Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം, അഭിമാനത്തിന് ക്ഷതം വരുത്തില്ല

islam1.jpg

‘ഇസ്ലാം ആരുടേയും അഭിമാനത്തിനു ക്ഷതം വരുത്തില്ല എന്നാണല്ലോ നിങ്ങള്‍ പറഞ്ഞു വരാറ്. എന്നാല്‍ മുഹമ്മദ് നബി തന്നെ ആ കാലത്ത് തന്റെ കാലത്തുള്ളവരെ അപമാനിച്ചു എന്നതിന് ഖുര്‍ആന്‍ തന്നെ സാക്ഷിയാണ്. കാഫിര്‍ എന്ന് ഒരാളെ വിളിക്കുന്നത് അപമാനിക്കലല്ലേ’. അവിചാരിതമായി ഒരു സഹോദരനില്‍ നിന്നും വന്ന പ്രതികരണം. അദ്ദേഹവുമായി ഇടക്കൊക്കെ വല്ലതും സംസാരിക്കുമായിരുന്നു. മാന്യമായ സംവാദം. അപ്രതീക്ഷിതമായിട്ടാണ് ഈ ചോദ്യം ഉണ്ടായത്.

പ്രവാചകന്റെ ഭാഗത്ത് നിന്നുണ്ടായിരുന്ന നിസാരമെന്നു തോന്നുന്ന എന്തും അപ്പോള്‍ തന്നെ സമൂഹം എടുത്തു പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ മുഹമ്മദിന്റെ ആളുകള്‍ ഞങ്ങളുടെ ദൈവങ്ങളെ വിമര്‍ശിക്കുന്നു എന്നൊരു പരാതി അവര്‍ ഉന്നയിച്ചു. മറ്റുള്ളവരുടെ ദൈവങ്ങളെ അപഹസിക്കരുത് എന്ന് ഖുര്‍ആന്‍ എടുത്തു പറഞ്ഞു. പക്ഷെ കാഫിര്‍ എന്ന് വിളിച്ചപ്പോള്‍ അവരാരും ഒരു പരാതിയും ഉന്നയിച്ചില്ല. കാഫിര്‍ ഒരു അറബി പദമാണ്. അതൊരു നിലപാടിന്റെ പേരാണ്. അവിശ്വാസി,സത്യം മനസ്സിലാക്കിയിട്ടും നിഷേധിക്കുന്നവര്‍ എന്നൊക്കെയാണ് അതിനു അര്‍ഥം പറയുക. അതിനാല്‍ തന്നെ അവര്‍ക്ക് ഒരു അപമാനമായി തോന്നിയില്ല.

അതെ സമയം പ്രവാചകന്റെ കാലത്ത് കാഫിറുകള്‍ എന്ന് വിളിച്ച സമൂഹത്തില്‍ അധികവും വിശ്വാസികളായിട്ടാണ് മരണപ്പെട്ടത്. ആ വിളി വ്യക്തികളെ ഉന്നം വെച്ചായിരുന്നെങ്കില്‍ അവര്‍ വിശ്വാസികളായാല്‍ അത് മാറ്റണം. അതെ സമയം അതു വ്യക്തിയെയല്ല വ്യവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ദൈവ നിഷേധം സ്വീകരിക്കുന്ന ഏതു സമൂഹത്തിനും ആ വിളി ബാധകമാണ്. ഇനി മറ്റൊരു ചോദ്യം എല്ലാ അമുസ്ലിംകളും നിഷേധികളാണോ എന്നതാണ്. അല്ല എന്ന് തന്നെയാണു മറുപടി. അങ്ങിനെ ആയിരുന്നെങ്കില്‍ പ്രവാചകന്‍ തന്റെ പ്രബോധനം ആരംഭിക്കേണ്ടിയിരുന്നത് കാഫിറൂന്‍ എന്ന് വിളിച്ചു കൊണ്ടാകണമായിരുന്നു. പ്രവാചക ദൗത്യം അറിഞ്ഞു കൊണ്ടു നിഷേധിച്ചതിനു ശേഷം മാത്രമാണ് അങ്ങിനെ വിളിച്ചത്. അതൊരു പരിഹാസമോ അപഹാസമോ ആയി അവര്‍ക്ക് അനുഭവപ്പെട്ടില്ല. ഇന്ത്യയില്‍ തന്നെ അങ്ങിനെ നോക്കിയാല്‍ നിഷേധികള്‍ എന്നത് കുറവായിരിക്കും. ജീവിക്കുന്ന മുസ്ലിം സമുദായത്തിന് അവരുടെ വിശ്വാസം വാക്ക് കൊണ്ടും കര്‍മം കൊണ്ടും മറ്റുള്ളവരെ മനസ്സിലാക്കി കൊടുക്കുക എന്നൊരു ഉത്തരവാദിത്തമുണ്ട്. അത് മുസ്ലിം സമുദായം ചെയ്യുന്നുണ്ടോ എന്നത് മറ്റൊരു വിഷയമാണ്.

മുസ്ലിംകളെ കുറിച്ച് പറയുമ്പോള്‍ തന്നെ ഖുര്‍ആന്‍ ‘കഫറ’ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ഹജ്ജിനെ കുറിച്ച് പറയുമ്പോള്‍ ‘കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാതെ മാറി നില്‍ക്കുക’ എന്നത് പറയാനാണ് ഖുര്‍ആന്‍ പ്രയോഗം നടത്തിയത്. കാഫിര്‍ ഒരു സമുദായത്തിന്റെ പേരല്ല. അതിന്റെ വിപരീതമാണ് മുഅ്മിന്‍. അതും ഒരു സമുദായത്തിന്റെ പേരല്ല. വിശ്വാസം അവിശ്വാസം എന്നീ രണ്ടു തലങ്ങളെയാണ് ഈ രണ്ടും പ്രതിഫലിക്കുന്നത്.

താങ്കള്‍ പറയുന്നത് ശരിയാണ്. ഒരാളുടെയും അഭിമാനത്തെ തൊട്ടുകളിക്കാന്‍ ഇസ്ലാം അനുമതി നല്‍കുന്നില്ല. പല അറബി പദങ്ങളും നാട്ടില്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. അതിന്റെ ശരിയായ ഉദ്ദേശം മനസ്സിലാക്കുന്നതില്‍ ആദ്യം പരാജയപ്പെട്ടത് മുസ്ലിം സമുദായം തന്നെയാണ്. പിന്നെ പുറത്തുള്ളവര്‍ തെറ്റിദ്ധരിക്കുക എന്നത് ഒരു അസാധാരണ സംഭവമല്ല.

Related Articles