Current Date

Search
Close this search box.
Search
Close this search box.

കോണ്‍ഗ്രസ് എന്തുകൊണ്ട് ഛത്തീസ്ഗഢില്‍ തോറ്റു ?

മധ്യ ഇന്ത്യന്‍ സംസ്ഥാനത്ത് അതിന്റെ എക്കാലത്തെയും മികച്ച തിരഞ്ഞെടുപ്പ് പ്രകടനത്തിലൂടെ ഛത്തീസ്ഗഢില്‍ വീണ്ടും അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി. 54 സീറ്റുകള്‍ ബി.ജെ.പി നേടിയപ്പോള്‍ 35 സീറ്റാണ് കോണ്‍ഗ്രസിന് നേടാനായത്.

എങ്കിലും, ജനവിധിയുടെ സൂക്ഷ്മ പരിശോധന നടത്തിയാല്‍, സീറ്റുകളുടെ എണ്ണം നോക്കുകയാണെങ്കില്‍ ഒരു കാര്യം വളരെ വ്യക്തമാണ്. അതായത്, ഈ വിധി ബിജെപിക്കുള്ള അംഗീകാരമല്ല, മറിച്ച് അത് കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള നിരാകരണമാണ്. മാത്രമല്ല, അഞ്ച് വര്‍ഷം മുമ്പ് വോട്ട് ചെയ്ത കാരണങ്ങളെ തുരങ്കം വയ്ക്കുന്ന വിചിത്രമായ രാഷ്ട്രീയം പ്രയോഗിച്ച് കോണ്‍ഗ്രസ് ബിജെപിക്ക് ജോലി എളുപ്പമാക്കി.

ആദിവാസി രോഷം

2018ലെ തിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഢ് നിയമസഭയിലെ 90 സീറ്റുകളില്‍ 68 സീറ്റുകളും കോണ്‍ഗ്രസ് നേടിയിരുന്നു. അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് നിലംപൊത്തി. എന്നിരുന്നാലും, ഏറ്റവും കനത്ത നഷ്ടം സംഭവിച്ചത് സംസ്ഥാനത്തെ ആദിവാസി മേഖലകളിലാണ്. പരമ്പരാഗതമായി അത് ശക്തമായി കോണ്‍ഗ്രസിന്റെ കൂടെ നിന്നിരുന്നതും കഴിഞ്ഞ തവണ തൂത്തുവാരിയതുമായ പ്രദേശങ്ങളാണിത്. സംസ്ഥാനത്തെ വടക്കന്‍ മേഖലയില്‍ ധാതു സമ്പന്നമായ സര്‍ഗുജ മേഖലയില്‍ നിന്ന് പാര്‍ട്ടി തുടച്ചുനീക്കപ്പെട്ടു. 2018ല്‍ ഈ ആദിവാസി ഭൂരിപക്ഷ പ്രദേശത്തെ 14 സീറ്റുകളിലും വിജയിച്ചിരുന്നു.

സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തുള്ള മറ്റൊരു ആദിവാസി മേഖലയായ ബസ്തറില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കില്‍ അത് നേരിയ തോതില്‍ മാത്രംമായിരുന്നു. ഇവിടെയുള്ള 12 സീറ്റുകളില്‍ നാലെണ്ണമാണ് കോണ്‍ഗ്രസ് നേടിയത്. 2018-ല്‍ ഇവിടെ ഒരു സീറ്റ് ഒഴികെ എല്ലായിടത്തും അവര്‍ ഒന്നാമതെത്തിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിന്റെ വാഗ്ദാനങ്ങള്‍ നിരസിക്കുകയാണെന്ന് ഈ പ്രദേശങ്ങളില്‍ ആദിവാസികള്‍ക്കിടയിലെ പലരും നേരത്തെ തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ആദിവാസി മേഖലയിലെ ഗ്രാമസഭകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്ന പഞ്ചായത്ത് വിപുലീകരണ ഷെഡ്യൂള്‍ഡ് ഏരിയ ആക്ട് ‘പാതിമനസ്സോടെ’ നടപ്പിലാക്കിയതാണ് അതൃപ്തിയുടെ ഏറ്റവും വലിയ ഘടകം. ആദിവാസികള്‍ക്ക് അവരുടെ ഭൂമിയിലും വനസമ്പത്തിലും കൂടുതല്‍ നിയന്ത്രണം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയായിരുന്നുവെന്ന് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ പരാതിപ്പെട്ടിരുന്നു.

ക്രിസ്ത്യന്‍ വോട്ടുകള്‍

ജാഗ്രത സംഘങ്ങളില്‍ നിന്നുള്ള ആക്രമണം തടയുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ ക്രിസ്തുമതം പിന്തുടരുന്ന ആദിവാസികള്‍ക്കിടയില്‍ വ്യാപകമായ നിരാശ ഉണ്ടായിരുന്നു. ഹിന്ദുത്വ സംഘടനകള്‍ മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് കീഴിലുള്ള പോലീസ് നടപടിയെടുക്കുന്നതില്‍ വ്യക്തമായ അലംഭാവം കാണിച്ചെന്നും ഈ സമുദായത്തില്‍ നിന്നുള്ള മറ്റുള്ളവര്‍ കുറ്റപ്പെടുത്തി.

ഉദാഹരണത്തിന്, വലിയ ആദിവാസി ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ഒരു ജില്ലയായ വടക്കന്‍ ഛത്തീസ്ഗഡിലെ ജഷ്പൂരില്‍, തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് നിരവധി ആളുകളുമായി സ്‌ക്രോള്‍ അഭിമുഖം നടത്തിയിരുന്നു. ഈ വര്‍ഷാദ്യത്തില്‍ ഒരു കന്യാസ്ത്രീയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് അവര്‍ സംസാരിക്കുകയും ഇത് അന്യായമാണെന്ന് പറയുകയും ചെയ്തിരുന്നു. ഈ ജില്ലയിലെ മൂന്ന് സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമായി.

തിരിച്ചടിച്ച തന്ത്രം

ന്യൂനപക്ഷ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി സംസാരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയപ്പോള്‍, അവര്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും ഹിന്ദു-ടൂറിസം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും പശുവളര്‍ത്തലും പശു സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടിയുടെ ഭാഗമായി ചാണകം വാങ്ങുന്നതിനായി നൂറുകണക്കിന് കോടികള്‍ ചെലവഴിക്കുകയും ചെയ്തു. പലപ്പോഴും അഭിമാനത്തോടെ തന്റെ ഹിന്ദു സ്വത്വം എടുത്തുധരിക്കുന്ന മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ഇത്തരം കാര്യങ്ങള്‍ ഹിന്ദു വോട്ടര്‍മാര്‍ക്കിടയില്‍ തനിക്ക് നല്ല പ്രതിഛായ കിട്ടുമെന്ന് വിശ്വസിച്ചു. കൂടാതെ, അദ്ദേഹം നേരെ ബി.ജെ.പിയുടെ കെണിയില്‍ ചെന്ന് കയറിയിട്ടുമുണ്ടാകാം.

വളരെ കുറഞ്ഞ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ചരിത്രമുള്ള സംസ്ഥാനത്ത് മതധ്രുവീകരണം ഒരു തിരഞ്ഞെടുപ്പ് വിഷയമായി വിന്യസിക്കാന്‍ കാവി പാര്‍ട്ടിക്ക് അടിത്തറ പാകിയത് ബാഗേലിന്റെ ‘മൃദു ഹിന്ദുത്വ’മാണെന്നും വിമര്‍ശകര്‍ പറയുന്നു.

മറ്റൊരിടത്തും ഇല്ലാത്ത തരത്തിലുള്ള തിരഞ്ഞെടുപ്പ്

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മതധ്രുവീകരണത്തിന്റെ അനിഷേധ്യമായ മുദ്ര ഞായറാഴ്ചത്തെ വിധിയില്‍ ഉണ്ടെന്ന് ഉറപ്പാണ്. മധ്യ ഛത്തീസ്ഗഡിലെ ബെമെതാരയെ പരിശോധിക്കുകയാണെങ്കില്‍ 2018ല്‍ ഈ ജില്ലയിലെ മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.
ഈ വര്‍ഷമാദ്യം ജില്ലയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വര്‍ഗീയ കലാപത്തിന് സാക്ഷ്യം വഹിച്ചിരുന്നു. അതില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് മുസ്ലിംകളും ഒരു ഹിന്ദുവുമായിരുന്നു. ഇരയായ ഹിന്ദുവിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചപ്പോള്‍, കൊല്ലപ്പെട്ട മുസ്ലിംകളെക്കുറിച്ച് ബാഘേല്‍ മൗനം പാലിച്ചു.

എങ്കിലും, ഈ വര്‍ഷം തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഭവം ഉയര്‍ത്തിക്കാട്ടുന്നതില്‍ നിന്ന് ബി.ജെ.പിക്ക് അതൊന്നും തടസ്സമായില്ല.
ഇരയായ ഹിന്ദുവിന്റെ പിതാവിനെ ജില്ലയിലെ ഒരു സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുക മാത്രമല്ല, ഈ പ്രദേശം ലൗ ജിഹാദിന്റെ കേന്ദ്രമായി മാറിയെന്ന് കേന്ദ്രമന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. ഈ ജില്ലയിലെ മൂന്ന് സീറ്റുകളും ബി.ജെ.പി ഇത്തവണ തൂത്തുവാരി. അയല്‍പ്രദേശമായ കവര്‍ധയില്‍, സംസ്ഥാനത്തെ ഏക മുസ്ലീം എം.എല്‍.എയായിരുന്നു മുഹമ്മദ് അക്ബര്‍, ബെമെതാര കലാപത്തില്‍ പ്രതിയായ ഒരാളോട് തോല്‍ക്കുകയും ചെയ്തു.

കര്‍ഷകരും കൈവിട്ടു

ഈ പരാജയം ഒന്നിലധികം കാരണങ്ങളാല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉദാരമായ നെല്ല് സംഭരണ നിരക്ക് അടക്കമുള്ള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തുറുപ്പുചീട്ട് എങ്ങനെ മറികടക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്ന് ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് കാണിക്കുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ തങ്ങള്‍ നടപ്പിലാക്കി വിജയിച്ച നെല്ല് ബോണസ് വിതരണ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പിനെ പ്രധാനമായും നേരിട്ടത്. വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇതിലും മെച്ചപ്പെട്ടത് ചെയ്യുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ 2018-ല്‍, വാഗ്ദാനം ചെയ്ത സമാനമായ ബോണസ് നല്‍കാനാകാതെ കഷ്ടപ്പെട്ട ബിജെപി, ആ മുന്നണിയില്‍ തിരുത്തലുകള്‍ വരുത്തുമെന്ന് വാഗ്ദാനം ചെയ്തു.

ട്രാക്ക് റെക്കോര്‍ഡ് അടിസ്ഥാനമാക്കി ബി.ജെ.പിയെ വിശ്വസിക്കാന്‍ കര്‍ഷകര്‍ക്കിടയില്‍ ചില സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ‘മോദി ഗ്യാരന്റി’ ആയി അവതരിപ്പിച്ചതിനാല്‍ കവാര്‍ധ-ബെമെതാര-ദുര്‍ഗ് പ്രദേശത്തെ ജില്ലകളില്‍ പലരും അതില്‍ വിശ്വാസം അര്‍പ്പിക്കാന്‍ തീരുമാനിച്ചതായി ഫലം കാണിക്കുന്നു.

വ്യാപകമായ ആദിവാസി അതൃപ്തിയില്‍ ഇതിനകം പിന്തുണ നഷ്ടപ്പെട്ട പാര്‍ട്ടിക്ക് അധികാരം നിലനിര്‍ത്താനുള്ള ഒരേയൊരു അവസരം നെല്‍കൃഷിയുള്ള സമതല പ്രദേശങ്ങളില്‍ നിന്നുള്ള പിന്തുണയായിരുന്നു. എന്നാല്‍ ഇവിടെ ബി.ജെ.പി അവരുതെ തനതായ ശൈലിയില്‍ കോണ്‍ഗ്രസിനെ തോല്‍പിച്ചു.

 

അവലംബം: ദി സ്‌ക്രോള്‍
വിവ: പി.കെ സഹീര്‍ അഹ്‌മദ്‌

Related Articles