Current Date

Search
Close this search box.
Search
Close this search box.

ഫലാഫിലും അവർ അടിച്ചുമാറ്റി!

സ്വന്തമായി ഒന്നും അവകാശപ്പെടാൻ ഇല്ലാത്തവർ രണ്ട് രീതിയിലാണ് പ്രതികരിക്കാറ്. മറ്റുള്ളവരുടെ സംഭാവനകളെ അംഗീകരിക്കുകയും അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്നവരാണ് ഒരു വിഭാഗം. കട്ട കലിപ്പുമായി മറ്റുള്ളവരുടെ സംഭാവനകളെ തച്ചുടക്കാൻ ശ്രമിക്കുകയോ അവരുടെ നിർമ്മിതികളെ സ്വന്തമാക്കുകയോ അതുമല്ലെങ്കിൽ അവയുടെ പേരുകൾ മാറ്റുകയോ ചെയ്യുന്നവർ രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നു.

ഇപ്പറഞ്ഞതിൽ രണ്ടാമത്തെ വിഭാഗമാണ് ഇന്ത്യയിലെ ഹിന്ദുത്വവാദികൾ. സ്വന്തമായി മനുഷ്യന് ഗുണമുള്ള എന്തെങ്കിലും അവർക്ക് അവകാശപ്പെടാനില്ല. എന്നാൽ മുഗളൻമാരും മൈസൂർ സുൽത്താൻമാരും മറ്റും മുസ്ലിം രാജാക്കന്മാരും ഇവിടെ അവശേഷിപ്പിച്ചു പോയതിന്റെ ക്രെഡിറ്റ് അവർ കൈക്കലാക്കുകയും ചെയ്യും.

മുഗളന്മാരുടെ നിർമ്മിതികളെ തച്ചുടക്കുന്നതിന്റെ ഭാഗമായി ആദ്യം ബാബരി മസ്ജിദ് തകർത്തു തരിപ്പണമാക്കി. അടുത്ത ഉന്നം മഥുരയിലെ ഗ്യാൻവാപി പള്ളിയാണ്. താജ്മഹൽ ഒരു ശിവക്ഷേത്രം ആയിരുന്നുവെന്ന് ഹിന്ദുത്വവാദികൾ നേരത്തെ നുണപ്രചാരണം അടിച്ചു വിട്ടിരുന്നു. താജ്മഹൽ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ഉടമസ്ഥാവകാശം തന്റെ കുടുംബത്തിന് ആണെന്ന് അവകാശപ്പെട്ട് ബിജെപി എംപി ദിയാകുമാരി രംഗത്ത് വന്നത് കുറച്ചു മുമ്പായിരുന്നു. എന്നാൽ ജയ്പൂരിലെ മുൻ രാജകുടുംബത്തിൽ നിന്ന് മതിയായ പണം നൽകിയാണ് താജ്മഹൽ നിർമ്മിക്കാൻ ആവശ്യമായ ഭൂമി മുഗൾ ഭരണാധികാരി ഷാജഹാൻ വാങ്ങിയതെന്ന് രേഖകളിൽ വ്യക്തമാണ്.

ദൽഹിയിലെ ആദ്യ മുസ്ലിം ഭരണാധികാരി കുത്തുബുദ്ധീൻ ഐബക്ക് 1193ൽ കുത്തബ്മിനാർ നിർമ്മിക്കുമ്പോൾ അവിടെ ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ് പുതിയ കണ്ടുപിടുത്തം. എന്നാൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റീജണൽ ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിച്ച ധരംബീർ ശർമയുടെ വാദമാണ് അതിലേറെ രസകരം. സൂര്യന്റെ ദിശ പഠിക്കാൻ വേണ്ടി ഹിന്ദു രാജാവായ വിക്രമാദിത്യ നിർമ്മിച്ചതാണത്രെ ഈ ഗോപുരം! ഈ വാദം അംഗീകരിച്ചാൽ ക്ഷേത്രം പൊളിച്ചു ഗോപുരം നിർമ്മിച്ചത് ഒരു ഹിന്ദു രാജാവാണ്!!

ഖുത്തുബ് ഷാഹി രാജവംശത്തിലെ മുഹമ്മദ് ഖുലി ഖുത്തുബ് നിർമ്മിച്ച ഹൈദരാബാദിലെ ചാർമിനാറും ഹിന്ദുത്വവാദികൾ നോട്ടമിട്ട സ്മാരകമാണ്. ചാർമിനാറിന്റെ മുകൾ നിലയിലുള്ള 400 ലേറെ വർഷം പഴക്കമുള്ള പള്ളിയാണ് പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്ന്. ചാർമിനാറിന് സമീപം പണിത ഭാഗ്യലക്ഷ്മി ക്ഷേത്രം ക്രമേണ ചാർമിനാറിന്റെ ഭാഗങ്ങൾ കയ്യേറുകയുണ്ടായ. ഇവിടെ നിർമ്മിച്ച കെട്ടിടം നിയമവിരുദ്ധമാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കുകയുണ്ടായി. തുടർനിർമ്മാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

മറ്റുള്ളവരുടെ സംഭാവനകൾ അടിച്ചു മാറ്റുക എന്ന പരിപാടി ഹിന്ദുത്വവാദികളുടെ മാത്രം കുത്തകയല്ല. അവരോടൊപ്പം ഒരേ തൂവൽ പക്ഷികളായ സയണിസ്റ്റുകളും ഉണ്ട്. പലസ്തീനികളുടെ പാരമ്പര്യ ഭക്ഷണമായ ഫലാഫിൽ, തങ്ങളുടെ ദേശീയ ഭക്ഷണമാണെന്നാണ് ഇസ്രായേലിന്റെ വാദം. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇന്റർനാഷണൽ ഫലാഫിൽ ദിനമായിരുന്നു. അന്ന് കാനഡയിലെ ഇസ്രായേലി എംബസിയാണ് വിവാദ ട്വീറ്റിലൂടെ ഈ പരാമർശം നടത്തിയത്. “നാവിൽ വെള്ളമൂറുന്ന ഇസ്രായേലിന്റെ ദേശീയ ഭക്ഷണമായ പ്രിയപ്പെട്ട ഫലാഫിലിനെ നമുക്ക് ഇന്ന് ആദരിക്കാം എന്നായിരുന്നു എംബസിയുടെ ട്വീറ്റ്. ഫലാഫിലിനൊപ്പം തഹിനി മറന്നു പോകേണ്ട എന്നും ട്വീറ്റിൽ ഉണ്ടായിരുന്നു (എള്ള് കൊണ്ട് ഉണ്ടാക്കുന്ന പേസ്റ്റ് രൂപത്തിലുള്ള തഹിനി മറ്റൊരു മിഡിൽ ഈസ്റ്റേൺ രുചിക്കൂട്ടാണ്)

ഫലാഫിലിന്റെയും തഹിനിയുടേയും പിതൃത്വം അവകാശപ്പെടുന്ന ഇസ്രായേലിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ട്വിറ്റർ ഉപഭോക്താക്കളിൽ നിന്ന് ഉയർന്നത്. കാരണം ഫലാഫിൽ അടിസ്ഥാനപരമായി ഒരു അറബ് ഭക്ഷണമാണ്. ഈജിപ്താണ് ഫലാഫിലിന്റെ ഉത്ഭവം. ഫലസ്തീനികൾക്ക് ഫലാഫിലുമായി അഭേദ്യ ബന്ധമാണുള്ളത്. My Father Was a Freedom Fighter എന്ന പുസ്തകത്തിൽ (ഗാസ പറഞ്ഞുതീരാത്ത കഥകൾ/ മൊഴി മാറ്റം:പി. കെ. നിയാസ്/പ്രസാധനം: അദർ ബുക്സ് കോഴിക്കോട്) ഫലാഫിൽ വിറ്റ് ഉപജീവനം കഴിച്ചിരുന്ന തന്റെ പിതാമഹനെകുറിച്ച് ഫലസ്തീനി ഗ്രന്ഥകാരൻ റംസി ബറൂദ് പരാമർശിക്കുന്നുണ്ട്.

ശരിക്കും സാംസ്കാരിക മോഷണമാണ് സയണിസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വിവിധ ഘട്ടങ്ങളിൽ ഫലസ്തീൻ മണ്ണിൽ കുടിയേറുകയും തദ്ദേശീയരെ അവരുടെ മണ്ണിൽനിന്ന് പുറത്താക്കുകയും ചെയ്താണ് അന്താരാഷ്ട്ര ഗൂഢാലോചനയിൽ ഇസ്രായേൽ രാഷ്ട്രം നിലവിൽ വന്നത്.

മുസ്ലിം രാജ്യമായ യമനിൽനിന്ന് ഒടിയേറിയ ജൂതന്മാരാണ് 50 കളുടെ ഒടുവിൽ ഫലാഫിൽ ഇസ്രായേലിന് പരിചയപ്പെടുത്തുന്നത്.
ഫലസ്തീനികളുടെ ഭൂമി മാത്രമല്ല പാരമ്പര്യ ഭക്ഷണവും അടിച്ചുമാറ്റാൻ ഒരു മടിയുമില്ലെന്നല്ലേ അവർ ലോകത്തെ ബോധ്യപ്പെടുത്തുന്നത്.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles