Current Date

Search
Close this search box.
Search
Close this search box.

നേര് പറയാന്‍ മുഖംമൂടി വേണ്ടാത്തവര്‍

മുഖത്തോടു മുഖം നോക്കി നേരു പറയുന്നതിന്റെ അസൗകര്യവും വിറയലും  വലിയൊരളവില്‍ പരിഹരിക്കാന്‍ സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് സഹായകരമായിട്ടുണ്ടെന്നാണ് ചിലരുടെ നിരീക്ഷണം. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് അറസ്റ്റിലാവാന്‍ തുടങ്ങിയതോടെ ആ നിരീക്ഷണത്തിന്റെ കാലിക പ്രസ്‌ക്തിക്ക് പതുക്കെ പതുക്കെ മങ്ങലേറ്റു തുടങ്ങിയിട്ടുണ്ട്.

ദുര്‍ഭരണത്തിനും, അഴിമതിക്കും മറ്റു പൊതുജനവിരുദ്ധ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന അധികാരവര്‍ഗ-സാമൂഹ്യവിരുദ്ധ പ്രതിനിധികളുടെ ഫോട്ടോയുടെ അടിയില്‍ കമന്റടിച്ചാണ് ഇക്കാലത്തെ ജനകീയ വിചാരണകള്‍ തകൃതിയായി നടന്നു പോരുന്നത്. എഡിറ്റ് ബട്ടണിന്റെയും ഡിലീറ്റ ബട്ടണിന്റെയും സഹായം ഏതു സമയത്തും നമുക്കവിടെ ലഭ്യമാണ്. നാടകവും സിനിമയും വ്യത്യാസപ്പെടുന്നത് പോലെയാണ് 70’കളിലെ പ്രതികരണങ്ങളും ഫേസ്ബുക്കാനന്തര കാലത്തെ പ്രതികരണങ്ങളും വ്യത്യാസപ്പെടുന്നത്.

പച്ചമണ്ണില്‍ കാലുറപ്പിച്ചു നിന്ന്, ചെഞ്ചോരയോടുന്ന കൈതലം ചുരുട്ടി മുഷ്ടിവായുവിലിടിച്ച് വിപ്ലവമുദ്രവാക്യം മുഴക്കി ഒരു ജനസേവന സ്ഥാപനത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റി സ്വന്തം കീശനിറക്കാന്‍ ആര്‍ത്തിപ്പൂണ്ട അധികാരി വര്‍ഗത്തെ നട്ടുച്ച വെയിലിലേക്ക് ഇറക്കി നിര്‍ത്തി കഴുത്തില്‍ ചെരുപ്പ് മാലയണിച്ച ‘ലൈവ്’ ജനകീയ വിചാരണയുടെ ചരിത്രം പറയുകയാണ് മുന്‍ നക്‌സല്‍ നേതാവ് ഗ്രോ വാസു എന്ന പേരിലറിയപ്പെടുന്ന സഖാവ് എ. വാസു (തേജസ് ദൈ്വവാരിക 2015 മാര്‍ച്ച് 1-15).

1977-ലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സംഭവം നടക്കുന്നത്. കൈക്കൂലി രാക്ഷസന്മാരായ ഏഴ് ഡോക്ടര്‍മാരുടെ പണിതെറിപ്പിക്കാന്‍ അന്നത്തെ ജനകീയ വിചാരണ കൊണ്ട് സാധിച്ചതായി വാസുവേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു. ഈയടുത്ത കാലത്ത് നാമൊക്കെ ഫേസ്ബുക്കിലൂടെ കേട്ടറിഞ്ഞ നിലമ്പൂരിലെ ഡോ. ഷാനവാസ് തന്റെ വിയോഗത്തോടെ ബാക്കിവെച്ചു പോയ ഒരുപാട് ചോദ്യങ്ങള്‍ക്ക് വാസുവേട്ടന്റെ വാക്കുകളില്‍ ഉത്തരമുണ്ട്.

സിനിമ ഹാറാമാക്കിയവര്‍ ദയവു ചെയ്ത് ഇനി ചോദിക്കാന്‍ പോകുന്ന ചോദ്യത്തില്‍ നിന്നും മുഖം തിരിക്കുക. ‘പര്‍സാനിയ’ എന്ന സിനിമ ആരെങ്കിലും കണ്ടിട്ടുണ്ടോ. ഗുജറാത്ത് വംശഹത്യക്കിടെ സ്വന്തം മകന്‍ അകലങ്ങളിലേക്ക് മറഞ്ഞ് പോകുന്നത് നിസ്സഹായയായി നോക്കി നില്‍ക്കേണ്ടി വന്ന ഒരു മാതാവിന്റെ ചരിത്രം (കഥയല്ല) പറയുന്ന സിനിമയാണ് രാഹുല്‍ ധോലാക്കിയയുടെ പര്‍സാനിയ. ഒരു വ്യാഴവട്ടക്കാലമായി ധാരാ മിനു മോദിയും, രൂപാ മോദിയും അസറിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു. സിനിമ അവശേഷിപ്പിച്ച ചോദ്യങ്ങള്‍ക്ക് ഇന്നും ആര്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഗുജറാത്ത് വംശഹത്യയുടെ ഇരകളില്‍ ഇന്ന് അവശേഷിക്കുന്നവരോടും, അവര്‍ക്ക് വേണ്ടി ലാഭേച്ഛയില്ലാത്തെ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരോടും ഭരണകൂടസംവിധാനങ്ങള്‍ അനുവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ വിലയിരുത്തുമ്പോള്‍ എന്തു കൊണ്ടാണ് പര്‍സാനിയ ബാക്കിവെച്ച ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ലഭിക്കാത്തതെന്ന് മനസ്സിലാകും. പര്‍സാനിയ അഭ്രപാളിയില്‍ അവതരിപ്പിച്ച കുടുംബത്തെ വായക്കാര്‍ക്ക് വേണ്ടി പരിചയപ്പെടുത്തുകയാണ് മാധ്യമം ആഴ്ചപ്പതിപ്പില്‍ (2015 മാര്‍ച്ച് 2) സവാദ് റഹ്മാന്‍.

ഇവിടെയാണ് ‘മനുഷ്യാവകാശത്തെ തുറുങ്കിലടയ്ക്കുമ്പോള്‍ കോടതികള്‍ കാഴ്ച്ചക്കാരാകരുത്’ എന്ന പ്രമുഖ അഭിഭാഷകന്‍ മഞ്ചേരി സുന്ദര്‍രാജിന്റെ വാക്കുകളുടെ പ്രസക്തി. അഭിഭാഷകവൃത്തിയെ മനുഷ്യാവകാശ സമരം കൂടിയായി വികസിപ്പിച്ച ഇദ്ദേഹവും, മോയിന്‍ ബാപ്പുവും, എ.വാസുവും ചേര്‍ന്നാണ് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന്റെ തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ ‘ഗ്രോ’ എന്ന യൂണിയനുണ്ടാക്കിയത്. ഈ ‘ഗ്രോ’യിലൂടെയാണ് എ.വാസു പിന്നീട് ഗ്രോ വാസു എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. മഞ്ചേരി സുന്ദര്‍രാജുമായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2015 മാര്‍ച്ച് 8-14) എം.എസ് സജി സംസാരിക്കുന്നു.

Related Articles