Current Date

Search
Close this search box.
Search
Close this search box.

സംഘ്പരിവാർ പ്രീണനം

പിണറായി വിജയൻറെ സർക്കാറും സി.പി.എമ്മും സംഘ് പരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്നതിനെ ജമാഅത്തെ ഇസ്ലാമിയും അതിൻറെ മാധ്യമങ്ങളും വിമർശിച്ചത് കമ്യൂണിസ്റ്റുകാരെ അങ്ങേയറ്റം പ്രകോപിതരാക്കിയിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിക്കാർ നുണ പറയുകയാണെന്നും അപസ്മാര ബാധിതരെപ്പോലെയാണ് സംസാരിക്കുന്നതെന്നും അവർക്ക് കണ്ടാമൃഗത്തിൻറെ തൊലിക്കട്ടിയാണെന്നും മറ്റും പറഞ്ഞ് ആക്ഷേപിക്കുകയും തെറി വിളിക്കുകയുമാണ് കമ്മ്യൂണിസ്റ്റുകാർ ചെയ്യുന്നത്. ഈയൊരു പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് എത്രമേൽ വർഗീയവും പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുന്ന ചില സംഭവങ്ങളിവിടെ ചേർക്കുന്നു.

1. മലപ്പുറത്ത് മുസ്ലീം സ്ത്രീകൾ പന്നി പ്രസവിക്കുന്ന പോലെ പെറ്റ് കൂട്ടുകയാണെന്ന അത്യന്തം പ്രകോപനപരമായ പ്രസ്താവനയിറക്കിയ ഗോപാലകൃഷ്ണനെതിരെ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല.

2. കാശ്മീരികളെ കൂട്ടിയിട്ട് കത്തിച്ച് വംശ ഹത്യ നടത്തണമെന്ന് പ്രചരിപ്പിച്ച ബി. ജെ. പി.നേതാവിനെ അറസ്റ്റ് ചെയ്ത് നടപടിയെടുത്തില്ല.

3. മുസ്ലിം സ്ത്രീകളെ കൂട്ടിയിട്ട് സ്റ്റെറിലൈസ് ചെയ്യണമെന്നും പൈപ്പു വെള്ളത്തിൽ ഗർഭനിരോധന ഗുളിക കലക്കി കുടിപ്പിക്കണമെന്നും താത്തമാർ പന്നി പ്രസവിക്കുന്നത് പോലെ പെറ്റു കൂട്ടുകയാണെന്നുമൊക്കെ വിളിച്ചു പറഞ്ഞ ആകാശവാണി ഉദ്യോഗസ്ഥക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.

4. മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്ത് നമ്മുടെ കുട്ടികളെ ജനിപ്പിക്കണമെന്ന് പ്രചരിപ്പിച്ച രാധാകൃഷ്ണപിള്ളക്കെതിരെ ക്രിമിനൽ നടപടി എടുത്തില്ല.

5.ബാബരി മസ്ജിദ് പൊളിച്ച ദിവസമാണ് യഥാർത്ഥ ദീപാവലിയെന്ന വർഗീയ വിഷം വമിക്കുന്ന പ്രസ്താവനയിറക്കിയ പ്രതീഷ് വിശ്വനാഥനെതിരെ പരാതി നൽകിയിട്ടും കർശനമായ നടപടി ഉണ്ടായില്ല.

6. ഇസ്ലാം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ ക്രൂരമായി കൊലപ്പെടുത്തിയ മഠത്തിൽ നാരായണനെതിരെ ആദ്യം നടപടിയൊന്നുമെടുത്തില്ല. കടുത്ത പ്രതിഷേധ സമരങ്ങൾ നടന്നപ്പോൾ കീഴ്ക്കോടതിയിൽ നിന്ന് തന്നെ ജാമ്യം കിട്ടുമാറ് നിസ്സാരമായ വകുപ്പുകൾ ചുമത്തി. അതുകൊണ്ടുതന്നെ മഞ്ചേരി കോടതിയിൽനിന്ന് നിഷ്പ്രയാസം ജാമ്യം ലഭിച്ചു. തിരൂർ യാസിർ വധത്തിലെ പ്രതിയും മഠത്തിൽ നാരായണൻ തന്നെയായിരുന്നു. കൊലക്കുറ്റത്തിനു പ്രതികളായ സി.പി.എം.നേതാക്കൾക്ക് പോലും ജാമ്യം ലഭിക്കാറുള്ളത് ഹൈക്കോടതിയിൽ നിന്നാണ്. എന്നിട്ടും ആർ.എസ്.എസുകാരനായ കൊലക്കേസ് പ്രതിക്ക് സെഷൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുവാൻ നിയമപാലകർ സൗകര്യമൊരുക്കിക്കൊടുക്കുകയാണുണ്ടായത്.

7. കാസർകോട്ടെ റിയാസ് മൗലവിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഘപരിവാർ പ്രതികളെയും ദുർബലമായ വകുപ്പുകൾ ചുമത്തി രക്ഷപ്പെടാൻ അനുവദിക്കുകയുണ്ടായി.

8. മലപ്പുറം ജില്ലയിലെ ക്ഷേത്രം തകർക്കാൻ ശ്രമിച്ച് വർഗീയ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയ ആർ.എസ്.എസ്. പ്രവർത്തകൻ രാജാറാം മോഹൻദാസിനെ മനോരോഗിയാണെന്ന് പറഞ്ഞ് വിട്ടയച്ചു.

9. പാലത്താഴി നാലാംക്ലാസുകാരിയെ പീഢിപ്പിച്ച ബി.ജെ.പി. നേതാവ് പത്മരാജനെ പോക്സോ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടക്കാതെ രക്ഷപ്പെടാൻ പരമാവധി സൗകര്യമൊരുക്കിക്കൊടുത്തു.

10. ബാബരി മസ്ജിദ് കോടതി വിധിയുമായി ബന്ധപ്പെട്ട് അത്യന്തം പ്രകോപനപരമായി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട പ്രതീഷ് വിശ്വനാഥനെതിരെ പരാതി നൽകിയിട്ടും കർക്കശമായ നടപടി എടുത്തില്ല. അതേസമയം കോടതി വിധിക്കെതിരെ പ്രതികരിച്ചതിന് താജുദ്ദീനെതിരെ കേസെടുത്തു.

11. ഒരുലക്ഷം പേർക്ക് ആയിരം ദിവസംകൊണ്ട് തൃശൂൽ പരിശീലനം നൽകി ദീക്ഷ നൽകുമെന്ന് പ്രഖ്യാപിച്ച സംഘപരിവാർ നേതാവിനെതിരെ നടപടിയുണ്ടായില്ല.

12. ആർ.എസ്.എസുകാരാണ് മഹാത്മാഗാന്ധിയെ കൊന്നതെന്ന് പറഞ്ഞതിന് പോലീസ് കേസെടുത്തു.

13. കുറ്റ്യാടി ടൗണിൽ സംഘപരിവാർ പ്രകടനം നടക്കുമ്പോൾ കടകളടച്ച് വീട്ടിൽ പോയവർക്കെതിരെ കേസെടുത്തു.

14. എം.എം. അക്ബറിനെതിരെ ന്യായമായ കാരണമൊന്നുമില്ലാതെ കേസെടുത്ത് പീഢിപ്പിച്ചു.

15. ലഘുലേഖ വിതരണം ചെയ്തതിന് വിസ്ഡം മുജാഹിദുകാർക്കെതിരെ നടപടി സ്വീകരിക്കുകയും അവരെ ദ്രോഹിച്ച സംഘപരിവാറുകാരെ വെറുതെ വിടുകയും ചെയ്തു.

16. ഇസ്ലാം സ്വീകരിച്ചതിൻറെ പേരിൽ ഡോക്ടർ ഹാദിയയെ പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ വീട്ടിൽ തടവിലാക്കുകയും അവരുമായി ബന്ധപ്പെടാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

17. തൃപ്പൂണിത്തറ ഘർ വാപ്പസി കേന്ദ്രത്തിൽ ഗുരുജി മനോജ് നിരവധി യുവതികളെ തടവിലാക്കി മാനസികമായി പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്തു. അതിനെതിരെ പല പെൺകുട്ടികളും പരാതി നൽകിയിട്ടും മുൻകൂർ ജാമ്യം ലഭിക്കുമാറ് നിസ്സാരമായ വകുപ്പുകൾ മാത്രം ചുമത്തി.

18. നെടുമങ്ങാട് പോലീസ് സ്റ്റേഷൻറെ നേരെ ബോംബെറിഞ്ഞ സംഘപരിവാറുകാരെ നിസ്സാരമായ കുറ്റം ചുമത്തി രക്ഷപ്പെടാൻ അവസരമൊരുക്കി.

മുഖ്യമന്ത്രി പിണറായി വിജയൻറെ ആർ.എസ്.എസ് പ്രീണനത്തെക്കുറിച്ച് കേരളത്തിലെ അറിയപ്പെടുന്ന ഇടതുപക്ഷ ചിന്തകനും സംസ്കാരിക നായകനുമായ ഡോക്ടർ ആസാദ് എഴുതുന്നു:”ആർ എസ് എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഗ്ഡേവാറിന്റെ ചരമദിനം അന്താരാഷ്ട്ര യോഗാദിനമായി കൊണ്ടാടാനുള്ള നരേന്ദ്ര മോദി സർക്കാറിന്റെ തീരുമാനം വലിയ ഉത്സാഹത്തോടെയാണ് 2016 മുതൽ പിണറായി സർക്കാർ ഏറ്റെടുത്തു നടത്തിപ്പോന്നത്. യോഗയുടെ മഹത്വം ഉദ്ഘോഷിക്കുന്നതിന് സർക്കാർ സംവിധാനം പരമാവധി വിനിയോഗിച്ചു. ഹിന്ദുത്വ അജണ്ടയ്ക്കു പൊതുസമ്മതം നേടിയെടുക്കാനുള്ള കൗശലങ്ങളിലൊന്നായി അതു പ്രയോജനപ്പെട്ടു കാണും.

ഇപ്പോൾ യോഗാ സെന്റർ തുടങ്ങാൻ ശ്രീ എം എന്ന ആർ എസ് എസ് അനുകൂല ആത്മീയ നേതാവിന് നാലേക്കർ സ്ഥലമാണ് സർക്കാർ തിരുവനന്തപുരത്ത് നൽകിയിരിക്കുന്നത്. ആന്ധ്രപ്രദേശിലെ മദനപ്പള്ളിയിൽ എമ്മിന്റെ ആശ്രമത്തോടു ചേർന്ന് ഒരു യോഗശാലയ്ക്കും ഭാരത് യോഗവിദ്യാ കേന്ദ്രത്തിനും തുടക്കം കുറിച്ചത് ഈ മാസം ആദ്യമാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരിട്ടെത്തി ഉദ്ഘാടനം നിർവ്വഹിച്ചതായാണ് വാർത്ത കണ്ടത്. കേരളത്തിൽ ശ്രീ എമ്മിലൂടെ യോഗയും അനുബന്ധപദ്ധതികളും കടന്നു വരികയാണ്. ഹിന്ദുത്വ പദ്ധതികളുടെ ആസൂത്രിത മുന്നേറ്റങ്ങൾക്കാണ് പിണറായി സർക്കാർ വാതിൽ തുറന്നുകൊടുത്തിട്ടുള്ളത്.

മധുകർനാഥ് ആയ മുംതസ് അലിയാണ് ശ്രീ എം എന്ന പേരിൽ പ്രസിദ്ധനായത്. മാനവ് അഥവാ മനുഷ്യൻ എന്നതിലെ ആദ്യാക്ഷരം എന്ന നിലയ്ക്കാണത്രെ എം സ്വീകരിച്ചത്. ഇന്ത്യൻ മനുഷ്യസങ്കൽപ്പത്തിന്റെ പൂർണത തേടുന്ന ഗുരു ഏകാത്മക മാനവ ദർശനം എന്ന ദീനദയാൽ സിദ്ധാന്തത്തിന്റെ നിഴലാണ് മാനവ് ഏകതാ ദർശൻ രൂപപ്പെടുത്തിയത്. 2015 -16ൽ കന്യാകുമാരി മുതൽ കാശ്മീർ വരെ പദയാത്ര നടത്തി മനുഷ്യരൊന്നാണെന്ന സന്ദേശം നൽകി. മുംതസ് അലിയിൽനിന്ന് ഇന്ത്യൻ പാരമ്പര്യത്തിലേക്കും ഹിന്ദുത്വ കാഴ്ച്ചകളിലേക്കുമുണ്ടായ പ്രതീക്ഷയുടെ ചുവടുവെപ്പുകൾ പത്മ പുരസ്കാരംകൊണ്ട് ബഹുമാനിക്കപ്പെട്ടു.

ദൈവമില്ലാത്തവർക്കും യോഗയാവാമെന്ന എമ്മിന്റെ പുതിയ പുസ്തകം പതഞ്ജലിയുടെ യോഗചിന്തക്കുള്ള വ്യാഖ്യാനം മാത്രമല്ല, മോദിയൻ പദ്ധതിക്കു കളമൊരുക്കലുമാണ്. കേരളത്തിൽ യോഗ നേടിയെടുത്ത പൊതുസമ്മതത്തിന്റെ പിന്തുണയിൽ പുതിയ ആത്മീയ വ്യവഹാരത്തിന്റെ ആശ്രമം തുറക്കപ്പെടും. ഒരിടതുപക്ഷ സർക്കാർതന്നെ അതിനു മുൻകൈയെടുക്കുന്നു എന്നത് അവിശ്വസനീയമാണ്. കേരളത്തിൽ ആൾദൈവങ്ങൾ കുറവല്ല. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ദിശ നിർണയിക്കുംവിധം സ്വാധീനം ചെലുത്താനിടയുള്ള ആൾദൈവത്തിനും ആശ്രമത്തിനും നാലേക്കർ ഭൂമി നൽകിയതിന്റെ രാഷ്ട്രീയ വിധേയത്വം ആശങ്കയുണർത്തുന്നതാണ്.

പിണറായി സർക്കാർ പ്രകടിപ്പിക്കുന്ന സംഘപരിവാര വിധേയത്വം ദുരൂഹമാണ്. 2016ൽ ഹെഗ്ഡെവാർ ദിനം യോഗാദിനമായി ആഘോഷിക്കാൻ കാണിച്ച വെമ്പൽ മുതൽ ശ്രീ എം ന് ഭൂമി അനുവദിക്കുന്നതുവരെയുള്ള അഞ്ചുവർഷത്തെ പല അനുഭവങ്ങളും ഇടതു സർക്കാറിൽനിന്നു പ്രതീക്ഷിക്കുന്നതല്ല. മോദി – ഹിന്ദുത്വ പാളയത്തിൽനിന്നു ഇടതുപക്ഷ കേരളത്തിലേക്കുള്ള പല പാലങ്ങളിൽ ഒന്നാവണം എം. അത് അകവഴികളിൽ തുറക്കുന്ന അധിനിവേശം തന്നെയാണ്. അതിനു നിൽപ്പുറപ്പിക്കാൻ മണ്ണു നൽകിയ വിധേയത്വത്തിന് മാപ്പു നൽകാനാവില്ല.
ആസാദ്
27 ഫെബ്രുവരി 2021″

ജമാഅത്തെ ഇസ്ലാമിയെ മുന്നിൽ നിർത്തി മുസ്ലിം സമുദായത്തെ പൈശാചികവൽക്കരിച്ച് വർഗീയത വളർത്തി ഹിന്ദു ധൃവീകരണത്തിലൂടെ താൽക്കാലിക രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സി.പി.എമ്മിൻറെ അത്യന്തം അപകടകരമായ ശ്രമത്തെ കേരളത്തിലെ മതനിരപേക്ഷ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാലാണല്ലോ ടി. ടി. ശ്രീകുമാറിനെപ്പോലുള്ളവർ ഇക്കാര്യം തുറന്നെഴുതിയത്. തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി സി.പി.എം.കേരള ഘടകം വർഗീയ നിലപാട് സ്വീകരിക്കുന്നതിൽ അസ്വസ്ഥത രേഖപ്പെടുത്തി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തെഴുതിയത് ജമാഅത്തെ ഇസ്ലാമിക്കാരല്ലല്ലോ.

 

പോര്‍ട്ടലില്‍ നിന്നുള്ള വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ ലിങ്ക് ക്ലിക്ക് ചെയ്ത് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles