Current Date

Search
Close this search box.
Search
Close this search box.

ദേശസ്‌നേഹത്തെ പ്രതിനിധീകരിക്കാത്ത ഭാരത് മാതാ

mag-may1s.jpg

ദേശസ്‌നേഹത്തിന്റെ മാനദണ്ഡങ്ങള്‍ സംഘ്പരിവാര്‍ നിര്‍ണിയിക്കുന്ന ഒരു കാലത്താണല്ലോ നാം ജീവിക്കുന്നത്. രാജ്യസ്‌നേഹത്തിന്റെ മാനദണ്ഡമായി ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം അവര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അതിന്റെ ഭാഗമായാണ്. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യത്തിന് ഒരു ഹിന്ദു ചുവയുണ്ടെന്നും സംഘ്പരിവാര്‍ ശക്തികള്‍ ഒരു അഹിന്ദുവിനെ കൊണ്ട് അത് ഏറ്റുവിളിപ്പിക്കുമ്പോള്‍ ഒരു കീഴ്‌പ്പെടുത്തലിന്റെ സുഖമാണ് അവര്‍ അനുഭവിക്കുന്നതെന്നും വി.എ. കബീര്‍ ചന്ദ്രിക ആഴ്ച്ചപ്പതിപ്പില്‍ (2016 മെയ് 7) എഴുതിയ ‘സംഘികളുടെ ഭാരത്മാതാ’ എന്ന ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു. പ്രസ്തുത മുദ്രാവാക്യത്തിന്റെ ചരിത്രപരമായ യാഥാര്‍ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ലേഖനം.

ഭാരത് മാതാ സങ്കല്‍പം കേവലം മാതൃഭൂമി എന്ന അര്‍ഥത്തിലല്ലെന്ന് പ്രമുഖരുടെ ഉദ്ധരണികളുടെയും ചരിത്രവസ്തുതകളുടെയും അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്ന ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ”ഭാരത് മാതാ’ ദേശസ്‌നേഹത്തിന്റെ പ്രതീകമല്ല. അത് ആര്‍.എസ്.എസ്. കള്‍ച്ചറല്‍ ദേശീയതയുടെ ഭാഗം മാത്രമാണ്. അതുകൊണ്ടാണ് ‘ജയ് ഹിന്ദ്’നേക്കാള്‍ ‘ഭാരത് മാതാ കീ ജയ്’നോട് അവര്‍ക്ക് ഇത്ര പിടിവാശി. അതൊരു ഫാഷിസ്റ്റ് പിടിവാശിയാണ്. ഒരിക്കല്‍ ഫാഷിസത്തിന്റെ കെടുതികള്‍ അനുഭവിച്ച ഫെഡറല്‍ റിപബ്ലിക് ഓഫ് ജര്‍മനിയുടെ പ്രസിഡന്റ് ജൊഹാന്നസു റോ (Johannas Rau) തന്റെ രാജ്യത്തെ ഓര്‍മിപ്പിച്ച വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്. വംശീയതക്കും ദേശീയത്വത്തിനും ഇടമില്ലാത്തിടത്ത് മാത്രമേ രാജ്യ സ്‌നേഹം വളരുകയുള്ളൂ. ദേശീയത്വമാണ് രാജ്യസ്‌നേഹമെന്ന് ഒരിക്കലും നാം തെറ്റിധരിക്കരുത്.”

വി.എ. കബീര്‍ സാഹിബിന്റെ മറ്റൊരു ലേഖനമായ ‘സൂഫീ രാഷ്ട്രീയം’ പ്രസിദ്ധീകരിച്ചിരിക്കുന്നത് മെയ് ലക്കം പച്ചക്കുതിര മാസികയാണ്. ഇന്ദിരാ ഗാന്ധി ‘അനുഗ്രഹം’  തേടി ദര്‍ഗകളിലേക്ക് പോവുകയായിരുന്നുവെങ്കില്‍ സൂഫികളെ തന്റെ ചേവടികള്‍ക്ക് താഴെ ഇങ്ങോട്ടു കൊണ്ടുവരുന്നതില്‍ മോദി വിജയിച്ചിരിക്കുന്നു എന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ അരങ്ങേറിയ അന്താരാഷ്ട്ര രാജകീയ സൂഫി സമ്മേളനം തെളിയിച്ചതെന്ന് അതില്‍ അദ്ദേഹം പറയുന്നു. ആദ്യകാല സൂഫികള്‍ ഭരണകൂടങ്ങളോടും ഭരണാധികാരികളോടും സ്വീകരിച്ചിരുന്ന നിലപാടും അദ്ദേഹം വിശദീകരിക്കുന്നു. അതോടൊപ്പം അഭിനവ സൂഫിമാരുടെ അധികാരത്തോടും ഭൗതികതയോടുമുള്ള ആസക്തിയും അദ്ദേഹം വ്യക്തമാക്കുന്നു.

രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന ജലക്ഷാമത്തിന്റെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തിലുള്ള കവര്‍ സ്റ്റോറിയാണ് പുതിയ ലക്കം പ്രബോധനം (2016 മെയ് 6) വാരികയുടേത്. പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തിലും വികസന സങ്കല്‍പങ്ങളിലും നൈതികവും വിശ്വാസപരവുമായ ഉള്ളടക്കം കാത്തുസൂക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ‘കേരളം വെന്തുരുകുന്നത് വെറുതെയല്ല’ എന്ന തലക്കെട്ടിലുള്ള മജീദ് കുട്ടമ്പൂരിന്റെ ലേഖനം. നാമിന്ന് അനുഭവിക്കുന്ന വരള്‍ച്ച ദൈവകോപത്തിന്റെ ഫലമാണോ എന്ന ആലോചന വായനക്കാരില്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന ലേഖനമാണ് ഇതേ ലക്കത്തിലുള്ള അബ്ദുല്ലതീഫ് കൊടുവള്ളിയുടെ ‘തിന്മ പെരുകുമ്പോള്‍ ദൈവകോപം പ്രതീക്ഷിക്കുക’ എന്ന ലേഖനം. ആത്മാര്‍ഥമായ ക്ഷമാപണ മനസ്സോടെ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങലാണ് അതിനുള്ള പരിഹാരമെന്നും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ലേഖനം വിവരിക്കുന്നു.

Related Articles