Columns

കശ്മീരിനെ വിഭജിക്കുമ്പോള്‍

പ്രതിരോധം,വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം ഒഴികെ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കുന്ന ഒരു നിയമവും ജമ്മുകാശ്മീര്‍ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവിടെ നടപ്പാകില്ലെന്നതാണ് ആര്‍ട്ടിക്കിള്‍ 370ന്റെ കാതല്‍. 1956ല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്ത 238 ാം വകുപ്പിലെ വ്യവസ്ഥകള്‍ ജമ്മുകാശ്മീരിനു ബാധകമല്ലെന്നും 370ാം വകുപ്പില്‍ വ്യക്തമാക്കുന്നു. അങ്ങനെയാണ് പ്രതിരോധം, ധനകാര്യം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവ ഒഴിച്ച് ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ജമ്മുകാശ്മീരില്‍ നടപ്പിലാകണമെങ്കില്‍ അവിടത്തെ സര്‍ക്കാരിന്റെ അംഗീകാരം വേണമെന്ന വ്യവസ്ഥയോടുകൂടി 370ാം വകുപ്പ് ഭരണഘടനയുടെ ഭാഗമാക്കുന്നത്. 1947ല്‍ പാക്കിസ്ഥാനോടൊപ്പം പോകാതെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകാന്‍ കാശ്മീര്‍ രാജാവായിരുന്ന മഹാരാജാ ഹരി സിംഗ് ഉണ്ടാക്കിയ കരാര്‍ അനുസരിച്ചായിരുന്നു ഇങ്ങനെയൊരു വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ ഫലമായി കാശ്മീരിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക നിയമവും ഭരണഘടനയും നിലവില്‍ വന്നു. പൗരത്വം, സ്വത്തുക്കളില്‍ ഉള്ള അവകാശം, മൗലീകാവകാശങ്ങള്‍ എന്നിവയില്‍ കാശ്മീര്‍ ജനത ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി തന്നെ നിലനില്‍ക്കും.

ജമ്മു കാശ്മീരിലെ സ്ഥിര താമസക്കാരെ നിര്‍ണ്ണയിക്കാനും അവകാശങ്ങളും പദവികളും നിര്‍ണ്ണയിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരമാണ് ആര്‍ട്ടിക്കിള്‍ 35 നിര്‍വ്വചിക്കുന്നത്. 1954 ല്‍ അന്നത്തെ രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെയാണ് ഈ വകുപ്പ് ഭരണഘടനയുടെ ഭാഗമായത്.

ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമായാണ് ഈ രണ്ടു വകുപ്പുകളും കണക്കാക്കപ്പെടുന്നത്. ഒരു നിയമം മാറ്റം വരുത്തുമ്പോള്‍ അതിനു കാര്യമായ ചര്‍ച്ച ആവശ്യമാണ്. അതെ സമയം ഒരു ചര്‍ച്ചയുമില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി നിയമം ഭേദഗതി ചെയ്തതും. മറ്റൊരു കാര്യം ഒരു ഫെഡറല്‍ നിയമത്തിന്റെ കീഴില്‍ നിലനിന്നിരുന്ന ഒരു സംസ്ഥാനത്തെ രണ്ടായി മുറിച്ചു കേന്ദ്രഭരണ പ്രദേശം എന്ന നിലയിലേക്ക് മാറ്റിയിരിക്കുന്നു. വികേന്ദ്രീകരണമാണ് ജനാധിപത്യത്തിന്റെ കാതല്‍. അതെ സമയം തങ്ങളുടെ വരുതിയില്‍ വരാത്തവയെ കേന്ദ്രീകരണത്തിലൂടെ വശത്താക്കുക എന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതും. അത് കൊണ്ട് തന്നെ ഈ തീരുമാനത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണ ദിനം എന്നാണ് പ്രതിപക്ഷം പ്രതികരിച്ചതും. ഒരിടത്തു ദല്‍ഹി മോഡലില്‍ നിയമസഭ കാണും. ലഡാക്കില്‍ ശുദ്ധ കേന്ദ്ര ഭരണവും. അതായത് ജനാധിപത്യത്തിന്റെ തിരിച്ചുപോക്ക് എന്ന് വേണമെങ്കില്‍ പറയാം.

ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാണ് കാശ്മീര്‍. അവിടെ പലപ്പോഴായി ഇന്ത്യന്‍ സൈന്യത്തിന്റെ കിരാത നടപടികള്‍ നാം കേട്ടതാണ്. ഇത് വരെ സംസ്ഥാനത്തിന് ഒരു പോലീസ് വൃന്ദം ഉണ്ടായിരുന്നു. ഇനി മുതല്‍ അതെല്ലാം പൂര്‍ണമായി കേന്ദ്രത്തിന്റെ കയ്യിലാകും. അക്രമത്തിന്റെ പേരില്‍ അവിടെ എന്ത് സംഭവിച്ചാലും അത് ലോകം അറിയാന്‍ പോകുന്നില്ല എന്ന് സാരം. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ സ്വതന്ത്ര സംസ്ഥാനങ്ങളായി മാറിയ ചരിത്രമാണ് നമുക്ക് പറയാനുള്ളത്. ആദ്യമായി ഒരു കാര്യം തിരിച്ചും നാം കേള്‍ക്കുന്നു. എല്ലാ ഇന്ത്യക്കാര്‍ക്കും ഒരേ നിയമം എന്നത് ശരിയാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തു കശ്മീരികളെ കൂടെ നിര്‍ത്താനാണോ അകറ്റാനാണോ നാം ശ്രമിച്ചത്. ഭീകരവാദത്തിന്റെ പേരില്‍ ഒരുപാട് നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരുപാട് സഹോദരികള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. കാശ്മീരിലെ ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടിയും ഇന്ത്യയെ തള്ളിപ്പറഞ്ഞിട്ടില്ല. എല്ലാവരും ഇന്ത്യയുടെ ഭാഗമായി സംസ്ഥാനത്തെ കാണുന്നു. എന്ത്‌കൊണ്ട് കാശ്മീരിന് മാത്രമായി ഒരു നിയമം ഭരണഘടന നല്‍കുന്നു എന്ന് നോക്കണം. ഒരു നിയമം മാറ്റുക എന്നത് ആ നിയമം നിര്‍മ്മിക്കാന്‍ കാരണമായ അടിസ്ഥാന വിഷയങ്ങള്‍ പരിഹൃതമായോ എന്നത് കൂടി അതിന്റെ ഭാഗമാണ്.

കാശ്മീരില്‍ തീര്‍ച്ചയായും പ്രതികരണം ഉണ്ടാകും. അതിന്റെ പേരില്‍ സേനയ്ക്ക് ഒരു ഇടപെടല്‍ നടത്താന്‍ കഴിയും. ഇന്ന് മാത്രം എണ്ണായിരത്തോളം സൈനികരെ സംസ്ഥാനത്തു വിന്യസിച്ചു. എല്ലാ വാര്‍ത്താവിനിമയ സൗകര്യങ്ങളും ഇല്ലാതാക്കി എന്നതിനാല്‍ അവിടെ നടക്കുന്ന പലതും നാം അറിയാതെ പോകും. കാശ്മീരിന്റെ ഇപ്പോഴത്തെ സെന്‍സസ് അട്ടിമറിക്കുക എന്നതു തന്നെയാണ് പുതിയ നീക്കത്തിന് പിന്നില്‍. പുതിയ സാഹചര്യത്തില്‍ പലരും അവിടെ നിന്നും മാറിപ്പോയേക്കാം. ആ ഗ്യാപ്പില്‍ സംഘ് പരിവാര്‍ നിലപാടുകള്‍ നടപ്പാക്കാന്‍ ശ്രമിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. രാജ്യസഭയില്‍ ചര്‍ച്ചയുടെ ശേഷം വോട്ടെടുപ്പുണ്ട് എന്നാണു വിവരം. രാജ്യസഭയില്‍ ഭരണകക്ഷി ന്യൂനപക്ഷമാണ് എങ്കിലും ബില്ല് പാസാകും എന്ന് തന്നെ ബി ജെ പി വിശ്വസിക്കുന്നു. വലിയ വായില്‍ വിമര്‍ശിക്കുന്ന പലരും അവസാനം സായിപ്പിനെ കണ്ടാല്‍ കവാത്തു മറക്കും എന്നത് ഭരണകക്ഷിക് ഉറപ്പാണ്.

Author
as
Facebook Comments
Show More

Related Articles

Close
Close