Current Date

Search
Close this search box.
Search
Close this search box.

പരസ്പരം തോല്പിക്കുന്നവർ

ഒന്നാം കുരിശ് യുദ്ധത്തിൽ മുസ്‌ലിംകൾക്ക് സംഭവിച്ച വമ്പിച്ച വിപത്തുകളുടെ കാരണം വിശകലനം ചെയ്ത് പ്രോഫസർ അഹമ്മദ് ശുഖൈരി എഴുതുന്നു;”പോരാട്ടം മാസങ്ങളോളം ഇഴഞ്ഞു നീങ്ങി. പട്ടാളത്തിൻറെ അകത്തും പുറത്തും തെരുവുകളിലും കോട്ടകളിലും കോട്ടമതിലുകളിലും ഏറ്റുമുട്ടലുകൾ നടന്നു കൊണ്ടിരിക്കുന്നു. ധീരരായ മുസ്ലിം യോദ്ധാക്കൾ അട്ടഹസിക്കുന്നു…. സഹായം അഭ്യർത്ഥിക്കുന്നു….. എവിടെ നിന്നും യാതൊരു മറുപടിയുമില്ല…. ഹലബും ദമാസ്കസുമായിരുന്നു അന്താക്കിയായോട് ഏറ്റവും അടുത്ത നഗരങ്ങൾ. പക്ഷേ അവിടെ ജന്മ ശത്രുക്കളായ രണ്ട് രാജ സഹോദരങ്ങൾക്കിടയിലെ -ഹലബ് രാജാവ് രിദ് വാനും ഡമസ്കസ് രാജാവ്ദഖാഖി നുമിടയിൽ- വടംവലി അതിൻറെ പാരമ്യം പ്രാപിച്ചിരുന്നു. യൂറോപ്യൻ സേന അന്താക്കിയാ കോട്ട മുഖത്തെത്തിയപ്പോഴേക്കും രാജസഹോരങ്ങൾക്കിടയിൽ വെടി പൊട്ടിക്കഴിഞ്ഞിരുന്നു!

എന്തായിരുന്നു ഇരുവരും തമ്മിലുള്ള യുദ്ധത്തിന് കാരണം? രിദ് വാൻ ഡമാസ്കസിന് വേണ്ടി കൊതിക്കുകയും ദഖാഖിൽ നിന്നത് പിടിച്ചെടുക്കാൻ ആഗ്രഹിക്കുകയും ചെയ്തു.അതാണ് കാരണം. അങ്ങനെ രിദ് വാനും ദഖാഖും അന്താക്കിയയെ കുരിശ് യുദ്ധക്കാരുമായി തനിച്ച് യുദ്ധം ചെയ്യാൻ വിട്ടു. വിധി എന്താണ് ഇരുവർക്കും ഒരുക്കി വെച്ചിട്ടുള്ളതെന്ന് അവരറിഞ്ഞില്ല.

പ്രസ്തുത രാജവടംവലി കുരിശുയോദ്ധാക്കൾ അറിഞ്ഞിരിക്കണം. അവർ ദമാസ്കസുമായി ബന്ധപ്പെട്ടു. കസേരയെപ്പറ്റി ആശങ്കയേതും വേണ്ടെന്ന് അവർ രാജാവിന്നെഴുതി. അതോടെ രാജാവ് ചതിക്കുഴിയിൽ വീണു. അന്താക്കിയ പോയാൽ അയാൾക്കെന്ത്? ശേഷം പ്രളയമാകട്ടെ-എന്നാലെന്ത്?

ഇബ്നു ഖലാൻസി “റോമക്കാരുടെ കൈവശമുണ്ടായിരുന്ന ഭൂമിയിൽ കൂടുതലൊന്നും ഞങ്ങൾക്ക് വേണ്ട.”
കുരിശ് യോദ്ധാക്കൾ ഡമാസ്കസ് രാജാവിന്നെഴുതി. അദ്ദേഹം അന്താക്കിയ രാജാവിനെ സഹായിക്കാതിരിക്കാനുള്ള
കുതന്ത്രമായിരുന്നു അത്”

അന്താക്കിയ ഒറ്റക്ക് നിന്ന് പോരാടി. പക്ഷേ ആരാണ് ഉറച്ചു നിന്നതും രക്തം ചിന്തി ജന്മഭൂമിയെ കാത്തതും. പരലോകം ആഗ്രഹിച്ചവർ മാത്രം. രാജാവ് തന്നെയും തെമ്മാടിയും അക്രമിയും ജനശിക്ഷകനുമായിരുന്നെന്ന് നമ്മുടെ ചരിത്രകാരന്മാർ പറയുന്നു. യൂറോപ്യർ വന്ന് ആക്രമിച്ചപ്പോൾ തദ്ദേശീയർ ആശ്വസിക്കുകയാണത്രേ ചെയ്തത്. അവർ യൂറോപ്യരിൽ രക്ഷയും സ്വാസ്ഥ്യവും കണ്ടെത്തി. ആയാളുടെ കടുത്ത സ്വഭാവവും അതിക്രമങ്ങളും കാരണമായിരുന്നു ഇതൊക്കെയും.

എന്നാലും അന്താക്കിയൻ മുസ്ലിംകൾ എല്ലാം മറന്ന് കയ്യേറ്റക്കാരെ പ്രതിരോധിച്ചു. പക്ഷേ, ചതിയും ഭിന്നിപ്പും വളരെവേഗം ആ ധീര നഗരത്തിൻറെ പരിണതി തീരുമാനിച്ചു. അവിടം കുരിശ് യോദ്ധാക്കളുടെ കൈകളിലമർന്നു.”(ഉദ്ധരണം: പ്രബോധകൻറെ മനോവ്യഥകൾ. പുറം:59,60)

ഇസ് ലാമിക സമൂഹം ഇന്നോളമുള്ള ചരിത്രത്തിൽ അഭിമുഖീകരിച്ച ദുരന്തങ്ങളിലേറെയും വരുത്തി വെച്ചത് ആഭ്യന്തര ശൈഥില്യവും ശത്രുതയും പരസ്പര പോരും പോരാട്ടവുമായിരുന്നു. അധികാരത്തോടുള്ള ആർത്തി വരുത്തി വെച്ച വൻ വിനകൾ.അവയിൽ പലതിന്റെയും പിന്നിൽ ജ്യേഷ്ഠാനുജന്മാർക്കിടയിലെ അധികാരപ്പോരും കിടമത്സരവുമായിരുന്നു വില്ലൻ. ഒന്നാം കുരിശ് യുദ്ധത്തിൽ സംഭവിച്ച പരാജയത്തിനും മുസ്ലിം സ്പെയിനിൻറെ പതനത്തിനും കാരണം അതായിരുന്നു.

അധികാരത്തിന് വേണ്ടിയുള്ള പരസ്പര പോര് എന്നും എവിടെയും ശത്രുക്കളെ മാത്രമേ സഹായിച്ചിട്ടുള്ളൂ.ഇന്നോളമുള്ള ചരിത്രമിതിന് സാക്ഷി.സമകാലീന മുസ്ലിം ലോകത്തിലെ സ്ഥിതിയും ഭിന്നമല്ല.നമ്മുടെ നാട്ടിലുൾപ്പെടെ ലോകമെങ്ങുമുള്ള ഇസ്ലാമിക സമൂഹം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും ആഭ്യന്തര ശൈഥില്യം തന്നെ.

ചരിത്രത്തിൽ നിന്ന് നാമൊന്നും പിഠിക്കുന്നില്ലെന്നതിണിതിന് കാരണം.ചരിത്രം നൽകുന്ന ഏറ്റവും വലിയ പാഠവും ചരിത്രത്തിൽ നിന്ന് ആരും ഒന്നും പഠിക്കുന്നില്ലെന്നതാണല്ലോ.

Related Articles