Current Date

Search
Close this search box.
Search
Close this search box.

പ്രകൃതി ദുരന്തങ്ങളെ വിശ്വാസി എങ്ങനെ കാണുന്നു?

ഓരോ വര്‍ഷവും നമ്മെ വലിയ സംഭവങ്ങളാല്‍ അമ്പരിപ്പിച്ചുകൊണ്ടല്ലാതെ നമ്മില്‍നിന്ന് കടന്നുപോകുന്നില്ല. പ്രതിരോധിക്കാനും തടയാനും കഴിയാതെ മനുഷ്യര്‍ അതിന് മുന്നില്‍ അസ്വസ്ഥരായി നില്‍ക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓരോ സമയങ്ങളില്‍ സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതവും അനന്തരഫലവും ഭയാനകമാണ്. പ്രകൃതി ദുരന്തങ്ങളോടുള്ള വിശ്വാസിയുടെ സമീപനമെന്താണ്? പ്രകൃതി ദുരന്തങ്ങളെ വിശ്വാസി എങ്ങനെയാണ് കാണുന്നത്?

അധിക പേരും പ്രകൃതി ദുരന്തങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നത് മാത്രമാണ് നാം കാണുന്നത്. പ്രകൃതിദത്തമായ കാരണങ്ങള്‍, ഭൗതിക നഷ്ടങ്ങള്‍, ശാസ്ത്രീയ നിരീക്ഷണം തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കും അവരുടെ ചര്‍ച്ച. മനുഷ്യന്റെ അറിവിനെക്കാളും ശക്തിയെക്കാളും ഉയര്‍ന്നുനില്‍ക്കുന്നത് അല്ലാഹുവിന്റെ അറിവും ശക്തിയുമാണ്. അല്ലാഹുവിന്റെ തീരുമാനമാണിതെന്നാണ് വിശ്വാസികള്‍ വിശ്വസിക്കുന്നത്. വിശ്വാസികള്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യുക. പ്രകൃതി ദുരന്തങ്ങളെ വിശ്വാസി എങ്ങനെയാണ് നോക്കികാണുന്നത്?

ഒന്ന്: പ്രപഞ്ചത്തിന്റെ അധിപന്‍ അല്ലാഹുവാകുന്നു, അവന്‍ ഉദ്ദേശിക്കുന്നതുപോലെ ചെയ്യുന്നു

അല്ലഹു പറയുന്നു: ‘പറയുക, ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളനാകുന്നു.’ (ആലു ഇംറാന്‍: 26) ‘ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടില്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു.’ (അല്‍ഹദീദ്: 22) ഭൂകമ്പമോ അഗ്നിസ്‌ഫോടനമോ പേമാരിയോ വെള്ളപ്പൊക്കമോ ചുഴലിക്കാറ്റോ ഉണ്ടാവുകയാണെങ്കില്‍ ആദ്യമായും അവസാനമായും അല്ലാഹുവിന്റെ തീരുമാന പ്രകാരമാണത്. അവന്‍ ഉദ്ദേശിക്കുന്നതുപോലെ കാര്യങ്ങള്‍ മാറ്റിമറിക്കുന്നു. വ്യക്തിയായാലും ജനവിഭാഗമായാലും രാഷ്ട്രമായാലും തങ്ങളുടെ അറിവിലും അധികാരത്തിലും ശക്തിയിലും ഭൗതികമായ മറ്റെന്തിങ്കിലും കാര്യങ്ങളിലും വഞ്ചിതരാകാതിരിക്കാന്‍ മനുഷ്യര്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്.

രണ്ട്: ദുരന്തങ്ങള്‍ മനുഷ്യര്‍ക്കുള്ള പരീക്ഷമാണ്

ദുരന്തങ്ങള്‍ ഏതെങ്കിലും ഒരു പ്രദേശത്തെയോ വിഭാഗത്തെയോ മാത്രമല്ല, എല്ലായിടത്തെയും എല്ലാവരെയും ബാധിക്കുന്നു. അല്ലാഹു പറയുന്നു: ‘കുറച്ചൊക്കെ ഭയം, പട്ടിണി, ധന നഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.’ (അല്‍ബഖറ: 155) അബൂ സഈദില്‍ ഖുദ്‌രിയ്യ്(റ)വില്‍ നിവേദനം: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ‘രോഗവും അസ്വസ്ഥതയും വിശ്വാസിയെ ബാധിക്കുന്നില്ല അവന്റെ തെറ്റുകള്‍ മായ്ച്ചുകൊണ്ടല്ലാതെ. ഇനി, മുള്ളു കുത്തുന്നതാണങ്കില്‍ പോലും.’

മൂന്ന്: നിഷേധികള്‍ക്കും അതിക്രമകള്‍ക്കുമുള്ള ശിക്ഷയാണ് ദുരന്തങ്ങള്‍

നിഷേധികള്‍ക്കും ധിക്കാരികള്‍ക്കും അതിക്രമികള്‍ക്കുമുള്ള ശിക്ഷയാണ് ഇത്തരം ദുരന്തങ്ങള്‍. അതിക്രമവും ധിക്കാരവും തിന്മയും വ്യാപിക്കുമ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയും കോപവും വന്നെത്തുന്നു. അല്ലാഹു പറയുന്നു: ‘സത്യനിഷേധികള്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഏതെങ്കിലും അത്യാപത്ത് ബാധിച്ച് കൊണ്ടിരിക്കുന്നതാണ്. അല്ലെങ്കില്‍ അവരുടെ താമസസ്ഥലത്തിനടുത്ത് തന്നെ അത് ശിക്ഷ വന്നിറങ്ങികൊണ്ടിരിക്കും; അല്ലാഹുവിന്റെ വാഗ്ദത്തം വന്നെത്തുന്നത് വരെ. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.’ (അര്‍റഅദ്: 31) ‘അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന് നാം പിടികൂടി. അവരില്‍ ചിലരുടെ നേരെ നാം ചരല്‍കാറ്റ് അയക്കുകയാണ് ചെയ്തത്. അവരില്‍ ചിലരെ ഘോരശബ്ദ്ദം പിടികൂടി. അവരില്‍ ചിലരെ ഭൂമിയില്‍ നാം ആഴ്ത്തികളഞ്ഞു. അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷേ, അവര്‍ അവരോട് തന്നെ അക്രമം ചെയ്യുകയായിരുന്നു.’ (അല്‍അന്‍കബൂത്: 40)

നിഷേധികള്‍ക്ക് തടയാനാകാത്ത വിധം ശിക്ഷയിറക്കാന്‍ കഴിവുള്ളവനാണ് അല്ലാഹുവെന്ന് വിശുദ്ധ ഖുര്‍ആന്‍ വിവിധയിടങ്ങളില്‍ പറയുന്നു. ‘പറയുക, നിങ്ങളുടെ മുകള്‍ ഭാഗത്ത് നിന്നോ നിങ്ങളുടെ കാലുകളുടെ ചുവട്ടില്‍ നിന്നോ നിങ്ങളുടെ മേല്‍ ശിക്ഷ അയക്കുവാന്‍, അല്ലെങ്കില്‍ നിങ്ങളെ ഭിന്നകക്ഷികളാക്കി ആശയകുഴപ്പത്തിലാക്കുകയും, നിങ്ങളില്‍ ചിലര്‍ക്ക് മറ്റ് ചിലരുടെ പീഡനം അനുഭവിപ്പിക്കുകയും ചെയ്യാന്‍ കഴിവുള്ളവനത്രെ അവന്‍. നോക്കൂ, അവര്‍ ഗ്രഹിക്കുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുന്നത് എങ്ങനെയാണെന്ന്!’ (അല്‍അന്‍ആം: 65)

നാല്: വിശ്വാസമില്ലാത്ത വിജ്ഞാനം

ഇഹലോക ജീവിതവുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങളുടെ കവാടങ്ങള്‍ അല്ലാഹു മനുഷ്യന് തുറന്നുകൊടുത്തിട്ടുണ്ട്. തങ്ങള്‍ക്ക് കിട്ടിയ അറിവുകള്‍ മുഖേന സമുദ്രത്തിനടിയിലേക്കും നക്ഷത്രങ്ങളിലേക്കും മനുഷ്യരെത്തുന്നു. ഭൂമിയിലെ പല കാര്യങ്ങളും നിയന്ത്രിക്കുന്നു. അതിനാല്‍, അവര്‍ കരുതുന്നത് ഈ ജീവിതം തങ്ങളുടെ തീരുമാനങ്ങള്‍ക്ക് വിധേയമാണെന്നാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല.’ (അല്‍ഇസ്‌റാഅ്: 85) വിശ്വാസത്തിന് പകരം വിജ്ഞാനം കൊണ്ട് ഹുങ്ക് കാണിച്ചവരെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘അങ്ങനെ അവരിലേക്കുള്ള ദൂതന്മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവരുടെ പക്കലുള്ള അറിവ് കൊണ്ട് അവര്‍ തൃപ്തിപ്പെടുകയാണ് ചെയ്തത്. എന്തൊന്നിനെപ്പറ്റി അവര്‍ പരിഹിസച്ചിരുന്നുവോ അത് (ശിക്ഷ) അവരെ വലയം ചെയ്യുകയുണ്ടായി. എന്നിട്ട് നമ്മുടെ ശിക്ഷ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുകയും അവനോട് ഞങ്ങള്‍ പങ്കുചേര്‍ത്തിരുന്നതില്‍ (ദൈവങ്ങളില്‍) ഞങ്ങള്‍ അവശ്വസിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, അവര്‍ നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യത്തില്‍ മുമ്പേ നടപ്പിലാക്കി കഴിഞ്ഞിട്ടുള്ള നടപടിക്രമമത്രെ അത്. അവിടെ നിഷേധികള്‍ നഷ്ടത്തിലാവുകയും ചെയ്തു.’ (ഗാഫിര്‍: 83-85)
വിജ്ഞാനത്തിന്റെ അടിസ്ഥാനം ദൈവത്തെ കണ്ടെത്തുകയെന്നതാണ്. ‘അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രാതപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.’ (ഫാത്വിര്‍: 28)

അഞ്ച്: മനുഷ്യാവസ്ഥ

ഇത്തരം സംഭവങ്ങള്‍ മനുഷ്യന്‍ ദുര്‍ബലനാണെന്ന് അടിവരയിടുന്നു. ‘തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാണ് ശക്തനും പ്രതാപവാനും.’ (ഹൂദ്: 66) ‘ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.’ (അന്നിസാഅ്: 28) എന്നാല്‍ ദുഷിച്ച കുതന്ത്രങ്ങള്‍ പ്രയോഗിച്ചവര്‍, അല്ലാഹു അവരെ ഭൂമിയില്‍ ആഴ്ത്തിക്കളയുകയില്ലെന്നോ, അവര്‍ ഓര്‍ക്കാത്ത ഭാഗത്ത് കൂടി ശിക്ഷ വരികയില്ലെന്നോ സമാധാനിച്ചിരിക്കുകയാണോ? അല്ലെങ്കില്‍ അവരുടെ പോക്കുവരവുകള്‍ക്കിടയില്‍ അവര്‍ക്ക് തോല്‍പിച്ചുകളയാന്‍ പറ്റാത്തവിധത്തില്‍ അവന്‍ അവരെ പിടികൂടുകയില്ലെന്ന്.’ (അന്നഹ്‌ല്: 45-46)

ആറ്: അന്ത്യദിനത്തില്‍ സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളെ ഓര്‍മിപ്പിക്കുന്നു

‘സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍. നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍. പര്‍വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍. പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍. വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍. സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍. ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍. (ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍, താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്. (കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍. ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍. ജ്വലിക്കുന്ന നരകാഗ്‌നി ആളിക്കത്തിക്കപ്പെടുമ്പോള്‍. സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍. ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്.’ (അത്തക്‌വീര്‍: 1-14)
‘ആകാശം പൊട്ടി പിളരുമ്പോള്‍. നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍. സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍. ഖബ്റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍. ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മാറ്റിവെച്ചതും എന്താണെന്ന് അറിയുന്നതാണ്. ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്?’ (അല്‍ഇന്‍ഫിത്വാര്‍: 1-6)
‘മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗര്‍ഭവതിയായ ഏതൊരു സ്ത്രീയും തന്റെ ഗര്‍ഭത്തിലുള്ളത് പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാര്‍ഥത്തില്‍) അവര്‍ ലഹരി ബാധിച്ചവരല്ല. പക്ഷേ, അല്ലാഹുവിന്റെ ശിക്ഷ കഠിനമാകുന്നു.’ (അല്‍ഹജ്ജ്: 1-2)
‘ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ – അതിന്റെ ഭയങ്കരമായ ആ പ്രകമ്പനം. ഭൂമി അതിന്റെ ഭാരങ്ങള്‍ പുറം തള്ളുകയും, അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍. അന്നേ ദിവസം അത് (ഭൂമി) അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്. നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം. അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്. അപ്പോള്‍ ആര്‍ ഒരു അണുവിന്റെ തൂക്കം നന്മചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.’ (അസ്സല്‍സല: 1-7)

ഏഴ്: പരീക്ഷണം നീങ്ങാന്‍ അല്ലാഹുവിലേക്ക് മടങ്ങുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക

‘ഭൂമിയില്‍ നന്മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക് സമീപസ്ഥമാകുന്നു.’ (അല്‍അഅ്‌റാഫ്: 56) ‘അവര്‍ ഓരോ കൊല്ലവും ഒന്നോ, രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ ഖേദിച്ചുമടങ്ങുന്നില്ല. ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല.’ (അത്തൗബ: 126) അല്ലാഹുവിന്റെ കോപവും ശിക്ഷയും ഭയന്ന് വിശ്വാസികള്‍ അല്ലാഹുവിലേക്ക് ഉടനെ തൗബ ചെയ്ത് മടങ്ങുന്നവരാണ്.

എട്ട്: ദുരന്തങ്ങളൊഴിവാക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുക

അല്ലാഹുവിന്റെ ഖദ്‌റിലുള്ള പൂര്‍ണമായ വിശ്വാസത്തോടൊപ്പം, മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിശ്വാസിയെ ഇസ്‌ലാം തടയുന്നില്ല. അല്ലാഹുവിന്റെ റസൂല്‍ അനുചരനോട് പറഞ്ഞതുപോലെ; ‘അതിനെ (ഒട്ടകത്തെ) കെട്ടിയിടുകയും ഭരമേല്‍പ്പിക്കുകയും ചെയ്യുക’. (തുര്‍മുദി) ശ്രദ്ധക്കുറവും ആസൂത്രണമില്ലായ്മയും പല നാടുകളിലും ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നിങ്ങള്‍ക്ക് ഒരു വിപത്ത് നേരിട്ടു. ‘അതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക് വരുത്തിവെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ പറയുകയാണോ; ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന്? (നബിയേ,) പറയുക: അത് നിങ്ങളുടെ പക്കല്‍ നിന്ന് തന്നെ ഉണ്ടായതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.’ (ആലുഇംറാന്‍: 165)

ഒമ്പത്: ദുരിത സമയത്ത് മനുഷ്യരെ ചേര്‍ത്തുപിടിക്കുക

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കണമെന്നത് ഇസ്‌ലാമിക പാഠമാണ്. ‘മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു.’ (ആലുഇംറാന്‍: 110) അല്ലാഹുവിന്റെ റസൂല്‍ (സ) പറയുന്നു: ‘ജനങ്ങളില്‍ ഉത്തമര്‍ ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നവരാണ്.’

അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles