Current Date

Search
Close this search box.
Search
Close this search box.

കളിയും രാഷ്ട്രീയവും മതവും

ഒരു സമൂഹത്തിന്റെ അസ്തിത്വത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടാല്‍ പിന്നെ അവരുടെ വിലപ്പെട്ട സമയത്തിന്റെ ഉപയോഗം ഒരു പ്രയോജനവുമില്ലാത്ത കാര്യത്തിലായിരിക്കും. ഏഷ്യന്‍ ഫുട്‌ബോള്‍ കപ്പ് മത്സരത്തില്‍ യു. എ. ഇ ക്കെതിരെ വിജയം നേടി യോഗ്യത റൗണ്ടിലെത്തിയ ഖത്തര്‍ ടീമംഗങ്ങളെ കളിയില്‍ യു. എ. ഇ യെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ സ്വീകരിച്ചത് ഷൂകളും ചെരുപ്പുകളും എറിഞ്ഞുകൊണ്ടാണ്. ഉപരോധത്തെ വെല്ലുവിളിച്ച് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്ന ഖത്തര്‍ എന്ന കൊച്ചു രാഷ്ട്രത്തിന്നെതിരെ ഏതു വിധേനയും തങ്ങളുടെ രോഷം തീര്‍ക്കുക എന്ന ഒരു പ്രത്യേക മാനസിക അവസ്ഥയില്‍ എത്തിയിരിക്കുകയാണ് മേഖലയിലെ ചില രാഷ്ട്രങ്ങള്‍.

പക്ഷെ ഖത്തര്‍ രാഷ്ട്രവും സമൂഹവും ഇത് മുന്നോട്ട് കുതിക്കുവാനുള്ള ഒരു നല്ല അവസരമായെടുത്ത് തങ്ങളുടെ ലക്ഷ്യത്തിലേക്ക് നീങ്ങി. ഏഷ്യന്‍ ഫുട്‌ബോള്‍ കപ്പ് ടൂര്‍ണമെന്റില്‍ ജപ്പാനെ തോല്‍പ്പിച്ച് കപ്പ് നേടി. ഇവിടെ രണ്ടു സമൂഹങ്ങളുടെ നിലവാരവും സമീപനവും ചര്‍ച്ച ചെയ്യപ്പെടാം. ഒരു സമൂഹം തങ്ങളുടെ രാഷ്ട്രത്തിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം നേടാന്‍ അഹോരാര്‍ത്ഥം പണിയെടുത്തുകൊണ്ടിരിക്കുന്നു, മറ്റേ വിഭാഗം, സമൂഹമല്ല കാരണം, അവരുടെ ഭൂരിപക്ഷ ജനതയും അവര്‍ക്കെതിരാണ്, തങ്ങളുടെ തന്നെ മതത്തിന്റെ ആളുകളായ എന്നാല്‍ പുരോഗതിയെ തളളിക്കളയാതെ, മൂല്യങ്ങളെ മുറുകെപ്പിടിച്ച് എല്ലാ മേഖലയിലും പുരോഗതി ആര്‍ജിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്നെതിരെയും രാഷ്ട്രത്തിനേതിരേയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

കാരണം അവരുടെ കാഴ്ചപ്പാടില്‍ മത മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍, മൂല്യങ്ങളെ കൈവിടാതെ എന്തിനാ ഈ കളിയുടെ ലോകത്തേക്ക് വരുന്നത്, അവര്‍ക്ക് പള്ളിമൂലകളില്‍ ഇരുന്നു ദിക്ര്‍ ചൊല്ലിയാല്‍ പോരെ ? പ്രവാചകന്‍ റുകാനയോട് ഏറ്റുമുട്ടിയതും ആയിശ ബീവി പ്രവാചകന്റെ അനുവാദത്തോടെ പള്ളിയിലെ കായിക പരിശീലനം കണ്ടതും ഒക്കെ ഉപദേശങ്ങള്‍ പറയാനുള്ളത് മാത്രം, പ്രായോഗിക രംഗത്തേയ്ക്ക് അവ കൊണ്ടുവരേണ്ടതില്ല !
നമ്മുടെ നാട്ടിലും ഇത്തരത്തിലെ ആളുകളെ കാണാം, അവരുടെ വീക്ഷണ പ്രകാരം ഇത്തരത്തിലുള്ള മേഖലകളിലെ ഇടപെടലുകള്‍ മതത്തിന്റെ പേരിലാണെങ്കില്‍ അവ തെറ്റാണ്, എന്നാല്‍ മതത്തിന്റെ ലേബലിന് പുറത്താണെങ്കില്‍ തെറ്റില്ല.

ഖത്തര്‍ എന്ന കൊച്ചു രാഷ്ട്രത്തിന്റെ സമീപനവും തുര്‍ക്കിയുടെ നീക്കങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നത് ഇവരുടെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് മറുപടി കൊടുക്കലല്ല നമ്മുടെ ജോലി, മറിച്ച് ചുറ്റുപാടുമുള്ള അപശബ്ദങ്ങളെയും ആരോപണങ്ങളെയും വക വെക്കാതെ ലക്ഷ്യത്തിലേക്ക് കുതിക്കുക എന്നതാണ് ഉചിതമായ നീക്കം. ഖത്തര്‍ എന്ന കൊച്ചു രാഷ്ട്രത്തിന്റെ, വിശിഷ്യാ ഉപരോധത്തിന് ശേഷമുള്ള സാമൂഹിക, വൈജ്ഞാനിക, സാമ്പത്തിക, രാഷ്ട്രീയ നിലപാടുകള്‍ വിലയിരുത്തുന്നവര്‍ക്ക് പല കാര്യങ്ങളും വായിച്ചെടുക്കാം. ഖത്തര്‍ എന്ന പഴയ രാഷ്ട്രം അപ്പാടെ മാറിയിരിക്കുന്നു, മാറിക്കൊണ്ടേയിരിക്കുന്നു. എല്ലാ മേഖലയിലും സ്വയം പര്യാപ്തത നേടുക എന്നതാണ് അവരുടെ മുദ്രാവാക്യം. ആ പാതയിലാണവരിപ്പോള്‍.

Related Articles