Current Date

Search
Close this search box.
Search
Close this search box.

വൈജ്ഞാനിക മേഖലയിൽ മവാലികൾ നൽകിയ സംഭാവനകൾ

ആരായിരുന്നു മാവാലികൾ?

ഏഴാം നൂറ്റാണ്ടിലെ അറേബ്യൻ ഉപദ്വീപിന് കൃത്യമായ സ്റ്റേറ്റ് സംവിധാനമോ ഔപചാരിക ഗവൺമെന്റോ ഉണ്ടായിരുന്നില്ല.  വ്യക്തികൾക്ക് അവരുടെ കുടുംബങ്ങളും ഗോത്രങ്ങളും മാത്രമാണ് സംരക്ഷണത്തിനായി ഉണ്ടായിരുന്നത്.  അക്കാലത്ത് പോലീസോ കോടതിയോ ഇല്ലായിരുന്നു.  മറിച്ച്, ആദിവാസി ഗോത്ര ഘടന സംവിധാനമായിരുന്നു.  സുരക്ഷിതനാവാൻ ഒരാൾ ഒരു ഗോത്രവുമായി ബന്ധപ്പെട്ടിരിക്കണം. സമാനമല്ലെങ്കിലും, അറേബ്യയിലെ ഗോത്രങ്ങളുടെ പ്രവർത്തനത്തെ ആധുനിക ലോകത്തെ ഗ്രൂപ്പുകളുടെ പ്രവർത്തനവുമായി താരതമ്യം ചെയ്യാം.  ആളുകൾക്ക് അവരുടെ ഗോത്രത്തോട് സമ്പൂർണ്ണവും അന്ധവുമായ വിശ്വസ്തത ഉണ്ടായിരുന്നു. കാരണം തങ്ങളുടെ നിലനിൽപ്പിനായി അവരതിനെ ആശ്രയിച്ചിരുന്നു.  അതുകൊണ്ടാണ് അറബികളുടെ, “നിങ്ങളുടെ സഹോദരൻ അടിച്ചമർത്തപ്പെട്ടവനായാലും പീഡകനായാലും അവനെ പിന്തുണയ്ക്കുക” എന്ന പ്രസിദ്ധമായ പ്രസ്താവന നമുക്ക് കാണാൻ സാധിക്കുന്നത്9.

എല്ലാ മനുഷ്യരും ദൈവത്തിനുമുമ്പിൽ തുല്യരാണെന്നും, അടുത്ത ബന്ധുവിനെതിരെയാണെങ്കിൽ പോലും നീതിക്കുവേണ്ടി നിലകൊള്ളണമെന്നും ഇസ്ലാം കൽപ്പിക്കുന്നു. അത്തരത്തിലുള്ള ഒരു വെല്ലുവിളി ഗോത്രവ്യവസ്ഥയ്ക്ക് മുന്നിലും ഇസ്ലാം അവതരിപ്പിക്കുന്നുണ്ട്.  ഉദാഹരണത്തിന്, സൂറത്തുന്നിസാഇൽ അല്ലാഹു പ്രസ്‌താവിക്കുന്നു, “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്‌. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു”. 

ഏഴാം നൂറ്റാണ്ടിലെ അറേബ്യയിൽ സ്ത്രീകൾ, അനാഥർ, അടിമകൾ എന്നിവരായിരുന്നു ഏറ്റവും കൂടുതൽ ദുർബലരായിരുന്നത്.  സമത്വത്തിനും നീതിക്കും വേണ്ടിയുള്ള മുഹമ്മദ് നബിയുടെ ആഹ്വാനം അഭൂതപൂർവമായിരുന്നു.  നീതിയും സമത്വവും പ്രവാചകരുടെ സന്ദേശത്തിന്റെ കേന്ദ്ര വിഷയങ്ങളാണ്10. അയൽപ്രദേശത്ത് ഒരു പ്രായമായ സ്ത്രീയോട് മോശമായി പെരുമാറിയ വിവരം പ്രവാചകനറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്: “ശക്തരിൽ നിന്ന് അശക്തരെ സംരക്ഷിക്കാത്ത ഒരു ജനതയെ ദൈവം എങ്ങനെ വിശുദ്ധീകരിക്കും?” എന്നാണ്11

നീതിയും അടിസ്ഥാന അവകാശങ്ങളും എല്ലാവരുടേതും, അമുസ്‌ലിംകൾക്ക് പോലും അവകാശപ്പെട്ടതുമായ രീതിയിൽ ഉറപ്പുനൽകുന്ന ഒരു ക്രമം ഖുർആനും സുന്നത്തും സ്ഥാപിച്ചു12. “പാലകരില്ലാത്തവരുടെ രക്ഷാധികാരി” എന്നാണ് പ്രവാചകൻ അതിനെ വിശേഷിപ്പിച്ചത്13. ചില ഗോത്രങ്ങൾക്ക് മറ്റുള്ളവരെക്കാൾ മുൻഗണന നൽകുന്ന ഒരു ഗോത്രവ്യവസ്ഥയിൽ നിന്ന് സാർവത്രിക മുസ്ലീം സമൂഹത്തിലേക്കുള്ള മാറ്റം ഒരു രാത്രിയിൽ സംഭവിച്ചതല്ല.  പകരം, അത് വർഷങ്ങളോളം നടന്ന ക്രമാനുഗതമായ ഒരു പ്രക്രിയയായിരുന്നു.

ഏഴാം നൂറ്റാണ്ടാവുമ്പോൾ അറേബ്യയിൽ ഗോത്രവ്യവസ്ഥയിലേക്ക് പുറത്തുനിന്നുള്ളവരെ സംയോജിപ്പിക്കാൻ ഒരു മാർഗമുണ്ടായിരുന്നു. ഇത് ജാഹിലിയ്യാ ഗോത്ര സമ്പ്രദായത്തിൽ നിന്ന് ഇസ്‌ലാമിക നിയമവാഴ്ചയിലേക്ക് മാറുന്നതിന് നിർണായകമാണെന്ന് തെളിയിക്കും.  വിദേശികൾ, അന്യ പ്രദേശങ്ങളിൽ നിന്ന് കുടിയേറിയ അറബികൾ, മറ്റ് ബന്ധമില്ലാത്ത വ്യക്തികൾ എന്നിവർക്ക് ഒരു ഗോത്രത്തിന്റെ അംഗങ്ങളായി മാറാം (mawlā, plural mawāli).  സ്വതന്ത്ര അടിമകൾക്ക് നൽകിയ പദവിയും ഇതു തന്നെയായിരുന്നു.  ഒരു അറബ് ഗോത്രത്തിലെ അംഗം അവരുടെ അടിമയെ മോചിപ്പിക്കുമ്പോൾ, അടിമ ആ ഗോത്രത്തിന്റെ അംഗമായി മാറും.  മോചിതരായ അടിമകൾ യഥാർത്ഥത്തിൽ ഗോത്രത്തിൽ പെട്ടവരായിരുന്നില്ലെങ്കിലും അവർ ഗോത്രവുമായി ഒരു ബന്ധം നിലനിർത്തിയിരുന്നു. ഇസ്‌ലാമിന്റെ ആദ്യ ദശകങ്ങളിൽ, മോചിപ്പിക്കപ്പെട്ട അടിമകളെയും ഗോത്ര വ്യവസ്ഥയിലേക്ക് വന്നു ചേർന്ന ആളുകളെയുമാണ് മവാലി എന്ന വിളിച്ചിരുന്നത്.

മുസ്‍ലിംകൾ അറേബ്യൻ അതിർത്തിയിൽ നിന്ന് മറ്റിടങ്ങളിലേക്ക് വ്യാപിച്ചപ്പോൾ മവാലി എന്ന പദം കൂടുതൽ വിശാലമായ അർഥത്തിൽ ഉപയോഗിക്കാൻ തുടങ്ങി. അറേബ്യൻ ഉപദ്വീപിന് പുറത്ത് നിന്നുള്ള ആളുകൾ ഇസ്ലാം സ്വീകരിക്കാൻ തുടങ്ങിയപ്പോൾ, ഹിജാസി അറബികൾ മവാലി സമ്പ്രദായം ഉപയോഗിച്ച് അറബ് മുസ്‍ലിം സമൂഹത്തിന്റെ ഘടനയിലേക്ക് പ്രവേശിച്ചത് ഇതിനുദാഹരണമാണ്. വിശാലമായ പ്രദേശത്തേക്ക് വ്യാപിക്കുന്നതുകൊണ്ടു തന്നെ പുതിയ മതപരിവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടി ഒരു രക്ഷാകർതൃത്വ സംവിധാനം വികസിപ്പിച്ചെടുത്തു. അനറബിയായ പരിവർത്തിതൻ ഒരു അറബ് രക്ഷാധികാരിയുടെ മൗല(Mawla)യായിത്തീരും.  

അടിമത്തവും അടിമക്കച്ചവടവും സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗവും ശക്തവുമായിരുന്ന മെഡിറ്ററേനിയൻ, പേർഷ്യൻ ഭൂപ്രദേശങ്ങളിലേക്ക് മുസ്‌ലിംകൾ പ്രവേശിച്ചപ്പോൾ, അറബ് മുസ്ലീം നേതാക്കൾ അവിടെയും നിരവധി തടവുകാരെ കണ്ടെത്തിയിരുന്നു. അവർക്ക് സഖ്യകക്ഷികൾ ആദരസൂചകമായി ധാരാളം അടിമകളെ നൽകുകയുണ്ടായി. അറേബ്യയിൽ കണ്ടതിനേക്കാൾ കൂടുതൽ അടിമകൾ അവിടെ ഉണ്ടായിരുന്നു. ഖുർആനും സുന്നത്തും അടിസ്ഥാനമാക്കി അവരിലെ ധാരാളം അടിമകളെ മുസ്ലിം നേതാക്കൾ മോചിപ്പിച്ചു. പ്രത്യേകിച്ചും ഇസ്ലാം സ്വീകരിച്ചവരെ. അതുകൊണ്ടുതന്നെ ആദ്യകാല മവാലി വർഗത്തിൽ ഭൂരിഭാഗവും അടിമകളോ അവരുടെ മക്കളോ ആയിരുന്നു.  ഉദാഹരണത്തിന്, സുലൈമാൻ ഇബ്നു യാസർ (മ. 107/725), പേർഷ്യൻ വംശജനും പ്രവാചകന്റെ അവസാന പത്നി മെയ്മൂന ബിൻത് അൽ-ഹാരിസ് (റ)യുടെ അടിമയും ആയിരുന്നു.  അബൂബക്കർ, ഇബ്‌നു മസ്‌ഊദ് (റ) തുടങ്ങിയ സ്വഹാബികളുടെ കൊച്ചുമക്കൾക്കൊപ്പം മദീനയിലെ ഏഴ് പ്രശസ്ത നിയമജ്ഞരിൽ ഒരാളായി അദ്ദേഹം ഒടുവിൽ മാറുകയുണ്ടായി. 

ഉമവീ ഭരണകൂടമാണ് മൗലാ നയം സ്ഥാപിച്ചെടുക്കുന്നത്. അതിന്റെ പ്രാരംഭ രൂപം ഏറെ പ്രശ്നം നിറഞ്ഞതായിരുന്നു. കാരണം, പഴയ ഗോത്രവ്യവസ്ഥയുടെ ചില മാതൃകകൾ അതിൽ നിലനിന്നിരുന്നു. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത ഇതര അറബികൾ (മവാലി എന്ന് വിളിക്കപ്പെടുന്നവർ) അറബികളായ മുസ്ലിംകളെക്കാൾ താഴ്ന്നവരായി ഗണിക്കപ്പെട്ടു14. എല്ലാ മുസ്‍ലിംകളും തുല്യരാണെന്ന ഖുർആന്റെ അധ്യാപനത്തിന് എതിരായതിനാൽ ഉമവീ ഭരണകൂടം അറബ് മുസ്‍ലിംകൾക്ക് മുൻഗണന നൽകുന്നത് തർക്കത്തിന് കാരണമായി. ഉമവീ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അമുസ്‌ലിംകൾ ജിസ്‌യ അടച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള സൈനിക ബാധ്യതകളിൽ നിന്ന് അതവരെ ഒഴിവാക്കി.  ഒരു അമുസ്‌ലിം ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്‌താൽ ഈ നികുതി അവർക്ക് ബാധകമായിരുന്നില്ല.  എന്നിരുന്നാലും, പുതിയ മുസ്‌ലിംകൾക്ക് സാമ്പത്തിക തുല്യത നൽകുന്നത് ഉമവീ ഭരണകൂടത്തിന്റെ താൽപ്പര്യത്തിലുണ്ടായിരുന്നില്ല. മറിച്ച്, അവരും ജിസ്‌യ നൽകുന്നത് തുടരണമെന്ന് ആവശ്യപ്പെടുകയാണുണ്ടായത്.  പണ്ഡിതന്മാരും മറ്റ് മുസ്‍ലിംകളും ഈ നയത്തെ എതിർക്കുകയും അറബികളും അനറബികളും തുല്യരാണെന്ന് വാദിക്കുകയും ചെയ്തു. അവസാനം ഉമവീ ഖലീഫ ഉമർ ഇബ്‌നു അബ്ദുൽ-അസീസാണ് (d. 101/720) മവാലികൾക്കെതിരെയുള്ള വിവേചന നിയമങ്ങൾ അവസാനിപ്പിച്ചത്.

മവാലി വ്യവസ്ഥയ്‌ക്ക് വലിയ ഭീഷണി ഉയർത്തിക്കൊണ്ട് ആദ്യകാല ഉമവികൾ ഗോത്രവാദത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ചിരുന്നു15. എന്നാൽ, ഉമവീ കാലഘട്ടത്തിന്റെ മധ്യത്തോടെ, മുസ്ലിം സമ്രാജ്യം വിശാലമായപ്പോൾ എല്ലാവരെയും  ഒരുമിച്ചു നിർത്തുന്നതിനു വേണ്ടി പിന്നീടുള്ള ഉമവീ ഖലീഫമാർക്ക് താങ്ങായി മാറിയത് മവാലി സംവിധാനമായിരുന്നു.

മവാലികൾക്ക് ജിസ്‍യ ചുമത്തുന്നുണ്ടോ എന്ന് ചില ആധുനിക പണ്ഡിതന്മാർ ചോദ്യം ചെയ്യുന്നതായി കാണാം. ജമാൽ ജൂദ പറയുന്നത്, അമുസ്‍ലിംകളിൽ നിന്ന് ഈടാക്കുന്ന നികുതിക്കും എല്ലാവർക്കും ചുമത്തപ്പെടുന്ന ഭൂനികുതിക്കും ചില സമയങ്ങളിൽ ആ പദം ഉപയോഗിക്കപ്പെടാറുണ്ട്. ഇതിൽ നിന്നാണ് ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തെത്തുന്ന അറബികളല്ലാത്തവർക്ക് ഇപ്പോഴും ജിസ്‌യ അടയ്‌ക്കേണ്ടിവരുന്നുണ്ടോ എന്ന സംശയം നിലനിൽക്കുന്നത്. ഖലീഫ ഉമർ ഇബ്‌നു അബ്ദുൽ-അസീസ് ഭൂമിയുടെ ഉടമസ്ഥൻ മുസ്‍ലിമോ അമുസ്‌ലിമോ ആരായിരുന്നാലും ഭൂനികുതി അതേപടി നിലനിൽക്കുമെന്ന ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്16.

ആദ്യകാല ഉമവീ ഭരണകൂടത്തിന്റെ ഉത്കണ്ഠകൾ എന്തുതന്നെയായിരുന്നാലും, സി.ഇ 720-കളോടെ മവാലികൾ അറബി ഭാഷ  സംസാരിക്കാൻ തുടങ്ങി. മാത്രമല്ല, അറബികളുമായി മിശ്രവിവാഹത്തിലേർപ്പെടുകയും, കച്ചവടത്തിലും, പാണ്ഡിത്യത്തിലും, സമൂഹത്തിലും പ്രമുഖ വ്യക്തികളായിത്തീരുകയും ചെയ്തു. അബ്ബാസി കുടുംബം ഖിലാഫത്ത് ഏറ്റെടുത്തപ്പോൾ അറബികളെയും മവാലികളെയും തമ്മിൽ വേർതിരിക്കുന്ന അവശേഷിച്ച എല്ലാ നയങ്ങളും താമസിയാതെ എടുത്തുമാറ്റി. അതോടുകൂടി സമൂഹത്തിലെ താഴ്ന്ന വിഭാഗമായി ഇവരെ കണക്കാക്കിയിരുന്നത് ഇല്ലാതെയായി.

അറബികളുമായി സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ സമത്വം അവർ പല തരത്തിൽ നേടിയെടുത്തു.  ഒന്നാമതായി, അറബികൾ അനറബികളേക്കാൾ ശ്രേഷ്ഠരാണെന്ന ആശയത്തിനെതിരെ പണ്ഡിതന്മാർ സംസാരിച്ചു. കൂടാതെ, അടിമകളായ സ്ത്രീകളുടെ മക്കൾ തങ്ങൾ പൂർണ്ണമായും അറബികൾ തന്നെയാണെന്ന് പുനർനിർവചിച്ചു17. ഭരണകൂടത്തോടും ഇസ്‌ലാമിക പാണ്ഡിത്യത്തോടും കൂറുപുലർത്തുന്ന യഥാർത്ഥ മുസ്‌ലിംകളായിരുന്നു തങ്ങളെന്ന് മവാലികൾക്ക് തെളിയിക്കേണ്ടതുണ്ടായിരുന്നു.  രാഷ്ട്രീയവും മതപരവുമായ സ്ഥാനങ്ങൾ നേടിയെടുക്കാൻ അവർ അറബി ഭാഷയിലെ തങ്ങളുടെ പ്രാവീണ്യത്തെ ഉപയോഗപ്പെടുത്തി. അബ്ബാസി കാലഘട്ടം കഴിഞ്ഞപ്പോൾ, അറബ്-അനറബ് എന്ന വംശീയ-ഗോത്ര ദ്വന്ദ്വ പരികൽപ്പന  ഇല്ലാതെയായി.  ദശലക്ഷക്കണക്കിന് ആളുകളുടെ മാതൃഭാഷയായ അറബി ഭാഷ രാജകീയ കോടതികളുടെയും പാണ്ഡിത്യത്തിന്റെയും ഭാഷയായി മാറിയതോടെ ഇസ്ലാമിക സംസ്കാരം എല്ലാവരും പങ്കുവെക്കുന്ന ഒരു സ്വത്വമായി മാറി.

വൈജ്ഞാനിക മേഖലയിൽ മവാലികൾ നൽകിയ സംഭാവനകൾ

ആദ്യ നാല് ഖലീഫമാരുടെ കാലം മുതൽക്കെ മവാലികൾ നിയമ വ്യവസ്ഥയിലും ഇസ്‌ലാമിക വിദ്യാഭ്യാസത്തിലും പ്രധാന പങ്ക് വഹിച്ചിരുന്നു.  ഖലീഫ ഉമർ ഒരിക്കൽ ഹജ്ജ് വേളയിൽ മക്കയുടെ ചുമതലക്കാരനെ കണ്ടപ്പോൾ അദ്ദേഹത്തോട് ചോദിച്ചു: താഴ്‌വരയിലെ ജനങ്ങളുടെ (അതായത് മക്ക) ചുമതല ആരെയാണ് താങ്കൾ ഏൽപ്പിച്ചത്?  ആ മനുഷ്യൻ മറുപടി പറഞ്ഞു, “ഇബ്നു അബ്‍സ.”  ഉമർ ചോദിച്ചു: ആരാണ് ഇബ്നു അബ്‍സ?  ആ മനുഷ്യൻ പറഞ്ഞു, “അവൻ  മവാലികളിൽ ഒരാളാണ്.”  ഉമർ പറഞ്ഞു: “അപ്പോൾ നിങ്ങൾ ഒരു മൗലയെ ചുമതലപ്പെടുത്തിയോ?”  ആ മനുഷ്യൻ മറുപടി പറഞ്ഞു, “അവൻ ദൈവത്തിന്റെ ഗ്രന്ഥം പാരായണം ചെയ്യുന്നു, ബാധ്യതകളെക്കുറിച്ച് അറിവുള്ളവനാണ്.”  ഉമർ പ്രതികരിച്ചു: “തീർച്ചയായും, പ്രവാചകൻ (സ) പറയുന്നത് ഞാൻ കേട്ടു, ‘ദൈവം ഈ മതം കൊണ്ട് [ചിലരെ] ആളുകളെ ഉയർത്തുകയും മറ്റുള്ളവരെ താഴ്ത്തുകയും ചെയ്യുന്നു18.

ഉമവികളുടെ കീഴിലും മവാലികളുടെ പ്രവർത്തനങ്ങൾ ധാരാളമുണ്ടായിരുന്നു.  ഖലീഫമാരോട് അടുപ്പമുണ്ടായിരുന്ന അറബ് പണ്ഡിതനായ ഇബ്‌നു ശിഹാബ് അസ്സുഹ്‌രി (മ. 124/742) ഒരു യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, ഖലീഫ അബ്ദുൽ മാലിക് ഇബ്‌നു മർവാൻ (ഡി. 86/705) വ്യത്യസ്ത പ്രദേശങ്ങളിലുള്ള മതനേതാക്കന്മാർ ആരാണെന്ന് ചോദിച്ചു. അസ്സുഹ്‌രി മവാലികളുടെ പേര് പറഞ്ഞു കൊണ്ടിരുന്നു. ആരാണ് കൂഫയെ നയിക്കുന്നതെന്ന് ഖലീഫ അറിയുന്നതുവരെ ചോദ്യം ചെയ്യൽ തുടർന്നു. അപ്പോഴാണ് അറബിയായ ഇബ്രാഹിം അന്നഖഇയുടെ (മ.96/717) പേര് അസ്സുഹ്‌രി പറയുന്നത്. തന്റെ അറബ് രാജവംശത്തിന്റെ ഗതിയെക്കുറിച്ച് ആശങ്കാകുലനായ ഖലീഫ പറഞ്ഞത്, “ദൈവം തന്നെ സത്യം, അറബികൾ അവരുടെ കീഴിൽ ഇരുന്ന് പ്രസംഗം കേൾക്കുന്നിടത്തോളം കാലം മാവാലികൾ അറബികളെ നയിക്കും”. ഇതു കേട്ടപ്പോൾ അസ്സുഹ്‌രി പ്രതികരിച്ചത് ഇങ്ങനെയാണ്: “അല്ലയോ വിശ്വാസികളുടെ നേതാവേ, ഇത് ദൈവത്തിന്റെയും അവന്റെ മതത്തിന്റെയും കാര്യമാണ്;  അതിനെ സംരക്ഷിക്കുന്നവൻ വിജയിക്കുന്നു, അതിനെ നഷ്‌ടപ്പെടുത്തുവൻ അധഃപതിച്ചിരിക്കുന്നു”19

ചുരുങ്ങിയ സമയത്തിനുള്ളിൽ, പ്രധാനപ്പെട്ട എല്ലാ പഠനകേന്ദ്രങ്ങളും മാവാലികളുടെ നേതൃത്വത്തിലായി മാറി.  ജീവചരിത്ര സാഹിത്യം (തബഖാത്ത്) പരിശോധിച്ചാൽ, മതനേതൃത്വത്തിൽ ഒരു മൗലയെ കാണുന്നത് അപൂർവമായ ഒരു സംഭവമായിരുന്നില്ല എന്ന് വ്യക്തമാവും.  അസ്സുഹ്‌രിയുടെ കഥ ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് മുസ്‌ലിം സാമ്രാജ്യത്തിലുടനീളം സംഭവിച്ച വ്യവസ്ഥാപിത മാറ്റത്തിന്റെ തെളിവാണ്.

അബ്ബാസികളുടെ കാലത്താണ് അറബികളല്ലാത്തവരുടെ ജീവിതത്തിന്റെ എല്ലാ മേഖലയും യഥാർത്ഥത്തിൽ വർണാഭമാവുന്നത്. അബ്ബാസി ഭരണകൂടത്തിലെ പല എഴുത്തുകാരും പേർഷ്യക്കാരായിരുന്നു. കുത്താബ് എന്നറിയപ്പെടുന്ന എഴുത്തുകാർ സമൂഹത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും രാഷ്ട്രീയവും സാമൂഹികവുമായ സ്വാധീനം ചെലുത്തുകയും ചെയ്തു. മവാലികൾ, മുസ്‌ലിം പണ്ഡിത-രാഷ്‌ട്രീയ വിഭാഗത്തിലെ ഗണ്യമായ ഭൂരിപക്ഷമായി മാറി. “വിജ്ഞാനം മവാലികൾ കൈയ്യടക്കിയിരിക്കുന്നു” എന്ന് അസ്സുഹരി പിൽകാലത്ത് പ്രസ്താവിക്കുന്നുണ്ട്20. ഇബ്‌നു ഖൽദൂൻ (മ. 808/1406) സമാനമായ ഒരു നിരീക്ഷണം നടത്തുന്നത് കാണാം: “ഇസ്‌ലാമിക പാരമ്പര്യത്തിൽ അറിവ് വഹിച്ചവർ കൂടുതലും അറബികളല്ലെന്നതാണ് അതിശയകരമായ ഒരു വസ്തുത”21

അതുപോലെ, ഓറിയന്റലിസ്റ്റ് ഇഗ്നാസ് ഗോൾഡ്സിഹർ പ്രസ്താവിച്ചു, “ഈ വക കാര്യങ്ങളുടെ സ്ഥിതിവിവരക്കണക്ക്(Statistics) വിലയിരുത്തിയാൽ (മാവലിയുടെ പങ്ക്) അത് തീർച്ചയായും അറബികൾക്ക് ദോഷം ചെയ്യുന്നതായിരിക്കും”22. മവാലികൾ അറബ് പണ്ഡിതന്മാരെക്കാൾ കൂടുതലാണെന്ന വിഷയം മുമ്പ് സൂചിപ്പിച്ചതുപോലെ വെല്ലുവിളിക്കപ്പെടാതെ പോയിട്ടില്ല23. അവർ അറബ് പണ്ഡിതന്മാരെക്കാൾ അധികമായാലും അല്ലെങ്കിലും മവാലി പണ്ഡിതർ അസംഖ്യമായിരുന്നു, അതിലുമുപരി അവരുടെ സ്വാധീനം മൂർത്തമായിരുന്നു.

സുന്നി ഹദീസ് ശേഖരങ്ങൾ പരിശോധിക്കുമ്പോൾ ഇത് വ്യക്തമാണ്.  പ്രശസ്തമായ ആറ് ഹദീസ് ഗ്രന്ഥങ്ങൾ സമാഹരിച്ചവരെല്ലാം അറബികൾ അല്ലാത്തവരായിരുന്നു. അതിൽ തന്നെ ഹദീസ് സമാഹാരങ്ങളിലെ നിവേദകരിൽ പകുതിയോളം പേരും മവാലികളായിരുന്നു. ഇസ്‌ലാമിന്റെ രണ്ടാമത്തെ പ്രാഥമിക സ്രോതസ്സായ സുന്നത്ത് സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതിൽ നിന്ന് ഒരു അടിമയെയും അനറബിയെയും ആരും തടഞ്ഞിട്ടില്ലെന്ന് ഇത് തെളിയിക്കുന്നു. ഇബ്‌നു ഖൽദൂൻ പറയുന്നതനുസരിച്ച്, ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്ത പലരും വന്നിരുന്നത്, സാധാരണ ജനങ്ങളെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന സ്ഥലങ്ങളിൽ നിന്നായിരുന്നു എന്നതാണ് ഇതിനൊരു കാരണം. 

ആദ്യകാല അറബികൾ പ്രാഥമികമായി ഇസ്ലാം പ്രവാചകനിൽ നിന്ന് നേരിട്ട് പഠിക്കുകയും അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ മറ്റുള്ളവർക്ക് കൈമാറുകയുമാണ് ചെയ്തിരുന്നത്. അറബികൾ വായിക്കുന്നവരെ ഖുർറാ’ എന്ന് വിളിച്ചിരുന്നത് ഇതിന് തെളിവാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വായിക്കാൻ കഴിവുള്ളവരെ അക്ഷരജ്ഞാനമില്ലാത്തവർക്ക് എതിരായി വിശേഷിപ്പിക്കാൻ കൂടിയായിരുന്നു അത്.  കൂടാതെ, ആ സമയത്ത് പല സ്വഹാബികളും മുസ്ലീം ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് സൈന്യത്തെ നയിക്കാനോ രാഷ്ട്രീയ പദവികൾ വഹിക്കാനോ മറ്റും പോയിരുന്നു.

ആത്യന്തികമായി, ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ രൂപീകരണത്തിൽ കാര്യമായി ഇടപെടുകയും നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്‌തത് മവാലികളാണ്24. സ്വഹാബികളുടെ കാലഘട്ടത്തിന് ശേഷം, തഫ്സീർ, ഹദീസ് ക്രോഡീകരണം, നിഘണ്ടു രചന തുടങ്ങിയവ കൂടാതെ പുതിയ ഫിഖ്ഹീ വിധികൾ ആവശ്യമായി വരുന്ന സാഹചര്യങ്ങൾ രൂപപ്പെട്ടു വന്നു. ഇസ്‌ലാമിക പണ്ഡിത പാരമ്പര്യത്തിൽ മവാലികൾക്ക് അനിഷേധ്യമായ സ്വാധീനമുണ്ടായിരുന്നു.  അവർ ഫിഖ്ഹ്, ഹദീസ്, തഫ്സീർ, ദൈവശാസ്ത്രം, അറബി വ്യാകരണം തുടങ്ങിയ ധാരാളം സംഭാവനകൾ നൽകി.  അറബികളല്ലാത്തവരുടെയും അടിമകളുടെയും സംഭാവനകളോട് ഇസ്ലാമിക പാണ്ഡിത്യം കടപ്പെട്ടിരിക്കുന്നു.  പ്രാഥമികമായും സമത്വത്തിനായുള്ള ഇസ്‌ലാമിന്റെ ആഹ്വാനമാണ് വംശമോ സാമൂഹിക പശ്ചാത്തലമോ പരിഗണിക്കാതെ എല്ലാവർക്കും അറിവിലേക്ക് സംഭാവന ചെയ്യാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നത്.

രണ്ടാം നൂറ്റാണ്ടിലെ മവാലിമാരായ പ്രശസ്‌ത പണ്ഡിതന്മാർ

ഇക്‍രിമ മൗലാ ഇബ്‌നു അബ്ബാസ് (105/723): അദ്ദേഹം പ്രവാചകന്റെ സഹചാരിയായ ഇബ്‌നു അബ്ബാസിന്റെ (റ) മുൻ അടിമയും ബെർബർ വംശജനും ആയിരുന്നു. ഹദീസ് നിവേദകനും, നിയമജ്ഞനും, പ്രമുഖ തഫ്സീർ പണ്ഡിതനുമായിരുന്നു.

താവൂസ് ഇബ്‌നു കൈസാൻ (മ.106/723): പ്രവാചകന്റെ അമ്പതിലധികം അനുചരന്മാരെ കണ്ടുമുട്ടിയവരിൽ ഒരാളായിരുന്നു ഇദ്ദേഹം. ഉമർ ഇബ്‌നു അബ്ദുൽ അസീസിന്റെ (d. 101/720) അധ്യാപകനും ഇബ്‌നു അബ്ബാസിന്റെ ഏറ്റവും പ്രശസ്തരായ വിദ്യാർത്ഥികളിൽ ഒരാളുമായിരുന്നു.

സുലൈമാൻ ഇബ്‌നു യാസിർ (മ.107/725): പേർഷ്യൻ വംശജനും പ്രവാചകന്റെ അവസാന പത്നി മെയ്മൂന ബിൻത് അൽ-ഹാരിസ (റ) അടിമയുമായിരുന്നു.  മദീനയിലെ ഏഴ് പ്രമുഖ നിയമജ്ഞരിൽ ഒരാളായിരുന്നു അദ്ദേഹം.

ഹസനുൽ ബസ്വരി (മ.110/728): പാണ്ഡിത്യത്തിനും ഭക്തിക്കും പേരുകേട്ട ഏറ്റവും പ്രശസ്തനായ താബിഇ.  ഖുർആൻ വ്യാഖ്യാനത്തിൽ പ്രത്യേകം മികവ് പുലർത്തിയ അദ്ദേഹം സൂഫി സാഹിത്യത്തിലും ഉന്നത വ്യക്തിത്വമായിരുന്നു.

മുഹമ്മദ് ഇബ്നു സീറീൻ (മ.110/729): പ്രവാചകന്റെ അനുചരനായ അനസ് ഇബ്‍നു മാലിക് (റ) ന്റെ അടിമയായിരുന്നു അദ്ദേഹത്തിന്റെ പിതാവ് സീറീൻ.  തഫ്സീർ, ഹദീസ്, ഫിഖ്ഹ്, സ്വപ്ന വ്യഖ്യാനം എന്നിവയിൽ പ്രമുഖ പണ്ഡിതനായിരുന്നു ഇബ്നു സീറീൻ.

അതാഉ ബ്നു അബീ റബാഹ് (മ.115/733): പിതാവ് ആഫ്രിക്കൻ കറുത്ത വംശജനും മാതാവ് കൊട്ട നെയ്യുന്നവളുമായിരുന്നു.  ‘അതാഉ’ ഒരു ഹദീസ് പണ്ഡിതനും നിയമജ്ഞനും മക്കയിലെ മുഫ്തിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത വ്യക്തിയാണ്.

നാഫിഈ മൗലാ ഇബ്നു ഉമർ (മ.117/726): പേർഷ്യൻ/ബെർബർ വംശജൻ. അബ്ദുല്ലാഹ് ഇബ്‌നു ഉമർ (റ) ന്റെ മൗലയായിരുന്നു നാഫിഈ. പിന്നീട് മോചിതനായി. അദ്ദേഹം ഇമാം മാലിക്കിന്റെ അധ്യാപകനായിരുന്നു.

അംറ് ഇബ്നു ഉഥ്മാൻ (മ.180/796): സീബവൈഹി എന്നറിയപ്പെടുന്ന, പേർഷ്യക്കാരനും ബസറയിലെ പ്രമുഖ വ്യാകരണ പണ്ഡിതനുമായിരുന്നു അംറ് ബ്നു ഉഥ്മാൻ. അറബി വ്യാകരണത്തെക്കുറിച്ചുള്ള ആദ്യ പുസ്തകം രചിച്ചത് സീബവൈഹിയാണ്.  പേരിടാത്തതു കൊണ്ട് “പുസ്തകം” (അൽ-കിതാബ്) എന്ന് വിളിക്കപ്പെടുന്ന അദ്ദേഹത്തിന്റെ അഞ്ച് വാല്യങ്ങളുള്ള ഗ്രന്ഥം അറബി വ്യാകരണത്തിലെ അടിസ്ഥാന അവലംബമാണ്. വ്യാകരണ പുസ്തകങ്ങളിൽ സമാനതകളില്ലാത്തതായി ഇത് കണക്കാക്കപ്പെടുന്നു.

അബ്ദുല്ലാഹ് ഇബ്നു മുബാറക് (മ.181/797): ഖുറാസാനിൽ നിന്നുള്ള അദ്ദേഹത്തിന്റെ പിതാവ് മുബാറക് ഒരു മൗലയായിരുന്നു.  അബ്ദുല്ലാഹ് ഇബ്നു മുബാറക്ക് ഹദീസ് വിശ്വാസികളുടെ നേതാവായി അറിയപ്പെട്ടു (അമീറുൽ മുഅ്മിനിൻ ഫിൽ-ഹദീസ്).  അബു ഹനീഫയുടെയും ഇമാം മാലിക്കിന്റെയും കൂടെ ധാരാളം യാത്ര ചെയ്യുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്.

അബു ഹനീഫ (മ.150/767): മുസ്‍ലിം ലോകത്തിന്റെ മൂന്നിലൊന്ന് ആളുകൾ പിന്തുടരുന്ന ഹനഫി മദ്ഹബിൻ്റ സ്ഥാപകൻ. പേർഷ്യൻ വംശജനായ അദ്ദേഹം ഫിഖ്ഹിലെ ഏറ്റവും വലിയ പണ്ഡിതന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.


(അവസാനിച്ചു)

വിവ: അമീൻ നാസിഹ്

ആദ്യ ഭാഗം വായിക്കാൻ: https://islamonlive.in/culture/contributions-of-non-arabs-and-freed-slaves-to-islamic-scholarship-part-one/

References:

 1. This was a saying among the Arabs before Islam that meant to blindly support your brother or tribe, regardless of whether they were oppressed or oppressing. The Prophet ﷺ later used this same statement but explained that one supports his oppressive brother by preventing his oppression. On its usage before Islam, see Muḥammad Muṣṭafā Shiblī, al-Madkhal fil taʿrīf bil-fiqh al-islāmī wa qawāʿid al-milkiyya wa al-ʿuqūd fīhi (Cairo: Dār al-Ta’līf, 1962), 35–36.
 2. See Nazir Khan, “Divine Duty: Islam and Social Justice,” Yaqeen, February 4, 2020, https://yaqeeninstitute.org/nazir-khan/divine-duty-islam-and-social-justice#ftnt_ref10.
 3. Sunan Ibn Mājah, no. 4010. 
 4. See Ovamir Anjum, “The ‘Constitution’ of Medina: Translation, Commentary, and Meaning Today,” Yaqeen, February 4, 2021, https://yaqeeninstitute.org/ovamiranjum/the-constitution-of-medina-translation-commentary-and-meaning-today.
 5. Musnad al-Imam Ahmad, no. 2260.
 6. Elizabeth Urban, “The Early Islamic Mawālī: A Window onto Processes of Identity Construction and Social Change” (PhD diss., University of Chicago, 2012), 114–17.
 7. Urban, “The Early Islamic Mawālī,” 103.
 8. Jamal Juda, “The Economic Status of the Mawālī in Early Islam,” in Patronate and Patronage in Early and Classical Islam, ed. Monique Bernards and John Nawas (Boston: Brill, 2005), 271–73.
 9. Elizabeth Urban, Conquered Populations in Early Islam: Non-Arabs, Slaves and the Sons of Slave Mothers (Edinburgh: Edinburgh University Press, 2020), 2.
 10. Ṣaḥīḥ Muslim, no. 3088.
 11. Al-Ḥākim al-Naysābūrī, Maʿrifat ʿulūm al-ḥadīth (Beirut: al-Maktab al-Tijārī lil-Ṭibāʿa, 1935), 199.
 12. Brown, Slavery and Islam, 211.
 13. ʿAbd al-Raḥmān b. Muḥammad Ibn Khaldūn, Muqaddimat Ibn Khaldūn (Damascus: Dār Yaʿrib, 2004), 2:361.
 14. Ignaz Goldziher, Muslim Studies (New York: Routledge, 2005), 1:109. Goldziher’s statement here seems in line with Zuhrī’s; however, it likely stems from his belief that the cultural capacities of Arabs were limited and his refusal to attribute the flowering of Islamic culture to Arabs. This idea that Arabs, and Muslims at large, borrowed everything from other cultures is a consistent theme found in the works of Orientalists. Adolf Grohmann even accused Muslims of borrowing the concept of a dot to separate the chapters of the Qur’an from other cultures. He states, “I have suggested, as far as sura separators are concerned, they were taken from Greek or Syriac manuscripts.” See Adolf Grohmann, “The Problem of Dating Early Qur’āns,” Der Islam, 1958, 228–29. Orientalists primarily rely on parallels between Islam and other religions/cultures to support the idea that Muslims borrowed ideas from other cultures. However, the presence of a parallel is not sufficient proof of borrowing because parallels can exist for a variety of reasons. For example, it could simply be that a legal matter, such as divorce or inheritance, presented itself similarly in two civilizations, and they both provided similar solutions.
 15. See Harold Motzki, “The Role of Non-Arab Converts in the Development of Early Islamic Law” in The Formation of Islamic Law, ed. Wael B. Hallaq (Florence: Taylor and Francis Group, 2004), 153–78. Also see John Nawas, “The Contribution of Mawālī,” 141–52.
 16. Ibn Khaldūn, Muqaddimat Ibn Khaldūn, 2:361

 

Related Articles