Current Date

Search
Close this search box.
Search
Close this search box.

എന്താണ് സംസാരിക്കേണ്ടതെന്നും എങ്ങനെയാണ് സംസാരിക്കേണ്ടതെന്നും നീ വ്യക്തമായി അറിയണം

ഖാബൂസ്‌നാമ - 3

മകനേ, സല്‍ഗുണമില്ലാത്തിടത്തോളം കാലം മനുഷ്യന്‍ ഉപയോഗശൂന്യനാണെന്ന് അറിയുക. ഉമ്മു ഗീലാന്‍ വൃക്ഷമാണ് അവന്റെ ഉപമ. ഒത്ത തടിയുണ്ടെങ്കിലും യാതൊരു തണലുമില്ലാത്ത മുള്ളു വൃക്ഷമാണത്. സ്വന്തത്തിന് നേട്ടമില്ല, അപരന് തെല്ലുമില്ല. വലിയ തറവാടിയാണെങ്കിലും പാരമ്പര്യമുള്ളവനാണെങ്കിലും സല്‍വൃത്തനല്ലെങ്കില്‍ ജനപഥത്തില്‍ നിന്ന് ഒരാള്‍ പോലും അവനെ ആദരിക്കുകയില്ല.
നിലനില്‍ക്കാനൊരു അടിവേരും പടര്‍ന്നു പന്തലിക്കാന്‍ പോന്ന ശ്രേഷ്ഠതയില്ലാത്തവനെക്കാള്‍ മോശപ്പെട്ടവന്‍ മറ്റാരെങ്കിലും ഉണ്ടാകുമോ? അങ്ങേയറ്റം മാന്യനും തറവാടിയുമാണെങ്കിലും സ്വഭാവവിശുദ്ധിയുടെ പൂര്‍ണതക്കുവേണ്ടി നീ അങ്ങേയറ്റം കഠിനയത്‌നം നടത്തേണ്ടതുണ്ട്. തറവാട്ടു പ്രകൃതത്തെക്കാള്‍ നല്ലത് വൈയക്തിക പ്രകൃതമാണ്. ‘കുലമഹിമയും തറവാടിത്തവുമല്ല, മര്യാദയും ബുദ്ധിയുമാണ് ആദരവിന്റെ അടിസ്ഥാനം’ എന്ന് പറയാറില്ലേ? അതുതന്നെ കാര്യം.
ജ്ഞാനത്തിനും ബൗദ്ധികതക്കുമാണ് മഹത്വം, തറവാടിത്തത്തിനോ പാരമ്പര്യ കേളിക്കോ അല്ല. പിതാമഹന്മാർ നിനക്കു പാരമ്പര്യമായി നല്‍കിയ നാമങ്ങളില്‍ അഭിരമിക്കരുത്. അത്തരം നാമങ്ങള്‍ കേവല അടയാളങ്ങള്‍ മാത്രമാണ്. വൈയക്തിക ശ്രേഷ്ഠത സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ട ഒന്നാണ്. അപ്പോഴാണ് അഹ്‌മദും മുഹമ്മദും മൂസയും ജഅ്ഫറുമെല്ലാം ശ്രേഷ്ഠരായ ഗുരുക്കന്മാര്‍ക്കും ആദരണീയരായ മഹാന്മാർക്കും യോജിച്ച നാമമായി മാറുന്നത്. സ്വയം ആര്‍ജ്ജിച്ചെടുത്ത ശ്രേഷ്ഠതയില്ലാത്തവനൊന്നും മര്‍ത്യകുലത്തോട് സഹവസിക്കാന്‍ യോഗ്യനല്ല. എന്നാല്‍, പാരമ്പര്യ മഹിമയും വൈയക്തിക ശ്രേഷ്ഠതയുമുള്ള ആരെയെങ്കിലും നീ കാണുന്നപക്ഷം, അവനെ ഉപേക്ഷിച്ചു കളയരുത്. അപരനും ഗുണമുള്ളവനാണ് അവന്‍.
വാക്ചാതുര്യം ശ്രേഷ്ഠതയുടെ പ്രധാന ഘടകങ്ങളിലൊന്നാണെന്ന തിരിച്ചറിവുണ്ടാകണം. തന്റെ മറ്റെല്ലാം സൃഷ്ടിജാലങ്ങളെക്കാളും ഉത്തമമായാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. സ്വശരീരത്തിലെ പത്ത് കാര്യങ്ങള്‍ കൊണ്ടാണ് മനുഷ്യന്‍ ഇതര ജീവജാലങ്ങളെക്കാള്‍ ആദരണീയനാകുന്നത്; അതില്‍ അഞ്ചെണ്ണം ആന്തരികവും അഞ്ചെണ്ണം ബാഹ്യവുമാണ്. ആന്തരികമായ അഞ്ചെണ്ണം ചിന്താശേഷി, ജ്ഞാനം, മനഃപാഠശേഷി, ഭാവന, സംസാരശേഷി എന്നിവയാണ്. എന്നാല്‍, കേള്‍വി, കാഴ്ച, വാസന, സ്പര്‍ശം, രുചി എന്നീ അഞ്ച് പഞ്ചേന്ത്രിയങ്ങളാണ് ബാഹ്യമായത്. മനുഷ്യനിലല്ലാതെ മറ്റൊരു ജീവിയിലും ഈ പത്ത് നേട്ടങ്ങള്‍ സമ്മേളിച്ചിട്ടില്ല. അതുകൊണ്ടാണ് മനുഷ്യന്‍ മറ്റെല്ലാത്തിന്റെയും ഉടമയായി മാറിയത്.
ഇത്രയും മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഇനി നീ അറിയേണ്ടത് നാവിന്റെ ശ്രേഷ്ഠതയെക്കുറിച്ചാണ്. പഥ്യമെന്താണോ അതാണ് നാവിലൂടെ സദാ നുരഞ്ഞു പുറത്തേക്കു വരിക. ‘വാക്ചാതുര്യത്താല്‍ ജനങ്ങളില്‍വച്ച് ഏറ്റവും ഉത്തമര്‍ അവരിലെ ശ്രേഷ്ഠരാണ്’ എന്നൊരു പഴമൊഴിയുണ്ട്. ശ്രേഷ്ഠനായിരിക്കെത്തന്നെ സംസാരം സമയ-സന്ദര്‍ഭോചിതമായിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, സംസാരം നന്നായാല്‍ തന്നെ സ്വഭാവദൂഷ്യത്തില്‍ നിന്നെല്ലാം സ്വാഭാവികമായും അകന്നുനില്‍ക്കും.
സമൃദ്ധ വാചാലതയെക്കാള്‍ ഭൂഷണം മൗനമാണ്. അനാവശ്യ സംസാരങ്ങളെല്ലാം വിനയായിത്തീരും. നന്മയുടെ സുഗന്ധവും മേമ്പൊടിയുമില്ലാത്ത സംസാരമെല്ലാം ഉപേക്ഷിക്കുന്നതാണ് നല്ലത്. തത്ത്വജ്ഞാനികള്‍ സംസാരത്തെ മുന്തിരിയോടാണ് ഉപമിച്ചിരിക്കുന്നത്. കാരണം, അതില്‍ നിന്ന് തന്നെയാണ് ലഹരിയും വീഞ്ഞും ഉത്പാദിപ്പിക്കപ്പെടുന്നത്. ചോദിക്കാത്ത കാര്യങ്ങളില്‍ അഭിപ്രായത്തിന് മുതിരരുത്. ഇടക്കു കയറി സംസാരിക്കരുത്. വല്ലതും ചോദിച്ചാല്‍ സത്യമല്ലാത്തതൊന്നും പറയുകയും ചെയ്യരുത്.
ആവശ്യപ്പെട്ടാലല്ലാതെ ഒരുത്തനെയും ഉപദേശിക്കാനും ഗുണദോഷിക്കാനും പോകരുത്. പ്രത്യേകിച്ചും സദുപദേശങ്ങളോട് കാതടച്ച് പിടിക്കുന്നവരോട്. ആള്‍ക്കൂട്ടത്തിനു മുന്നിലും ഗര്‍വോടെ ഉപദേശിക്കാന്‍ നില്‍ക്കരുത്. ‘ജനമധ്യേ ഉള്ള ഉപദേശം ശാസനയാണ്’ എന്നാണ് ചൊല്ല്. തെറ്റുകാരനായി വളര്‍ന്നൊരു വ്യക്തിയെ നീ ശരിപ്പെടുത്താന്‍ നില്‍ക്കേണ്ട. കാരണം, വളവോടെ വളര്‍ന്ന, ശിഖരങ്ങളാല്‍ നിറഞ്ഞ വൃക്ഷങ്ങള്‍ അടിത്തടി നോക്കി വെട്ടിയാലല്ലാതെ ഒരിക്കലും നന്നാവില്ല.
നല്ല വാക്കു പറയും പോലെത്തന്നെ സമ്പാദ്യത്തില്‍ നിന്ന് കഴിവിനൊത്ത് ചിലവഴിക്കാന്‍ പിശുക്കാതിരിക്കാനും സൂക്ഷിക്കണം. വാക്കിനെക്കാള്‍ മനുഷ്യര്‍ പ്രതിസന്ധിയിലാകുന്നത് സമ്പത്തിലൂടെയാണ്. ഊഹാപോഹങ്ങള്‍ക്ക് ഇടവരുന്നേക്കാവുന്ന ഇടങ്ങള്‍ സൂക്ഷിക്കുക. ദുഷ്ചിന്ത കൊണ്ടുനടക്കുന്ന മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക. സ്വയം പരിഹാസ്യനും വഞ്ചിതനുമാകാതിരിക്കുക. സന്ദര്‍ഭത്തിനും അവസരത്തിനുമൊത്ത് ഉയരുക. അവിടെ മടിയനോ ലജ്ജാലുവോ ആകാന്‍ ശ്രമിക്കരുത്. കാരണം, നീ ഇരിക്കേണ്ടിടത്ത് നീ തന്നെയാണ് ഇരിക്കേണ്ടത്.
ജനങ്ങളുടെ പ്രയാസങ്ങള്‍ കണ്ട് സന്തോഷിക്കരുത്. നിന്റെ പ്രാരാബ്ധ കാലത്ത് അവര്‍ ചിരിക്കാതിരിക്കാന്‍ അതാണ് നല്ലത്. നീതി നടപ്പിലാക്കുക. എന്നാല്‍, നിന്റെ കാര്യത്തിലും നീതി ലഭിക്കും. നല്ലതു മാത്രം പറയുന്ന പക്ഷം നല്ലതു മാത്രം കേള്‍ക്കാം. ഊഷരഭൂമിയില്‍ വിത്ത് ഇറക്കാന്‍ നോക്കരുത്. അവ ഫലം കായ്ക്കില്ല. നന്ദികേട് കാണിക്കുന്നവര്‍ക്ക് ഗുണം ചെയ്യുന്നത് മേല്‍പറഞ്ഞത്പോലെ ചതുപ്പുനിലങ്ങളില്‍ വിത്തെറിയും പോലെയാണ്. നന്മക്ക് അവകാശപ്പെട്ടവരോട് വൈമുഖ്യം കാണിക്കരുത്.
സ്വയം നന്മയുടെ മാതൃകയാവുക. ‘നന്മയിലേക്ക് വഴി തെളിക്കുന്നവന്‍ അത് പ്രവര്‍ത്തിക്കുനവനെപ്പോലാണ്’ എന്ന പഴമൊഴി ഓര്‍മയിലുണ്ടാകണം. നന്മ ചെയ്യുന്നവനും നന്മകൊണ്ട് കല്‍പ്പിക്കുന്നവനും തമ്മില്‍ സഹോദരങ്ങളാണ്. കാലത്തിന് പോലും അവരെ വേര്‍പിരിക്കാനാകില്ല. നന്മയുടെ ആധിക്യത്തില്‍ നീ ഖേദിക്കേണ്ടതില്ല. കാരണം, നന്മയുടെയും തിന്മയുടെയും പ്രതിഫലം ഇഹലോകത്ത് വെച്ചുതന്നെ കിട്ടാവുന്നതേയുള്ളൂ.
ആര്‍ക്ക് ഗുണം ചെയ്യുകയാണെങ്കിലും ഒന്ന് ആലോചിക്കുക. നന്മ ചെയ്യുന്നേരം ആത്മസംതൃപ്തി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അപ്പോഴേ അത് ലഭിക്കുന്നവനും മാനസിക സംതൃപ്തി നേടാനാകൂ. ആത്മസംഘര്‍ഷത്തിനകപ്പെടാതെ നിനക്ക് ഒരിക്കലും അപരനെ ഉപദ്രവിക്കാനുമാകരുത്. യാഥാര്‍ഥ്യം എന്താണെന്നു വച്ചാല്‍, നിനക്ക് അസ്വസ്ഥതയുണ്ടാക്കാതെ ഒരാള്‍ക്കും നിന്നെ ഉപദ്രവിക്കാനാകില്ല. എന്നതുപോലെ, ആത്മസംതൃപ്തിയില്ലാതെ നിനക്ക് മറ്റാര്‍ക്കും ആനന്ദം പകരാനുമാകില്ല. ചുരുക്കത്തില്‍, നന്മയുടെയും തിന്മയുടെയും പ്രതിഫലം പരലോക പ്രാപ്തിക്കുമുന്നേ ഇഹലോകത്തുവച്ച് ലഭിച്ചേക്കാം. ഈ വസ്തുത ആര്‍ക്കും നിഷേധിക്കാനാകില്ല. സ്വജീവിതത്തില്‍ അപരന് നന്മയോ തിന്മയോ ചെയ്ത ആര്‍ക്കും ഈ വാക്ക് അനുഭവേദ്യമാകുമെന്നതില്‍ ഒട്ടും സംശയമില്ല. അപരന് ഗുണം ചെയ്യാന്‍ ഒട്ടും മടിക്കരുത്. എന്നെങ്കിലും അതില്‍ പക്വകായ്കനികള്‍ കായ്‌ച്ചേക്കാം. ഖലീഫ മുതവക്കിലിന്റെ കാലത്തെ ഒരു കഥ പറയാം:
ഖലീഫ മുതവക്കില്‍ ബഗ്ദാദ് ഭരിക്കുന്ന കാലം. അദ്ദേഹത്തിന് ഫത്ഹ് എന്ന പേരുള്ള സൗഭാഗ്യമുള്ള ഒരു അടിമയുണ്ടായിരുന്നു. ഖലീഫയുടെ സമ്മതത്തോടെ ഫത്ഹ് സാഹിത്യവും അനേകം കലകളും പഠിച്ചെടുത്തു. മുതവക്കില്‍ അവനെ ദത്തെടുത്തു. നീന്തല്‍ പഠിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ നാവികര്‍ അവനെ സഹായിച്ചു. പക്ഷെ, ടൈഗ്രീസ് നദിയില്‍ നീന്താന്‍ അവന്‍ ഒരിക്കലും ധൈര്യപ്പെട്ടില്ല. പകരം, ചെറിയ കുട്ടികള്‍ ചെയ്യുന്നതുപോലെ തനിക്ക് നീന്തല്‍ അറിയാമെന്ന് എല്ലാവരോടും പറഞ്ഞു നടക്കുക മാത്രം ചെയ്തു.
ഒരിക്കല്‍, പരിശീലകരൊന്നുമില്ലാത്ത നേരം നോക്കി ഫത്ഹ് തനിച്ച് നീന്താന്‍ പോയി. നദിക്ക് ശക്തമായ അടിയൊഴുക്കുള്ള സമയമായിരുന്നു. പെട്ടെന്ന് ഫത്ഹിന് നിയന്ത്രണം വിട്ടു. അടിയൊഴുക്കിനെ ഒരിക്കലും ചെറുത്തുനില്‍ക്കാന്‍ കഴിയില്ലെന്ന് ഫത്ഹിന് ബോധ്യമായി. ടൈഗ്രീസ് അവനെ ദൂരേക്ക് കൊണ്ടുപോയി. ഇടക്ക് ആത്മനിയന്ത്രണം കിട്ടിയെന്നു തോന്നിയപ്പോള്‍ ജലോപരിതലത്തില്‍ ഒരുപാടുനേരം കൈയിട്ടടിച്ച് രക്ഷക്കായി അവന്‍ ഒച്ചവച്ചു. പക്ഷെ, അപ്പോഴേക്കും അവന്‍ ആളുകളുടെ കാഴ്ചവട്ടത്തില്‍നിന്നെല്ലാം എങ്ങോ അകലെ എത്തിയിരുന്നു.
ശക്തമായ ഒഴുക്കിനിടയില്‍ എപ്പോഴോ കരയോട് ചേര്‍ന്ന് വെള്ളം കെട്ടിനില്‍ക്കുന്ന ചില ദ്വാരങ്ങള്‍ അവന്‍ കണ്ടു. ഭാഗ്യവശാല്‍, പ്രവാഹം അവനെ അതിലൊന്നിന് അരികിലൂടെ കൊണ്ടുപോയപ്പോള്‍ അവന്‍ അതില്‍ എത്തിപ്പിടിച്ചു. ശരീരമാകെ ക്ഷീണിച്ചുപോയ ഫത്ഹ് അല്പനേരം അവിടെ തളര്‍ന്നുകിടന്നു. തനിക്ക് അല്ലാഹു ഒരുക്കിവച്ചിരിക്കുന്ന വിധി എന്താണെങ്കിലും വരട്ടെ എന്നവന്‍ ആത്മഗതം പറഞ്ഞു. മുമ്പ് ഇതുപോലെ പല സന്ദര്‍ഭങ്ങളിലും താന്‍ രക്ഷപ്പെട്ടിട്ടുണ്ട്. ദൈവകൃപയുണ്ടെങ്കില്‍ ഇപ്രാവശ്യവും താന്‍ രക്ഷപ്പെടും. അവന്‍ സ്വയം ആശ്വസിപ്പിച്ചു. ഏഴു ദിവസത്തോളം ഫത്ഹ് ആ ദ്വാരത്തിനകത്ത് കഴിച്ചുകൂട്ടി.
തൊട്ടടുത്ത ദിവസം പരിചാരകര്‍ വന്ന് ഫത്ഹ് പുഴയില്‍ മുങ്ങിയ വിവരം ഖലീഫ മുതവക്കിലിനെ അറിയിച്ചു. ഒരു ചെറു തളര്‍ച്ചയോടെ ഖലീഫ നിലത്ത് ഇരുന്നുപോയി.
‘ജീവസ്സുറ്റ ശരീരമായാലും ജീവനറ്റ ശരീരമായാലും ഫത്ഹിനെ എനിക്ക് കൊണ്ടുവന്നു തരുന്നവന് ഞാന്‍ ആയിരം ദീനാര്‍ ഇനാം പ്രഖ്യാപിക്കുന്നു.’ നാവികരെ വിളിച്ചുകൂട്ടി ഖലീഫ പ്രഖ്യാപിച്ചു. അവനെ നേരില്‍ കാണാതെ ഭക്ഷണം കഴിക്കാന്‍ ഖലീഫ തയ്യാറായില്ല.
നാവികരൊന്നാകെ ഫത്ഹിനെ തിരഞ്ഞ് ട്രൈഗ്രീസില്‍ ഊളിയിട്ടു. ആവുന്നിടത്തെല്ലാം അവര്‍ തിരഞ്ഞുകൊണ്ടിരുന്നു. ഒടുക്കം നാവികരിലൊരാള്‍ എഴാം നാളിനൊടുവില്‍ ഒരു ദ്വാരത്തിനകത്ത് ഫത്ഹിനെ കണ്ടെത്തി. ഫത്ഹ് നാവികനോട് ബോട്ടുമായി വരാന്‍ ആവശ്യപ്പെട്ടു. നാവികന്‍ ഖലീഫയെ വന്നു കണ്ടു.
‘അമീറുല്‍ മുഅ്മിനീന്‍, ഫത്ഹിനെ കൊണ്ടുവന്നു തന്നാല്‍ എനിക്ക് എന്തു തരും?’ അദ്ദേഹം ചോദിച്ചു. ‘അയ്യായിരും ദീനാര്‍!’ ഖലീഫ പറഞ്ഞു.
അദ്ദേഹം മറ്റുചില നാവികരെയും കൂട്ടി ഫത്ഹിനെ രക്ഷപ്പെടുത്തി കൊണ്ടുവന്നു. ഫത്ഹിനെ കണ്ട ഖലീഫ തന്റെ വാഗ്ദാനം നിറവേറ്റുകയും ചെയ്തു. ‘ഖജനാവില്‍ പോയി അവിടെയുള്ളതിന്റെ പകുതി ദരിദ്രര്‍ക്ക് ദാനം ചെയ്യൂ.’ അദ്ദേഹം മന്ത്രിയോട് നിര്‍ദേശിച്ചു. എന്നിട്ട് ഏഴ് ദിവസത്തോളം പട്ടിണി കിടന്ന ഫത്ഹിന് സുഭിക്ഷമായ ഭക്ഷണം കൊണ്ടുവരാന്‍ കല്‍പ്പിച്ചു. ‘അമീറുല്‍ മുഅ്മിനീന്‍, എന്റെ വയറ് നിറഞ്ഞിരിക്കുകയാണ്.’ ഖലീഫയുടെ കല്‍പ്പന കേട്ട ഫത്ഹ് പറഞ്ഞു.
‘അത് വെള്ളം മാത്രം കുടിച്ച് വയറു നിറഞ്ഞതായിരിക്കും.’ ‘ഈ ഏഴു ദിവസവും ദിനംപ്രതി പത്ത് റൊട്ടിക്കഷ്ണം നിറച്ചൊരു തളിക എനിക്ക് അരികിലേക്ക് ഒഴുകി വന്നു. എനിക്ക് ജീവിക്കാന്‍ ആവശ്യമായ രണ്ടോ മൂന്നോ റൊട്ടി എന്നും ഞാന്‍ അതില്‍നിന്ന് എടുത്ത് ഭക്ഷിച്ചു. അതില്‍ ഓരോ റൊട്ടിയിലും ചെരുപ്പുകുത്തിയായ മുഹമ്മദ് ബ്ന്‍ ഹസന്‍ എന്ന് എഴുതി വച്ചിട്ടുണ്ടായിരുന്നു.’
അമ്പരന്നുപോയ ഖലീഫ ഉടനെ ടൈഗ്രീസില്‍ റൊട്ടി ഒഴുക്കിയ ആ വ്യക്തിയെ കണ്ടെത്താന്‍ ആവശ്യപ്പെട്ടു. പരിചാരകര്‍ ചെരുപ്പുകുത്തിയെ കണ്ടെത്തുകയും ഖലീഫ വിളിക്കുന്ന വിവരം അറിയിക്കുകയും ചെയ്തു. കൂടെ നല്ല പ്രതിഫലം താങ്കളെ കാത്തിരിക്കുന്നുവെന്ന സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം മുഹമ്മദ് ബ്ന്‍ ഹസന്‍ ഖലീഫയുടെ സന്നിധിയില്‍ ഹാജരായി.
‘ഞാനാണ് ടൈഗ്രീസില്‍ റൊട്ടി ഒഴുക്കിയത്.’ അദ്ദേഹം പറഞ്ഞു.
‘അതിന് എന്തുണ്ട് തെളിവ്?’ ഖലീഫ ഉത്സുകനായി.
ഓരോ റൊട്ടിയിലും ചെരുപ്പുകുത്തി മുഹമ്മദ് ബ്ന്‍ ഹസന്‍ എന്ന് എന്റെ പേര് കൊത്തിവച്ചിട്ടുണ്ടാകും. സദസ്സിലുള്ളവരെല്ലാം ആ അടയാളത്തെ ശരിവച്ചു.
‘എത്ര നാളായി നീ ടൈഗ്രീസില്‍ റൊട്ടി ഒഴുക്കുന്നു?’
‘ഒരു വര്‍ഷത്തോളമായി!’
‘താങ്കളെ അതിന് പ്രേരിപ്പിച്ചതെന്താണ്?’ സദസ്യര്‍ക്ക് ജിജ്ഞാസയായി.
‘ഒരു സല്‍പ്രവൃത്തി ചെയ്യുക. അത് നദിയിലൂടെ ആയിരിക്കുക. പിന്നീട് എപ്പോഴെങ്കിലും അതിന്റെ പ്രതിഫലം നീ കരസ്ഥമാക്കും എന്ന് ഞാന്‍ കേട്ടിരുന്നു.’ ചെരുപ്പുകുത്തി നിര്‍നിമേഷനായി പറഞ്ഞു.
‘കേട്ടത് അനുസരിച്ച് നീ പ്രവര്‍ത്തിച്ചു. പ്രവൃത്തിയുടെ പ്രതിഫലം നീ നേടുകയും ചെയ്തു.’
പ്രതിഫലമായി ഖലീഫ അദ്ദേഹത്തിന് ബഗ്ദാദിന്റെ കവാടത്തിനരികിലെ അഞ്ചു ഗ്രാമങ്ങള്‍ പതിച്ചു നല്‍കി. അദ്ദേഹം സന്തുഷ്ടനായി തനിക്കു കിട്ടിയ ഗ്രാമങ്ങളിലേക്കു പോയി. ഖാഇം ബിഅമ്‌രില്ലാഹിയുടെ കാലംവരെ അദ്ദേഹം സുഖ ജീവിതം നയിച്ചു. എന്റെ ഹജ്ജ് യാത്രയില്‍ ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ബഗ്ദാദില്‍വച്ച് അദ്ദേഹത്തിന്റെ പേരമക്കളെ എനിക്ക് കണ്ടുമുട്ടാനായി. അവിടെവച്ചുതന്നെ പല വൃദ്ധരില്‍നിന്നും ഞാന്‍ ഈ സംഭവം കേട്ടിട്ടുണ്ട്.
കഴിവതും നന്മ ചെയ്യാന്‍ ശ്രമിക്കുക. ജനങ്ങള്‍ക്ക് നന്മയും ഗുണവും മാത്രം ചെയ്യുക. നാവുകൊണ്ട് ഒന്ന് പറയുകയും ഹൃദയത്തില്‍ അതിന് വൈരുദ്ധ്യമായത് കുടിയിരുത്തുകയും ചെയ്യരുത്. പേര്‍ഷ്യന്‍ പഴമൊഴിയിലെ ഗോതമ്പു വില്‍ക്കുന്ന ബാര്‍ലി വില്‍പ്പനക്കാരനാകരുത് നീ. എപ്പോഴും ആത്മനീതി പുലര്‍ത്തുക. അങ്ങനെയങ്കില്‍ നിന്റെ കാര്യത്തില്‍ ഖാളിക്ക് സമയം കളയേണ്ടി വരില്ല. നിന്റെ സന്തോഷവും സന്താപവും അത് മുഖവിലക്കെടുക്കുന്നവരോട് മാത്രം പങ്കുവക്കുക. നിന്റെ ദുഃഖവും ആനന്ദവും വേദനയും കാണുന്നവരോടു മുഴുവന്‍ വെളിപ്പെടുത്തരുത്.
നന്മ-തിന്മകളില്‍ പെട്ടെന്ന് സന്തുഷ്ടനോ ദുഃഖിതനോ ആകാതിരിക്കുക. കുഞ്ഞുങ്ങളുടെ പ്രകൃതമാണത്. ഏത് സന്ദര്‍ഭങ്ങളിലും ആത്മനിയന്ത്രണം കൈവിടരുത്. ബുദ്ധിമാനെ ഒരിക്കലും നന്മ-തിന്മകള്‍ അസ്വസ്ഥമാക്കുകയോ അനിയന്ത്രിതനാക്കുകയോ ചെയ്യില്ല. അനന്തരം ദുഃഖം സമ്മാനിക്കുന്ന ഒരു സന്തോഷത്തെയും ആനന്ദമായി കാണരുത്. നിരാശ വരുമ്പോള്‍ കൂടുതല്‍ പ്രതീക്ഷാലു ആവുക. അടക്കപ്പെട്ട പ്രതീക്ഷയുടെ കവാടമാണ് നിരാശയെന്ന് മനസ്സിലാക്കുക. നേരെ തിരിച്ച് നിരാശയുടെ കവാടം പ്രതീക്ഷയാണെന്നും തിരിച്ചറിയുക. എല്ലാത്തിനും ഒടുവില്‍ ഇഹലോകം വിട്ട് പരലോകം പുല്‍കേണ്ടവരാണെന്ന് അറിയുക. സത്യത്തെ നിഷേധിച്ചു പോകരുത്. ആരെങ്കിലും നിന്നോട് പ്രകോപിതനായാല്‍ മൗനം കൊണ്ട് അതിനെ കെടുത്തിക്കളയുക. വിഡ്ഢികള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല മറുപടി മൗനമാണ്.
ഓരോ മനുഷ്യനോടുമുള്ള കടമകള്‍ അറിഞ്ഞിരിക്കണം. പ്രത്യേകിച്ചും നിന്റെ ബന്ധുക്കളോടുള്ളവ. കുടുംബത്തിലെ വയോധികരെ ആദരിക്കുക. നബി (സ) പറഞ്ഞിട്ടുണ്ട്: ‘ഒരു ഗോത്രത്തില്‍ വയോധികര്‍ക്കുള്ള സ്ഥാനം ഒരു സമൂഹത്തില്‍ നബിക്ക് ഉള്ളതുപോലെയാണ്.’
എന്നിരുന്നാലും, അവരെ അന്ധമായി വിശ്വസിക്കരുത്. അങ്ങനെയാകുമ്പോള്‍ അവരിലെ നന്മപോലെത്തന്നെ പോരായ്മകളും നിനക്ക് കാണാനാകും. ബാഹ്യശക്തികളില്‍നിന്ന് നീ സുരക്ഷിതനല്ലെങ്കില്‍ അതിനുള്ള മാര്‍ഗം സ്വീകരിക്കുക. സുരക്ഷിതത്വം ഉറപ്പുവരുത്തുക. സുരക്ഷിതത്വം ഉണ്ടാകുമെന്ന് ഭാവിച്ചു നില്‍ക്കുന്നത് നന്നല്ല. മരുന്നാണെന്നു കരുതി വിഷം എടുത്ത് കഴിക്കുന്നത് വിഡ്ഢിത്തമല്ലേ? ജനങ്ങളുടെ ബുദ്ധിയും ശ്രേഷ്ഠതയും നിരീക്ഷിക്കുക. അറിവില്ലായ്മകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധി നേടാനാകുമെങ്കില്‍ ആകാം. മറിച്ചാണെങ്കില്‍, കഴിവതും അറിവ് ആര്‍ജ്ജിക്കുക. ജ്ഞാന സമ്പാദനം ഒരു ന്യൂനതായി കാണുന്ന കാലത്തോളം നീ നിന്റെ കുറവുകളില്‍നിന്ന് മുക്തനാവുകയില്ല.
ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെ വീഴ്ചകളും സുകൃതങ്ങളും നിരീക്ഷിക്കുക. എവിടെയാണ് അവര്‍ വിജയിച്ചതും എങ്ങനെയാണ് അവര്‍ നേട്ടമുണ്ടാക്കിയതെന്നും പഠിക്കുക. എവിടെയാണ് അവര്‍ക്ക് പിഴച്ചതെന്നും എന്തായിരുന്നു അതിനുള്ള കാരണമെന്നും തിരിച്ചറിയുക. ഇതിനെല്ലാം മധ്യേ നിനക്കെന്തു നേട്ടം എന്നതിനെക്കുറിച്ച ആഴമേറിയ ആലോചനയും അന്യന് വേദനയുണ്ടാക്കുന്ന കാര്യങ്ങളില്‍ കൃത്യമായ ശ്രദ്ധയും വേണം. ആദരവും മര്യാദയും പഠിച്ചെടുക്കുക. അറിവ് നേടാനുള്ള ഒരു അവസരവും പാഴാക്കരുത്. സോക്രട്ടീസ് പറഞ്ഞത് അറിയില്ലേ; ‘ശ്രേഷ്ഠതയെക്കാള്‍ മഹത്തരമായ ഖനിയില്ല. ജ്ഞാനത്തെ കവിഞ്ഞ ആദരവുമില്ല. ലജ്ജയെക്കാള്‍ മികച്ച സൗന്ദര്യമില്ല. ദുഃസ്വഭാവത്തെക്കാള്‍ ദുഷിച്ച ശത്രുവുമില്ല.’
ജ്ഞാന സമ്പാദനത്തിലായല്ലാതെ ഒരു നിമിഷം പോലും നിന്റെ ജീവിതത്തിലൂടെ കടന്നുപോകരുത്. അറിവ് നേടാന്‍ ജ്ഞാനിയെ കിട്ടിയില്ലെങ്കില്‍ വിഡ്ഢിയില്‍നിന്നെങ്കിലും പഠിക്കാന്‍ ശ്രമിക്കുക. ഉള്‍ക്കാഴ്ചകൊണ്ട് വിഡ്ഢിയെ നീ പഠന വിധേയമാക്കുമ്പോള്‍ അവനെ അനുകരിക്കേണ്ടാത്ത കാര്യങ്ങളെന്താണ് എന്നെങ്കിലും നിനക്ക് അറിയാനാകും. ഇതേക്കുറിച്ചുള്ള അലക്‌സാണ്ടറുടെ വാക്ക് ഇങ്ങനെയാണ്: ‘സ്വന്തം കൂട്ടുകാരെക്കാള്‍ എനിക്ക് ഗുണം ലഭിച്ചത് എന്റെ ശത്രുക്കളില്‍നിന്നാണ്. എന്നില്‍ സംഭവിക്കുന്ന തെറ്റുകള്‍ സഹാനുഭൂതി കാരണം കൂട്ടുകാര്‍ പറയാതെ മറച്ചുപിടിക്കും. ശത്രുവാണെങ്കിലോ ശത്രുതയുടെ കാഠിന്യം അവനെക്കൊണ്ടത് പറയിപ്പിക്കും. അപ്പോള്‍ എനിക്കത് തിരിച്ചറിയാനുമാകും. തല്‍ക്ഷണം ഞാനത് ഒഴിവാക്കുകയും ചെയ്യും. അതാണ് ഞാന്‍ പറഞ്ഞത് ഒരാള്‍ക്ക് ഏറ്റവും കൂടുതല്‍ ഗുണമുണ്ടാകുന്നത് ശത്രുവില്‍നിന്നാണെന്ന്.’ ജ്ഞാനിയെക്കാള്‍ വിഡ്ഢിയില്‍നിന്നാണ് നിനക്ക് അത്തരം ജ്ഞാനം ലഭിക്കുക.
അറിവും കഴിയും നേടിയെടുക്കല്‍ എല്ലാവര്‍ക്കും -ചെറിയവരാണെങ്കിലും മുതര്‍ന്നവരാണെങ്കിലും- നിര്‍ബന്ധമായ കാര്യമാണ്. അപ്പോള്‍ മാത്രമേ നീ നിന്റെ സമപ്രായക്കാരെക്കാള്‍ വലിയ ജ്ഞാനിയും ശ്രേഷ്ഠനുമാകൂ. നിന്റെ കൂട്ടുകാര്‍ക്കില്ലാത്ത ഗുണവും കഴിവും നിന്നിലുള്ള കാലത്തോളം നീ അവരെക്കാള്‍ ഉന്നതനാകും. നിന്റെ ജ്ഞാനവും മഹത്വവും കാരണം ജനം കൂട്ടുകാരെക്കാള്‍ നിന്നെ ആദരിക്കും. തന്റെ സമപ്രായക്കാര്‍ക്ക് തന്നെക്കാള്‍ കഴിവുണ്ടെന്ന് അറിയുന്ന ബുദ്ധിമാന്‍ അവരെക്കാള്‍ അറിവും നൈപുണ്യവും നേടാനാണ് ശ്രമിക്കുക. അങ്ങനെ വരുമ്പോള്‍ അവന്‍ ആരെക്കാളും ബഹുമാന്യനായിത്തീരും.
അറിവ് നേടുകയെന്നാല്‍ തന്റെ കൂട്ടുകാര്‍ക്കും സമപ്രായക്കാര്‍ക്കും മേല്‍ ഉന്നതി നേടുക എന്നാണര്‍ഥം. അവ വേണ്ടെന്ന് വക്കുന്നത് അയാള്‍ തന്റെ ബലഹീനതയിലും വിഡ്ഢിത്തത്തിലും സംതൃപ്തനാണെന്നതിനുള്ള തെളിവാണ്. സദ്‌വൃത്തി നേടലും ശരീര നിയന്ത്രണം അഭ്യസിക്കലും ഏറ്റവും ഗുണമുള്ള രണ്ടു കാര്യങ്ങളാണ്. ‘മടി ശരീരത്തെ ദുഷിപ്പിക്കും’ എന്ന് പറയാറുണ്ടല്ലോ! ശരീരം നിനക്കു വിധേയപ്പെടുന്നില്ലെങ്കില്‍ നിനക്ക് ആശ്വസിക്കാനാകില്ല. സ്വേച്ഛകളും മടിയും ഉണ്ടായിരിക്കെ ശരീരമൊരിക്കലും നിനക്ക് വഴങ്ങുകയില്ല. പ്രകൃത്യാ ഒരാളുടെ ശരീരവും ചലിക്കില്ല. താല്പര്യമല്ല, കല്പനയാണ് അതിനെ ചലിപ്പിക്കുന്നത്.
നിന്റെ ശരീരത്തോട് കല്പിക്കാന്‍ നീ താല്‍പര്യപ്പെടാത്ത കാലത്തോളം ഒരു പ്രവര്‍ത്തനത്തിനും അതിനെ കിട്ടില്ലെന്നു മാത്രമല്ല ക്രമേണ അത് ക്ഷയിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതുകൊണ്ട് ശരീരത്തിനുമേല്‍ നിയന്ത്രണം നേടുക. ബലം പ്രയോഗിച്ചുതന്നെ അതിനെ കീഴ്‌പ്പെടുത്തുക. ശരീരത്തെ കീഴ്‌പ്പെടുത്താന്‍ കഴിയാത്തവന് എവിടെനിന്ന് ശ്രേഷ്ഠത ലഭിക്കാനാണ്? അറിവും കഴിവുംകൊണ്ട് നീ ശരീരത്തെ വിധേയപ്പെടുത്തുന്നപക്ഷം, ഇഹലോകത്തും പരലോകത്തും നിനക്ക് വിജയിക്കാം.
അറിവ്, മര്യാദ, സൂക്ഷ്മത, സത്യസന്ധത, വിനയം, സഹനം, ലജ്ജ, അഹിംസ എന്നിവയാണ് എല്ലാ സല്‍പ്രവര്‍ത്തികളുടെയും മൂലധനമെന്ന് നീ മനസ്സിലാക്കിയിരിക്കുക.
അതില്‍ ലജ്ജ ഈമാനില്‍ പെട്ടതാണ്. എന്നാല്‍, അധിക സന്ദര്‍ഭങ്ങളിലും അത് മനുഷ്യന് വിപത്തായി ഭവിച്ചേക്കാം. വീഴ്ച വന്നുപോകുന്ന രീതിയില്‍ നീ ലജ്ജാലുവാകരുത്. നിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ പലയിടങ്ങളിലും ലജ്ജ ഉപേക്ഷിക്കേണ്ടി വരും. അതേസമയം, തെമ്മാടിത്തരം, ആക്ഷേപം, കളവ് തുടങ്ങിയവ ചെയ്യാന്‍ എപ്പോഴും ലജ്ജയുള്ളവനായിരിക്കുകയും വേണം. നന്മയുള്ള ഒരു വാക്കിലും പ്രവൃത്തിയിലും നീ നാണിക്കരുത്. ലജ്ജ ഈമാനിന്റെ ഫലമാണെന്നതുപോലെ ആദരവ് ലജ്ജയുടെ ഫലമായി ഉണ്ടാകുന്നതാണ്.
എവിടെയൊക്കെ ലജ്ജ കാണിക്കണമെന്നും എവിടെയെല്ലാം കാണിക്കരുതെന്നും വ്യക്തമായ ബോധ്യമുണ്ടാകണം. ഏറ്റം ശരിയെന്താണോ അതുമാത്രം ചെയ്യുക. ‘നന്മയുടെ തുടക്കം ലജ്ജയാണ്, തെമ്മാടിത്തരത്തിന്റെ പ്രാരംഭം ലജ്ജയില്ലായ്മയും’ എന്ന പഴമൊഴി മറക്കരുത്.
വിഡ്ഢികളെ സംസ്‌കാരമുള്ളവരായി കണക്കാക്കരുത്. എന്നാല്‍, ശ്രേഷ്ഠ വ്യക്തിത്വങ്ങളെ ബുദ്ധിമാന്മാരായി ഗണിക്കുകയും വേണം. അങ്ങേയറ്റം പടുവിഡ്ഢിയായവരെ പരിത്യാഗികളായും തെറ്റിദ്ധരിക്കരുത്. ചുരുക്കത്തില്‍, വിഡ്ഢികളോടുള്ള സഹവാസം പാടേ ഉപേക്ഷിക്കുക. പ്രത്യേകിച്ചും സ്വയം ജ്ഞാനിയായി കരുതുന്നവരെ. സുപ്രസിദ്ധിയുള്ളവരോട് മാത്രം കൂട്ടുകൂടുക. സല്‍വൃത്തരൊത്തുള്ള സഹവാസമാണ് ഒരാള്‍ക്ക് നല്ല സ്മരണയും കീര്‍ത്തിയും സമ്മാനിക്കുന്നത്. എള്ളെണ്ണയില്‍ കുറച്ച് പനിനീരോ കുങ്കുമവോ ചേര്‍ത്തെന്നിരിക്കുക. പിന്നെ ആരും അതിനെ എള്ളെണ്ണയെന്ന് വിളിക്കില്ല. പനിനീരെണ്ണ എന്നോ കുങ്കുമെണ്ണയെന്നോ വിളിക്കില്ല.
സല്‍വൃത്തരായ ആളുകളോടുള്ള സഹവാസം സല്‍കര്‍മങ്ങളില്‍ ജാഗ്രതയുള്ളവനാക്കും. ചോദിച്ചു വരുന്നവരെ നീ സമാശ്വസിപ്പിക്കാന്‍ മറക്കില്ല. മാനവികതയുടെയും സൃഷ്ടിവൈഭവത്തിന്റെ മഹത്വം നിനക്ക് അനുഭവദേദ്യമാകും. മലിന സ്വഭാവത്തില്‍നിന്ന് വിടുതല്‍ നേടും. വിദ്വേഷമുള്ളവനാകരുത്. നിര്‍ധനത്വമാണ് വിദ്വേഷത്തിന്റെ ഫലം. നിര്‍ധനത്വത്തിന്റെ ഫലമാണെങ്കിലോ നിന്ദ്യതയും. വിഡ്ഢികളാല്‍ സ്തുതിക്കപ്പെടുന്നവനല്ല, ബുദ്ധിമതികളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്നവനാകാന്‍ ശ്രദ്ധിക്കുക. പൊതുജനവും വിഡ്ഢികളും സ്തുതിക്കുന്നവര്‍ വിവരമുള്ളവരുടെ അടുക്കല്‍ പരിഹാസ്യരാകും. പ്ലാറ്റോയുടെ ഒരു കഥയുണ്ട്:
ഒരിക്കല്‍ പ്ലാറ്റോ തന്റെ ഇരിപ്പിടത്തില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹം പട്ടണത്തിലെ പ്രധാനികളില്‍ ഒരാള്‍ വന്ന് അദ്ദേഹത്തിന് അരികില്‍ ഇരിപ്പുറപ്പിച്ചു. പല വിഷയങ്ങളും അദ്ദേഹം ചര്‍ച്ചക്കെടുത്തു. സംസാരത്തിനിടയില്‍ അദ്ദേഹം പറഞ്ഞു:
‘അല്ലയോ ജ്ഞാനീ, നിങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഒരു വ്യക്തിയെ ഞാന്‍ കണ്ടു. അദ്ദേഹം അങ്ങേക്കുവേണ്ടി പ്രാര്‍ഥിക്കുകയും ‘പ്ലാറ്റോ മഹാ വ്യക്തിത്വമാണ്, അദ്ദേഹത്തെപ്പോലെ ഒരാളെയും കാണാനാകില്ല. അദ്ദേഹത്തെപ്പോലൊരാള്‍ ഇനിയൊരിക്കലും ജനിക്കുകയുമില്ല’ എന്ന് അങ്ങയെ പുകഴ്ത്തുകയും ചെയ്യുന്നു. ഇത് അങ്ങയെ അറിയിക്കണമെന്ന് എനിക്കു തോന്നി.’
അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോള്‍ പ്ലാറ്റോ വലിയ വിഷമത്തിലായി. സങ്കടത്താല്‍ അദ്ദേഹത്തിന് കണ്ണീര്‍ പൊടിഞ്ഞു.
‘അല്ലയോ ജ്ഞാനീ, ഇതില്‍ നിങ്ങളെ വിഷമിപ്പിക്കാന്‍ മാത്രം എന്താണുള്ളത്? കേട്ടതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?’ ആഗതന്‍ ചോദിച്ചു.
‘അല്ലയോ നേതാവേ, നിങ്ങളെന്നെ ഒരു ദേഹോപദ്രവും ചെയ്തിട്ടില്ല. ഒരു വിഡ്ഢി എന്നെ പുകഴ്ത്തുകയും എന്റെ പ്രവൃത്തി കണ്ട് അത്ഭുതപ്പെടുകയും ചെയ്യുന്നതിനെക്കാള്‍ വലിയ മറ്റെന്തു വിപത്താണ് എന്നെ തേടി എത്താനുള്ളത്? ആ വിഡ്ഢിയെ അത്ഭുതപ്പെടുത്താന്‍ മാത്രം എന്താണ് ഞാന്‍ ചെയ്തതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു വിഡ്ഢി എന്നെ സ്തുതിച്ചുവല്ലോ എന്നതാണ് എന്റെ സങ്കടം.’ പ്ലാറ്റോ മറുപടി പറഞ്ഞു.
ഇതേ അര്‍ഥത്തില്‍ വരുന്ന മറ്റൊരു കഥ കൂടിയുണ്ട്:
മഹാനായ മുഹമ്മദ് ബ്ന്‍ സകരിയ്യ റാസി തന്റെ ശിഷ്യന്മാര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു ഭ്രാന്തന്‍ അവരുടെ അടുത്തേക്കു വന്നു.
‘മുഹമ്മദ് ബ്ന്‍ സകരിയ്യയോളം നല്ല മറ്റൊരാളുമില്ല.’ ആ ഭ്രാന്തന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ ഉടനെ സകരിയ്യ റാസി എപിതിമം വേവിക്കാന്‍ കല്പിക്കുകയും അതിന്റെ കഷായം കുടിക്കുകയും ചെയ്തു.
ശിഷ്യന്മാര്‍ കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു:
‘ആ ഭ്രാന്തന്റെ ചിരിതന്നെ കാരണം. തന്റെ ഭ്രാന്തിന്റെ ഒരംശം അവന്‍ എന്നിലും കണ്ടിരുന്നുവെങ്കില്‍ ആ ഭ്രാന്തന്‍ ഒരിക്കലും എന്നെ നോക്കി ചിരിക്കുമായിരുന്നില്ല.’
‘ഓരോ പക്ഷിയും തന്റെ കൂട്ടത്തോടൊപ്പമാണ് പറക്കുന്നത്’ എന്ന് കേട്ടിട്ടില്ലേ?
സഹനത്തിന്റെ കാര്യത്തില്‍ നീ ഒരിക്കലും പരിധി നിശ്ചയിക്കരുത്. അതില്‍ വീഴ്ച വരുത്തുകയുമരുത്. എന്നാല്‍, നിന്നെത്തന്നെ വിഴുങ്ങിക്കളയുന്ന രീതിയില്‍ പൂര്‍ണമായി വിനയം കാണിക്കാന്‍ നില്‍ക്കരുത്. സ്വയം പരാജിതനായി പോകുന്ന തരത്തില്‍ കര്‍ക്കശക്കാരനുമാകാന്‍ പാടില്ല. ഓരോ സമൂഹത്തോടും പൊരുത്തപ്പെട്ടു ജീവിക്കുക. ഇടപഴകലിലൂടെയാണ് ശത്രുവിന്റെയും മിത്രത്തിന്റെയും ഉദ്ദേശ്യം കണ്ടെത്താനാവുക.
ആരെയും തെറ്റ് പഠിപ്പിക്കരുത്. തിന്മ പഠിപ്പിക്കുയെന്നതുതന്നെ മറ്റൊരു തിന്മയാണ്. യാതൊരു കാരണവുമില്ലാതെ ഒരാള്‍ വന്ന് നിന്നെ ദേഹോപദ്രവം ചെയ്‌തെന്നുവച്ച് നീ അയാളോട് അരുതായ്മ ചെയ്യരുത്. മഹാമനസ്‌കതയുടെ ഇടവഴിയിലാണ് ചെറുമുറിവുകളുടെ വീട് കിടക്കുന്നത്. മാത്രവുമല്ല, മഹാമനസ്‌കതയുടെ അടിസ്ഥാനം തന്നെ ദയാദാക്ഷിണ്യമാണ്. നീയൊരു മഹാമസ്‌കനാണെങ്കില്‍ ഒരിക്കലും അപരനെ വേദനിപ്പിച്ചുകൂടാ. മനുഷ്യന്‍ സ്വയം കണ്ണാടി ദര്‍ശനം നടത്തണം. കണ്ണാടിയില്‍ തെളിയുന്നത് സുന്ദര രൂപമാണെങ്കില്‍ പ്രവൃത്തികളും അതുപോലെ മനോഹരമാക്കണം. അതല്ല, ദുഷിച്ച രൂപമാണ് തെളിയുന്നതെങ്കില്‍ സല്‍പ്രവൃത്തികള്‍കൊണ്ട് അതിനെ നന്നാക്കിയെടുക്കണം. വീണ്ടും അവന്‍ മോശത്തരം ചെയ്താല്‍ അത് തിന്മകള്‍ക്കുമേല്‍ തിന്മയാകും. ഒരേ ഇടത്തില്‍തന്നെ പിന്നെയും പിന്നെയും തിന്മകള്‍ നിറക്കുന്നത് എത്ര നിരാശാജനകമാണ്?
സമാനഗുണമുള്ള കൂട്ടുകാരില്‍നിന്ന് മാത്രം ഉപദേശം തേടുക. തന്റെ ഉപദേഷ്ടാവിനെ നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക. ഞാന്‍ ഈ പറഞ്ഞുകൊണ്ടിരിക്കുന്ന ഇത്രയും കാര്യം നീ മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ തന്റെ അറിവിലും ശ്രേഷ്ഠതയിലും നീ ഒരിക്കലും വഞ്ചിതനായിപ്പോകരുത്. എല്ലാം അറിയാമെന്ന് ഭാവിക്കരുത്. പകരം, അജ്ഞരുടെ കൂട്ടത്തിലായി സ്വയം ഗണിക്കുക. നിന്റെ അജ്ഞത പൂര്‍ണമായി നീങ്ങുമ്പോള്‍ മാത്രമേ നീയൊരു ജ്ഞാനിയാകുന്നുള്ളൂ. ഒരു കഥ പറയാം:
സാസാനി ഭരണാധികാരി കിസ്‌റാ ബര്‍വീസ് രാജാവും ബസ്ര്‍ജംഹര്‍ ബുഖ്തുകാന്‍ മന്ത്രിയുമായിന്ന കാലം. ഒരിക്കല്‍ റോമില്‍നിന്ന് ഒരു ദൂതന്‍ വന്നു. പേര്‍ഷ്യന്‍ രാജാക്കന്മാരുടെ രീതിപോലെ സിംഹാസനത്തില്‍ ഇരുന്ന് അദ്ദേഹം ദൂതന് സ്വാഗതം അരുളി. തനിക്ക് ജ്ഞാനിയായ ഒരു മന്ത്രിയുണ്ടെന്ന് അറിയിക്കലായിരുന്നു രാജാവ് ബര്‍വീസിന്റെ ലക്ഷ്യം.
‘ലോകത്തുള്ള എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് അറിയാമോ?’ ദൂതന്‍ മന്ത്രിയെ നോക്കി ചോദിച്ചു.
‘ഇല്ല സുല്‍ത്താന്‍!’ മന്ത്രി ബസ്ര്‍ജംഹര്‍ വിനയാന്വിതനായി.
ഇതുകണ്ടപ്പോള്‍ രാജാവിന് പക്ഷെ ദേഷ്യമാണ് വന്നത്.
‘എങ്കില്‍പിന്നെ ആര്‍ക്കാണ് ലോകത്തെ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുള്ളത്?’ ദൂതനു മുമ്പില്‍ ഇളിഭ്യനായ രാജാവ് മന്ത്രിയ നോക്കി ചോദിച്ചു.
‘മുഴുവന്‍ മനുഷ്യരാശിക്കും എല്ലാം അറിയാം. പക്ഷെ, മുഴുവന്‍ മനുഷ്യരാശിയും ഇതുവരെ ജനിച്ചിട്ടില്ലെന്നു മാത്രം.’ ബസ്ര്‍ജംഹര്‍
തന്ത്രപൂര്‍വം മറുപടി പറഞ്ഞു.
ജനപഥത്തിലെ ഏറ്റവും അജ്ഞനായ മനുഷ്യനായി നീ സ്വയം മനസ്സിലാക്കുക. അജ്ഞനാണെന്ന ബോധ്യം നിന്നെ ജ്ഞാനിയാക്കും. താന്‍ അജ്ഞനും അശക്തനുമാണെന്ന തിരിച്ചറിവാണ് ഒരുവനെ ജ്ഞാനിയാക്കുന്നത്. വലിയ തത്ത്വജ്ഞാനിയായിരിക്കെതന്നെ സോക്രട്ടീസ് പറയുമായിരുന്നു: ‘എനിക്കുശേഷം വരുന്ന ബുദ്ധിമതികള്‍ എന്നെ നിന്ദിക്കുമെന്ന് ഞാന്‍ ഭയപ്പെടുമായിരുന്നില്ലെങ്കില്‍ ലോകത്തെ സര്‍വജ്ഞാനത്തിനും സോക്രട്ടീസിന് ഒറ്റയടിക്ക് അവകാശവാദമുന്നയിക്കാം എന്ന അവരുടെ വാചകത്തിന് എനിക്ക് ഒന്നും അറിയില്ലെന്നും ഞാന്‍ പൂര്‍ണ അശക്തനാണെന്നും ഞാന്‍ ഉറപ്പിച്ചു പറയുമായിരുന്നു. എനിക്ക് ഒരിക്കലും അത് അംഗീകരിക്കാന്‍ കഴിയില്ല. കാരണം, അത്രമാത്രം വലിയ അവകാശവാദമായിരിക്കും അവര്‍ ഉന്നയിക്കുന്നത്.’ തന്റെ ജ്ഞാന സമ്പാദ്യത്തെക്കുറിച്ച് മഹാനായ അബൂ ശകൂര്‍ ബല്‍ഖി ഇങ്ങനെ പാടുമായിരുന്നു:
‘എത്രമാത്രമറിയാത്തവനാണ് ഞാനെന്ന ഭാവമെന്നെ
അല്പമെങ്കിലും അറിയാവുന്ന ജ്ഞാനിയാക്കി.’
എത്ര വലിയ ജ്ഞാനിയാണെങ്കിലും സ്വന്തം ജ്ഞാനത്തില്‍ വഞ്ചിതരാകരുത്. തന്റെ ജ്ഞാനത്തിനും കഴിവിനും അനുസരിച്ചുള്ള എന്തെങ്കിലും പ്രവൃത്തിക്ക് നീ നിയുക്തനാവുന്നുവെങ്കില്‍ ഒട്ടും മടി കാണിക്കാതെ ഏറ്റെടുക്കുക. കാരണം, പിന്നീട് നീ അതില്‍ ഖേദിക്കുന്ന സാഹചര്യമുണ്ടാകും. അപ്പോഴും കൂടിയാലോചന നടത്താന്‍ മറക്കരുത്. ബുദ്ധിമതികളായ വയോധികരോടും ഗുണകാംക്ഷികളായ കൂട്ടുകാരോടും ഓരോ കാര്യത്തിലും കൂടിയാലോചന നടത്തുക. അതാണ് മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്റെ പൊരുള്‍. ജ്ഞാനിയും അല്ലാഹുവിന്റെ കല്പനകള്‍ നടപ്പില്‍ വരുത്താന്‍ പ്രാപ്തനുമായപ്പോള്‍ തിരുനബിക്ക് കിട്ടിയ നിര്‍ദേശം ‘കാര്യങ്ങള്‍ അവരുമായി കൂടിയാലോചന നടത്തുക’ (ആലു ഇംറാന്‍: 159) എന്നാണ്. അഥവാ, ഓരോ കാര്യത്തിലും തന്റെ അനുചരരുമായി കൂടിയാലോന നടത്തുക. കാര്യങ്ങള്‍ വിലയിരുത്തുക. വിജയം തരുന്നവന്‍ അത് താനാണ് എന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
രണ്ടു വ്യക്തികളുടെ അഭിപ്രായത്തോട് ഒരിക്കലും ഒരാളുടെ മാത്രം അഭിപ്രായം തുല്യമാവുകയില്ല. രണ്ടുപേരുടെ കണ്ണുകള്‍ക്ക് കാണാവുന്നതത്രയും ഒരിക്കലും ഒരാളുടെ കണ്ണുകൊണ്ട് മാത്രം കാണാനാകില്ല. രോഗിയാകുന്ന വൈദ്യന്മാരെ ശ്രദ്ധിച്ചിട്ടില്ലേ? അവര്‍ തങ്ങളെ ചികിത്സിക്കാന്‍ മറ്റു വൈദ്യന്മാരെ സമീപിക്കാറാണ് പതിവ്. അയാളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഈ വൈദ്യന്‍ മരുന്നുകള്‍ കഴിക്കുക. തനിക്ക് നിര്‍ദേശം തരുന്നവന്‍ തന്നെക്കാള്‍ ജ്ഞാനം കുറഞ്ഞവനാണെങ്കില്‍പോലും ആ വൈദ്യന്‍ അങ്ങനയെ ചെയ്യൂ.
നിന്നെപ്പോലെ വലിയ പദവി അലംങ്കരിക്കുന്ന ആളുകള്‍ക്ക് വല്ലതും സംഭവിക്കുമ്പോള്‍ അവര്‍ക്കുവേണ്ടി സമ്പത്ത് ചിലവഴിക്കാനോ അതില്‍നിന്ന് കരകയറ്റാന്‍ കഠിനാധ്വാനം ചെയ്യാനോ ഒട്ടും വെറുപ്പ് കാണിക്കരുത്. നിന്റെ ശത്രുവാണെങ്കില്‍പോലും നീ സഹായിക്കണം. നിന്റെ യത്‌നത്തിലൂടെ ഒരുപക്ഷെ, ശത്രുവിനെപ്പോലും മിത്രമാക്കി മാറ്റാനാകും.

വലിയ സാഹിത്യ സമ്പന്നര്‍ നിന്നെ അഭിവാദ്യം ചെയ്ത് എത്തുമ്പോള്‍ അവരെ ആദരിക്കുകയും നിനക്കുവേണ്ടി പിന്നെയും പ്രാര്‍ഥിക്കാന്‍ പ്രേരിപ്പിക്കുംവിധം ഗുണം നല്‍കുകയും ചെയ്യുക. ജനങ്ങളോട് സംസാരിക്കുംനേരം അതിസൗമ്യനാകരുത്. ഒരാള്‍ ബുദ്ധിമാനാണെങ്കില്‍പോലും അതിസൗമ്യത അവന്റെ ജ്ഞാനം സ്വീകരിക്കപ്പെടാതിരിക്കാന്‍ ഇടയാക്കിയെന്നുവരും. അവന്റെ വാക്കുകള്‍ക്കൊന്നും വലിയ സ്വീകാര്യത ലഭിക്കുകയില്ല. അതുകൊണ്ട്, എന്താണ് സംസാരിക്കേണ്ടതെന്നും എങ്ങനെയാണ് സംസാരിക്കേണ്ടതെന്നും വ്യക്തമായി അറിഞ്ഞു വെക്കുക.

( തുടരും )
വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles