായി പകുത്തു നൽകാൻ തീരുമാനിച്ചു. ഗസ്സയെ അറബികൾക്കായി നൽകി.

1948 ൽ സംഭവബഹുലമായ പല സംഘർഷങ്ങൾക്കും ഗസ്സ സാക്ഷിയായി. ഫലസ്തീൻ പ്രശ്നത്തിൽ ഐക്യരാഷ്ട്രസഭയുടെ തീരുമാനം സയണിസ്റ്റുകൾക്ക് കൂടുതൽ ലാഭം കൊയ്യാനുള്ള ഏർപ്പാടാണെന്നും അതിനാൽ തന്നെ പ്രസ്തുത തീരുമാനം അബദ്ധജടിലമാണെന്നും ബോധ്യപ്പെട്ടു. എന്നാലത് തുറന്നു സമ്മതിച്ചില്ലെന്നു മാത്രമല്ല ഫലസ്തീനികളുടെ ആവശ്യം പൂർണമായി നിരസിക്കുകയും ചെയ്തു. ഇത് ഫലസ്തീൻ ജനതയും സയണിസ്റ്റുകളും തമ്മിലുള്ള രക്തരൂക്ഷിതമായ സംഘർഷങ്ങൾക്ക് തിരിതെളിച്ചു. ഒരുപാട് അഭയാർത്ഥികൾ ഇസ്രായേലിലെ ജാഫയിൽ നിന്നും ഗസ്സയിലേക്ക് കുടിയേറി. ഇതിനിടെ എരിതീയിൽ എണ്ണയൊഴിച്ച മട്ടിലെന്നപോലെ ഈജിപ്തിലെ കെയ്റോയിൽ നിന്നും കരമാർഗം ഗസ്സയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സയണിസ്റ്റുകൾക്ക് ബ്രിട്ടൻ ഒത്താശ ചെയ്തുകൊടുത്തു.

1948 മെയ് മാസത്തിൽ ഇസ്രയേൽ മുൻ പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗുരിയൻ ഇസ്രായേൽ രാഷ്ട്ര പ്രഖ്യാപനം നടത്തിയ ഉടൻ സമീപ അറബ് രാഷ്ട്രങ്ങൾ ഇസ്രായേലിനെ അക്രമിക്കാൻ പദ്ധതിയിട്ടു. ഗസ്സയുടെ 20 മൈൽ അപ്പുറത്തുള്ള അശ്ദുദിലേക്ക് പോലും വരാൻ കഴിയാത്ത ഈജിപ്ത് സൈന്യം 10000 ത്തോളം വരുന്ന സൈനിക വ്യൂഹവുമായിട്ടാണ് ഗസ്സയിലേക്ക് എത്തിയത്.

വമ്പിച്ച സൈനിക മുന്നേറ്റവുമായി വന്ന അറബ് രാഷ്ട്രങ്ങൾ ഇസ്രയേലിനെ ആക്രമിച്ചില്ലെന്നു മാത്രമല്ല , 1949 ജനുവരിയോടെ ഏഴര ലക്ഷം വരുന്ന ഫലസ്തീനികൾക്ക് നാടുവിട്ടു പലായനം ചെയ്യേണ്ടിവന്നു. ഈയൊരു സംഭവത്തെയാണ് ചരിത്രത്തിൽ പിന്നീട് ‘ നഖ്ബ ‘ എന്ന് അടയാളപ്പെടുത്തിയത്. ഇതേ വർഷം ഫെബ്രുവരിയിൽ ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തെ തുടർന്ന് ഗസ്സയെ ഈജിപ്തിന്റെ മേൽനോട്ടത്തിൽ ഉള്ള പരിധിയിലേക്ക് മാറ്റുന്നതിനായി ഈജിപ്തും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമികളാൽ ചുറ്റപ്പെട്ട പ്രാദേശികമായ കേവല കച്ചവട ഇടപാടുകൾ നടക്കുന്ന ഒഴിഞ്ഞ സ്ഥലമായി ഗസ്സ മാറി. 80,000 ത്തോളം ആളുകൾ കുടികൊള്ളുന്ന ഗസ്സ ഫലസ്തീനിന്റെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നും പുറന്തള്ളപ്പെട്ട രണ്ട് ലക്ഷത്തോളം വരുന്ന ആളുകൾക്കുള്ള അഭയാർത്ഥി ക്യാമ്പായി മാറിയതോടെ ഗസ്സക്കാർ തങ്ങളുടെ നാടിനെ എല്ലാവരുടെയും രക്ഷകൻ എന്ന അർത്ഥത്തിൽ ‘നോഹയുടെ പേടകം’ എന്നാണ് വിളിച്ചിരുന്നത്.

നഖ്‌ബക്ക് ശേഷം ഇത്രയധികം ആളുകളെ ഉൾക്കൊള്ളാൻ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഫലസ്തീനി അഭയാർത്ഥികൾ നന്നേ പാടുപെട്ടു. 1948 ലും 1949 ലും ഉണ്ടായ അതിശൈത്യത്തിൽ തണുപ്പ്, വിശപ്പ്, രോഗം എന്നീ കാരണങ്ങളാൽ ദിനംപ്രതി ഓരോ കുട്ടി വീതം മരണപ്പെടുന്നുണ്ടെന്ന് അന്നത്തെ റെഡ് ക്രോസ് റിപ്പോർട്ട് ചെയ്തിരുന്നു. നഖ്ബ ദുരന്തത്തെ അതിജയിച്ചവരാവട്ടെ ചെന്നു കേറാൻ വേറൊരു സ്ഥലമില്ലാത്തതുകൊണ്ടും സീന മരുഭൂമിയുടെ വന്യത കൊണ്ടും കഷ്ടപ്പെട്ടു.

അഭയാർത്ഥികൾക്ക് കൃത്യമായ സുരക്ഷ ഉറപ്പുവരുത്തണം , മറ്റു അപകടങ്ങൾ സംഭവിക്കാതെ നോക്കണം. ഐക്യരാഷ്ട്രസഭയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്ന ഫലസ്തീനിന്റെ അവസ്ഥ അതിദയനീയമായിരുന്നു. എന്നാൽ ഫലസ്തീനികളുടെ കാര്യം തികച്ചും വ്യത്യസ്തമായിരുന്നു. ഇന്നോളം തുടർന്നുപോകുന്ന പോരാട്ടങ്ങളുടെ പേറ്റുനോവായിരുന്നു അന്ന് അനുഭവിച്ച ബുദ്ധിമുട്ടുകളെല്ലാം .

1948 ഡിസംബറിൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ ബോഡി യോഗത്തിൽ മുൻപ് ഫലസ്തീൻ വിഷയത്തിൽ എടുത്ത തെറ്റായ തീരുമാനത്തെ തുടർന്ന് അന്താരാഷ്ട്ര നിയമത്തിലെ ‘മടങ്ങി വരാനുള്ള അവകാശം’ പ്രഖ്യാപിച്ചു. ഒന്നുകിൽ യഥാർത്ഥത്തിൽ തിരിച്ചു വരാം അല്ലെങ്കിൽ പൈസ നൽകി ഫലസ്തീനിലേക്ക് മടങ്ങി വരാം എന്നിങ്ങനെയായിരുന്നു ഉപാധികൾ . ഈയൊരു നിയമപ്രഖ്യാപനം ഫലസ്തീനിൽ പൊതുവിലും ഗസ്സയിൽ സവിശേഷമായും ശ്രദ്ധ നേടി. കാരണം പുറന്തള്ളപ്പെട്ട ഒട്ടനേകം മനുഷ്യർ ഗസ്സയിൽ തിങ്ങിപ്പാർത്തിരുന്നു. പക്ഷേ ഗസ്സയുടെ കാര്യത്തിൽ നേതൃപരമായ ഒരു പങ്കും ഈജിപ്ത് നിർവഹിച്ചിരുന്നില്ല. അങ്ങനെ ഫലസ്തീനി ദേശീയ വികാരം അലയടിക്കുന്ന ഒരു ചെറിയ തുരുത്തായി പിന്നീട് ഗസ്സ മാറുകയാണുണ്ടായത്.

1949 ൽ സ്വിറ്റ്സർലൻഡിലെ ലൊസാനയിൽ വച്ച് ഐക്യരാഷ്ട്രസഭ നടത്തിയ അനുരജ്ഞന സമ്മേളനത്തിൽ ഇസ്രായേലിന്റെ മുൻ പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗുരിയൻ ഇസ്രയേലികൾക്ക് ഗസ്സ നിവാസികൾ വലിയൊരു ഭീഷണിയാവും എന്ന് അഭിപ്രായപ്പെട്ടു. ഒരു ലക്ഷം ഫലസ്തീൻ അഭയാർത്ഥികളെ അധിനിവിഷ്ട പ്രദേശത്തുള്ള അവരുടെ വീടുകളിലേക്ക് പോകാൻ അനുവദിക്കുന്നതിന് പകരമായി ഗസ്സ ഇസ്രയേലിലേക്ക് കൂട്ടിച്ചേർക്കണം എന്നും ബെൻ ഗുരിയൻ പറഞ്ഞു. എന്നാൽ ഗസ്സ ഒരു നയതന്ത്ര പ്രധാന പ്രദേശമായത് കൊണ്ട് തന്നെ ഈജിപ്തിലും ഇസ്രായേലിലും ഈ നിലപാട് വലിയ കോളിളക്കം സൃഷ്ടിച്ചു.

അതോടുകൂടി ഐക്യരാഷ്ട്രസഭ ഇസ്രായേൽ ഫലസ്തീൻ വിഷയത്തിൽ തങ്ങൾക്ക് സംഭവിച്ച ദൗർബല്യം തിരിച്ചറിഞ്ഞു. ലൊസാന സമ്മേളനം അവിടെ അവസാനിപ്പിച്ചു. അങ്ങനെയാണ് ഐക്യരാഷ്ട്രസഭ ഫലസ്തീൻ അഭയാർത്ഥികളെ സംരക്ഷിക്കുന്നതിനായി UNRWA എന്ന ഏജൻസിക്ക് രൂപം കൊടുക്കുന്നത്. ഗസ്സ കേന്ദ്രീകരിച്ച് വലിയ അളവിലുള്ള സാമൂഹിക പ്രവർത്തനമാണ് UNRWA കാഴ്ചവച്ചത്. 8 ടെന്റുകളാണ് അഭയാർത്ഥികളുടെ സംരക്ഷണത്തിന് വേണ്ടി അവർ സ്ഥാപിച്ചത്. ഗസ്സയുടെ വടക്കുഭാഗത്തുള്ള ജബലിയ്യ ടെന്റാണ് കൂട്ടത്തിൽ വലുത് . കടലിനോട് ചേർന്ന ഭാഗത്ത് ഒരു ടെൻഡും സ്ഥാപിച്ചിരുന്നു. ഈയടുത്തുണ്ടായ ആക്രമണത്തിൽ ഇസ്രായേൽ സേന അത് തകർക്കുകയും ചെയ്തിരുന്നു.

യഥാർത്ഥത്തിൽ ഫലസ്തീനികൾ ആയുധമേന്തുന്നത് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ്. തുടക്കത്തിൽ ഈജിപ്തും ഇസ്രായേലും ഫലസ്തീനികളെ അടക്കിഭരിച്ചിരുന്നു. എന്നാൽ ഈജിപ്ഷ്യൻ പ്രസിഡൻറ് ജമാൽ അബ്ദുനാസർ ഫലസ്തീനികളോട് ചേർന്ന് ഇസ്രയേലിനെതിരെ പോരാട്ടം ആരംഭിച്ചു. പോകപ്പോകെ ആ പോരാട്ടം ഫലസ്തീൻ പ്രവിശ്യയോട് അടുത്തുകൊണ്ടേയിരുന്നു. ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്ന ഗസ്സ മുനമ്പിലെ സകലമാന പോരാട്ടങ്ങളുടെയും സംഘർഷങ്ങളുടെയും ആരംഭം ഇങ്ങനെയായിരുന്നു എന്ന് പറയാവുന്നതാണ്.

1956 ഏപ്രിലിൽ ഇസ്രായേൽ ചീഫ് കമാൻഡർ ആയിരുന്ന മോഷെ ദയാൻ ഫലസ്തീനുകളുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ടു. ഇത് ഇസ്രായേൽ സേനയിൽ വലിയ പ്രത്യാഘാതമുണ്ടാക്കി. ഫലസ്തീൻ പോരാളികളുമായുള്ള യുദ്ധത്തിൽ നിന്ന് പിന്മാറാൻ വരെ ഈയൊരു സംഭവം കാരണമായി. മോഷെ ദയാൽ ഒരിക്കൽ പറഞ്ഞത് , “നാം ഒരിക്കലും അവരെ ആക്ഷേപിക്കുകയില്ല. എട്ടു വർഷങ്ങൾക്കു മുമ്പ് ഗസയിലെ അഭയാർത്ഥി ക്യാമ്പിൽ അവർ കഴിഞ്ഞപ്പോൾ അവരുടെ ഉറ്റവരോട് കൂടി കഴിഞ്ഞിരുന്ന വീടും ഭൂമിയും നാം കവർന്നെടുത്തു. എന്നിട്ട് നാം അതൊക്കെയും നമ്മുടെ നാടാക്കി മാറ്റി” എന്നാണ്.

‘മതമൗലികവാദികളെ’ ഉന്മൂലനം ചെയ്യുക എന്നത് മോഷെ ദയാന്റെയും ബെൻ ഗുരിയന്റെയും പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ഈജിപ്തുമായുള്ള യുദ്ധത്തിനുശേഷം 1956 നവംബറിൽ ഫ്രാൻസിന്റെയും ബ്രിട്ടന്റെയും സഹായത്തോടെ ഇസ്രയേൽ സൈന്യം ഗസ്സ കടന്നാക്രമിച്ചു. നാലുമാസം നീണ്ട അധിനിവേശത്തിൽ ആയിരക്കണക്കിന് ഫലസ്തീനികളെയാണ് ഇസ്രായേൽ കൂട്ടക്കുരുതി നടത്തിയത്. UNRWA യുടെ കണക്കുപ്രകാരം രണ്ട് കൂട്ടക്കൊലകളാണ് നടന്നത്. ഖാൻ യൂനിസിൽ 275 ആളുകളും റഫ യിൽ 111 ആളുകളും രക്തസാക്ഷികളായി. ഇസ്രയേൽ നടത്തിയ ഈ നരമേധത്തിൽ ഫലസ്തീൻ ജനത യു.എന്നിന്റെ രക്ഷാകർതൃത്വം തങ്ങൾക്ക് ആവശ്യമില്ലെന്നും ഈജിപ്ഷ്യൻ ഭരണം തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. സ്വതന്ത്രമായ ഒരു രാഷ്ട്രം എന്ന ഫലസ്തീനികളുടെ ചിരകാല സ്വപ്നം അതോടെ അസ്തമിച്ചു. ഈയൊരു കാലയളവിലാണ് യാസർ അറഫാത്തിന്റെ നേതൃത്വത്തിൽ 1959ൽ ‘അൽ ഫതഹ്’ പാർട്ടി ഉദയം ചെയ്യുന്നത്.

1967ൽ വീണ്ടും ഇസ്രയേൽ ഫലസ്തീനിൽ അധിനിവേശം നടത്തി. ആറു ദിവസത്തെ യുദ്ധത്തിനുശേഷം മോഷെ ദയാനും അന്നത്തെ ജനറലും പിന്നീട് ഇസ്രായേൽ പ്രധാനമന്ത്രിയുമായ ഇസ്ഹാഖ് റാബിനും ചേർന്ന് ഒരു തീരുമാനമെടുത്തു. ഫലസ്തീൻ -ഇസ്രായേൽ അതിർത്തികൾ മായ്ച്ചു കളയാനും ഇസ്രായേലി മാർക്കറ്റുകളുടെ ആകർഷണീയത വർദ്ധിപ്പിക്കാനും അതുവഴി ഫലസ്തീനിലെ പ്രാദേശിക കച്ചവടം അവസാനിക്കുമെന്നും അവർ കണക്കുകൂട്ടി.എന്നാൽ ഇസ്രയേലിന്റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിരുന്നു. ഫലസ്തീൻ ജനത ഇസ്രയേലിനെതിരെ പ്രതിരോധ പ്രസ്ഥാനങ്ങൾക്ക് ശക്തി പകരുകയായിരുന്നു. ആ സമയത്ത് സൈനിക കമാൻഡറും പിന്നീട് ഇസ്രയേൽ പ്രധാനമന്ത്രിയുമായിരുന്ന ഏരിയൽ ഷാരോൺ പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തുന്നതിനായി അഭയാർത്ഥികൾ താമസിച്ചിരുന്ന ടെൻറുകൾ തകർക്കാൻ ഉത്തരവിട്ടു.

അല്പമെങ്കിലും ദീർഘവീക്ഷണമുള്ള ഒറ്റപ്പെട്ട ചില ഇസ്രായേൽ നേതൃത്വം മനസ്സിലാക്കുന്നത് ഫലസ്തീനിലെ അഭയാർത്ഥി പ്രശ്നം ഒരിക്കലും അവസാനിക്കില്ല എന്നാണ്. മുമ്പ് ബെൻ ഗുരിയൻ ചെയ്തത് 1974 ൽ ഷാരോൺ ആവർത്തിച്ചു. എന്നാൽ അത് ഒഴിവാക്കി ഇസ്രായേൽ ഭരണകൂടം ഫലസ്തീനിലെ രാഷ്ട്രീയ വിഭാഗങ്ങൾക്കിടയിൽ ഉള്ള കാലുഷ്യവും അനൈക്യത്തെയും നന്നായി ചൂഷണം ചെയ്തു. 1980 ൽ ഫലസ്തീനിലെ രാഷ്ട്രീയ കൂട്ടായ്മകളെ തമ്മിലടിപ്പിച്ച് ഒരു പരിധി വരെ ഇസ്രായേൽ ഭരണകൂടം ലാഭം കൊയ്തു.

80 കളുടെ അവസാനത്തിൽ, കാലങ്ങളായുള്ള ഇസ്രായേൽ അടിച്ചമർത്തലിൽ നിന്നും ഒരു ജനത പിറവി കൊണ്ടു. ഒരുപാട് ആളുകളോ മറ്റോ ഇല്ലെങ്കിലും നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റിപ്പണിയാൻ ആ തലമുറക്ക് സാധിച്ചു. അങ്ങനെ അവർ 1987 ൽ ജബലിയ ടെൻഡുകളിൽ നിന്ന് ഒന്നാം ഇൻതിഫാദക്ക് തിരികൊളുത്തി. ആ വിപ്ലവ ജ്വാല അങ്ങ് വെസ്റ്റ് ബാങ്ക് വരേക്കും വ്യാപിച്ചു. കല്ലും കവണയും ഉപയോഗിച്ച് ഫലസ്തീനിലെ യുവാക്കൾ ഇസ്രയേൽ സൈന്യത്തെ വെല്ലുവിളിച്ചു. അതാണ് ശൈഖ് അഹ്മദ് യാസീൻ രൂപപ്പെടുത്തിയ ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനം അഥവാ ‘ ഹമാസ് ‘.

1989 ൽ ശൈഖ് അഹ്‍മദ് യാസീൻ കൊല്ലപ്പെടുന്നത് വരെ ഇൻതിഫാദയെ ദുർബലപ്പെടുത്താൻ ഇസ്രയേലി ചാര സംഘടനകൾ ആവുംവിധം ശ്രമിച്ചിരുന്നു. എന്നാൽ പൂർവാധികം കരുത്തോടെ ഒന്നാം ഇൻതിഫാദ ആളിപ്പടരുകയായിരുന്നു. ഇസ്ഹാഖ് റാബിന്റെ നേതൃത്വത്തിൽ ഇസ്രായേൽ ഭരണകൂടം അക്രമം വർദ്ധിപ്പിച്ചു. അങ്ങനെയാണ് ഇസ്രയേൽ ഭരണകൂടവും ഫലസ്തീനി പോരാളികളും തമ്മിലുള്ള 1993 സെപ്റ്റംബറിൽ ഓസ്‌ലോ കരാർ സംഭവിക്കുന്നത്. ഓസ്‌ലോ കരാർ പ്രകാരം ഇസ്രയേൽ പിൻവാങ്ങിയ ഭൂമിയിൽ ഫലസ്തീനികൾക്ക് അധികാരം ഉണ്ടാവും. ഈയൊരു കരാറിൽ ഒപ്പ് വച്ചതിനുശേഷം ആണ് യാസർ അറഫാത്ത് 10 മാസങ്ങൾക്കുശേഷം ഗസയിലേക്ക് തിരികെയെത്തുന്നത്.

എന്നാൽ ഫലസ്തീൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനും അവിടെയുള്ള ജനങ്ങൾക്കുമിടയിൽ ഫലസ്തീനിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ആശയക്കുഴപ്പങ്ങൾ ഉണ്ടായി. ഇസ്രായേലിൽ നിന്നും ഭാഗികമായ സ്വാതന്ത്ര്യം നേടി എന്ന് സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങൾക്കും നാടിന്റെ സ്വാതന്ത്ര്യത്തിന് വളരെ കുറഞ്ഞ വിലയേ നേതൃത്വം കല്പിക്കുന്നുള്ളൂ എന്ന് ജനങ്ങൾക്കും തോന്നിത്തുടങ്ങി. ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ ഹമാസിന്റെ വളർച്ചയ്ക്ക് കൂടുതൽ കരുത്തേകി. 1997 ൽ ജോർദാനിൽ വച്ച് ഹമാസ് നേതാവായ ഖാലിദ് മിശ്അലിനെ വകവരുത്താൻ പദ്ധതിയിട്ട ഇസ്രയേലി ചാര സംഘടനകളുടെ ശ്രമം പാളുകയും ചില ഏജന്റുമാരെ ഹമാസ് തടവിലാക്കുകയും ചെയ്തു. ഈയൊരു സംഭവത്തെ തുടർന്ന് ഇസ്രയേലിലെ ജയിലിൽ കഴിഞ്ഞിരുന്ന ശൈഖ് അഹ്‍മദ് യാസീനെ മോചിപ്പിക്കാൻ അന്നത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർബന്ധിതനാവുകയും ചെയ്തു.

തുടർന്ന് 2000 സെപ്റ്റംബറിൽ രണ്ടാം ഇൻതിഫാദ പൊട്ടിപ്പുറപ്പെട്ടു. ഫലസ്തീനികളുടെ ചില പിഴവുകൾ 2001 ൽ ഏരിയൽ ഷാരോൺ ഇസ്രായേൽ പ്രധാനമന്ത്രിയാകുന്നതിന് സഹായമേകി. ഷാരോൺ പ്രധാനമന്ത്രിയായ ഉടൻ യാസർ അറഫാത്ത് റാമല്ലയിൽ തടവിലാക്കപ്പെടുകയും അഹ്‍മദ് യാസീൻ ഗസ്സയിൽ രക്തസാക്ഷിയാവുകയും ചെയ്തു. ഗസ്സയിലുള്ള പട്ടാളത്തെ പിൻവലിച്ച് ഗസ്സ മുനമ്പിന് ചുറ്റും ഇസ്രയേൽ സൈന്യത്തെ വിന്യസിക്കുക എന്നത് ഷാരോണിന്റെ പ്രധാന അജണ്ടയായിരുന്നു.

യാസർ അറഫാത്തിന് ശേഷം അന്നത്തെ ഫലസ്തീൻ പ്രധാനമന്ത്രിയായിരുന്ന മഹ്‍മൂദ് അബ്ബാസിനോട് കൂടിയാലോചിക്കുക കൂടി ചെയ്യാതെ ഷാരോൺ പ്രസ്തുത നീക്കം നടപ്പിലാക്കി. മുൻ ലോക ബാങ്ക് പ്രസിഡണ്ടായിരുന്ന ജെയിംസ് വോൾഫെൻസൺ ഗസ്സയുടെ വികസനത്തിനു വേണ്ടി നീക്കിവെച്ച മൂന്ന് ബില്യൺ ഡോളർ ഷാരോൺ തട്ടിയെടുത്തു. വോൾഫെൻസൺ ആവട്ടെ പശ്ചിമേഷ്യയിൽ അനുരജ്ഞന ശ്രമം നടത്തുന്ന റഷ്യ, ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ , യു.എൻ എന്നിവരുടെ പ്രതിനിധിയായിരുന്നു.

ചരിത്രപരമായി സമ്പന്നമായ ഗസ്സയുടെ അസ്ഥിത്വം തകർക്കുക എന്ന പ്രഖ്യാപിത അജണ്ടയുമായി 2006 മുതൽ ഇസ്രായേൽ പിന്തുടരുന്ന രാഷ്ട്രീയ നീക്കങ്ങളുടെ പ്രതിഫലനമാണ് ഇപ്പോൾ ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടങ്ങൾക്ക് നിദാനം. വംശീയമായ ഉന്മൂലനം വഴി ഗസ്സയെ സമ്പൂർണ്ണമായി ഇല്ലാതാക്കാം എന്നാണ് കഴിഞ്ഞ 10 വർഷങ്ങളായി ഇസ്രായേൽ ഭരണകൂടം കരുതുന്നത്. മാത്രവുമല്ല ഗസ്സയുടെ ഉള്ളിലുള്ള ഹമാസിന്റെ പ്രവർത്തനം ഫലസ്തീനിയൻ ഭരണകൂടത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും എന്നും ഇസ്രയേൽ കണക്കുകൂട്ടുന്നു. ഫലസ്തീൻ ഗവൺമെന്റിന്റെ ആഭ്യന്തരമായ അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം ജൂത സെറ്റിൽമെന്റുകൾ വെസ്റ്റ് ബാങ്കിലേക്കും കൂടി വ്യാപിപ്പിച്ചാലേ തങ്ങളുദ്ദേശിക്കുന്ന സമാധാനം മേഖലയിൽ ഉണ്ടാവൂ എന്ന് ഇസ്രായേൽ ഭരണകൂടം വിശ്വസിക്കുന്നു.

ഇടക്കിടെ ഇസ്രായേൽ ഗസ്സയിൽ നടത്താറുള്ള അക്രമണത്തെ അവർ സ്വയം വിശേഷിപ്പിക്കുന്നത് ‘കള പറിക്കൽ നയം’ എന്നാണ്. ഈയൊരു നടപടിക്രമത്തിലൂടെ തങ്ങൾക്ക് നഷ്ടമാവുന്ന സൈനികരുടെ എണ്ണവും മരണപ്പെടുന്ന ഫലസ്തീനികളുടെ എണ്ണവും തമ്മിൽ ഒത്തു നോക്കുമ്പോൾ ഇസ്രായേൽ പക്ഷത്തുനിന്ന് മരണപ്പെടുന്നവരുടെ സംഖ്യ ഫലസ്തീനികളെ അപേക്ഷിച്ച് എത്രയോ കുറവാണെന്ന് അവർ മനസ്സിലാക്കുന്നു. കാരണം ഫലസ്തീനിൽ കൊല്ലപ്പെടുന്നത് അധികവും സാധാരണക്കാരാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം 2009 ൽ 1417 ഫലസ്തീനികൾക്ക് പകരം 13 ഇസ്രായേൽ സൈനികരെയാണ് അവർക്ക് നഷ്ടമായത്. 2012 ൽ 166 ഫലസ്തീനികൾക്ക് ജീവഹാനി സംഭവിച്ചപ്പോൾ അധിനിവേശ സേനയുടെ 6 പേരാണ് ഇല്ലാതായത്. 2014 ൽ 2,251 ഫലസ്തീനികളും 72 ഇസ്രായേൽ സൈനികരും മരണപ്പെട്ടു. 2021ൽ 256 ഫലസ്തീനികൾ രക്തസാക്ഷിത്വം പുൽകിയപ്പോൾ അധിനിവേശ സൈന്യത്തിൽ നിന്നും 15 പേരാണ് കൊല്ലപ്പെട്ടത്.

ഇസ്രായേൽ സൈന്യം ഗസ്സയിൽ ചെയ്തുകൂട്ടിയ മനുഷ്യത്വം മരവിപ്പിക്കുന്ന യുദ്ധക്കെടുതികൾ മുമ്പത്തേത് പോലെ അങ്ങനെയങ്ങ് അവഗണിച്ച് കളയാമെന്ന് കരുതിയിടത്ത് തെറ്റി. അത്തരത്തിലുള്ള എല്ലാ ധാരണകളെയും പൊളിച്ചടക്കുന്നതായിരുന്നു ഒക്ടോബർ ഏഴിന് സംഭവിച്ചത്. അതിനുശേഷം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന നരനായാട്ടിൽ 23,000 ഓളം ഫലസ്തീനികൾക്കാണ് ജീവൻ നൽകേണ്ടി വന്നത്. ഒരുപാട് പേർക്ക് വീടുകൾ നഷ്ടപ്പെട്ടു. ഹമാസിനെ ഇല്ലാതാക്കും എന്നുള്ള സ്ഥിരം പല്ലവി തന്നെയാണ് ബെഞ്ചമിൻ നെതന്യാഹു ആവർത്തിക്കുന്നത്. ഇതുപോലൊന്ന് 1956 ൽ ബെൻ ഗുരിയനും പറഞ്ഞിരുന്നു. സമാനതകളില്ലാത്ത യുദ്ധ കുറ്റം ചെയ്ത ആൾ എന്ന നിലക്ക് ലോകം മുഴുവനും ഇന്ന് നെതന്യാഹുവിനെ നോക്കിക്കാണുകയാണ്. മാത്രവുമല്ല 1948 മുതലുള്ള ഗസ്സയുടെ മേലുള്ള അധിനിവേശത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഇസ്രയേൽ വഹിക്കേണ്ടിവരും.

അവസാനിപ്പിക്കുകയാണ്, ഗസ്സയുടെ സുവർണ്ണകാലം തിരിച്ചുപിടിക്കേണ്ടതുണ്ട്. അതിനാദ്യം ചെയ്യേണ്ടത് ഗസ്സയുടെ മേലുള്ള ഉപരോധം എടുത്തു മാറ്റുകയും മറ്റു സ്ഥലങ്ങളിലേക്കുള്ള അവരുടെ പ്രവേശനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ്. 2005 ൽ ലോക ബാങ്ക് പ്രസിഡണ്ട് ആയിരുന്ന ജെയിംസ് വോൾഫെൻസൺ മുന്നോട്ടു വച്ചത് പ്രകാരം ഗസ്സ സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാൻ ലോകരാഷ്ട്രങ്ങളുടെ ഇടപെടൽ അനിവാര്യമാണ് . സമാന സ്വഭാവമുള്ള വളർച്ചയുടെയും വികസനത്തിന്റെയും വ്യത്യസ്തങ്ങളായ സ്ട്രാറ്റജികൾ ഗസ്സയിൽ നടപ്പാക്കിയാൽ ഒരുകാലത്തെ പ്രമുഖ വ്യവസായ കേന്ദ്രമായിരുന്ന ഗസ്സ മുനമ്പിനെ പഴയ പ്രൗഢിയിൽ കാണാവുന്നതാണ്.

എന്തുതന്നെയാണെങ്കിലും അധിനിവേശ സേനയുടെ നരനായാട്ടിന്റെ സാഹചര്യത്തിൽ ഉപരിസൂചിത സ്ട്രാറ്റജികൾ നടപ്പിൽ വരുത്തുക എന്നത് ദുഷ്കരമാണ്. ഇപ്പോഴുള്ള നരമേധത്തിൽ നിന്നും ഏക രക്ഷാമാർഗ്ഗം മേൽപ്പറഞ്ഞ വഴികൾ തന്നെയാണ്. ഇപ്പോൾ അതിഭീകരമായ കഷ്ടാരിഷ്ടതകളാണ് അനുഭവിക്കുന്നതെങ്കിലും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വിളനിലമായി ഒരുനാൾ ഗസ്സ പുനരവതരിക്കുക തന്നെ ചെയ്യും.

Related Articles