Current Date

Search
Close this search box.
Search
Close this search box.

പര്‍വ്വതങ്ങളെ സ്നേഹിച്ച പ്രവാചകന്‍

മനുഷ്യരേയും പ്രകൃതിയേയും അതിയായി സ്നേഹിച്ച പ്രവാചകനായിരുന്നു മുഹമ്മദ് നബി (സ). നാം വസിക്കുന്ന ഭൂമിയിലെ സൃഷ്ടികളില്‍ ഒന്നാണ് പര്‍വ്വതങ്ങള്‍. അതിനെകുറിച്ച് പഠിക്കുന്ന ശാസ്ത്രമാണ് പര്‍വ്വത ശാസ്ത്രം. അതനുസരിച്ച്, എല്ലാ ഭൂഖണ്ഡങ്ങളിലും പ്രാപഞ്ചിക സംവിധാനത്തിന്‍റെ ഭാഗമായി പര്‍വതങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം നോക്കിയാണ് അവയുടെ ഉയരം കണക്കാക്കുന്നത്. ഭൂമിയുടെ അഞ്ചില്‍ ഒരു ഭാഗം പര്‍വ്വതങ്ങളാണുള്ളത്. ഒരു പര്‍വ്വതത്തിന്‍റെ അത്രതന്നെ പകുതി ഭാഗം ഭൂമിക്കടിയിലുണ്ടെന്നാണ് ശാസ്ത്രം വ്യക്തമാക്കുന്നത്.

കരയില്‍ മാത്രമല്ല കടലിലും വന്‍ പര്‍വ്വതങ്ങള്‍ ഉണ്ടെന്ന് ശസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ലോക ജനസംഖ്യയുടെ പത്തിലൊന്ന് പര്‍വ്വത വാസികളാണ്. നാം ഭക്ഷിക്കുന്ന ആഹാരത്തിന്‍റെ നല്ലൊരു ശതമാനം പര്‍വ്വത പ്രദേശങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാമലകളും അംബരചുംബികളായ പര്‍വ്വതനിരകളും പ്രാപഞ്ചിക ഘടനയുടെ സന്തുലിതത്വം നിലനിര്‍ത്തുന്നതില്‍ സുപ്രധാനമയ പങ്ക് വഹിക്കുന്നു.

പര്‍വ്വത ശാസ്ത്ര പ്രകാരം പര്‍വ്വതങ്ങളെ അഞ്ചായി തരം തിരിച്ചിട്ടുണ്ട്. മടക്കുകളുള്ള പര്‍വ്വതങ്ങള്‍, താഴികക്കുടം പോലുള്ള പര്‍വ്വതങ്ങള്‍, അഗ്നി പര്‍വ്വതങ്ങള്‍, പീഠഭൂമി പര്‍വ്വതങ്ങള്‍, ബ്ളോക്ക് പര്‍വ്വതങ്ങള്‍ എന്നിവയാണവ. പ്രവാചകന്മാരും മുനിമാരും ഋഷിമാരും പര്‍വ്വതങ്ങളില്‍ ജീവിച്ചിരുന്ന കാര്യം നമുക്ക് അറിവുള്ളതാണ്. മുഹമ്മദ് നബി (സ) യുടെ ജീവിതത്തെ കുറിച്ച് പഠനം നടത്തുമ്പോള്‍ അദ്ദേഹം ചുരുങ്ങിയത് പത്ത് പര്‍വ്വതങ്ങളുമായിട്ടെങ്കിലും ബന്ധം പുലര്‍ത്തിയിരുന്നതായി കാണാം.

നബിയുമായി ബന്ധപ്പെട്ട മാമലകള്‍

മക്കയിലെ പ്രസിദ്ധമായ സഫാ കുന്നിന്‍ നിരകളില്‍ നിന്ന് ആരംഭിച്ച തന്‍റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍, മക്കയിലെ തന്നെ വിശ്രുതമായ അറഫയിലെ ജബലു റഹ്മയുടെ താഴ്വാരത്തില്‍ നിര്‍വ്വഹിച്ച വിടവാങ്ങല്‍ പ്രസംഗം വരേയും തുടര്‍ന്ന് കൊണ്ടേയിരുന്നു. ഈ രണ്ട് മലനിരകള്‍ക്ക് പുറമെ, തനിക്ക് എത്താന്‍ സാധിച്ച അറേബ്യയിലെ മറ്റ് അനേകം മലകളെ സ്നേഹിച്ചും തലോടിയും നീണ്ട 23 വര്‍ഷക്കാലം പ്രവാചകന്‍ (സ) പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകി.

നബി തിരുമേനി എവിടെ ചെന്നത്തെിയാലും, അവിടെയുള്ള ഉയര്‍ന്ന സ്ഥലമായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. പ്രവാചകത്വ പദവി ലഭിക്കുന്നതിന് മുമ്പ് തന്നെ ഏകാന്തവാസം ഇഷ്ടപ്പെട്ടിരുന്ന മുഹമ്മദ് നബി (സ) പ്രകാശത്തിന്‍റെ പര്‍വ്വതമെന്ന പേരില്‍ വിശ്രുതമായ ‘ജബലു നൂറിലെ’ ഹിറാ ഗുഹയില്‍ ധ്യാന നിമഗ്നനായി ഇരിക്കുക പതിവായിരുന്നതായി അദ്ദേഹത്തിന്‍റെ ജീവചരിത്രത്തില്‍ വായിക്കാന്‍ കഴിയും. സമുദ്ര നിരപ്പില്‍ നിന്നും 761 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മക്കയിലെ വന്‍ മലകളില്‍ ഒന്നാണിത്.

വിശുദ്ധ ഹറമിനടുത്തുള്ള തന്‍റെ വാസ സ്ഥലത്ത് നിന്നും ഏകദേശം രണ്ട് മൈല്‍ ദൂരത്തുള്ള ഈ മലയിലേക്ക് നടന്ന് പോവുന്നത് അതിനോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹവായ്പ്പും ദിവ്യമായ ഒരു ഉള്‍വിളിയുമാണ് വെളിപ്പെടുത്തുന്നത്. മഹത്തായ ദൗത്യമേറ്റെടുക്കുവാനും മനുഷ്യ സമൂഹത്തെ പരിവര്‍ത്തിപ്പിച്ചെടുക്കാനുള്ള പരിശീലനത്തിന്‍റെ ഭാഗമായിരുന്നു അദ്ദേഹം അവിടെ സമയം ചിലവഴിച്ചത്. പ്രവാചകത്വം ലഭിക്കുന്നതിന്‍റെ മുന്ന് വര്‍ഷം മുമ്പ് ‘ജബലു നൂറില്‍’ താമസം ആരംഭിച്ചിരുന്നു. മാനവ രാശിയെ ദൈവിക സന്മാര്‍ഗത്തിലേക്ക് നയിച്ച വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി അവതരിച്ചതും അവിടെയായിരുന്നു.

നബി (സ) യുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ രംഗവേദിയാകുന്ന മറ്റൊരു മലയാണ് വിശുദ്ധ കഅ്ബക്ക് അടുത്തുള്ള സ്വഫാ മലയിടുക്ക്. പരസ്യ പ്രബോധനത്തിനുള്ള ആദ്യ കല്‍പന ശുഅ്റാഅ് അധ്യായത്തിലെ ‘നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുകയും ചെയ്യുക’ (26:214) എന്ന സൂക്തം അവതരിച്ചപ്പോള്‍, സ്വഫാ മലയിടുക്കിന്‍റെ നെറുകയില്‍ കയറി അദ്ദേഹം ഇങ്ങനെ ചോദിച്ചു:

“ഈ താഴ്വരയില്‍ അശ്വരൂഡരായ ഒരു സൈന്യം നിങ്ങളെ അക്രമിക്കുവാന്‍ സജ്ജരായി നില്‍ക്കുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമൊ?” അവുരുടെ ഏകസ്വരത്തിലുള്ള പ്രതികരണം: “നീ സത്യം പറയുന്നതായിട്ടല്ലാതെ ഞങ്ങള്‍ക്ക് അറിയില്ല.” പ്രവാചകന്‍: നിങ്ങള്‍ക്ക് വരാനിരിക്കുന്ന കഠിന ശിക്ഷയെക്കുറിച്ച് താക്കീത് നല്‍കുന്ന ദൈവദൂതനാണ് ഞാന്‍. കോപാന്ധകാരനായ അബൂലഹബ് കലിതുള്ളി: “ങുഉും! ഇതിനാണൊ നീ ഞങ്ങളെ വിളിച്ച് ചേര്‍ത്തത്? നാശം.” അങ്ങനെ നബിയുടെ ക്ഷണം അവര്‍ ഭത്സിച്ചു തള്ളിയതിനും സഫ മല സാക്ഷിയായി.

സഫാ കൂടാതെ പ്രവാചകന്‍റെ ബാല്യ-യൗവനത്തിന് സാക്ഷ്യം വഹിച്ച മാമലകള്‍ മക്കയില്‍ വേറേയുമുണ്ട്. വിശുദ്ധ കഅ്ബാ മന്ദിരത്തിന്‍റെ കിഴക്ക് വശത്തായി സ്ഥിതി ചെയ്യുന്ന 420 മീറ്റര്‍ ഉയരമുള്ള ജബല്‍ ഖുബൈസ് അവയിലൊന്നാണ്. ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ആദ്യത്തെ മല. ഇത് കൂടാതെ ജബല്‍ മര്‍വ, ജബല്‍ കഅ്ബ, ജബല്‍ ഉമര്‍ തുടങ്ങിയ അനേകം മലനിരകളാല്‍ വലയം ചെയ്യപ്പെട്ട സ്ഥലത്താണ് വിശുദ്ധ കഅ്ബാലയം സ്ഥിതി ചെയ്യുന്നത്.

നബി (സ) യുടെ ജീവിതത്തിലെ നിര്‍ണ്ണായക സംഭവത്തിന് രംഗവേദിയായ മറ്റൊരു മലയാണ് സൗര്‍. മക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം ചെയ്തപ്പോള്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിത്താവളമായി നബി (സ) അഭയം തേടിയിരുന്നത് ഈ മലയിലെ ഗുഹയിലായിരുന്നു. വിശുദ്ധ ഗേഹത്തില്‍ നിന്ന് അഞ്ച് മൈലോളം അകലത്തിലുള്ള സൗര്‍ മലയിലേക്ക് അബൂബക്കര്‍ (റ) വിനോടൊപ്പം വളരെ സാഹസികമായാണ് നബി സഞ്ചരിച്ചത്.

മക്കയില്‍ നിന്ന് പാലായനം ചെയ്‍ത് മദീനയിലത്തെിയപ്പോഴും മാമലകളോടുള്ള നബിയുടെ സ്നേഹത്തിന് കുറവുണ്ടായില്ല. മസ്ജിദ് നബവിയില്‍ നിന്ന് വിളിപ്പാടകലെയുള്ള ഉഹ്ദ് മലയുമായി നബി (സ) ക്ക് പ്രത്യേകമായ വൈകാരിക ബന്ധം തന്നെയുണ്ടായിരുന്നു. ഉഹ്ദിന്‍റെ താഴ്വരയില്‍ സ്വര്‍ഗ്ഗത്തിന്‍റെ പരിമളം അനുഭവപ്പെടുന്നതായി പ്രവാചകന്‍ പറഞ്ഞിരുന്നു. “ഉഹ്ദ് മല നമ്മെ സ്നേഹിക്കുന്നു; നാം അതിനേയും”.

ഉഹ്ദ് യുദ്ധം കൊടുമ്പിരികൊള്ളുന്ന സന്ദര്‍ഭം. ഏതാനും ശത്രു സൈനികര്‍ മലയുടെ ഉച്ചിയില്‍ ധാര്‍ഷ്ട്യത്തോടെ ഇരിക്കുന്നു. ഇത് കണ്ട പ്രവാചകന്‍ അനുചരന്മാരോട്: “അവര്‍ അങ്ങനെ മലയുടെ ഉച്ചിയില്‍ ഇരിക്കേണ്ടവരല്ല. നാമാണ് ഉയരത്തില്‍ ഇരിക്കാന്‍ ഏറ്റവും അര്‍ഹര്‍”. ഉഹ്ദ് മലക്കടുത്തുള്ള ശത്രു സൈന്യത്തിന് നേരെ പ്രവാചകനും അനുയായികളും അമ്പ് എയ്തിരുന്ന ചെറുകുന്നായിരുന്നു ജബലു റുമാത്.

ഹജ്ജ് കര്‍മ്മത്തിന് പോവുമ്പോള്‍ മീനായിലെ ഇരുത്തം അതിലെ പ്രധാന കര്‍മ്മങ്ങളിലൊന്നാണ്. ഖൈഫ് മസ്ജദിനടുത്തുള്ള ഉയര്‍ന്ന കുന്നിന്‍ ചരുവിലായിരുന്നു നബി (സ) തമ്പടിച്ചിരുന്നത്. മീനയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലവും ഇത് തന്നെയാണ്. ഹജ്ജിലെ മറ്റൊരു സുപ്രധാന കര്‍മ്മമാണ് അറഫയിലെ നിര്‍ത്തം. നബി (സ) അറഫയിലായിരുന്നപ്പോള്‍ ‘ജബലു റഹ്മ’യുടെ ചെരുവില്‍ നിന്ന് കൊണ്ടായിരുന്നു പ്രര്‍ത്ഥനയില്‍ മുഴുകിയിരുന്നത്. വിശ്വപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം നിര്‍വ്വഹിച്ചതും ഇതേ മലയിടുക്കുകളില്‍വെച്ചായിരുന്നു. വലിപ്പത്തിന്‍റെ പ്രതീകത്തെ സൂചിപ്പിക്കാന്‍ വേണ്ടി ഉഹ്ദ് മലയോട് ഉപമിക്കുന്ന തിരുവചനങ്ങളും കാണാം.

വാല്‍കഷ്‍ണം

പര്‍വ്വതങ്ങളും മലകളും ഉന്മൂലന ഭീഷണി നേരിടുകയാണ്. തവിട്പൊടിയാക്കുന്ന പോലെ മലനിരകളെ ഇടിച്ച് നിരപ്പാക്കുന്നു. മലകള്‍ നിരപ്പാക്കുന്നതിന് യൂറോപ്പില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും മൂന്നാം ലോക രാജ്യങ്ങളില്‍ പ്രകൃതിദത്ത പാറക്കൂട്ടങ്ങള്‍ക്കും കുന്നുകള്‍ക്കും മരണമണി മുഴങ്ങുകയാണ്. ഇത് ഒട്ടനവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

പര്‍വ്വതങ്ങള്‍ നീക്കം ചെയ്ത് ഭൂമിയുടെ നിലനില്‍പ്പ് അവതാളത്തിലായിരിക്കുന്നു. വര്‍ഷകാലത്ത് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാവുന്നു. പ്രകൃതി വിഭവങ്ങള്‍ ആര്‍ത്തിയോടെ ചൂഷണം ചെയ്യുന്നത് അനുവദിക്കരുത്. പര്‍വ്വതങ്ങള്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി എല്ലാ വര്‍ഷവും ഡിസംബര്‍ 11 പര്‍വത ദിനമായി ആചരിച്ച് വരുന്നു. പര്‍വ്വതങ്ങള്‍ നിലനില്‍ക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം.

 

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles