Current Date

Search
Close this search box.
Search
Close this search box.

മുസ്അബ് ബിന്‍ ഉമൈര്‍ (റ) , ഇസ്‍ലാമിക ചരിത്രത്തിലെ ആദ്യ അംബാസഡര്‍

സ്വഹാബിമാർ-1

പ്രവാചകവര്യരുടെ പ്രിയ സ്വഹാബി, മക്കയിലെ തരുണീമണികളുടെ കണ്ണിലുണ്ണി, യുവകോമളന്‍..അദ്ദേഹത്തെ കുറിച്ചുള്ള വിവരണങ്ങള്‍ എത്ര മനോഹരമാണ്! ‘മക്കയിലെ ഏറ്റവും സൗരഭ്യമുള്ളയാളെ’ന്ന് ചരിത്രകാരന്മാര്‍. അതീവ കുലീനതയിലായിരുന്നു ജനനവും വളര്‍ച്ചയുമെല്ലാം. മക്കയിലെ കുമാരികളുടെ ഹൃദയം ഇത്രമേല്‍ കവര്‍ന്ന മറ്റൊരാളുമില്ല. അങ്ങാടികളിലും ക്ലബ്ബുകളിലെയും സ്ഥിരസാന്നിദ്ധ്യമായിരുന്നു യുവാവായ മുസ്അബ്. ആളുകള്‍ അവര്‍ക്കിടയില്‍ മുസ്അബ് വന്നിരുന്നെങ്കില്‍ എന്ന് അതിയായി ആഗ്രഹിച്ചിരുന്നു. സൗന്ദര്യത്തിലും ബുദ്ധിയിലും മുന്നില്‍നില്‍ക്കുന്ന മുസ്അബിനു വേണ്ടി മക്കയിലെ ഹൃദയങ്ങളും വാതിലുകളും ഒരുപോലെ തുറന്നുകിടന്നിരുന്നു.

സകലമാന സുഖാഡംബരങ്ങളിലും കഴിഞ്ഞിരുന്ന, മക്കയിലെ ക്ലബ്ബുകളിലെ താരപരിവേഷമായിരുന്ന, മനംകവരുന്ന സൗന്ദര്യത്താല്‍ അനുഗ്രഹീതനായ ഒരു യുവാവ്, ഈമാനിന്റെയും സമര്‍പ്പണത്തിന്റെയും ഇതിഹാസമായി മാറുന്നത് സാധ്യമായ കാര്യമാണോ? അതെ. പ്രവാചകന്‍(സ) വാര്‍ത്തെടുത്തവരില്‍ പെട്ട മുസ്അബ് ബിന്‍ ഉമൈര്‍ എന്നവരുടെ ജീവിതം അതിന്റെ മകുടോദാഹരണമാണ്. വിശ്വാസികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ വിളിപ്പേര് മുസ്അബുല്‍ ഖൈര്‍ എന്നായിരുന്നു.

മുഴുവന്‍ മനുഷ്യകുലത്തിനും അഭിമാനിക്കാന്‍ കഴിയുന്ന ജീവചരിത്രത്തിന്റെ ഉടമയായ മുസ്അബ് ബിന്‍ ഉമൈര്‍, ആരായിരുന്നു അയാള്‍?.

പതിവുപോലെ അന്നും മക്കയില്‍ നേരം വെളുത്തു. അല്‍അമീനായ മുഹമ്മദിനെ കുറിച്ച് മക്കക്കാര്‍ കേട്ട അന്നുതന്നെ മുസ്അബും വിവരമറിഞ്ഞിരുന്നു. ഖുറൈശി ഗോത്രത്തിലെ മുഹമ്മദിനെയും അവിടുത്തെ ദീനിനെയും ചുറ്റിപ്പറ്റിയാണ് എല്ലാവരുടെയും സംസാരം. ഏകനായ അല്ലാഹുവിലേക്ക് ആളുകളെ ക്ഷണിക്കാന്‍ നിയോഗിക്കപ്പെട്ട ദൈവദൂതന്‍. പ്രവാചകനെയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും കുറിച്ച് മുസ്അബ് കേള്‍ക്കാനിടയായി. ഖുറൈശികളുടെ ഉപദ്രവം കാരണം കുറച്ചകലെ ദാറുല്‍ അര്‍ഖമിലാണ് നബിയും കൂട്ടാളികളും കഴിയുന്നത്. ഒട്ടും വൈകാതെ, ആരെയും കൂട്ടാതെ, ഒറ്റക്ക് ഒന്നവിടം വരെ പോയാലോ എന്ന് മുസ്അബിന് തോന്നി. അന്ന് വൈകുന്നേരം തന്നെ ദാറുല്‍ അര്‍ഖം ലക്ഷ്യമാക്കി മുസ്അബ് യാത്ര തിരിച്ചു.

ദാറുല്‍ അര്‍ഖമില്‍ പ്രവാചകനും സ്വഹാബത്തും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണ്. അവരൊന്നിച്ച് നമസ്‌കരിക്കുന്നുമുണ്ട്്. എല്ലാം മുസ്അബ് കാണുന്നുണ്ട്. പ്രവാചകന്റെ അധരങ്ങളിലൂടെ ആയത്തുകള്‍ ഈണം മീട്ടുന്നു. കാതുകളിലേക്കും ഹൃദയാന്തരങ്ങളിലേക്കും അവ പ്രവഹിക്കുകയാണ്. മുസ്അബിന്റെ ഹൃദയത്തിലേക്കും ആയത്തുകളുടെ നവ്യാനുഭൂതി പരിലസിച്ചു. ഹൃദയത്തെ മൂടിപ്പൊതിഞ്ഞ മറ നീങ്ങിത്തുടങ്ങി. സന്തോഷാതിരേകത്താല്‍ മുസ്അബിന്റെ ഹൃദയം ഇസ്്‌ലാമിന്റെ തീരമണഞ്ഞു.

മുസ്്അബിന്റെ ഉമ്മ ഖുനാസ് ബിന്‍ത് മാലിക്, വളരെ ആത്മാഭിമാനിയും അതീവ ഉത്കണ്ഠാകുലയുമായ സത്രീയായിരുന്നു. തന്റെ ഇസ്്‌ലാമാശ്ലേഷണം ഭൂമുഖത്ത് തുറന്നുപറയാന്‍ മുസ്അബ് ഏറ്റവും ഭയന്നതും മറ്റാരെയുമായിരുന്നില്ല. മക്കയിലെ എല്ലാ പ്രമാണിവര്‍ഗ്ഗത്തോടും മരുപ്പറമ്പുകളോടും മല്ലിടാന്‍ അയാള്‍ക്കാവും. പക്ഷേ, ഉമ്മയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മുസ്അബിന് കഴിയുമായിരുന്നില്ല. ഒരുപാടാലോചിച്ചു. ഏതായാലും ഇസ്്‌ലാം സ്വീകരിച്ച വിവരം മറച്ചുവെക്കാന്‍ തീരുമാനിച്ചു. വീണ്ടും ദാറുല്‍ അര്‍ഖമിലേക്ക് പോവാനും പ്രവാചകരെ കാണാനും അദ്ദേഹത്തിന് ആശങ്ക അനുഭവപ്പെട്ടു. പക്ഷേ ഇത് മക്കയാണ്. അവിടെ രഹസ്യത്തിന് നിലനില്‍പ്പില്ല. കണ്ണും കാതും കൂര്‍പ്പിച്ചുകൊണ്ട് എപ്പോഴും ഖുറൈശികള്‍ ഏല്ലായിടത്തുമുണ്ട്.

ഒരിക്കല്‍ മുസ്അബ് (റ) രഹസ്യമായി ദാറുല്‍അര്‍ഖമിലേക്ക് വരുന്നത് പ്രവാചക വിരോധിയായിരുന്ന ഉസ്മാനുബ്‌നു ത്വല്‍ഹ കാണാനിടയായി. മറ്റൊരിക്കല്‍ പ്രവാചകനെ പോലെ നമസ്‌കരിക്കുന്നതും ഉസ്മാന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ മരുഭൂമിയിലെ വീശിയടിക്കുന്ന മണല്‍ക്കാറ്റിനെക്കാള്‍ വേഗത്തില്‍ ഈ വിവരം ഉമ്മു മുസ്അബിന്റെ കാതിലെത്തി. ഉമ്മയുടെയും കുടുംബാംഗങ്ങളുടെയും മക്കയിലെ പ്രമാണിമാരുടെയും മുന്നില്‍ അടിപതറാത്ത വിശ്വാസവീര്യവുമായി മുസ്അബ്(റ) നിലയുറപ്പിച്ചു. തന്റെ ഹൃദയത്തെ പരിശുദ്ധമാക്കിയ ഖുര്‍ആനെ കുറിച്ചും താന്‍ വിശ്വസിച്ച ആദര്‍ശത്തിന്റെ ദൃഢതയെ കുറിച്ചുമെല്ലാം ആവുംവിധം അദ്ദേഹം അവര്‍ക്ക് പറഞ്ഞുകൊടുത്തു.

എന്നാല്‍ മുസ്അബ്(റ)നെ ഉമ്മ മുഖത്തടിക്കുകയാണുണ്ടായത്. താനേറ്റ മര്‍ദ്ദമുറകള്‍ അദ്ദേഹത്തിന്റെ മുഖത്തെ ഈമാനിക ശോഭ വര്‍ദ്ധിപ്പിക്കുകയേ ചെയ്തുള്ളൂ. മാതാവിനെ ധിക്കരിച്ചതിന്റെ പേരിലാണ് താന്‍ അടിച്ചതെങ്കില്‍ ആ ഉമ്മക്ക് തന്റെ മകന് പൊറുത്തുകൊടുക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഇവിടെ താനാരാധിച്ച വിഗ്രഹങ്ങളെയല്ലേ മകന്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. അത് പൊറുക്കാവുന്ന കാര്യമാണോ..!

പീഡനപര്‍വ്വങ്ങളും വീട്ടുതടങ്കലുമായി നാളുകളങ്ങനെ കഴിഞ്ഞുപോയി. ആയിടക്കാണ് വിശ്വാസികള്‍ അബ്‌സീനിയയിലേക്ക് ഹിജ്‌റ ചെയ്യുന്നത്. ഈ വാര്‍ത്ത വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന മുസ്അബ് (റ) അറിഞ്ഞു. ഉമ്മയുടെ കണ്ണുവെട്ടിച്ച് മുസ്്‌ലിംകളുടെ കൂടെ അബ്‌സീനിയയിലേക്ക്് ഹിജ്‌റ ചെയ്തു. രണ്ടാമതും മുഹാജിറുകളോടൊപ്പം മുസ്അബ് (റ) അബ്‌സീനിയയിലേക്ക് ഹിജ്‌റ ചെയ്തു. എന്നാല്‍ പോകെപ്പോകെ മുസ്്അബ് (റ) ന്റെ വിശ്വാസപരമായ അനുഭൂതികള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. തന്റെ ജീവിതമഖിലം ജഗന്നിയന്താവിന് സമര്‍പ്പിക്കുവോളം ഈമാനികമായി മുസ്അബ് (റ) വളര്‍ന്നുകഴിഞ്ഞിരുന്നു.

ഒരിക്കല്‍ കുറച്ച് സ്വഹാബികള്‍ പ്രവാചകന്റെയടുക്കല്‍ വന്നു. അവിടെ മുസ്അബിനെ കണ്ടപ്പോള്‍ അവരുടെ തല താഴ്ന്നു, കണ്‍തടങ്ങളില്‍ കണ്ണുനീര്‍ നിറഞ്ഞുതൂവി. വളരെ നുരുമ്പിച്ച, മുഷിഞ്ഞ വസ്ത്രമണിഞ്ഞ് മുസ്അബ് അവിടെയിരിക്കുകയാണ്. ഒരുകാലത്ത് പൂവാടിയിലെ പൂക്കളെ പോല്‍ പരിമളം പടര്‍ത്തിയ അദ്ദേഹത്തിന്റെ പഴയകാലം അവര്‍ക്ക് പെട്ടന്നോര്‍മ്മ വന്നു. സ്‌നേഹത്തോടെ ചുണ്ടില്‍ ചെറുപുഞ്ചിരി വിടര്‍ത്തി പ്രവാചകന്‍ (സ) ഇങ്ങനെ പറഞ്ഞു:’ മുസ്അബിനെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. മക്കയില്‍ ഇത്ര അനുഗ്രഹീതനായ മറ്റാരുമുണ്ടായിരുന്നില്ല. പിന്നീട് അവന്‍ അതെല്ലാം അല്ലാഹുവിനും അവന്റെ ദൂതനും വേണ്ടി വിട്ടെറിഞ്ഞു’.

ഇസ്്‌ലാം സ്വീകരിച്ചതോടെ മുസ്അബിന് വീട്ടിലുണ്ടായിരുന്ന സുഖസൗകര്യങ്ങളെല്ലാം ഉമ്മ നിഷേധിച്ചു. കുലദൈവങ്ങളെ പറിച്ചെറിഞ്ഞവന് ഭക്ഷണം പോലും കൊടുത്തിരുന്നില്ലെന്ന് മാത്രമല്ല, ശാപവര്‍ഷം കൊണ്ട് മൂടുകയും ചെയ്തു. എന്തിനേറെ, മുസ്അബിനെ മകനായി പോലും അവര്‍ പരിഗണിച്ചില്ല. ഒന്നാം അബ്‌സീനിയന്‍ ഹിജ്‌റക്ക് ശേഷം തിരികെവന്ന മുസ്അബിനെ വീണ്ടും വീട്ടുതടങ്കലില്‍ ബന്ധിക്കാനൊരുങ്ങിയപ്പോള്‍ ഉമ്മയോട് അദ്ദേഹം പറഞ്ഞത്, ഇനിയും എന്നെ തടവിലിട്ടാല്‍ അങ്ങനെ ചെയ്യുന്നവരെ എല്ലാവരെയും കൊന്നുകളയുമെന്നായിരുന്നു. മകന്റെ ഉറച്ച തീരുമാനം കേട്ട ഉമ്മ കരഞ്ഞുകൊണ്ട് അദ്ദേഹത്തെ വെറുതെവിട്ടു. പോകാനിറങ്ങിയപ്പോള്‍ മുസ്അബ് (റ) നോട് മാതാവ് ഇങ്ങനെ പറഞ്ഞു:’ ഇറങ്ങിപ്പോ..നിനക്കിനി ഉമ്മയില്ല..’. ഉമ്മയുടെ അടുത്ത് വന്ന് മുസ്അബ്(റ) പറഞ്ഞു:’ഉമ്മാ, ഞാന്‍ നിങ്ങളെ ഉപദേശിക്കുകയാണ്. എനിക്ക് നിങ്ങളോട് സ്‌നേഹം മാത്രമേയുളളൂ..അതുകൊണ്ട് നിങ്ങള്‍ കലിമ ചൊല്ലണം ഉമ്മാ..’. പൊട്ടിത്തെറിച്ച് കൊണ്ട് അവര്‍ പറഞ്ഞു:’ ദൈവങ്ങളാണ സത്യം, നിന്റെ മതത്തിലേക്ക് ഞാന്‍ വരില്ല. എന്റെ മനസ്സാകെ ദുര്‍ബലമാവുകയാണല്ലോ..’.

എല്ലാവിധ ആഢ്യത്വങ്ങളുടെയും അലങ്കാരങ്ങളുടെയും കുലപതിയായിരുന്ന, മുസ്അബ്(റ) എല്ലാം ഇട്ടെറിഞ്ഞ് പുറപ്പെട്ടു. മുന്തിയ ഇനം അത്തറിന്റെ സുഗന്ധം പരത്തിയിരുന്ന ആ യുവാവ് വൃത്തിഹീനമായ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ചിലപ്പോള്‍ എന്തെങ്കിലും കഴിക്കും. ചിലപ്പോള്‍ പട്ടിണിയായിരിക്കും. പക്ഷേ, ഹൃദയം കലിമതുത്തൗഹീദിന്റെ നിറമണിഞ്ഞിരിക്കുകയാണ്.

അങ്ങനെ, തിരുദൂതര്‍ (സ) ഒരു കനപ്പെട്ട ഉത്തരവാദിത്വം അദ്ദേഹത്തെ ഏല്‍പ്പിക്കുകയാണ്. മദീനയിലെ പ്രവാചകന്റെ അംബാസഡര്‍!. അഖബാ ഉടമ്പടിയില്‍ പ്രവാചകരോട് ബൈഅത്ത് ചെയ്ത അന്‍സ്വാരികളെ ദീന്‍ പഠിപ്പിക്കണം, ബാക്കിയുള്ള മദീനക്കാരെ ദീനിലേക്ക് ക്ഷണിക്കണം, വരാനിരിക്കുന്ന ഹിജ്‌റക്ക് വേണ്ടി മദീനയില്‍ മണ്ണൊരുക്കണം. പ്രവാചകന്റെ അടുപ്പക്കാരും ഉന്നതരുമായ ഒരുപാട് പേര്‍ അന്ന് സ്വഹാബത്തിന്റെ കൂട്ടത്തിലുണ്ടായിരുന്നു. എന്നിട്ടും പ്രവാചകന്‍ (സ) മുസ്അബ് (റ) നെയാണ് തെരഞ്ഞെടുത്തത്. പ്രബോധനത്തിന്റെയും പ്രബോധകരുടെയും കൃത്യമായ രീതി തിരിച്ചറിഞ്ഞ് കാര്യങ്ങള്‍ ചെയ്യുന്ന ആളാണ് ഇബ്‌നു ഉമൈര്‍ എന്ന് പ്രവാചകര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം ഭംഗിയായി അദ്ദേഹം നിര്‍വഹിച്ചു. അങ്ങനെ കൂട്ടംകൂട്ടമായി മദീനക്കാര്‍ ദീനിലേക്ക് കടന്നുവന്നു. വെറും പന്ത്രണ്ട് മുസ്്‌ലിംകളെയായിരുന്നു പ്രവാചകന്‍ മുസ്അബ്(റ)ന്റെ കൈകളില്‍ ഏല്‍പ്പിച്ചുകൊടുത്തത്. അങ്ങനെ പിറ്റേ വര്‍ഷം ദുല്‍ഹജ്ജ് മാസം, മദീനയില്‍ നിന്നും മക്കയിലേക്ക് ഹജ്ജ് ചെയ്യാനും പ്രവാചകനെ കാണാനും എഴുപത് അംഗങ്ങളുള്ള വലിയ സംഘമാളുകള്‍ മക്കയില്‍ എത്തിച്ചേര്‍ന്നു. മുന്നില്‍ നിന്ന് അവരെ നയിക്കാന്‍ അവരെ ദീന്‍ പഠിപ്പിച്ച ആളുമുണ്ടായിരുന്നു, മുസ്അബ് ബിന്‍ ഉമൈര്‍!. പ്രവാചകന്‍ തന്നെയേല്‍പ്പിച്ച ദൗത്യം അദ്ദേഹം വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുകയാണ്.

മദീനയില്‍ അസ്അദ് ബിന്‍ സുറാറയുമായി ചേര്‍ന്ന് മുസ്അബ് ബിന്‍ ഉമൈര്‍(റ) ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പലതരം വധഭീഷണികള്‍ അവര്‍ക്ക് നേരിടേണ്ടതായി വന്നു. ഒരുദിവസം, മുസ്അബ് (റ) ആളുകളോട് ഉദ്‌ബോധനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ മദീനയിലെ ബനൂ അബ്ദുല്‍ അശ്ഹല്‍ ഗോത്രത്തിന്റെ തലവനായിരുന്ന ഉസൈദ് ബിന്‍ ഹുദൈര്‍ അദ്ദേഹത്തിനു നേരെ പാഞ്ഞടുത്തു. മുസ്അബ്(റ) ആളുകളെ അവരുടെ മതത്തില്‍ നിന്ന് തെറ്റിക്കുന്നു, ആളുകള്‍ക്കറിയാത്ത ഒരു ഇലാഹിനെ ഇയാള്‍ പരിചയപ്പെടുത്തുന്നു എന്നാക്രോശിച്ചായിരുന്നു കടന്നുവന്നത്.

നിങ്ങളുടെ ദൈവങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്നും എന്നാല്‍ ഇവന്‍ പറയുന്ന ഈ ആരാധ്യന്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല, ആരും അവനെ കാണുന്നില്ലെന്നും അയാള്‍ അലറി. ഉഗ്രകോപിയായി ഉസൈദ് മുസ്അബ്(റ)ന്റെ മുന്നില്‍ നില്‍ക്കുന്നത് കണ്ടതോടെ മുസ്്‌ലിംകള്‍ ഭയന്നു. എന്നാല്‍ മുസ്അബ് (റ) ഏറെ ശാന്തനും അചഞ്ചലനുമായിരുന്നു. ഇതോടെ ഉസൈദ് ആകെ അസ്വസ്ഥനായി. മുസ്അബ്(റ) നെയും അസ്അദ് ബിന്‍ സുറാറയോടുമായി അയാള്‍ പറഞ്ഞു:’ഈ ദുര്‍ബലരായ ആളുകളെ പറ്റിച്ചുകൊണ്ട് നിങ്ങളിങ്ങോട്ട് വന്നെതെന്തിനാണ്.? ജീവനില്‍ കൊതിയുണ്ടെങ്കില്‍ തിരിച്ചുപൊയ്‌ക്കോണം..!

പ്രഭാതവെളിച്ചത്തിന്റെ വെളിച്ചം പോലെ, കടല്‍ പോലെ ശാന്തവും ശക്തവുമായി മുസ്അബ് (റ) അയാളോട് പതിയെ സംസാരിച്ചു തുടങ്ങി:’ ആദ്യം താങ്കള്‍ ഇരുന്ന് കേള്‍ക്ക്. ഞങ്ങള്‍ പറയുന്നതില്‍ തൃപ്തനാണെങ്കില്‍ താങ്കളിത് സ്വീകരിക്കുക. ഇനി താങ്കള്‍ ഇത് വെറുക്കുന്നുവെങ്കില്‍ ഞങ്ങള്‍ താങ്കളെ വിട്ടുപോയേക്കാം’. ഉസൈദ് വിവേകിയായ ഒരു മനുഷ്യനായിരുന്നു. മുസ്അബ്(റ) അയാളുടെ മനസ്സാക്ഷിയോട് സംസാരിച്ചുതുടങ്ങി. വേറൊന്നുമല്ല, അയാള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ മുസ്അബിനെ വെറുതെവിടണം. ഇനി ബോധ്യപ്പെട്ടില്ലെങ്കില്‍ മുസ്അബ്(റ) മദീനയുപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് പോകണം.

ഉസൈദ് പറഞ്ഞു:’ താങ്കള്‍ നീതി പാലിച്ചിരിക്കുന്നു’. അയാള്‍ തന്റെ കുന്തം നിലത്തേക്കെറിഞ്ഞു. ഉസൈദിന്റെ മുഖം വിളങ്ങി പ്രകാശിക്കുവോളം മുസ്അബ്(റ) ഖുര്‍ആന്‍ പാരായണം ചെയ്തു. പ്രവാചകരുടെ പ്രബോധന ദൗത്യത്തെക്കുറിച്ച് വാചാലനായി. സംഭാഷണത്തിന്റെ അവസാനത്തില്‍ ഉസൈദ് അദ്ദേഹത്തോടും കൂടെയുണ്ടായിരുന്നവരോടുമായി ചോദിച്ചു:’ ഇതെന്ത് മനോഹരവും സത്യവുമായ വാക്കുകളാണ്..ദീനില്‍ വരാനുദ്ദേശിക്കുന്നയാള്‍ എന്താണ് ചെയ്യേണ്ടത്’?. തഹ്്‌ലീല്‍ മുഴക്കി അവര്‍ സന്തോഷം പ്രകടിപ്പിച്ചു.

മുസ്അബ്(റ) ഉസൈദിനോട് ശരീരവും വസ്ത്രവും ശുദ്ധിയാക്കിയതിന് ശേഷം കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടു. വൃത്തിയായി വന്നതിന് ശേഷം ഉസൈദ് പ്രഖ്യാപിച്ചു:’ ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ്..’

വാര്‍ത്ത എല്ലായിടത്തും പരന്നു. പിന്നെ സഅ്ദ് ബിന്‍ മുആദ് കടന്നുവന്നു. അദ്ദേഹത്തെ തുടര്‍ന്ന് സഅ്ദ് ബിന്‍ ഉബാദയും ഇസ്്‌ലാമിലേക്ക് വന്നു. മദീനയിലെ പലരും ദീനിലേക്ക് കടന്നുവന്നതോടെ ബാക്കിയുള്ളവര്‍ക്കും ഇസ്്‌ലാമിലേക്ക് വരാനുള്ള ആഗ്രഹമുദിച്ചു. ഉസൈദ് ബിന്‍ ഹുദൈറിനും സഅ്ദ് ബിന്‍ മുആദിനും സഅ്ദ് ബിന്‍ ഉബാദക്കും ഇസ്്‌ലാം സ്വീകരിച്ചെങ്കില്‍ പിന്നെ എന്തുകൊണ്ട് നമുക്കായിക്കൂടാ? നമുക്ക് മുസ്അബിന്റെയടുത്ത് പോയി ഇസ്്‌ലാമാശ്ലേഷിക്കാം. സത്യമാണല്ലോ അദ്ദേഹം പറയുന്നത്..

തിരുദൂതരുടെ ആദ്യ അംബാസഡര്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിജയിച്ചിരിക്കുകയാണ്.

കാലമൊരുപാട് കടന്നുപോയി. റസൂലിനൊപ്പം മുസ്അബ് ബിന്‍ ഉമൈര്‍ (റ) മദീനയിലേക്ക് ഹിജ്‌റ പോയി. ഖുറൈശികളുടെ വൈരം കൂടിവന്നു. പ്രവാചകനെയും അനുയായികളെയും ഉപദ്രവിക്കാന്‍ അവര്‍ സംഘത്തെ തയ്യാറാക്കുന്നു. ബദ്ര്‍ സംഭവിക്കുന്നു. അതിലവര്‍ കൂടയുള്ളവര്‍ നഷ്ടപ്പെടുന്നതിന്റെ വേദന അറിയുന്നു. വിശ്വാസികള്‍ കൃത്യമായ പ്രതികാരം ചെയ്യുന്നു. ശേഷം ഉഹ്ദ് സംഭവിക്കുന്നു. സ്വഹാബികളുടെ നടുവില്‍ പ്രവാചകന്‍ (സ) സ്ഥാനമുറപ്പിക്കുന്നു. യുദ്ധത്തിന്റെ പതാകവാഹകനായി മുസ്അബ് ബിന്‍ ഉമൈര്‍ (റ) നെ തെരഞ്ഞെടുക്കുകയാണ്. മുന്നോട്ട് വന്ന് അദ്ദേഹം ഇസ്്‌ലാമിന്റെ പതാകയേമതുകയാണ്.

യുദ്ധം കൊടുമ്പിരി കൊള്ളുന്നു. അതിനിടെ  മുശ്രിക്കുകള്‍ തോറ്റോടുന്നത് കണ്ടിട്ട് പ്രവാചകരുടെ നിര്‍ദ്ദേശം ലംഘിച്ച് മലമുകളിലെ അമ്പെയ്ത്തുകാര്‍ താഴേക്കിറങ്ങി വന്നു. ഇത് മുസ്്‌ലിംകളുടെ പരാജയത്തിലേക്ക് നയിച്ചു. പര്‍വതത്തിന്റെ മുകളില്‍ നിന്നും ഖുറൈശിപ്പട അവരെ വളഞ്ഞാക്രമിച്ചു. മുസ്്‌ലിം പടയണി ശിഥിലമാവുകയും അവര്‍ പരിഭ്രാന്തരാവുകയും ചെയ്തതോടെ ഖുറൈശിപ്പട പ്രവാചകനെ ലക്ഷ്യം വെച്ചു.

വരാനിരിക്കുന്ന വലിയ അപകടം മനസ്സിലാക്കിയ മുസ്അബ് (റ) പതാകയുയര്‍ത്തിപ്പിടിച്ച് ഉറക്കെ തക്ബീര്‍ മുഴക്കിക്കൊണ്ട് ശത്രുക്കള്‍ക്ക് നേരെ പാഞ്ഞടുത്തു. ശത്രുക്കളുടെ ശ്രദ്ധ തന്നിലേക്ക് തിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ആര്‍ത്തലച്ചു വരുന്ന ഖുറൈശിപ്പടയെ അദ്ദേഹം ഒറ്റക്ക് നേരിട്ടു. അതെ, മുസ്അബ് (റ) സ്വയമൊരു സൈന്യമായി മാറുകയായിരുന്നു.

ഒരു കൈയില്‍ സത്യദീനിന്റെ പതാക..
മറുകൈയില്‍ ശക്തമായി പിടിച്ചിരിക്കുന്ന വാള്‍..

പക്ഷേ ശത്രുക്കള്‍ അദ്ദേഹത്തെ പൊതിഞ്ഞു. മുസ്അബിനെയും മറികടന്ന് പ്രവാചകനെ വകവരുത്തുകയാണ് ലക്ഷ്യം.

മുസ്അബ് ബിന്‍ ഉമൈര്‍ എന്ന മഹാനായ സ്വഹാബിവര്യരുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെയായിരുന്നു. ഇബ്രാഹിം ബിന്‍ മുഹമ്മദ് ബിന്‍ ശുറൈഹീല്‍ തന്റെ പിതാവില്‍ നിന്നും നിവേദനം ചെയ്യുന്നു: ‘ ഉഹ്ദ് യുദ്ധത്തില്‍ മുസ്അബ് പതാകയേന്തി. ഇബ്‌നു ഖുമൈഅ എന്നയാള്‍ അദ്ദേഹത്തിന്റെ വലതുകൈയില്‍ വെട്ടി. മുസ്അബ് (റ) ഉറക്കെപ്പറഞ്ഞു:’ വമാ മുഹമ്മദുന്‍ ഇല്ലാ റസൂല്‍ ഖദ് ഖലത് മിന്‍ ഖബ്്‌ലിഹിറുസുല്‍'(മുഹമ്മദ് ഒരു ദൂതന്‍ മാത്രമാണ്. അദ്ദേഹത്തിന് മുമ്പും പ്രവാചകന്മാര്‍ കടന്നു പോയിട്ടുണ്ട്). തന്റെ ഇടതുകൈയില്‍ പതാക വഹിച്ചപ്പോള്‍ അതും വെട്ടിവീഴ്ത്തി. തോളുകള്‍ കൊണ്ട് നെഞ്ചോട് ചേര്‍ത്ത് പതാകയേന്തി വീണ്ടും അദ്ദേഹം ഉറക്കെയുരുവിട്ടു:’ വമാ മുഹമ്മദുന്‍ ഇല്ലാ റസൂല്‍ ഖദ് ഖലത് മിന്‍ ഖബ്്‌ലിഹിറുസുല്‍’. ഇബ്‌നു ഖുമൈഅ അദ്ദേഹത്തെ കുന്തം കൊണ്ട് കുത്തിവീഴ്ത്തി. മുസ്അബ് (റ) നിലംപതിച്ചു. പതാകയും.

മുസ്അബ് വീണിരിക്കുന്നു..സൈന്യാധിപന്‍ മുസ്അബ് നിലംപതിച്ചിരിക്കുകയാണ്. ശഹാദത്തിന്റെ അലങ്കാരമണിഞ്ഞ് രക്തസാക്ഷികളുടെ സവിധത്തിലേക്ക് അദ്ദേഹം യാത്രയായി. താന്‍ വീണാല്‍ ശത്രുക്കള്‍ പ്രവാചകനിലേക്ക് തിരിയുമെന്ന് ഭയന്നാണ് അദ്ദേഹം പോരാടിയത്. മഹത്തായ യുദ്ധത്തില്‍ വീരോചിതം പോരുതിയാണ് അദ്ദേഹം വീണത്. ‘ വമാ മുഹമ്മദുന്‍ ഇല്ലാ റസൂല്‍’ എന്ന ആയത്ത് പൂര്‍ണ്ണമായി അവതരിച്ചത് അതിനു ശേഷമായിരുന്നത്രെ!

ഉഹ്ദ് യുദ്ധാനന്തരം മഹാനായ സ്വഹാബിവര്യരുടെ മൃതദേഹം കാണപ്പെട്ടു. ശരീരമാസകലം രക്തപങ്കിലമായി മുഖം മണ്ണില്‍ പുതഞ്ഞ് കിടക്കുകയായിരുന്നു. ആ മുഖം കണ്ടാല്‍ റസൂലിനെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് മുഖം മറച്ചതാണോ അതല്ല, പ്രവാചകന്‍ സുരക്ഷിതനാണെന്ന് അറിയുന്നതിനു മുമ്പേ രക്തസാക്ഷിയായതിന്റെ ലജ്ജയോ..!. കാരണം തിരുദൂതരെ സംരക്ഷിക്കേണ്ടത് തന്റെ ബാധ്യതയായിരുന്നില്ലേ..!

ഓ മുസ്അബ്, പ്രിയ സ്വഹാബിവര്യരേ, അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ..താങ്കളുടെ സ്മരണകളാല്‍ ജീവിതം പരിമളമാവുകയാണല്ലോ..

യുദ്ധക്കളം പരിശോധിക്കാനും ശുഹദാക്കളോട് യാത്രപറയാനും പ്രവാചകനും അനുചരന്മാരും എത്തി. മുസ്അബിന്റെ മയ്യിത്ത് കണ്ടപ്പോള്‍ അവിടുത്തെ കണ്ണുനീര്‍ ചാലിട്ടൊഴുകി. ഖബ്ബാബ് ബിന്‍ അല്‍ അറത്ത് പറയുന്നു:’ ഞങ്ങള്‍ റസൂലിനൊപ്പം ഹിജ്‌റ ചെയ്തത് അല്ലാഹുവിന്‍െ തൃപ്തിയുദ്ദേശിച്ച് മാത്രമാണ്. അല്ലാഹു ഞങ്ങള്‍ക്ക് പ്രതിഫലം തരും. ദുനിയാവില്‍ കിട്ടുന്ന ഒരു പ്രതിഫലവും ആഗ്രഹിക്കാതെ കടന്നുപോയ ചിലരുണ്ട്. മുസ്അബ് ബിന്‍ ഉമൈര്‍ അവരില്‍പ്പെട്ടവരാണ്. ഉഹ്ദിന്റെ അന്ന് രക്തസാക്ഷിയായപ്പോള്‍ കഫന്‍ ചെയ്യാന്‍ ഒരു കഷ്ണം തുണിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അത് തലയില്‍ വെച്ചാല്‍ കാലുകള്‍ വെളിവാകും. കാല് മറച്ചാല്‍ തല പുറത്താവും. ഞങ്ങളോട് പ്രവാചകന്‍ (സ) പറഞ്ഞു:’ അത് തലയില്‍ വെക്കുക. പുല്ലുകള്‍ കൊണ്ട് കാലുകള്‍ മറക്കുക’.

പിതൃസഹോദരന്‍ ഹംസ(റ)ന്റെ രക്തസാക്ഷിത്വവും റസൂലിനെ ഏറെ വേദനിപ്പിച്ചു. അദ്ദേഹത്തിന്റെ ശരീരം മുശ്രിക്കുകള്‍ വികൃതമാക്കിയത് അവിടുന്നിനെ കണ്ണീരിലാഴ്ത്തി. ഉഹ്ദിന്റെ പോര്‍ക്കളം ഒരുപാട് സ്വഹാബിമാരുടെ മൃതദേഹങ്ങളാല്‍ കുമിഞ്ഞുകൂടിയെങ്കിലും അവരെല്ലാം സത്യത്തിന്റെയും വിശുദ്ധിയുടെയും മാര്‍ഗ്ഗത്തിലാണ് എന്നതായിരുന്നു പ്രവാചകന്റെ സമാധാനം.

അങ്ങനെ റസൂല്‍ തന്റെ ആദ്യ അംബാസഡറുടെ ശരീരത്തിന്റെയടുക്കല്‍ വിടപറയാന്‍ വന്നുനിന്നു. ഏറെ ആര്‍ദ്രതയോടെ തിരുദൂതരുടെ കണ്ണുകള്‍ മുസ്അബിനെ പൊതിഞ്ഞു. ‘ വിശ്വാസികളായവരില്‍ അല്ലാഹുവിനോട് ചെയ്ത പ്രതിജ്ഞ യാഥാര്‍ത്ഥ്യമാക്കിക്കാണിച്ച ചിലരുണ്ട്’. എന്നിട്ട് മുസ്അബിനെ പുതച്ചിരിക്കുന്ന മേലങ്കിയിലേക്ക് നോക്കി കഠിനമായ ദുഖഃഭാരത്തോടെ തിരുദൂതര്‍ പറഞ്ഞു:’ ഞാന്‍ നിന്നെ മക്കയില്‍ വെച്ച് കണ്ടിട്ടുണ്ട്. നിന്റേതിനേക്കാള്‍ നല്ല വസ്ത്രമോ, നിന്നെക്കാള്‍ നല്ല പെരുമാറ്റമുള്ളയാളെയോ ഞാന്‍ കണ്ടിട്ടില്ലല്ലോ..ഇപ്പോഴിതാ..നീ വെറുമൊരു മേലങ്കിയില്‍ തിളങ്ങുന്ന തലയുമായി..’

പ്രവാചകന്‍(സ) എല്ലാ ശുഹദാക്കള്‍ക്കും സലാം നല്‍കി. വളരെ ദയനീയമായി അവിടുന്ന് മുസ്അബിനെയും മറ്റു രക്തസാക്ഷികളെയും നോക്കി. എന്നിട്ട് പറഞ്ഞു:’ ഉയര്‍ത്തെഴുന്നേല്‍പ്പു നാളില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സാക്ഷികളായവരാണെന്ന് അല്ലാഹുവിന്റെ ദൂതന്‍ സാക്ഷി പറയും’. ശേഷം ചുറ്റുമുള്ളവരോടായി പറഞ്ഞു:’ ജനങ്ങളേ, ഇവരെ സന്ദര്‍ശിക്കുക, അവരുടെ അടുത്തേക്ക് ചെന്ന് അവരെ അഭിവാദ്യം ചെയ്യുക, എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, ഖിയാമത്ത് നാളില്‍ അവര്‍ പ്രത്യഭിവാദ്യം ചെയ്യുന്നതാണ്’.

ഓ..മുസ്അബ്, താങ്കള്‍ക്ക് സലാം..
ശുഹദാക്കളേ, നിങ്ങള്‍ക്ക് സലാം..
അല്ലാഹുവിന്റെ രക്ഷയും സമാധാനവും നിങ്ങളിലുണ്ടാവട്ടെ..

Related Articles