Current Date

Search
Close this search box.
Search
Close this search box.

ആർ.എസ്.എസ് മനുഷ്യനെ മൃഗമാക്കുന്നതിങ്ങനെ

വെറും നാലു മാസത്തിനുള്ളിൽ ഏഴു പതിപ്പുകളിലൂടെ 20,000 കോപ്പികൾ വിറ്റഴിഞ്ഞ, ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ സുധീഷ് മിന്നിയുടെ “നരക സാകേതത്തിലെ ഉള്ളറകൾ ” എന്ന പുസ്തകം പ്രശസ്തമാണ്.

കാൽ നൂറ്റാണ്ടുകാലം ആർ.എസ്.എസിൽ പ്രവർത്തിച്ച, ആർ.എസ്.എസ് പ്രചാരക് കൂടിയായ സുധീഷ് മിന്നി ഒടുവിൽ മന:പരിവർത്തനം വന്ന് ആർ.എസ്.എസ് വിട്ട് സി.പി.എമ്മിൽ ചേരുകയായിരുന്നു.

ആർ.എസ്.എസിൽ പ്രവർത്തിക്കവേ താൻ നേരിട്ടനുഭവിച്ച സംഘ് ഫാഷിസത്തിൻ്റെ ഭീകരമുഖം ഈ പുസ്തകത്തിൽ സുധീഷ് അനാവരണം ചെയ്യുന്നു. അത്തരം നടുക്കുന്ന അനേകം അനുഭവങ്ങളിൽ ഒന്നാണ് “സംഘ ശിക്ഷാ വർഗ്ഗ് ” എന്ന ക്യാമ്പിൽ പങ്കെടുത്തപ്പോൾ അദ്ദേഹത്തിനുണ്ടായത്. സുധീഷ് മിന്നിയുടെ വാക്കുകൾ:

“ഗണ വേഷം (കാക്കി ട്രൗസർ, വെള്ള ഷർട്ട്, വെള്ള ബനിയൻ, ബെൽറ്റ്, ഷൂസ്, സോക്സ്, കറുത്ത തൊപ്പി, ദണ്ഡ ഇവ ) ക്യാമ്പിൽ വളരെ കൃത്യമായി ധരിക്കാൻ പഠിപ്പിക്കും.

ക്രിസ്തു, മുസ് ലിം വിഭാഗങ്ങളുടെ ത്വരിത ഗതിയിലുള്ള വളർച്ച, അതിൻ്റെ പ്രത്യാഘാതങ്ങൾ എന്നിവ അജണ്ടയാണ്. കമ്യൂണിസ്റ്റു രാഷ്ട്രങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ എന്നിവ പ്രത്യേകം പരാമർശിക്കും. ക്രൈസ്തവർ, മുസ് ലിംകൾ, കമ്യൂണിസ്റ്റുകാർ എന്നിവർ രാജ്യദ്രോഹികളാണെന്നു കാണിക്കുന്ന നിരവധി സംഭവങ്ങൾ ചാർട്ടുകളിലാക്കി പ്രദർശിപ്പിക്കും. ക്രിസ്ത്യാനികളും മുസ് ലിംകളും ഭാരത സംസ്കാരത്തിന് എതിരാണെന്ന് ഉദ്ഘോഷിക്കും. ഗോൾവാൾക്കർ അവരെ പറ്റി ഇങ്ങനെ എഴുതിയിട്ടുണ്ട്: “പുതിയൊരു വിശ്വാസ ക്രമം സ്വീകരിച്ചതിനാൽ മൊത്തത്തിലവർ ഹിന്ദു സംസ്കൃതി ഇല്ലാത്തവരായിത്തീർന്നു. ഭാരതാംബയെ വെട്ടിനുറുക്കാൻ കടൽ കടന്നെത്തിയ ഈ രാക്ഷസന്മാരെ എന്നന്നേക്കുമായി തുരത്താൻ മറ്റൊരു സമരത്തിന് കോപ്പുകൂട്ടേണ്ടിയിരിക്കുന്നു”

ദേശഭക്തിഗാനങ്ങളും ഭാരതം അമ്മയാണെന്ന ചിന്തകളുമുണർത്തും. ദേശീയഗാനം വന്ദേമാതരം ആക്കണമെന്ന ചർച്ചയുണ്ടാകും. വന്ദേമാതരത്തിൻ്റെ അലയൊലികൾ ക്യാമ്പിലെപ്പോഴും നിറസാന്നിധ്യമാകും.

ഇങ്ങനെ പോയൽ അമ്മയുടെ എല്ലാ അവയവങ്ങളും നഷ്ടപ്പെടും. കശ്മീർ വിഭജിക്കാൻ ശ്രമിക്കുന്നു. ചൈന ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ സഹായത്തോടെ രാജ്യത്തെ പിടിച്ചടക്കാനുള്ള ശ്രമം നടത്തുന്നു. നാഗാലാൻ്റിലും അസം അതിർത്തിയിലും ക്രൈസ്തവർ ഭീകരാക്രമണം നടത്തി. ഈ അമ്മയെ നശിപ്പിക്കുന്ന ദുഷ്ട ശക്തികളെ ജീവൻ കൊടുത്ത് ഇവിടെ നിന്ന് ആട്ടിയോടിക്കണം.

ഗോദ്സെയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാതെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. എപ്പോൾ അഖണ്ഡ ഭാരതം (ചൈന, പാകിസ്ഥാ ൻ, നേപ്പാൾ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ശ്രീലങ്ക എന്നിവ അടങ്ങുന്ന പ്രദേശം) സഫലമാകുന്നുവോ അന്നേ അത് നിമജ്ജനം ചെയ്യാൻ കഴിയൂ.

ആ ഒരൊറ്റ പരിപാടിയിൽ നിന്നു തന്നെ മന:ശാസ്ത്രപരമായി മറ്റൊരു തലത്തിലായ ഒരവസ്ഥ നമുക്കുണ്ടാവും. ക്രൈസ്തവ, മുസ് ലിം, കമ്യൂണിസ്റ്റു വിഭാഗങ്ങളെ പരിപൂർണമായും നിർമ്മാർജ്ജനം ചെയ്യാനുള്ള മന: സ്ഥിതി യഥാവിധം ഓരോരുത്തരിലും ഉണ്ടാകും. ആ ക്യാമ്പ് അംഗങ്ങളെ വർഗീയതയുടെ മറ്റൊരു ഉന്മാദാവസ്ഥയിൽ എത്തിച്ചു എന്ന് നിസ്സംശയം പറയാം”
(നരക സാകേതത്തിലെ ഉള്ളറകൾ. പേജ്: 41-42 )

Related Articles