Current Date

Search
Close this search box.
Search
Close this search box.

മകനേ, സംസാരിക്കുന്നവനാകാം പക്ഷെ, വായാടിയാകരുത്

ഖാബൂസ്‌നാമ - 4

മകനേ, സംസാരപ്രിയനാകാം. എന്നാല്‍, കളവുപറയുന്നവനാകരുത്. കളവിനാല്‍ കുപ്രസിദ്ധി നേടിയവനുമാകരുത്. പകരം, സത്യസന്ധതക്ക് പേരുകേട്ടവനാവുക. അങ്ങനെ വരുമ്പോള്‍ ദുര്‍ഘടനിമിഷത്തില്‍ നീ പറയുന്ന കളവും വിശ്വസിക്കപ്പെട്ടേക്കാം. കളവിനോട് സാദൃശ്യം തോന്നുംരീതിയില്‍ സത്യം പറയരുത്. കളവിനോട് സദൃശ്യത പുലര്‍ത്തുന്ന സത്യത്തെക്കാള്‍ നല്ലത് സത്യത്തോട് സാദൃശ്യം തോന്നുന്ന കളവാണ്. കാരണം, ഈ കളവ് സ്വകരിക്കപ്പെടുകയും ആ സത്യം തിരസ്‌കരിക്കപ്പെടുകയും ചെയ്‌തേക്കാം. സുല്‍താന്‍ അബുല്‍അസ്‌വാറുമൊത്ത് എനിക്കുണ്ടായ ദുരനുഭവം നിനക്ക് സംഭവിക്കാതിരിക്കട്ടെ.
കുര്‍ദിസ്ഥാന്‍ സുല്‍താനായിരുന്ന അബുല്‍അസ്‌വാര്‍ ശാവിര്‍ ബ്ന്‍ ഫള്ല്‍ ഒരിക്കല്‍ ഗഞ്ചയിലേക്ക് പടയാളികളൊത്ത് യുദ്ധത്തിന് പുറപ്പെട്ടു. അദ്ദേഹം ഹജ്ജ് തീര്‍ഥാടനം കഴിഞ്ഞുവന്ന വര്‍ഷമായിരുന്നു അത്. അക്കാലമായപ്പോഴേക്കും ഇന്ത്യയടക്കം പലയിടങ്ങളിലും യുദ്ധം ചെയ്ത പരിചയം എനിക്ക് ഉണ്ടായിരുന്നു. റോമക്കാര്‍ക്കെതിരെയും പടപൊരുതണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു. സുല്‍താന്‍ അബുല്‍അസ്‌വാര്‍ അതിബുദ്ധിമാനും എന്നാല്‍ ശാന്ത പ്രകൃതക്കാരനുമായിരുന്നു. നീതിമാനും ധീരനും വാക്ചാതുരിയുള്ളവനുമായിരുന്നു. അഭിമാനികളായ രാജാക്കന്മാരുടെ കൂട്ടത്തിലായിരുന്നു അദ്ദേഹം. എല്ലാം കഠിന പരിശ്രമത്താല്‍ നേടിയെടുത്തത്.
എന്നെ കണ്ട അദ്ദേഹം തന്റെ അടുത്തേക്ക് വിളിച്ചു. ഞങ്ങള്‍ പരസ്പരം നീണ്ട സംസാരത്തിലേര്‍പ്പെട്ടു. പല കാര്യങ്ങളെക്കുറിച്ചും സുല്‍താന്‍ ചോദിച്ചു. അറിയുന്നതിനെല്ലാം ഞാന്‍ മറുപടിയും കൊടുത്തു. എന്തുകൊണ്ടോ എന്റെ സംസാരം അദ്ദേഹത്തിന് നന്നായി ബോധിക്കുകയും എന്നെ ആദരിക്കുകയും ചെയ്തു. നാട്ടിലേക്കു തിരിച്ചു പോരാന്‍ സുല്‍താന്‍ എന്നെ സമ്മതിച്ചില്ല. അദ്ദേഹത്തിന്റെ സല്‍ക്കാരത്തിലും ബഹുമാനത്തിലും ഞാനും സംതൃപ്തനായിരുന്നു. അങ്ങനെ വര്‍ഷങ്ങളോളം ഞാന്‍ ഗഞ്ചയില്‍ തങ്ങി. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും അദ്ദേഹം എന്നെയും കൂടെ ഇരുത്തി. പിന്നെയും പല കാര്യങ്ങളും ചോദിച്ചറിഞ്ഞു.
ആ സംസാരം അങ്ങനെ അത്ഭുതകരമായ പല കഥകളിലേക്കും എത്തിച്ചേര്‍ന്നു.
‘ജുര്‍ജാനില്‍ ഒരു കുഗ്രാമമുണ്ട്.’ ഞാന്‍ സുല്‍താനോട് പറഞ്ഞു. ‘ഗ്രാമത്തില്‍നിന്ന് വളരെ അകലെയായിട്ടാണ് നദി സ്ഥിതി ചെയ്യുന്നത്. വെള്ളത്തിനുവേണ്ടി സ്ത്രീകള്‍ കുടവുമേന്തി എന്നും ആ നദിക്കരയിലേക്കു പോകാറാണ് പതിവ്. കൂട്ടത്തില്‍ ഒരു സ്ത്രീ ഒരു ഒഴിഞ്ഞ കുടവും കൂടെ കരുതും. അവള്‍ മുന്നില്‍ നടക്കുകയും വഴിനീളെ നിരീക്ഷിക്കുകയും ചെയ്യും. ആ ഗ്രാമവീഥികളില്‍ പച്ച പുഴുക്കളുണ്ടാകാറുണ്ട്. അവള്‍ മുന്നില്‍ നടന്ന് വെള്ളം നിറച്ച കുടങ്ങളുമായി പിന്നില്‍ വരുന്ന സ്ത്രീകള്‍ ചവിട്ടാതിരിക്കാന്‍ അവയെ വഴിയില്‍നിന്ന് അകലേക്കു നീക്കും. ഏതെങ്കിലും സ്ത്രീ പുഴുവിനെ ചവിട്ടി അത് ചത്തുപോയാല്‍ തല്‍ക്ഷണം ആ സ്ത്രീ ചുമക്കുന്ന കുടത്തിലെ വെള്ളം ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങും. അതോടെ അതു കളഞ്ഞ് വീണ്ടും നദിയില്‍ചെന്ന് ശുദ്ധജലം ശേഖരിക്കേണ്ടി വരും.’
എന്റെ കഥ കേട്ട സുല്‍താന്‍ അബുല്‍അസ്‌വാര്‍ അതൃപ്തിയോടെ മുഖം ചുളിച്ചു. അദ്ദേഹത്തിന്റെ മുഖഭാവമെല്ലാം ആകെ മാറിപ്പോയിരുന്നു. കുറച്ചു ദിവസത്തേക്ക് അതേ സ്ഥിതിയില്‍തന്നെ അദ്ദേഹത്തെ കാണപ്പെട്ടു. എന്നോട് മിണ്ടിയതേയില്ല. പിന്നീട് ഒരിക്കല്‍ ഫൈറൂസുദ്ദൈലമി എന്നോട് പറഞ്ഞു: ‘നിങ്ങളുടെ കഥ രാജാവിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരിക്കുന്നു. വലിയൊരു സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയോട് കുട്ടികളോട് കഥ പറയുന്നപോലെയെല്ലാം പറയാമോ?’
ഉടനെ ഞാന്‍ ജുര്‍ജാനിലേക്ക് ഒരു ദൂതനെ പറഞ്ഞയച്ചു. ദൂതനോട് അവിടെയുള്ള ഖാളിയെയും പണ്ഡിത നേതൃത്വത്തെയും കണ്ട് ഇത് സത്യമാണെന്നും ആ ഗ്രാമവും പുഴുക്കളും നിലവിലുണ്ടെന്നും പ്രസ്തുത സംഭവം ഇപ്പോഴും ഉണ്ടാകാറുണ്ടെന്നും ഉറപ്പിക്കുന്ന ഒരു സാക്ഷിപത്രവുമായി വരാന്‍ കല്പിച്ചു. നാലു മാസത്തിനുശേഷം സാക്ഷിപത്രവുമായി ദൂതന്‍ തിരിച്ചെത്തി. ഉടനെ ഞാന്‍ അത് സുല്‍താന്‍ അബുല്‍അസ്‌വാറിന് മുന്നില്‍ വായിച്ചു കേള്‍പ്പിച്ചു.
‘താങ്കളെപ്പോലെയുള്ള ഒരു വ്യക്തിയില്‍നിന്ന് കളങ്കമുള്ള ഒരു വാക്കും വരില്ലെന്ന് എനിക്ക് അറിയാമായിരുന്നു. പ്രത്യേകിച്ചും എന്റെ സന്നിധിയില്‍. പക്ഷെ, നിങ്ങള്‍ ആ പറഞ്ഞ സത്യം തെളിയിക്കപ്പെടാന്‍ നാല് മാസത്തെ കാലാവധിയും നാട്ടുകാരുടെ സാക്ഷിപത്രവും വേണ്ടി വന്നു!’ സുല്‍താന്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
മകനേ, വാക്ക് നാല് ഇനമാണ്:  അറിയുകയോ പറയുകയോ ചെയ്യാന്‍ പാടില്ലാത്തതാണ് അതില്‍ ഒന്നാമത്തെത്. രണ്ട്, അറിയുകയും പറയുകയും വേണം. മൂന്ന്, പറയാം അറിയണമെന്നില്ല. നാല്, അറിയാം പറയാന്‍ പാടില്ല.
ഒന്നാമത്തെത്, ദീനിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ രണ്ടാമത്തെത്, ദീനിനും ദുനിയാവിലും നന്മയുണ്ടാക്കുന്ന വാക്കുകളാണ്. അത് ഇഹലോകത്തും പരലോകത്തും ഉപകാരപ്പെടും. അത് പറയുന്നതുകൊണ്ടും കേള്‍ക്കുന്നതുകൊണ്ടും പറയുന്നവനും കേള്‍ക്കുന്നവനും നേട്ടമുണ്ട്.
മൂന്നാമത്തെത്, നിന്റെ കൂട്ടുകാരനില്‍നിന്നോ അല്ലെങ്കില്‍ സമൂഹത്തിലെ ഉന്നതസ്ഥാനീയനില്‍നിന്നോ സംഭവിച്ച, നിനക്ക് അറിയാവുന്ന വിഡ്ഢിത്തമാണ്. അതു മറ്റാരോടെങ്കിലും പറഞ്ഞാല്‍ ഉന്നതസ്ഥാനീയന്‍ നിന്നോട് ദേഷ്യപ്പെടും. കൂട്ടുകാരന്‍ നിന്നെ ഉപദ്രവിക്കും. അത്തരം കാര്യങ്ങള്‍ അറിഞ്ഞാലും പറയാതിരിക്കുന്നതാണ് ഉത്തമം.
നാലമത്തെത്, ദൈവിക ഗ്രന്ഥത്തിലുള്ള കാര്യങ്ങളാണ്. അതുപോലെ പ്രവാചക മൊഴികളും. പണ്ഡിതന്മാര്‍ക്ക് അവയില്‍ പല അഭിപ്രായഭിന്നതകളും കാണാം. അതിനെ തന്നിഷ്ടം വ്യാഖ്യാനിക്കാതിരുന്നാല്‍ അത്രയും ദൈവകോപത്തില്‍നിന്നും രക്ഷപ്പെടാം. ഇവയെക്കുറിച്ചാണ് അറിയണമെന്നില്ലെങ്കിലും പറയാം എന്നു പറഞ്ഞത്.
മേല്‍പ്പറഞ്ഞ നാല് ഇനങ്ങളില്‍ എറ്റവും നല്ലത് അറിയാനും പറയാനും പറ്റുന്ന വാചകങ്ങളാണ്. ഏത് ഇനമാണെങ്കിലും അതിനെല്ലാം രണ്ടു വശമുണ്ട്; നന്മയുടെതും തിന്മയുടെതും. നിന്റെ വാക്കുകള്‍ക്ക് സ്വീകാര്യത ലഭിക്കാനും നിന്റെ സ്ഥാനം ജനങ്ങള്‍ അംഗീകരിക്കാനും സുതുത്യര്‍ഹമായ രൂപത്തില്‍ സംസാരിക്കുക. ‘മനുഷ്യന്‍ തന്റെ നാവിനു കീഴെ ഒളിഞ്ഞിരിക്കുന്നവനാണ്’ എന്നത് ജനങ്ങള്‍ക്കിടയിലെ പഴമൊഴിയാണ്. കേള്‍ക്കുന്നവന് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിലുള്ള സംസാര രീതികളുമുണ്ട്. അതുവിട്ട് മനസ്സിന് സംതൃപ്തി ലഭിക്കുന്ന തരത്തില്‍ മാത്രം സംവദിക്കുക.
ഖലീഫ ഹാറൂന്‍ റഷീദ് ഒരിക്കല്‍ ഒരു സ്വപ്‌നം കണ്ടു; തന്റെ പല്ലുകള്‍ മുഴുവന്‍ വായില്‍നിന്ന് കൊഴിഞ്ഞു പോകുന്നു. തൊട്ടടുത്ത ദിവസം പുലര്‍ച്ചക്കുതന്നെ അദ്ദേഹം സ്വപ്‌നവ്യാഖ്യാതാവിനെ വിളിച്ച് കാര്യം അറിയിച്ചു. ‘അമീറുല്‍ മുഅ്മിനീന്‍, അങ്ങേക്ക് അല്ലാഹു ദീര്‍ഘായുസ്സ് നല്‍കട്ടെ. അങ്ങയുടെ ബന്ധുക്കളെല്ലാം അങ്ങേക്കു മുന്നേ മരിച്ചുപോകും. അങ്ങേക്കുശേഷം ഒരാളുംതന്നെ ഉണ്ടാവുകയില്ല.’ സ്വപ്‌നവ്യാഖ്യാതാവ് വിശദീകരിച്ചു.
ഉടനെ ഹാറൂന്‍ റഷീദ് അദ്ദേഹത്തെ നൂറ് ചാട്ടയടിക്കാന്‍ കല്പിച്ചു.
‘അങ്ങേയറ്റം വേദനയുണ്ടാക്കുന്ന കാര്യമാണോ നിങ്ങളെന്നോട് പറയുന്നത്? എന്റെ കുടുംബക്കാര്‍ മുഴുവന്‍ മരിച്ചുപോയാല്‍ പിന്നെ എനിക്ക് ആരാണ് കൂട്ടിനുള്ളത്? ‘ ഹാറൂന്‍ റഷീദ് അദ്ദേഹത്തോട് കഠിനമായി ദേഷ്യപ്പെടുകയും മറ്റൊരു വ്യാഖ്യാതാവിനെ കൊണ്ടുവരാന്‍ ആജ്ഞാപിക്കുകയും ചെയ്തു.
‘അമീറുല്‍ മുഅ്മിനീന്‍, തന്റെ കുടുംബത്തിലെ സര്‍വരെക്കാളും ദീര്‍ഘായുസ്സ് അങ്ങേക്കായിരിക്കും ഉണ്ടാവുക എന്നാണ് അതിന്റെ വ്യാഖ്യാനം!’ സ്വപ്‌നം കേട്ട രണ്ടാമത്തെ വ്യാഖ്യാതാവ് പറഞ്ഞു.
‘ചിന്തിച്ചു നോക്കിയാല്‍ ഒന്നാമന്‍ പറഞ്ഞതും രണ്ടാമന്‍ പറഞ്ഞതും തത്വത്തില്‍ ഒന്നുതന്നെ. കൂടുതലായൊന്നുമില്ല. പക്ഷെ, രണ്ട് വ്യാഖ്യാനങ്ങള്‍ തമ്മില്‍ പറഞ്ഞിടത്ത് വലിയ അന്തരമുണ്ടായി.’ ഹാറൂന്‍ റഷീദ് സന്തോഷത്തോടെ പറഞ്ഞു. രണ്ടാമത്തെ വ്യഖ്യാതാവിന് നൂറ് ദീനാര്‍ സമ്മാനമായി നല്‍കുകയും ചെയ്തു.
ഈ ഉപദേശഗ്രന്ഥത്തോട് യോജിച്ചതല്ലെങ്കിലും നിര്‍ബന്ധമായും പറഞ്ഞിരിക്കേണ്ട മറ്റൊരു സംഭവം കൂടിയുണ്ട്: പണ്ടുപണ്ട് ഒരാള്‍ തന്റെ അടിമയോടൊത്ത് ഗാഢനിദ്രയിലായിരുന്നു.
‘നിന്റെ പിന്‍ഭാഗം അങ്ങോട്ട് തിരിച്ച് കിടക്കൂ.’ ഇടയ്ക്ക് അയാള്‍ തന്റെ അടിമയോട് പറഞ്ഞു.
‘യജമാനാ, ഇപ്പറഞ്ഞത് ഏറ്റവും നല്ല രീതിയില്‍ അങ്ങേക്ക് പറയാമായിരുന്നില്ലേ?’ വിഷമത്തോടെ അടിമ ചോദിച്ചു. ‘എങ്ങനെ?’ യജമാനന് കൗതുകമായി. ‘നിന്റെ മുഖം ആ ഭാഗത്തേക്ക് തിരച്ച് കിടക്കൂ എന്ന് ആവാമായിരുന്നില്ലേ? രണ്ടിന്റെയും താല്പര്യം ഒന്നുതന്നെ. എങ്കിലും, കേള്‍വിയില്‍ മോശത്തരം തോന്നുന്ന രീതിയില്‍ അങ്ങ് പറയരുതായിരുന്നു.’ അടിമ പറഞ്ഞു. മറുപടിയില്‍ സന്തുഷ്ടനായി അയാള്‍ ആ അടിമയെ മോചിപ്പിച്ചു.
പറയുന്ന വാക്കിന്റെ ഉള്ളും പുറവും രൂപവും ഭാവവും അറിഞ്ഞിരിക്കണം. പറയുന്നതെല്ലാം ഏറ്റവും നന്നായി സ്ഫുടതയോടെയും വ്യക്തതയോടെയും പറയുക. പറയുന്നതെന്താണ് എന്ന ബോധ്യമില്ലാതെയാണ് നീ സംസാരിക്കുന്നതെങ്കില്‍ പിന്നെ നീയും തത്തയും തമ്മില്‍ എന്താണ് വ്യത്യാസം? ഒന്നും മനസ്സിലാവില്ലെങ്കിലും തത്തയും നിന്നെപ്പോലെ സംസാരിക്കും. സംസാരിക്കുന്നവന് പറയുന്ന ഓരോ വാക്കുകളെക്കുറിച്ചും കൃത്യമായ അറിവും ബോധ്യവും വേണം. അപ്പോള്‍ മാത്രമാണ് നീ ബുദ്ധിമാനാകുന്നത്. അല്ലാത്തപക്ഷം, മനുഷ്യരൂപത്തിലുള്ള നാല്‍ക്കാലി മാത്രമാണ് നീ.
വാക്കുകള്‍ പവിത്രമാണ്. അവ ദൈവീകവുമാണ്. പറയേണ്ടിടത്ത് പറയേണ്ടതുപോലെ പറയണം. ഒരു കാര്യവും അനവസരത്തില്‍ പറഞ്ഞു പോകരുത്. പറയുന്നതെല്ലാം സത്യസന്ധമായിരിക്കണം. അര്‍ഥമില്ലാത്ത വാദക്കാരനാകരുത്. ഓരോ വാദം ഉന്നയിക്കുമ്പോഴും വാദത്തെക്കാള്‍ അതിനുള്ള തെളിവുകളെക്കുറിച്ച് നിനക്ക് അറിവുണ്ടായിരിക്കണം. നിനക്ക് അറിവില്ലാത്ത കാര്യത്തില്‍ വാദിക്കുകയും ചെയ്യരുത്. അത് നിന്റെ ജീവിതോപാദിയും ആക്കരുത്. അറിയുന്ന കലയുടെയും ജ്ഞാനത്തിന്റെയും പരമ ലക്ഷ്യത്തെക്കുറിച്ച് ബോധ്യം വേണം. എന്നാല്‍ മാത്രമേ, അവ ശരിയാംവിധം ഉള്‍ക്കൊള്ളാനാകൂ.
കിസ്‌റാ ബര്‍വീസിന്റെ കാലത്ത് മന്ത്രി ബസ്ര്‍ജംഹറിനെ കണ്ട് ഒരു സ്ത്രീ സംശയം ചോദിച്ചു. വിഷയത്തെക്കുറിച്ച് പൂര്‍ണമായി അറിയാതെ തല്‍ക്ഷണം മറുപടി കൊടുക്കാന്‍ അദ്ദേഹത്തിന് മനസ്സു വന്നില്ല. ‘എനിക്ക് അറിയില്ല.’ ബസ്ര്‍ജംഹര്‍ നിസ്സംഗനായി പറഞ്ഞു.
‘താങ്കള്‍ക്ക് ഇതേക്കുറിച്ച് അറിവില്ലെങ്കില്‍ പിന്നെ എന്തിനാണ് താങ്കള്‍ രാജാവിന്റെ സമ്പത്തില്‍നിന്ന് വേതനം പറ്റുന്നത്?’ സ്ത്രീ കോപാകുലയായി.
‘എന്തിന് ഞാന്‍ അത് അറിയണം! എനിക്ക് അറിയാത്ത ഒരു കാര്യത്തിനും രാജാവ് എനിക്ക് ഒന്നും തരുന്നില്ല. അതേക്കുറിച്ച് നിങ്ങള്‍ക്ക് അറിവില്ലെങ്കില്‍ രാജാവിനോട് നേരിട്ട് ചോദിക്കാവുന്നതാണ്.’ ബസ്ര്‍ജംഹര്‍ സൗമ്യനായി മറുപടി പറഞ്ഞു.
മകനേ, പതിവു ശീലങ്ങളില്‍ വീഴ്ച വരുത്തരുത്. അത് അവലക്ഷണമാണ്. എല്ലാ പ്രവൃത്തികളിലും മധ്യമരൂപം സ്വീകരിക്കുക. ‘കാര്യങ്ങളില്‍വച്ച് ഏറ്റം നല്ലത് അതിന്റെ മധ്യമരൂപമാണ്’ എന്ന് തിരുനബി(സ്വ) തന്നെ നമ്മെ ഉപദേശിച്ചതാണല്ലോ. അപ്പോഴാണ് വാക്കിലും പ്രവൃത്തിയിലും ചാരുതയുണ്ടാകുന്നത്. വാക്കിനും പ്രവൃത്തിക്കും കൃത്യമായ അളവും തൂക്കവുമുണ്ട്. അത് അതിരു കടന്നാല്‍ ചിലപ്പോള്‍ ആക്ഷേപിക്കപ്പെട്ടേക്കാം. കാര്യങ്ങളിലെ വ്യഗ്രതയെക്കാളും മടുപ്പുണ്ടാക്കുന്ന അവതാനതയെക്കാളും പക്ഷെ നല്ലത് അതാണ്.
നിനക്ക് യാതൊരു ഉപകാരവും ഉപദ്രവും നല്‍കാത്ത രഹസ്യങ്ങള്‍ അറിയാന്‍ ശ്രമിക്കരുത്. നിന്റെ രഹസ്യങ്ങള്‍ മറ്റുള്ളവരോട് പങ്കുവക്കുകയും ചെയ്യരുത്. പറഞ്ഞു കഴിഞ്ഞാല്‍ പിന്നെയതിന് രഹസ്യ സ്വഭാവം നിലനിര്‍ത്താനാകില്ല. ജനങ്ങള്‍ക്ക് മുന്നില്‍വച്ച് ആരോടും അടക്കം പറയരുത്. അത് നന്മയാണെങ്കില്‍പോലും പ്രത്യക്ഷത്തിലത് തന്മയായി മാറും. കാരണം, ജനങ്ങളില്‍ മിക്കവരും പരസ്പരം ദുര്‍വിചാരം വെച്ചുപുലര്‍ത്തുന്നവരാണ്.
പറയുന്ന ഓരോ വാക്കിലും ചെയ്യുന്ന ഓരോ പ്രവൃത്തിയിലും നീ മനഃക്കരുത്തുള്ളവനായിരിക്കണം. നീ പറയുന്ന ഓരോ കാര്യങ്ങളും നിന്റെ സത്യസന്ധതക്കുള്ള സാക്ഷിപത്രമായിരിക്കണം. അനാദരവിനെ നീ ഭയക്കുന്നുവെങ്കില്‍ അതിനുള്ള ഒരു തെളിവും നീ ഉണ്ടാക്കിവക്കരുത്. എന്നാല്‍, തെളിവ് ബാക്കിയാക്കുന്നപക്ഷം പിന്നെ വെറുപ്പെല്ലാം മാറ്റിവച്ച് വിധി സ്വീകരിക്കുക.
ജനങ്ങളുടെ സംസാരത്തിന് ചെവികൊടുക്കുക. അവയുടെ പ്രായോഗികതക്ക് പക്ഷെ ധൃതി കാണിക്കരുത്. ചിന്തിച്ചിട്ടല്ലാതെ ഒന്നും പറയരുത്. പിന്നീട് നിരാശനാകാതിരിക്കാന്‍ അതാണ് നല്ലത്. അന്തിമഫലത്തെക്കുറിച്ചുള്ള ആലോചന ഇരട്ടി സുരക്ഷിതത്വം നല്‍കും. ആരുടെ സംസാരത്തിന് ചെവികൊടുക്കുമ്പോഴും മടുപ്പ് കാണിക്കരുത്. നിനക്ക് ഉപകാരപ്രദമെങ്കിലും അല്ലെങ്കിലും അത് കേട്ടുകൊടുക്കുക. അല്ലായെങ്കില്‍ പിന്നീട് നിനക്ക് അത്യാവശ്യമുള്ള വിവരംപോലും ആരില്‍നിന്നും ലഭിക്കുകയില്ല.
കടുത്തഭാഷയില്‍ സംസാരിക്കരുത്. ശത്രുത വളര്‍ത്തുന്ന വിത്താണ് അത്. ജ്ഞാനിയാണെങ്കിലും സ്വയം അജ്ഞനായി കരുതുക. കൂടുതല്‍ ജ്ഞാന കവാടങ്ങള്‍ തുറക്കപ്പെടാന്‍ അത് കാരണമാകും. കൃത്യമായ വിവരമില്ലാത്ത ഒന്നിനെക്കുറിച്ചും പുകഴ്ത്തിയോ ഇകഴ്ത്തിയോ സംസാരിക്കരുത്. ഉന്നതരാണെങ്കിലും സാധാരണക്കാരാണെങ്കിലും അവരോട് ഒരുപോലെ സംവദിക്കുക. അത് കേള്‍വിക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാകരുത്.
എത്ര വലിയ സംസാരപ്രിയനാണെങ്കിലും അല്പം മാത്രം സംസാരിക്കുക. ധാരാളം അറിവ് നേടി അല്പം മാത്രം സംസാരിക്കുന്നവനാവുക. അല്പം അറിവ് നേടി വാതോരാതെ സംസാരിക്കുന്നവനാകരുത്. എത്ര വലിയ ബുദ്ധിമാനാണെങ്കിലും വായാടിയാണെങ്കില്‍ ജനം അവനെ വിഡ്ഢിയായിട്ടാണ് കണക്കാക്കുക. ഇനി ഒരു വിഡ്ഢി മൗനം പാലിക്കുന്നുവെങ്കില്‍ മൗനം അവന്റെ ബുദ്ധിയുടെ അടയാളമായി ജനം വിലയിരുത്തും. ജനങ്ങളാല്‍ പുകഴ്ത്തപ്പെട്ടവനായിരിക്കാന്‍ ശ്രദ്ധിക്കുക. ആത്മ പ്രശംസ അത്ര നന്നല്ല. കേളികേട്ട ജ്ഞാനിയാണെങ്കിലും ഉപകാരമുള്ളവ മാത്രം സംസാരിക്കുക. അല്ലായെങ്കില്‍ വിനയായിരിക്കും ഫലം. സന്‍ജാനിലെ അലവി യുവാവും ശൈഖും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ കഥ നീ കേട്ടിട്ടില്ലേ?
ബുവൈഹിദുകള്‍ക്ക് കീഴില്‍ ഇസ്മാഈന്‍ ബ്ന്‍ അബ്ബാദ് മന്ത്രിയായിരുന്ന കാലം. സന്‍ജാനില്‍ മുഫ്തിയും മതപ്രബോധനകനുമായ ഒരു ശൈഖ് ജീവിച്ചിരുന്നു. വിശ്രുതനായ കര്‍മശാസ്ത്ര പണ്ഡിതനായിരുന്നു അദ്ദേഹം. ഇമാം ശാഫിഈയുടെ അരുമ ശിഷ്യരിലൊരാള്‍. അക്കാലത്തുതന്നെ അവിടെ ഒരു അലവി യുവാവും ജീവിച്ചിരുന്നു. സന്‍ജാനിലെ മുഖ്യന്റെ മകനായിരുന്ന അലവി യുവാവും മതപ്രബോധനത്തില്‍ വ്യാപൃതനായിരുന്നു.
ഇരുവരും സദാ തര്‍ക്കത്തിലും ശത്രുതയിലുമായിരുന്നു. മിമ്പറില്‍ കയറി പരസ്പരം ആക്ഷേപ വാക്കുകള്‍ ചൊരിയും. ഒരിക്കല്‍ അലവി മിമ്പറില്‍ കയറി പ്രസംഗിച്ചുകൊണ്ടിരിക്കെ ശൈഖിനെ കാഫിര്‍ എന്ന് വിളിച്ചു. ആ വിവരം ശൈഖിന്റെ അടുത്തെത്തി. തന്റെ അടുത്ത പ്രഭാഷണത്തില്‍ അദ്ദേഹം അലവിയെ ഹറാംപിറപ്പെന്ന് പരിഹസിച്ചു. പ്രസ്തുത പ്രസ്താവന അലവിയുടെ കാതിലുമെത്തി. ഞൊടിയിടയില്‍ അദ്ദേഹം തന്റെ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് ഇസ്മാഈല്‍ ബ്ന്‍ അബ്ബാദിനെ കാണാന്‍ റയ്യിലേക്കു പുറപ്പെട്ടു. അവിടെവച്ച് അലവി കരഞ്ഞ് തന്റെ ആവലാതി ബോധ്യപ്പെടുത്തി.
‘നിങ്ങളെപ്പോലെ ഒരാള്‍ ഭരിക്കുന്ന കാലത്തുതന്നെ റസൂലി(സ്വ)ന്റെ കുടുംബ പരമ്പരയിലുള്ള ഒരാള്‍ക്ക് ഹറാംപിറപ്പെന്ന പരിഹാസം കേള്‍ക്കേണ്ടി വന്നല്ലോ?.’ യുവാവ് പറഞ്ഞു.
കോപാകുലനായ ഇസ്മാഈന്‍ ബ്ന്‍ അബ്ബാദ് ശൈഖിനെ വിളിച്ചുവരുത്തി.
‘അല്ലയോ പണ്ഡിതാ! അങ്ങ് ശാഫിഈ പണ്ഡിതരില്‍ ഒരുവനല്ലേ? ഖബ്‌റിന്റെ ഓരത്തെത്തി നില്‍ക്കുന്ന ജ്ഞാനിയല്ലേ? തിരുനബിയുടെ പരമ്പരയിലെ ഒരു സന്താനത്തെ ഹറാംപിറപ്പെന്ന് താങ്കള്‍ക്ക് എങ്ങനെ വിളിക്കാന്‍ കഴിഞ്ഞു? താങ്കളത് ഇപ്പോള്‍ തന്നെ തിരുത്തണം.
അല്ലാത്തപക്ഷം, മാലോകര്‍ക്ക് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ കഠിനമായ ശിക്ഷക്ക് അങ്ങ് വിധേയനാകേണ്ടി വരും. പിന്നീട് ഒരാളും അതിന് ധൈര്യപ്പെടില്ല.’
‘ഞാന്‍ പറഞ്ഞത് സത്യമാണെന്ന് വാദിയായ ഈ അലവിതന്നെ സ്വയം തെളിയിക്കും. അദ്ദേഹത്തെക്കാള്‍ വലിയ സാക്ഷിയെ എവിടെനിന്ന് കിട്ടാനാണ്! എന്റെ പ്രസ്താവനപ്രകാരം അദ്ദേഹം ശുദ്ധ ഹലാലായ ഒരാളുടെ മകനാണ്. എന്നാല്‍, അദ്ദേഹത്തിന്റെ വീക്ഷണപ്രകാരം താന്‍ ഹറാംപിറപ്പാണെന്ന് അദ്ദേഹം സ്വയം തെറ്റിദ്ധരിക്കുന്നു.’ ശൈഖ് തെല്ലും ഭയപ്പെട്ടില്ല.
‘എന്തര്‍ഥത്തിലാണ് താങ്കളത് പറയുന്നത്?’
‘അദ്ദേഹത്തിന്റെ പിതാവിന്റെ മാതാവിന്റെയും നികാഹിന്റെ കാര്‍മികത്വം എനിക്കായിരുന്നുവെന്ന് സന്‍ജാനിലുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. എന്നിട്ടും അദ്ദേഹം എന്നെ മിമ്പറില്‍ കയറി കാഫിര്‍ എന്ന് വിളിച്ചു. വിശ്വാസപൂര്‍വമാണ് അദ്ദേഹം അത് പറഞ്ഞതെങ്കില്‍ കാഫിര്‍ നടത്തിയ നികാഹ് എങ്ങനെ ശരിയാകാനാണ്? അങ്ങനെയാകുമ്പോള്‍ സ്വാഭാവികമായും അദ്ദേഹം ഹറാംപിറപ്പ് തന്നെ ആകേണ്ടേ?
ഇനിയതല്ല, വിശ്വാസപൂര്‍വമായിരുന്നില്ല അദ്ദേഹത്തിന്റെ ആക്ഷേപമെങ്കില്‍ അദ്ദേഹം കള്ളം പറഞ്ഞിരിക്കുന്നു. തിരുനബി(സ്വ)യുടെ സന്തതികള്‍ എങ്ങനെ നുണയന്മാരാകും? അപ്പോള്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ വേണ്ടതു വിളിക്കാം. പക്ഷെ, ഈ രണ്ട് വിശേഷണങ്ങളില്‍ ഒന്നിന് എന്തായാലും അദ്ദേഹം അര്‍ഹനാണ്.’ ശൈഖിന്റെ മറുപടി കേട്ട അലവി ഇളിഭ്യനായി. അദ്ദേഹത്തിന് തിരിച്ചൊന്നും പറയാന്‍ സാധിച്ചില്ല. മുന്‍വിചാരമില്ലാതെ പറഞ്ഞതുകൊണ്ടുള്ള പ്രശ്‌നമാണിത്.
മകനേ, സംസാരിക്കുന്നവനാകാം. പക്ഷെ, വായാടിയാകരുത്. വായാടിത്തം രണ്ടാം ഭ്രാന്താണ്. നീ ആരോടാണ് സംസാരിക്കുന്നത് എന്ന് നോക്കുക. നിന്റെ സംസാരം കേട്ടിരിക്കാന്‍ അവന്‍ തല്പരനാണോ? വാങ്ങാന്‍ വന്നവനാണെങ്കില്‍ അനായാസം വില്‍പ്പന നടത്താം. അതല്ലാ എങ്കില്‍, അവനെ വാങ്ങാന്‍ തോന്നിപ്പിക്കുന്ന എന്തെങ്കിലും പറയുക. അതാണ് മിടുക്ക്. സംസ്‌കാര സമ്പന്നരോട് സംസ്‌കാരമുള്ളവനായും അല്ലാത്തവരോട് സാധാരണക്കാരനായും പെരുമാറണം. സംസ്‌കാരമുള്ളവനാവുകയെന്നതും സാധാരണക്കാരനാവുകയെന്നതും രണ്ടും രണ്ടാണ്.
ആളുകള്‍ പറയുന്നത് കേള്‍ക്കാന്‍ നീ മടികാണിക്കരുത്. കാരണം, കേട്ടുകേട്ടാണ് മനുഷ്യന്‍ പറയാന്‍ പഠിക്കുന്നത്. കുഞ്ഞിനെ പ്രസവിച്ച ഉടനെ ഒരു നിലവറയിലിട്ട് വളര്‍ത്തിയെന്നു കരുതുക. മാതാവോ പിതാവോ ആ കുട്ടിയോട് സംസാരിക്കുന്നേയില്ല. ആരുടെ സംസാരവും കുഞ്ഞ് കേള്‍ക്കുന്നുമില്ല. വലുതാകുമ്പോള്‍ കുഞ്ഞ് ഊമായിരിക്കും. ദീര്‍ഘകാലത്തേക്ക് വീണ്ടും സംസാരം കേട്ടു പഠിച്ചാലല്ലാതെ ആ കുഞ്ഞിന് സംസാരിക്കാനേ കഴിയില്ല. മറ്റൊരു തെളിവുകൂടി ഞാന്‍ പറയാം. ബധിരരായി ജനിക്കുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ? അവര്‍ ഊമകളുമായിരിക്കും. ജ്ഞാനികളുടെ ഉപദേശമാണ് രാജാക്കന്മാരെ ഉള്‍ക്കാഴ്ചയുള്ളവരാക്കുന്നത് എന്ന് തത്ത്വജ്ഞാനികള്‍ പറയാറുണ്ട്. ഹൃദയമിഴികളുടെ നീലാഞ്ജനം ജ്ഞാനമാണ്. അതുകൊണ്ടുതന്നെ ജ്ഞാനികളും ഭാഷണത്തെ ഹൃദയംകൊണ്ട് കേള്‍ക്കാന്‍ ശ്രമിക്കുക.
ഖലീഫ മഅ്മൂനിന്റെ കാലത്തെ കഥ പറയാം. ഖലീഫ ഒരിക്കല്‍ നീതിമാനായ ഭരണാധികാരി അനൂശിര്‍വാന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ പോയി. ശവകുടീരം തുറന്നുനോക്കിയ ഖലീഫ മഅ്മൂന്‍ അമ്പരന്നു. അനൂശിര്‍വാന്റെ ശരീരം യാതൊന്നും സംഭവിക്കാതെ മറവുചെയ്ത അതേ സ്ഥതിയില്‍ തകര്‍ന്നൊരു കിടപ്പടിയുടെ മുകളില്‍ കിടക്കുന്നു. മടങ്ങാന്‍നേരം വൃത്താകാര ചുവരില്‍ സ്വര്‍ണമഷികൊണ്ട് പഹ്‌ലവി ഭാഷയില്‍ എന്തോ എഴുതിവച്ചത് ഖലീഫയുടെ ശ്രദ്ധയില്‍പ്പെട്ടു.
ഉടനെ, അദ്ദേഹം പഹ്‌ലവി ഭാഷയില്‍ നിപുണരായ ആളുകളെ വിളിച്ചുവരുത്തി അത് അറിബിയിലേക്കു വിവര്‍ത്തനം ചെയ്യിച്ചു. ആ അറബി വിവര്‍ത്തനം പിന്നീട് പേര്‍ഷ്യന്‍ ഭാഷയിലും സുപ്രസിദ്ധമായി. അതിങ്ങനെയായിരുന്നു: ‘അല്ലാഹുവിന്റെ അടിയാളവര്‍ മുഴുവന്‍ എന്റെ നീതി ആസ്വദിച്ചു. എന്നെ സമീപിച്ചവര്‍ക്കെല്ലാം എന്റെ കരുണയുടെ നോട്ടം കിട്ടി. എന്നാല്‍, ഇന്നു ഞാന്‍ അശക്തനാണ്. അതുകൊണ്ട് ഇതിവിടെ എഴുതിവക്കുകയല്ലാതെ മറ്റൊരു പോംവഴിയും ഞാന്‍ കണ്ടില്ല. ഇവിടെവന്ന് എന്നെ സന്ദര്‍ശിക്കുന്നവര്‍ക്ക് അത് വായിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യാം. അങ്ങനെയാകുമ്പോള്‍ ഇനിയുള്ള കാലവും അവര്‍ക്ക് വെറുംകയ്യോടെ മടങ്ങേണ്ടി വരില്ലല്ലോ!’ ( തുടരും )
വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles