Current Date

Search
Close this search box.
Search
Close this search box.

ഗസ്സ; പാളിപ്പോകുന്ന ഇസ്രയേല്‍ തന്ത്രങ്ങള്‍

ഗസ്സയില്‍ ഇസ്രയേൽ നടത്തുന്ന വംശീയ ഉന്മൂലന യുദ്ധം മൂന്നാമത്തെ ആഴ്ച്ചയിലേക്ക് പ്രവേശിച്ചിരിക്കുമ്പോൾ അവർക്കുണ്ടായിരിക്കുന്ന ഏക ‘നേട്ടം’ അയ്യായിരത്തോളം സിവിലിയന്‍മാരെ കൊലപ്പെടുത്താന്‍ സാധിച്ചുവെന്നത് മാത്രമാണ്. അതിലേറെയും സ്ത്രീകളും കുട്ടികളുമാണെന്നതും ശ്രദ്ധേയമാണ്. അതേസമയം ഗസ്സയിലെ ഹമാസിന്റെ ഒന്നോ രണ്ടോ സിവിലിയന്‍ രാഷ്ട്രീയ നേതാക്കളെ വകവരുത്താന്‍ സാധിച്ചതിനപ്പുറം അവരുടെ ഘടനക്ക് ഒരു പോറലുമേല്‍പ്പിക്കാന്‍ ഇസ്രായേലിന് സാധിച്ചിട്ടില്ല.

അധിനിവേശ രാഷ്ട്രം കഴിഞ്ഞ നാളുകളില്‍ ഉപരോധത്തില്‍ കഴിയുന്ന ഗസ്സക്ക് മേൽ വ്യോമാക്രണമം കനപ്പിച്ചിരിക്കുകയാണ്. അവരുടെ മിസൈലുകളേറ്റ് ദിനംപ്രതി മൂന്നൂറോളം പൗരന്‍മാര്‍ കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്. അനന്തരഫലത്തെ കുറിച്ചോർത്ത് ഭയന്ന് പലതവണ മാറ്റിവെച്ച കരയുദ്ധമെന്ന രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള മുന്നൊരുക്കമായിട്ടാണ് പലരും ഇതിനെ വിലയിരുത്തുന്നത്.

അമേരിക്കയുടെ അത്യാധുനിക എഫ് 16, എഫ് 15, എഫ് 35 പോര്‍വിമാനങ്ങളുള്ള കാരണത്താല്‍ തന്നെ പരിപൂര്‍ണ വ്യോമ മേധാവിത്വം ഇസ്രയേലിന് തന്നെയാണെന്നതില്‍ സംശയമില്ല. അവരുടെ വ്യോമാക്രണമങ്ങളെ നേരിടാന്‍ ഹമാസിന് മുന്നില്‍ പ്രത്യേകിച്ച് വഴികളൊന്നുമില്ല. എന്നാല്‍ മണ്ണിലും മണ്ണിനടിയിലുമുള്ള യുദ്ധത്തില്‍ മേധാവിത്വം നിശ്ചയദാര്‍ഢ്യവും ധൈര്യവും കൈമുതലായിട്ടുള്ള ഹമാസിന് തന്നെയായിരിക്കും. തങ്ങള്‍ക്ക് ജയിക്കാന്‍ കഴിയുന്ന കരയിലുള്ള യുദ്ധത്തെയാണവര്‍ കാത്തിരിക്കുന്നത്.

ഈ യുദ്ധത്തിന്‍റെ പ്രധാന പദ്ധതിയും ഊന്നലുമായിരുന്ന കുടിയൊഴിപ്പിക്കല്‍ പൂര്‍ണമായും പരാജയപ്പെട്ടത് അമേരിക്കയെയും അവരുടെ വളര്‍ത്തുപുത്രി ഇസ്രയേലിനെയും ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. തങ്ങളുടെ സഖ്യത്തിലുള്ള അറബ് രാഷ്ട്ര തലസ്ഥാനങ്ങളില്‍ ആ പദ്ധതി വിറ്റഴിക്കുന്നതില്‍ ആന്റണി ബ്ലിങ്കന്‍ വിജയിച്ചില്ല. മുഖ്യമായും രണ്ട് കാരണങ്ങളാണ് അതിനുള്ളത്.

ഈ പദ്ധതി അംഗീകരിച്ച് രണ്ട് ദശലക്ഷം ഫലസ്തീനികളെ സീനാ പ്രദേശത്ത് പാര്‍പ്പിക്കാന്‍ ഈജിപ്ത് തയ്യാറായില്ല എന്നതാണ് അതില്‍ ഒന്നാമത്തേത്. ഈ നിരാകരണം ഈജിപ്ത് ഫലസ്തീന് നല്‍കുന്ന പരിഗണനയുടെ പേരിലല്ല, മറിച്ച് അവരുടെ രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടത് മാത്രമാണ്. കോടികള്‍ പകരമായി കിട്ടിയാലും തങ്ങളുടെ ഭൂമി വിട്ടുനല്‍കുന്നത് ഈജിപ്ഷ്യന്‍ ജനതക്ക് ഉള്‍ക്കൊള്ളാനാവില്ല. അവരെ സംബന്ധിച്ചടത്തോളം വലിയ നാണക്കേടാണത്.

നാടുപേക്ഷിച്ച് 1948ലെ നക്ബ ആവര്‍ത്തിക്കപ്പെടുന്നതിന് വഴിയൊരുക്കാന്‍ ഗസ്സയിലെ ജനങ്ങള്‍ തയ്യാറല്ല എന്നതാണ് രണ്ടാമത്തെ കാരണം. അറബ് ഭരണകൂടങ്ങളിലോ അവരുടെ വാഗ്ദാനങ്ങളിലോ സൈന്യങ്ങളിലോ ഒന്നും തന്നെ അവര്‍ക്ക് വിശ്വാസമില്ല. അവരില്‍ ചിലര്‍ ഇസ്രയേലിന്റെ ഉന്മൂലന ഭീഷണികള്‍ക്ക് വഴങ്ങി വടക്കന്‍ ഗസ്സയില്‍ നിന്ന് തെക്കന്‍ ഗസ്സയിലേക്ക് നീങ്ങുക മാത്രമാണ് ചെയ്തിരിക്കുന്നത്. എന്തൊക്കെ പ്രലോഭനങ്ങളും, ഇസ്രയേലിന്റെ ക്രൂരമായ ഉന്മൂലന ആക്രമണങ്ങളും ഉണ്ടായിട്ടും ഗസ്സയുടെ അതിര് വിട്ട് പോകാന്‍ അവര്‍ തയ്യാറായിട്ടില്ല. അവരില്‍ തന്നെ വലിയൊരു വിഭാഗം തിരിച്ച് തങ്ങളുടെ വീടുകളിലേക്കും അവശിഷ്ടങ്ങളിലേക്കും മടങ്ങി രക്തസാക്ഷിത്വം തെരെഞ്ഞെടുത്തിരിക്കുന്നുവെന്ന വിവരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇസ്രയേല്‍ മാധ്യമ റിപോര്‍ട്ടുകള്‍ ശരിവെച്ചാല്‍ നെതന്യാഹു ഭരണകൂടം ചെങ്കടലിന് സമീപം ഐലാറ്റില്‍ അഭയാര്‍ഥികള്‍ക്കായി ടെന്‍റുകളുടെ നഗരം സംവിധാനിക്കാനുള്ള ഒരുക്കത്തിലാണ്. സെദ്റൂത്, അസ്കലാന്‍, അഷ്ദൂദ് തുടങ്ങിയ ഗസ്സക്ക് സമീപത്തുള്ള കുടിയേറ്റ പ്രദേശങ്ങളില്‍ നിന്നും ഹമാസ് ആക്രമങ്ങളെ തുടര്‍ന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണത്. ഇസ്രയേല്‍ തന്ത്രം അവരെ തിരിഞ്ഞ് കുത്തിയിരിക്കുന്നുവെന്നാണിത് സൂചിപ്പിക്കുന്നത്. ഫലസ്തീന്റെ തെക്കും വടക്കുമുള്ള ഗലീലി പോലുള്ള കുടിയേറ്റ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചതില്‍ അത് മനസ്സിലാക്കാം. ഹമാസിന്റെയും ഗസ്സ നിവാസികളുടെ ചെറുത്തുനില്‍പ്പിന്‍റെയും വലിയ നേട്ടങ്ങളിലൊന്നാണിത്.

മൂന്ന് വിമാനവാഹിനി കപ്പലുകളും ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കുന്നതിനുള്ള പ്രത്യേക ബോംബുകളും ടണ്‍കണക്കിന് ആയുധങ്ങളുമായി അയച്ച് അമേരിക്ക കിഴക്കന്‍ മെഡിറ്ററേനിയനിലെ തങ്ങളുടെ സൈനിക സാന്നിദ്ധ്യം ശക്തിപ്പെടുത്തിരിക്കുകയാണ്. പാട്രിയറ്റ്, THAAD മിസൈല്‍ സംവിധാനങ്ങളും അവിടേക്ക് അയക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ‍് ഓസ്റ്റിന്‍ കഴിഞ്ഞ ഞായറാഴ്ച്ച പ്രഖ്യാപിച്ചിട്ടുമുണ്ട്. രണ്ട് കാരണങ്ങളാണ് അതിന് പിന്നിലുള്ളത്. അധിനിവിഷ്ട ഫലസ്തീനിലെ ജൂത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണവും സുരക്ഷയും ഒരുക്കലാണ് അതില്‍ ഒന്നാമത്തേത്. നിത്യേനയെന്നോണം ആക്രമണങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഇറാഖിലെയും ജോര്‍ദാനിലെയും സിറിയയിലെയും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് സംരക്ഷണം ഒരുക്കലാണ് രണ്ടാമത്തേത്. ഹിസ്ബുല്ല, യമനിലെ അന്‍സാറുല്ല, ഇറാഖിലെ അല്‍ഹശ്ദു ശ്ശഅ്ബി പോലുള്ള പ്രതിരോധ ഗ്രൂപ്പുകള്‍ ഈ സംഘര്‍ഷത്തിന്റെ ഭാഗമായേക്കുമെന്ന ഭീതിയുടെ പശ്ചാത്തലത്തിലാണിത്.

ഗസ്സ യുദ്ധത്തെയും അതിന്റെ അനന്തരഫലത്തെയും സംബന്ധിച്ച അമേരിക്കയുടെയും ഇസ്രയേലിന്റെയും കണക്കുകൂട്ടലുകള്‍ സൂക്ഷ്മമായിരുന്നില്ലെന്നല്ല, പരാജയമായിരുന്നുവെന്ന് പറയാം. അധിനിവേശ ഇസ്രയേലിനും പ്രദേശത്തെ അമേരിക്കന്‍ സാന്നിദ്ധ്യത്തിനും ദുരന്തഫലമാണ് അതുണ്ടാക്കുന്നത്. ബെന്യമിന്‍ നെതന്യാഹു തുടച്ചു നീക്കുമെന്ന് പലതവണ ശപഥം ചെയ്തിരിക്കുന്ന ഹമാസ് അതിന്റെ തുരങ്കങ്ങളില്‍ സജീവമായി നിലനില്‍ക്കുകയും തെല്‍അവീവിലേക്ക് റോക്കറ്റുകള്‍ അയച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇസ്രയേലിന്റെ കുടിയിറക്കല്‍ പദ്ധതി ആദ്യഘട്ടത്തില്‍ തന്നെ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. കുട്ടികളെ കൂട്ടകശാപ്പ് ചെയ്യുന്നതും ആശുപത്രികള്‍ക്ക് നേരെ വരെ ബോംബാക്രമണം നടത്തുന്നതും അമേരിക്കയുടെയും ഇസ്രയേലിന്റെയും പൊതുവെ പാശ്ചാത്യ ലോകത്തിന്റെയും പ്രതിഛായ തകര്‍ത്തിരിക്കുന്നു. അവരുടെ മനുഷ്യാവകാശത്തിന്റെ കപട മുഖംമൂടി ഊരിയെറിയപ്പെട്ടിരിക്കുന്നു. അവരെ കുറിച്ച ലോകത്തിന്റ പൊതുജനാഭിപ്രായം മാറിക്കൊണ്ടിരിക്കുന്നു. അമേരിക്കക്ക് ജയിക്കാന്‍ സാധിക്കാത്ത ഒരു പ്രാദേശിക യുദ്ധത്തിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. കാബൂള്‍ എയര്‍പോര്‍ട്ടില്‍ കണ്ട കാഴ്ച്ചകള്‍ തെല്‍അവീവിലെ ബെന്‍ഗുറിയോന്‍ എയര്‍പോര്‍ട്ടിലും ഉടന്‍ ആവര്‍ത്തിച്ചേക്കാം.

കരയാക്രമണം തുടങ്ങുന്നതിന് മുമ്പ് ഗസ്സയില്‍ ഹമാസിന് പകരം ഒരു താല്‍ക്കാലിക ഭരണകൂടം രൂപീകരിക്കുന്നതിന് അമേരിക്കന്‍ നേതൃത്വം ഇസ്രയേല്‍ ഭരണകൂടത്തോടൊപ്പം ചേര്‍ന്ന് ശ്രമിക്കുന്നുണ്ടെന്ന വൈറ്റ്ഹൗസിനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ‘ബ്ലൂംബര്‍ഗ്’ വാര്‍ത്താ ഏജന്‍സിയുടെ റിപോര്‍ട്ട് വിചിത്രമായ ഒന്നാണ്. അത് വ്യാമോഹം മാത്രമാണ്. ലഭ്യമാകുന്ന എല്ലാ സൂചനകളും വ്യക്തമാക്കുന്നത് ഹമാസ് ഭരണകൂടം നിലനില്‍ക്കുമെന്ന് തന്നെയാണ്. ഗസ്സക്ക് ചുറ്റുമുള്ള കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് നേരെ ഹമാസ് നടത്തിയ ‘അത്ഭുതകരമായ’ ആക്രമണം അവര്‍ക്കുള്ള ജനകീയ പിന്തുണ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളുടെ ചിറകിലേറി എത്തുന്ന ഭരണകൂടത്തില്‍ ഭാഗവാക്കാകാന്‍ ഗസ്സക്ക് അകത്തോ പുറത്തോ ഉള്ള ഒരു വിഭാഗവും ധൈര്യപ്പെടില്ല. ഗസ്സക്ക് വേണ്ടി പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും രക്തസാക്ഷികളാവുകയും അധിനിവേശകരെ നിന്ദ്യരാക്കുകയും ചെയ്തവരല്ലാതെ മറ്റൊരു ശക്തിയും ഗസ്സ ഭരിക്കില്ല.

നെതന്യാഹു എല്ലാ ദിവസവും ഭീഷണപ്പെടുത്തുന്ന കരയുദ്ധത്തിന് ധൈര്യം കാണിക്കാതെ ഗസ്സയിലെ യുദ്ധം നീണ്ടു പോകും. കരയുദ്ധം ഇസ്രയേലിനെ സംബന്ധിച്ച് വലിയൊരു കെണിയായിരിക്കും. അധിനിവേശ രാഷ്ട്രത്തിന്റെ ഒടുക്കത്തിന്റെ തുടക്കമായിരിക്കുമത്. തങ്ങളുടെ രക്തസാക്ഷികളുടെയും പിഞ്ചോമനകളുടെയും രക്തത്തിന് പ്രതികാരം ചെയ്യാന്‍ അവസരം കാത്തിരിക്കുന്ന സിംഹങ്ങളും പുലികളുമാണ് ഗസ്സയിലുള്ളത്. സ്വര്‍ഗത്തിലേക്കല്ലാതെ മറ്റൊരിടത്തേക്കും ഗസ്സ വിട്ട് പോകാന്‍ തയ്യാറല്ലാത്തവരാണവര്‍.

ഇസ്രയേല്‍ വിവിധ കക്ഷികള്‍ ചേര്‍ന്നുള്ള ഒരു പ്രാദേശിക യുദ്ധത്തെ അഭിമുഖീകരിക്കാനുള്ള സാധ്യത കുറവാണെങ്കിലും നഗരങ്ങളിലും തെരുവുകളിലും തുരങ്കങ്ങളിലും ദീര്‍ഘമായ ഗറില്ല പോരാട്ടങ്ങളെ നേരിടേണ്ടി വരും. അവരുടെ മുതിര്‍ന്ന ജനറല്‍മാര്‍ പ്രവചിച്ചതിനും അപ്പുറമായിരിക്കും അതുണ്ടാക്കുന്ന നഷ്ടം. ഗസ്സ മുനമ്പില്‍ രണ്ട് തവണ പരാജയം രുചിച്ച അവര്‍ മൂന്നാമതും പരാജിതരാകും. ഹമാസിന്റെ ശക്തിക്കു മിന്നില്‍ നില്‍ക്കകള്ളിയില്ലാതെ ഓടി രക്ഷപ്പെടുകയായിരുന്നു അവര്‍. അതിന്റെ തനിയാവർത്തനം തന്നെയാണ് ഇനിയും സംഭവിക്കുക. പ്രതിരോധ ഗ്രൂപ്പുകള്‍ അവരുടെ പോരാട്ട ശേഷി കൂടുതല്‍ വികസിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, എന്തൊക്കെ അത്ഭുതങ്ങളാണ് അവര്‍ തങ്ങളുടെ കലവറയില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നുവെന്നതില്‍ യാതൊരു നിശ്ചയവുമില്ല. നമുക്ക് കാത്തിരുന്നു കാണാം.

മൊഴിമാറ്റം: നസീഫ്

 

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles