Current Date

Search
Close this search box.
Search
Close this search box.

Reading Room

പതിവു തെറ്റിക്കാത്ത സ്‌പെഷ്യല്‍ പതിപ്പുകള്‍

പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാനമായ പലസംഭവങ്ങള്‍ക്കും സാക്ഷിയായ റബീഉല്‍ അവ്വല്‍ പൊതു മുസ്‌ലിം സമുദായത്തിന് ആഘോഷത്തിന്റെ മാസമാണ്. ഒരുവേള പെരുന്നാള്‍ ദിനങ്ങള്‍ക്ക് പോലും പൊതുസമൂഹത്തിന് അനുഭവിക്കാന്‍ കഴിയാത്ത ആഘോഷം റബീഉല്‍ അവ്വലിലാണ് നടക്കുന്നത് എന്നാണ് വസ്തുത. എന്നാല്‍ ആഘോഷമാക്കി ഇസ്‌ലാം അനുവദിച്ച് നല്‍കിയ രണ്ട് പെരുന്നാളുകള്‍ നമ്മള്‍ ആഘോഷിക്കാന്‍ മറക്കുന്നുണ്ടോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. മുസ്‌ലിം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ചിടത്തോളം പതിവു പോലെ ഈ റബീഉല്‍ അവ്വല്‍ മാസവും സ്‌പെഷ്യല്‍ പതിപ്പുകളുടെതായിരുന്നു.

സ്‌നേഹത്തിന്റെ തിരുവസന്തം എന്നാണ് സത്യധാരയുടെ (ജനുവരി 1-15) ലക്കത്തിന്റെ കവര്‍ സ്റ്റോറി. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ബഷീര്‍ ഫൈസി ദേശമംഗലം, ശുഹൈബ് ഹൈത്തമി എന്നിവരുടെ പ്രൗഢമായ ലേഖനങ്ങള്‍ ഈ പതിപ്പിലുണ്ട്. ഇശ്ഖിന്റെ കാവ്യപ്രപഞ്ചത്തില്‍ മന്‍ഖൂസ് മൗലൂദിന്റെ ഇടം എന്ന പേരില്‍ ഡോ. കെ.ടി. ജാബിര്‍ ഹുദവിയുടെ ലേഖനമാണ് ഇതില്‍ മറ്റൊന്ന്. പ്രവാചക ദര്‍ശനത്തിലെ മൂന്ന് മേഖലകളിലേക്ക് വെളിച്ചം വീശുന്ന ലേഖനം കൂടി ഇതിലുണ്ട്. മനശ്ശാസ്ത്ര തലം, സാമ്പത്തിക മേഖല, സാമൂഹിക മണ്ഡലം എന്നിവയിലെ പ്രവാചകധ്യാപനമാണ് ലേഖനത്തിന്റെ ഇതിവൃത്തം. ഇതും കൂടി കഴിയുന്നതോടെ ലക്കം തീരുന്നു.

മുത്ത് നബി വിളിക്കുന്നു എന്നതാണ് സുന്നത്ത് മാസികയുടെ കവര്‍. എന്നാല്‍ ഉള്ളിലെത്തുമ്പോള്‍ മൂന്ന് ലേഖനത്തോടെ സ്‌പെഷ്യല്‍ തീരുന്നു. രിസാല വാരികയുടെ തിരുനബിയനുഭവങ്ങള്‍ സ്‌പെഷ്യലില്‍ എ.കെ. അബ്ദുല്‍ മജീദിന്റെ അബ്‌സീനിയയിലെ അഥിതികള്‍, സി. ഹംസയുടെ പൂമേനിയില്‍ കിടന്ന മേലാട, വി മുസഫര്‍ അഹ്മദിന്റെ നബി സ്‌നേഹത്തിന്റെ തെളിനീര്‍ തുള്ളികള്‍ ലുഖ്മാന്‍ കരുവാരകുണ്ടിന്റെ ഇക്‌രിമ തുടങ്ങിയ ലേഖനങ്ങളുമാണുള്ളത്.

ശബാബ്, വിചിന്തനം, അല്‍ ഇസ്‌ലാഹ് തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ മീലാദുന്നബിയിലെ ബിദ്അത്തുകളെ കുറിച്ച് വിശകലനം ചെയ്തു. അതൊക്കെ ആവുമ്പോള്‍ തന്നെ പ്രവാചകനെ സമൂഹമധ്യത്തില്‍ ഭംഗിയായി അവതരിപ്പിക്കാനും പ്രബോധനം ചെയ്യാനുള്ള അവസരമായും ഈ പ്രസിദ്ധീകരണങ്ങള്‍ റബീഉല്‍ അവ്വലിനെ ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല. പ്രബോധനം വാരികയുടെ നബി പതിപ്പ് നബിജീവിതം മലയാളത്തില്‍ എന്ന തലക്കെട്ടില്‍ മലയാളഭാഷയില്‍ എഴുതപ്പെട്ട പ്രവാചകനെ കുറിച്ചുള്ള പുസതകങ്ങളെ പരിചയപ്പെടുത്തുന്നതില്‍ മാത്രം ഒതുങ്ങി. ഖുര്‍ആനിന്റെയും നബിചര്യയുടെയും കാഴ്ചപ്പാടിലുള്ള പരിസ്ഥിതി ലേഖനവും ഈ ലക്കത്തിലുണ്ടായിരുന്നു.

പ്രബോധനം വാരിക മലയാളത്തിലെ നബി നബിപുസ്തകങ്ങളെ പരിചയപ്പെടുത്തിയപ്പോള്‍ തെളിച്ചം മാസിക ലോകത്തെ അറിയപ്പെട്ട ക്ലാസിക് നബി ചരിത്രങ്ങളെയാണ് പരിചയപ്പെടുത്തിയത്. തെളിച്ചം മാസികയുടെ സീറത്തുന്നബീ പതിപ്പിന് എഴുതിത്തീരാത്ത പുസ്തകം എന്നാണ് തലക്കെട്ട് കൊടുത്തത്. പ്രശസ്തമായ മുഹമ്മദ് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ഹൈക്കലിന്റെതാണ് ആമുഖ ലേഖനം. ഇബ്‌നു ഹിശാമിന്റെ വിഖ്യാതമായ സീറത്തുന്നബവ്വിയ്യ ഡോ.കെ.എം. ബഹാവുദ്ദീന്‍ പരിചയപ്പെടുത്തുന്നു. ഇമാം മുഹമ്മദ് ബിനു യൂസുഫിന്റെ സുബുലുല്‍ ഹുദാ വല്‍ റഷാദ് എന്ന കൃതിയും മറ്റൊരു ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നു. മുസ്‌ലിമായിട്ടില്ലാത്ത മര്‍ഗാലിയോത്തിന്റെ ദ ലൈഫ് ഓഫ് മുഹമ്മദ്, അലിമിയാന്റെ സീറത്തു ഖാത്തമുന്നബിയ്യീന്‍ എന്നിവയാണ് മറ്റു കൃതികള്‍. പ്രവാചകന്റെ നോവല്‍ ജീവിതം എന്ന കൗതുകരമായ തലക്കെട്ടില്‍ ലോക സാഹിത്യങ്ങളിലെ പ്രവാചകനെ വരച്ചു കാണിക്കുന്നു. അതു കൊണ്ട് തന്നെ പ്രവാചക പഠനങ്ങള്‍ക്ക് വെളിച്ചം നല്‍കുകയാണ് തെളിച്ചവും പ്രബോധനവും.
എന്തൊക്കെയായാലും നമ്മുടെ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ഇപ്പോഴും പ്രഭാഷണത്തിലും ലേഖനത്തിലും മാത്രം ഒതുങ്ങിതന്നെ നില്‍ക്കുന്നു. സര്‍ഗപരമായ ഒരു സൃഷ്ടിയും ഈ നബി പതിപ്പിലൊന്നും കടന്നു വന്നില്ല എന്നതും ആലോചനക്ക് വിധേയമാക്കേണ്ടതാണ്.

Related Articles