Current Date

Search
Close this search box.
Search
Close this search box.

ഖിബ്‌ല, ഖിബ്‌ലമാറ്റം- നൽകുന്ന സന്ദേശം

അല്ലാമാ ഇഖ്ബാലിന്റെ ഉറുദു പദ്യത്തിന്റെ അറബി പരിഭാഷയിൽ ഇങ്ങനെ കേട്ടത് സ്മൃതിപഥത്തിൽ ആഴത്തിൽ തറച്ച ഒന്നാണ്. അത് ഏതാണ്ട് ഇങ്ങനെയാണ്.
أول بيت قبلتنا,نحافظه يحافظنا
(دنیا کے سبکدوں میں پہلا وہ گھر خدا کا ہم اس کے پاسباں ہیں وہ پاسباں ہمارا)

(നമ്മുടെ പ്രഥമ ഗേഹം നമ്മുടെ ഖിബ്‌ലയാണ്. നാം അതിനെ കാത്തുസൂക്ഷിക്കുന്ന, അത് നമ്മെയും കാത്തുസുക്ഷിക്കുന്നു ) വിശ്വാസികൾ അവരുടെ ഖിബ് ലയുമായി സവിശേഷമായ വൈകാരിക ബന്ധം സദാസജീവമായി കാത്തുസൂക്ഷിക്കുന്നു; അപ്പോൾ ആ ഖിബ്‌ല വിശ്വാസികളുടെ ഉള്ളുറപ്പുള്ള ഒരുമയും, കെട്ടുറപ്പുള്ള ഘടനയും ഉണ്ടാക്കിക്കൊണ്ട് നമ്മെയും കാത്തു രക്ഷിക്കുന്നു. ഇതാണ് ആ കവിതാ ശകലത്തിന്റെ പൊരുൾ.
വിശാലാർത്ഥത്തിൽ ഒരു മുസ്ലിമിനെ നിർവചിച്ചുകൊണ്ട് നബി(സ) പറഞ്ഞത് ഇങ്ങനെ:

من صلى صلاتنا واستقبل قبلتنا وأكل ذبيحتنا فذلك المسلم الذي له ذمة الله وذمة رسوله، فلا تخفروا الله في ذمته

ആർ ഇസ്ലാമികമുറക്കനുസരിച്ചുള്ള നമസ്കാരം നിർവഹിക്കുകയും, നമ്മുടെ ഖിബ് ലയെ അഭിമുഖീകരിക്കുകയും നമ്മളറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നുവോ അവൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സംരക്ഷണമുള്ള മുസ്ലിമാണ്. അല്ലാഹുവിന്റെ സംരക്ഷണത്തിന് നിങ്ങൾ തകരാറുണ്ടാകരുത്. (ബുഖാരി )

ഉമ്മത്തിന്റെ വിശാലാർഥത്തിലുള്ള ഏകീകരണം (വഹ്ദത്തുൽ ഉമ്മ ) ഉറപ്പുവരുത്താനുള്ള ഉത്തമ ഉപാധികളിൽ ഖിബ് ല എന്നത് ഉൾപ്പെടുന്നു. ഉമ്മത്തിന്റെ ഒരുമയും ഏകീകരണവും എന്നത് ഇസ്ലാം പല കാര്യങ്ങളിലും പ്രാധാന്യപൂർവ്വം പരിഗണിച്ച കാര്യമാണ്. ഇങ്ങനെയൊരു ഐക്യം സാധ്യമാക്കാൻ സമ്പൂർണ്ണാർഥത്തിലുള്ള ഏകദൈവ വിശ്വാസം ആവശ്യപ്പെടുന്നുണ്ട്. യുക്തിപരമായ ന്യായീകരണ സാദ്ധ്യതയോ പ്രയോജനവാദ പരമായ വിശദീകരണ സാദ്ധ്യതയോ ഒന്നും ആവിശ്യമില്ലാത്ത വിധം ഉടയോൻ (ഇലാഹ് )കൽപ്പിച്ചാൽ അടിയാൻ (അബ്ദ് ) സർവ്വാത്മനാ സവിനയം അനുസരിച്ച്, അംഗീകരിച്ച്, ആചരിക്കുന്നു. കലർപ്പില്ലാത്ത, കരുതിവെപ്പില്ലാത്ത ഈമാനിന്റെ പ്രേരണയിൽ ഖിബ്ലയെ അഭിമുഖീകരിക്കുക വഴി നമ്മുടെ ഈമാനിന്ന് തികവും മികവും ഉണ്ടായിത്തീരുകയാണ്.

വിശ്വാസദാർഢ്യതയില്ലാത്ത സത്യ വിശ്വാസത്തിൽ പലവിധ മായങ്ങൾ കലർന്ന മൂഡന്മാർക്ക് ഇത്തരം ഈമാനിക വളർച്ച ഉണ്ടാവില്ല. അല്ലാഹു നിർദേശിച്ച, അല്ലെങ്കിൽ അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു എന്നത് കൃത്യമായും വ്യക്തമായും ഗ്രഹിച്ചാൽ പിന്നെ വിശ്വസിക്ക് മറ്റൊന്നും ഒട്ടും അന്വേഷിക്കേണ്ടതില്ല.അതാണ് സമ്പൂർണ ഈമാനും തദടിസ്ഥാനത്തിലുള്ള സമർപ്പണവും (Total Submission). പ്രേമത്തിന്റെ-അനുരാഗത്തിന്റെ മനസ്സ് അതൊന്നുമില്ലാത്ത സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ ആവില്ലല്ലോ?

സത്യാവിശ്വസികളെന്നാൽ അല്ലാഹുവിനോട് അത്തികഠിനവും അഗാധവുമായ അനുരാഗമുള്ളവരാണെന്ന് ഖുർആൻ പറഞ്ഞത് വളരെയേറെ ആഴതലങ്ങളുള്ളതാണ്. ( وَالَّذِيۡنَ اٰمَنُوۡٓا اَشَدُّ حُبًّا لِّلّٰهِ )

ഖിബ്‌ല മാറ്റം സംഭവിച്ചത് ഹിജ്റ രണ്ടാം വർഷം റജബിലോ ശഅബനിലോ ആണെന്നാണ് മൗലാനാ മൗദൂദി അഭിപ്രായപ്പെട്ടത് (തഫ്ഹീമുൽ ഖുർആൻ )വംശീയത-ദേശീയത- സാമുദായികത, പാരമ്പര്യവാദം തുടങ്ങിയ പലവിധ പ്രവണതകൾ കളിമൺ വിഗ്രഹത്തേക്കാൾ മാരകവും ഭീകരവുമായ വിഗ്രഹങ്ങളാണ്. ഇത്തരത്തിലുള്ള ഏതോ ഒരു വിഗ്രഹത്തിന്റെ ഉപാസകരാക്കി പൗര ജനങ്ങളെ തളച്ചിട്ട് ഒരുതരം വിഗ്രഹാരാധകരാക്കി മാറ്റുന്ന, എന്നിട്ട് മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം വാഴുന്ന ദുരന്തം പണ്ടും ഇന്നുമുണ്ട്.(ഇന്ന് നമ്മുടെ ഇന്ത്യ വാഴുന്നവർ അങ്ങനെയാണ് അവരുടെ അജണ്ട നടപ്പാക്കുന്നത് ) ദേശസ്നേഹവും ദേശീയതയും പര്യായപദം പോലെ ആയിരിക്കുന്നു. ജീവിതത്തെ സംസ്കരിച്ച് മനുഷ്യനെ നല്ലവരാക്കി തീർക്കേണ്ട മതദർശനവും കേവല സാമുദായികതയും ഒന്നാണെന്ന് തോന്നിപ്പിക്കും വിധം വ്യാപകമായി ഉപയോഗിക്കുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ മുഖ്യ ഹേതു ദേശീയത (nationalism) ആയിരുന്നുവെന്ന് അർനോൾഡ് ടോയിൻബിയെ പോലുള്ള പല ചരിത്ര പണ്ഡിതരും പറഞ്ഞതാണ്.

ഹിജ്റ ഉൾപ്പെടെ പല സംഗതികളിലൂടെ ആദർശ സമൂഹത്തെ ഇസ്ലാം സ്ഫുടീകരിച്ചെടുത്തത് ദേശീയത, പാരമ്പര്യവാദം, സാമുദായികത തുടങ്ങിയ പലവിധ ദുഷ്പ്രവണതകളിൽ നിന്ന് തീർത്തും വിമുക്തരാക്കികൊണ്ടാണ്. അങ്ങനെയാണ് ഉത്തമ സമുദായം, സന്തുലിത സമൂഹം എന്ന് അവസ്ഥയിലേക്ക് വളരുകയും ഉയരുകയും ചെയ്യുന്നത്.ഈ കാര്യം ഉസ്താദ് അബുൽ അഅലാ മൗദൂദി(റ)യുക്തിഭദ്രവും ചിന്തനീയവുമായ ഹൃദ്യ ശൈലിയിൽ സുറ: ബഖറയിൽ പറയുന്നത് കാണുക:

” അതായത്, അന്ധമായ പക്ഷപാതങ്ങളിലും മണ്ണിന്റെയും രക്തത്തിന്റെയും അടിമ ത്തത്തിലും കുടുങ്ങിക്കിടക്കുന്നതാരെന്നും അത്തരം ബന്ധനങ്ങളിൽ നിന്നെല്ലാം സ്വതന്ത്രരായി യാഥാർഥ്യങ്ങൾ ശരിയായ രൂപത്തിൽ കണ്ടുപിടിക്കുന്നവർ ആരെന്നും വീക്ഷിക്കുകയായിരുന്നു അതുകൊണ്ടുദ്ദേശിക്കപ്പെട്ടിരുന്നത്. ഒരുവശത്ത് അറബികൾ ദേശീയവും വംശീയവുമായ അഹങ്കാരത്തിൽ ഉന്മത്തരായിരുന്നു. അറേബ്യയിലെ കഅ്ബയെ വിട്ട് പുറത്തുള്ള ബൈത്തുൽ മഖ്ദിസിനെ ഖിബ്ലയാക്കുക അവരുടെ വർഗീയതയുടെ ബിംബത്തിന് ഏൽക്കേണ്ടിവന്ന അസഹ്യമായ ഒരു പ്രഹരമായിരുന്നു. ഇത്തരം ബിംബങ്ങളെ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച് പൂജിക്കുന്നവർക്ക്, ദൈവദൂതൻ ക്ഷണിക്കുന്ന മാർഗത്തിലൂടെ ചരിക്കുക സാധ്യമല്ലെന്ന് വ്യക്തം. അതിനാൽ, അത്തരം ബിംബാരാധകരെ യഥാർഥ ദൈവഭക്തരിൽനിന്ന് വേർപെടുത്തിക്കാ ണിക്കാനായി അല്ലാഹു ആദ്യം ബൈത്തുൽ മഖ്ദിസ് ഖിബ്ലയായി നിശ്ചയിച്ചു. അറബ് ദേശീയതയാകുന്ന ബിംബത്തെ പൂജിക്കുന്ന ജനങ്ങളെ വേർതിരിക്കുകയായിരുന്നു ഉദ്ദേശ്യം. പിന്നീട് ഇസ്രാഈലി വംശപക്ഷപാതികളെ വേർതിരിക്കാനായി ബൈത്തുൽ മഖ്ദിസ് മാറ്റി കഅ്ബയെ ഖിബ്ലയാക്കി. അങ്ങനെ ഒരു ബിംബത്തെ പൂജിക്കാത്തവരും ഏകദൈവത്തെ മാത്രം പൂജിക്കുന്നവരുമായ ജനങ്ങൾ ദൈവദൂതനൊന്നിച്ചവശേഷിച്ചു.” ( 2:145, തഫ്ഹീമിൽ ഖുർആൻ വ്യാഖ്യാനക്കുറിപ്പ് )

ആദർശ സമൂഹത്തിന്റെ ഉദ്ഗ്രഥനത്തിന്ന് ഖിബ്‌ല നൽകുന്ന സന്ദേശം നാം സ്വാംശീകരിക്കേണ്ടതുണ്ട്. ഉദ്ഗ്രഥനഗീതം ഉദ്ഗാനം ചെയ്യുന്ന ഖിബ്‌ലയെ അഭിമുഖീകരിച്ചുകൊണ്ട് തന്നെ വിഗ്രഥനത്തിന്റെ (disintegration) വിനാശകരമായ വിക്രിയകളിൽ വ്യാപൃതരാവുന്നത് അങ്ങേയറ്റം സങ്കടകരമാണ്. നല്ല തിരിച്ചറിവിനും തിരുത്തിനും റബ്ബ് നമ്മെ തുണക്കട്ടെ.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles