Current Date

Search
Close this search box.
Search
Close this search box.

അണുബോംബുകൾക്ക് മേൽ അടയിരിക്കുന്നവരാണ് സമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്നത്

ഓഗസ്റ്റ് ആറിന് ഹിരോഷിമയിലും മൂന്നുദിവസത്തിനുശേഷം ഓഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ 77ആം വാർഷികം ലോകം ആചരിക്കുകയാണ്.

ഹിരോഷിമയിലെ ദുരന്ത ഭൂമി സന്ദർശിച്ചതിന്റെ നടുക്കുന്ന ഓർമകൾക്കിടയിലാണ് കഴിഞ്ഞയാഴ്ച ക്രിസ്റ്റഫർ നോളന്റെ ഓപ്പൺ ഹെയ്മർ കണ്ടത്. ഹിരോഷിമയിലും നാഗസാക്കിയിലും ലക്ഷത്തിലേറെ മനുഷ്യരെ വെണ്ണീറാക്കിയ വാർത്ത പുറത്തു വന്ന ശേഷം അണു ബോംബിന്റെ പിതാവായ ജൂലിയസ് റോബർട്ട് ഓപ്പൻഹെയ്മറിലെ വൈകിപ്പോയ മനുഷ്യത്വവും ഇരകളോടുള്ള സഹാനുഭൂതിയും അതിൽ കാണാം. ഹിറ്റ്ലർ തിരികൊളുത്തിയ ഫാഷിസമെന്ന ഭീഷണിയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ അണുബോംബ് അനിവാര്യമായിരുന്നുവെന്ന ഓപ്പൻഹെയ്മറുടെ നിലപാടിലെ മാറ്റം കിലിയൻ മർഫിയുടെ അഭിനയ മികവിലൂടെ പ്രേക്ഷകർക്ക് അനുഭവിക്കാം. ശരിതെറ്റുകൾക്കിടയിൽ ഒറ്റപ്പെട്ടുപോവുന്ന മനുഷ്യനെയാണ് സിനിമ വരച്ചുകാട്ടുന്നത്. ശാസ്ത്രത്തോടുള്ള അടങ്ങാത്ത ഇഷ്ടം ഒരുവശത്ത്, താൻ രൂപകല്പന ചെയ്ത ബോംബ് സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ മറു വശത്തും. കെയ് ബേഡും മാർട്ടിൻ ഷെർവിനും ചേർന്ന് രചിച്ച American Prometheus: The Triumph and Tragedy of J. Robert Oppenheimer എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ നിർമിച്ചത്.

“എന്റെ കൈകളിൽ ചോര പുരണ്ടിരിക്കുന്നു”വെന്നാണ് യു. എസ് പ്രസിഡന്റ് ട്രൂമാനുമായുള്ള കൂടികാഴ്ചയിൽ ഓപ്പൻഹെയ്മർ പറയുന്നത്. ബോംബ് ഉണ്ടാക്കിയവനെയല്ല, വർഷിച്ചവനെയാണ് ലോകം കുറ്റപ്പെടുത്തുകയെന്നായിരുന്നു പ്രസിഡന്റിന്റെ പരിഹാസം നിറഞ്ഞ മറുപടി. ആ മനുഷ്യനെ (ഒപ്പൻഹെയ്മറെ) ഇനിയൊരിക്കലും തന്റെ ഓഫീസിൽ കണ്ടുപോകരുതെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡീൻ അച്ചസനോട്‌ ട്രൂമാൻ പറയുന്നുണ്ട്. ‘ക്രൈ ബേബി സയന്റിസ്റ്റ്’ എന്ന് ഓപ്പൻഹെയ്മറെ അധിക്ഷേപിക്കുന്നുമുണ്ട് ട്രൂമാൻ.

രണ്ടു നഗരങ്ങളെയും അതിലെ മനുഷ്യ ജീവനുകളെയും ചുട്ടു ചാമ്പലാക്കിയ മഹാ ദുരന്തം നടന്നിട്ട് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടെങ്കിലും മനുഷ്യകുലത്തെ നശിപ്പിക്കാനുള്ള മിസൈലുകളുമായി കഴുകന്മാർ ഇപ്പോഴും ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. വൻശക്തികൾ ഇപ്പോഴും അണുബോംബിനെ കുറിച്ച് സംസാരിക്കുന്നു. റഷ്യയുടെ യൂക്രെയ്ൻ അധിനിവേശം ഒരു വർഷം പിന്നിട്ടു. കനത്ത ആൾ നാശം വിതച്ചുകൊണ്ട് യുദ്ധം തുടരുകയാണ്.

ഹിരോഷിമയിലെ യുദ്ധ സ്മാരകത്തിന് ജപ്പാൻകാർ നൽകിയ പേര് പീസ് മെമ്മോറിയൽ എന്നാണ്, വാർ മെമ്മോറിയൽ എന്നല്ല. ഓഗസ്റ്റ് ആറിനും ഒമ്പതിനുമൊക്കെ സമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്നത് അണുബോംബുകൾക്ക് മേൽ അടയിരിക്കുന്ന അധിനിവേശ ശക്തികളാണ് എന്നതാണ് വലിയ ദുരന്തം.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles