Current Date

Search
Close this search box.
Search
Close this search box.

അറിയണം! മുന്നിലുണ്ട് അല്ലാഹു!

“ബിദായത്തുൽ ഹിദായ” എന്ന വിഖ്യാത ഗ്രന്ഥത്തിൽ ഹുജ്ജത്തുൽ ഇസ് ലാം ഇമാം ഗസ്സാലി (റ) എഴുതുന്നു:

അല്ലാഹുവിൻ്റെ ആജ്ഞകൾ വേണ്ട വിധം അനുസരിക്കണമെങ്കിൽ നിൻ്റെ മനസിനെയും അവയവങ്ങളെയും ഓരോ നിമിഷവും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കൽ അത്യാവശ്യമാണ്. അതായത് ദിവസത്തിലെ മുഴുവൻ സമയവും നീ ജാഗ്രത പുലർത്തണം. നിൻ്റെ മനസിലുണരുന്ന ഓരോ വിചാരവും വികാരവും അല്ലാഹു അറിയുന്നുണ്ടെന്ന വ്യക്തമായ ബോധം നിനക്കുണ്ടാവണം. കാരണം നിൻ്റെ അകവും പുറവും ഒരു പോലെ അറിയുന്ന അല്ലാഹു ഓരോ നിമിഷവും നിൻ്റെ അനക്ക അടക്കങ്ങൾ വരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ആൾക്കൂട്ടത്തിലും ഏകാന്തതയാലുമുള്ള നിൻ്റെ പെരുമാറ്റങ്ങളിൽ സംഭവിക്കുന്ന നേരിയ വീഴ്ചകൾ പോലും അവനറിയുന്നുണ്ട്. പ്രപഞ്ചത്തിലെ യാതൊന്നും ആകാശഭൂമികളുടെ നിയന്താവ് അറിയാതെ ചലിക്കുകയോ നിശ്ചലമാവുകയോ ചെയ്യുന്നില്ല. നേത്രങ്ങളുടെ മറിമായങ്ങൾ അറിയുന്ന പോലെ ഹൃദയങ്ങളിൽ ഒളിഞ്ഞു കിടക്കുന്നതും അല്ലാഹു അറിയുന്നു. രഹസ്യവും പരമരഹസ്യവും അവൻ അറിയാതെ പോവുന്നില്ല.

സദാ നാഥൻ്റെ തിരുസന്നിധിയിലാണു നീ. അതിനാൽ അകവും പുറവും നീ മര്യാദക്കാരൻ / മര്യാദക്കാരി ആയിരിക്കുക. സർവ്വാധിപതിയായ രാജാധിരാജൻ്റെ മുമ്പിൽ നിൽക്കുന്ന പാപിയും നിസ്സാരനുമായ അടിമയുടെ ഭാവമാണ് എപ്പോഴും നിനക്കുണ്ടായിരിക്കേണ്ടത്. അത്തരം ഒരു ബോധത്തിൽ ജീവിക്കുമ്പോൾ നിൻ്റെ യജമാനൻ നിരോധിച്ച ഒരു കാര്യം ചെയ്യാൻ നീ അറക്കും. അങ്ങനെ കൽപ്പിച്ച കാര്യങ്ങൾ മാത്രം ചെയ്യുന്നതായി നിന്നെ അവൻ കാണട്ടെ.

(ബിദായത്തുൽ ഹിദായ. വിവർത്തനം: ശമീറലി പുലിക്കോട്. പ്രസാധനം: അശ്റഫി ബുക്സ്. തിരൂരങ്ങാടി)

Related Articles