Current Date

Search
Close this search box.
Search
Close this search box.

ഉത്തരാഖണ്ഡില്‍ മുസ്ലിംകളെ വംശീയ ഉന്മൂലനം ചെയ്യുമ്പോള്‍

മുസ്ലിംകളെ വംശീയ ഉന്മൂലനം ചെയ്യുന്നതിനുള്ള ആസൂത്രിത കാമ്പയിന്‍ ശക്തിപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡ്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യത്തിന്റെ വശം ഇന്ത്യന്‍ ദേശീയ ബോധത്തെ ബാധിക്കുന്നില്ല. ആരും ‘ദേശീയ ബോധത്തിന്’ വേണ്ടി മുറവിളികൂട്ടുന്നില്ല. കാരണം ഇന്ന് 14 ശതമാനം മുസ്ലീങ്ങള്‍ ഉത്തരാഖണ്ഡില്‍ നിന്ന് പുറത്താക്കപ്പെടുന്നു, നാളെ ഇന്ത്യയില്‍ നിന്നുള്ള 14 ശതമാനം മുസ്ലീങ്ങളെയും ഇങ്ങനെ പുറത്താക്കിയേക്കാം. ദേശവാസികളേ! ഉണരൂ, ഉത്തരാഖണ്ഡില്‍ നടക്കുന്ന ഈ വിദ്വേഷ പ്രചാരണത്തിനെതിരെ അണിനിരക്കൂ. ഈ മഹത്തായ രാജ്യത്ത് മതേതര മൂല്യങ്ങളും സമാധാനപരമായി സഹവര്‍ത്തിത്വത്തിനുള്ള അവകാശവും അല്ലാതെ നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല.

എന്തുകൊണ്ടാണ് മുസ്ലീങ്ങളെ ഉത്തരാഖണ്ഡില്‍ നിന്ന് പുറത്താക്കുന്നത് ?

ഉത്തരാഖണ്ഡില്‍ നിന്ന് മുസ്ലീങ്ങളെ പുറത്താക്കിയതിന് മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്, മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ പുണ്യഭൂമിയുടെ അല്ലെങ്കില്‍ ദേവഭൂമിയുടെ പ്രാകൃതമായ പരിശുദ്ധിയെ മലിനമാക്കി എന്നാരോപിച്ചാണ്. രണ്ടാമതായി, സംസ്ഥാനത്തിന്റെ ജനസംഖ്യാശാസ്ത്രത്തെ മാറ്റിമറിക്കുന്ന മുസ്ലിം സാന്നിധ്യം ഹിന്ദുക്കള്‍ക്ക് മാനക്കേടാണ് എന്ന അവകാശവാദമാണ്. മൂന്നാേത്തെ ആരോപണം, മലയോര മേഖലയിലെ അശരണരായ ഹിന്ദുക്കള്‍ക്ക് നേരെ നിരവധി ജിഹാദുകള്‍ അഴിച്ചുവിടുന്നു എന്നാണ്,

ഉത്തരാഖണ്ഡിലെ 1400 ആര്‍.എസ്.എസ് ശാഖകളിലൂടെയാണ് ഈ വാദങ്ങള്‍ പ്രചരിപ്പിക്കുന്നത്. കൂട്ടബലാത്സംഗവും വംശഹത്യയും ഉള്‍പ്പെടുന്ന അക്രമ പ്രവര്‍ത്തനങ്ങളിലൂടെയാണെങ്കില്‍ വേണ്ടി പോലും മുസ്ലീങ്ങളെ പുറത്താക്കണമെന്നാണ് ഹിന്ദുത്വ നേതാക്കള്‍ ആവശ്യപ്പെടുന്നത്. തീവ്ര വലതുപക്ഷ പ്രസിദ്ധീകരണങ്ങള്‍, പ്രാദേശിക പത്രങ്ങള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ ഇതിന് പ്രചാരം നല്‍കുന്നു.

2021 ഡിസംബര്‍ 17-19 തീയതികളില്‍ ഹര്‍ദ്വാറില്‍ സംഘടിപ്പിച്ച ഹിന്ദുത്വ സംഘടനകളുടെ കുപ്രസിദ്ധ മതപാര്‍ലമെന്റായ ധര്‍മ്മ സന്‍സദില്‍, മുസ്ലീംകളെ കൊല്ലാന്‍ വീട്ടില്‍ ”വാളുകള്‍ മൂര്‍ച്ചകൂട്ടി” സൂക്ഷിക്കാന്‍ പ്രഭാഷകര്‍ ആഹ്വാനം ചെയ്തിരുന്നു. ചിലര്‍ ”സഫായി അഭിയാന്‍” അഥവാ, മുസ്ലിംകളുടെ ശുദ്ധീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്യുകയും മുസ്ലീംകളെ സംസ്ഥാനത്ത് നിന്ന് പുറത്താക്കുന്ന യജ്ഞത്തില്‍ പങ്കെടുക്കാന്‍ പോലീസിനോടും സൈന്യത്തോടും നേതാക്കളോടും ആവശ്യപ്പെടുകയും ചെയ്തു.

വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവരില്‍ പ്രബോധാനന്ദും ദര്‍ശന്‍ ഭാരതിയും ആയിരുന്നു പ്രമുഖര്‍. അവര്‍ ഇന്നും ‘മുസ്ലീം സമുദായത്തിലെ അംഗങ്ങള്‍ ഇവിടെ കലാപം സൃഷ്ടിക്കുന്നു എന്നുള്ള തരത്തില്‍ ഉത്തരാഖണ്ഡില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷം പടര്‍ത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുകയാണ്.

‘മുസ്ലിംകള്‍ മാംസാഹാരം പ്രചരിപ്പിക്കുന്നു, ഇറച്ചിയും പശുവിന്റെ മാംസവും ഗംഗയില്‍ എറിഞ്ഞ് അതിനെ അശുദ്ധമാക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ഇവിടെ കശ്മീരായി മാറും, ഹിന്ദുക്കള്‍ക്ക് ഒരു സംസ്ഥാനമെങ്കിലും ഉണ്ടാകണം’ എന്നിങ്ങനെയാണ് ഒരു ഹിന്ദു പുരോഹിതനായ ആനന്ദ് സ്വരൂപ് പറഞ്ഞത്. ‘മുസ്ലിംകളുടെ പ്രവേശനം നിരോധിച്ചില്ലെങ്കില്‍ ഹിന്ദു പുരോഹിതന്മാര്‍ തെരുവിലിറങ്ങും.’ എന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ മുദ്രാവാക്യം

ഉത്തരാഖണ്ഡില്‍, മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളുടെ ഭയാനകമായ വര്‍ധനവുണ്ടായി. ‘മുസ്ലിംകളെ ഓടിക്കുക, മുസ്ലീം ഭരണം വച്ചുപൊറുപ്പിക്കില്ല. ‘മുസ്ലിം മുക്ത് ഉത്തരാഖണ്ഡ് ചാഹിയേ’ – ഞങ്ങള്‍ക്ക് മുസ്ലീം രഹിത ഉത്തരാഖണ്ഡ് വേണം, എന്നിങ്ങനെയാണ് മുദ്രാവാക്യങ്ങള്‍. മുസ്ലിംകളുടെ കടകള്‍ക്ക് പുറത്ത് ‘എല്ലാ ലവ് ജിഹാദികളും’ പട്ടണം വിട്ടുപോകണമെന്ന് മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്ററുകള്‍ ഒട്ടിച്ചു. ദേവഭൂമി രക്ഷാ അഭിയാനിന്റെ പേരിലാണ് പോസ്റ്ററുകള്‍.

ഹിന്ദുത്വ ജനക്കൂട്ടം തങ്ങളുടെ കടകളുടെ സൈന്‍ബോര്‍ഡുകളും ബാനറുകളും വലിച്ചുകീറിയതായി മുസ്ലീം കച്ചവടക്കാര്‍ പരാതിപ്പെടുന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുസ്ലീങ്ങളോട് കടകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് മറ്റ് പല ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ബര്‍കോട്ട്, ചിന്യാലിസൗര്‍ പട്ടണങ്ങളിലും നൗഗാവ്, ദംത, ബര്‍നിഗഡ്, നെത്വാര്‍, ഭത്വരി ഗ്രാമങ്ങളിലും തുടങ്ങി ഉത്തരകാശിയുടെ പല ഭാഗങ്ങളിലും മുസ്ലീങ്ങള്‍ക്കെതിരെ റാലികള്‍ നടന്നു.

‘ജിഹാദിയോന്‍ കോ ജോ ദേഗാ ശരണ്‍, ഉങ്കി ബെഹെന്‍ ബേട്ടിയോന്‍ കാ ഹോഗാ ഹരണ്‍’ (ജിഹാദികള്‍ക്ക് അഭയം നല്‍കുന്നവരെയും, അവരുടെ സഹോദരിമാരെയും പെണ്‍മക്കളെയും തട്ടിക്കൊണ്ടുപോകും) ‘ഹിന്ദുവോന്‍ കോ ജഗനാ ഹോഗാ, ജിഹാദിയോന്‍ കോ ഭഗാനാ ഹോഗാ’ (ഹിന്ദുക്കള്‍ ഉണരണം; ജിഹാദികളെ തുരത്തണം) എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

മുസ്ലിംകളെ കൂട്ടത്തോടെ പുറത്താക്കണമെന്ന് ഹിന്ദുത്വ തീവ്രവാദികള്‍ പരസ്യമായി ആഹ്വാനം ചെയ്തു. മുസ്ലീങ്ങളുടെ വീടുകളിലും കടകളിലും തിരിച്ചറിയാന്‍ വേണ്ടി ‘എക്‌സ്’ എന്ന് അടയാളപ്പെടുത്തി, തുടര്‍ന്ന് അവിടുത്തെ താമസക്കാര്‍ സ്ഥലം ഒഴിയാന്‍ നിര്‍ബന്ധിതരായി.

വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്ത ഉത്തരാഖണ്ഡിലെ ആദ്യത്തെ പട്ടണമാണ് പുരോല. പുരോലയില്‍ നിന്ന് നിരവധി മുസ്ലീം കുടുംബങ്ങള്‍ പലായനം ചെയ്തതിന് ശേഷം, ബാര്‍കോട്ട്, ഉത്തരകാശി, ഹല്‍ദ്വാനി എന്നിവിടങ്ങളിലും മുസ്ലീങ്ങളോട് സംസ്ഥാനം വിട്ടുപോകാനാവശ്യപ്പെട്ട് പ്രാദേശിക ഹിന്ദു സംഘടനകള്‍ ഒരുമിച്ചിറങ്ങി.

മുസ്ലീംകളെ തുരത്താനുള്ള സമാനമായ പ്രചാരണം ഗന്‍സാലി, അഗസ്ത്യമുനി, സത്പുലി തുടങ്ങിയ മൂന്ന് പട്ടണങ്ങളിലും പരീക്ഷിക്കപ്പെട്ടു. മുസ്ലീം സമുദായത്തോട് സ്ഥലം വിടുകയോ ബലം പ്രയോഗിച്ച് പുറത്താക്കുകയോ ചെയ്യണമെന്ന് അന്ത്യശാസനം നല്‍കി കൊണ്ട് വിശ്വഹിന്ദു പരിഷത്ത് തെഹ്രി ജില്ലാ മജിസ്ട്രേറ്റിന് കത്തയച്ചതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരാഖണ്ഡ് ഹിന്ദുക്കളുടെ പുണ്യഭൂമിയാണെന്നും മുസ്ലിംകള്‍ അവിടെ താമസിക്കുന്നത് തടയണമെന്നും ഹിന്ദുത്വ സംഘടനകള്‍ക്കിടയില്‍ പൊതുവായ ഒരു കോറസ് ഉണ്ട്. ‘വിശുദ്ധ’ രാജ്യത്തുനിന്നും മുഴുവന്‍ മുസ്ലീങ്ങളെയും പുറത്താക്കുക എന്നതാണ് ഈ കാമ്പയ്നിന്റെ ലക്ഷ്യം.

കൂട്ടംചേര്‍ന്ന് ആരാധന നിര്‍വഹിക്കരുതെന്ന് മുസ്ലിംകളോട് ആവശ്യപ്പെട്ടു

മുസ്ലീം പള്ളികള്‍ അടച്ചുപ്പൂട്ടുമെന്നും മുസ്ലിം ആരാധനാലയങ്ങളിലെ നമസ്‌കാരം നിര്‍ത്തുമെന്നും ഹിന്ദുത്വവാദികള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.
”ദേവഭൂമി ദൈവങ്ങളുടെ നാടായിരിക്കണോ അതോ ആരാധനാലയങ്ങളുടെയും പള്ളികളുടെയും നാടാകണോ, എങ്കില്‍ അവിടെ നമസ്‌കരിക്കുന്നത് നിര്‍ത്തണമെന്നും ദേവഭൂമി രക്ഷാ അഭിയാന്റെ സ്ഥാപകനായ ദര്‍ശന്‍ ഭാരതി ആവശ്യപ്പെട്ടു.

ബദരിനാഥ് പട്ടണത്തിലെ മുസ്ലീംകളോട് നഗരത്തില്‍ വെച്ച് പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടത്തരുതെന്ന് ഭരണകൂടം ആവശ്യപ്പെട്ടു. പകരം ബദരീനാഥില്‍ നിന്ന് 25 മൈല്‍ അകലെയുള്ള അയല്‍പട്ടണമായ ജോഷിമഠില്‍ വെച്ച് പ്രാര്‍ത്ഥന നടത്താനാണ് അവരോട് ആവശ്യപ്പെട്ടത്. ബദരിനാഥിലെ മുസ്ലീം നിവാസികള്‍ ഭൂരിഭാഗവും നിര്‍മ്മാണ മേഖലകളില്‍ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളാണ്. മസ്ജിദ് ഇല്ലാത്ത സ്ഥലങ്ങളില്‍, വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി ടെറസിന് മുകളിലാണ് അവര്‍ ജുമുഅ നമസ്‌കാരത്തിനായി ഒത്തുകൂടാറുള്ളത്. എന്നാല്‍ ഈ കൂട്ടായ നമസ്‌കാരം അവസാനിപ്പിക്കണമെന്നാണ് ഹിന്ദു നിവാസികള്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടത്.

ഉത്തരാഖണ്ഡിലെ ജനസംഖ്യയില്‍ 14 ശതമാനത്തോളം വരുന്ന മുസ്ലീങ്ങള്‍ പതിമൂന്നാം നൂറ്റാണ്ടു മുതല്‍ അവിടെ താമസിച്ചു വരുന്നുണ്ട്. സംസ്ഥാനത്തെ മുസ്ലിംകള്‍ കൂടുതലും പഴം, പച്ചക്കറി കടകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, മോട്ടോര്‍ റിപ്പയര്‍ ഗാരേജുകള്‍ തുടങ്ങിയ ചെറുകിട കച്ചവടങ്ങളിലൂടെ ഉപജീവനം നടത്തുന്നവരാണ്. പലരും രണ്ടോ മൂന്നോ തലമുറകളെങ്കിലും മുന്നേ തന്നെ സംസ്ഥാനത്ത് താമസിച്ചുവരുന്നവരാണ്.

ഉത്തരാഖണ്ഡിലുടനീളമുള്ള മുസ്ലിംകള്‍ സംസ്ഥാനത്തെ തങ്ങളുടെ ഭാവിയെക്കുറിച്ച് വളരെ ആശങ്കയിലൂടെയാണ് കടന്നുപോകുന്നത്. മുസ്ലിംകള്‍ ഉത്തരാഖണ്ഡ് വിട്ടുപോകണമെന്നും അല്ലെങ്കില്‍ അക്രമാസക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍, അക്രമത്തില്‍ നിന്ന് അവരെ പോലീസോ പ്രാദേശിക ഭരണകൂടമോ സംരക്ഷിക്കുമെന്ന് പലരും വിശ്വസിക്കുന്നില്ല. ജനിച്ചുവളര്‍ന്ന, പഠിച്ചും കളിച്ചും അധ്വാനിച്ചും കുടുംബം പോറ്റിയ വീടും നാടും മണ്ണും ഉപേക്ഷിച്ച് നിശബ്ദരായി അവര്‍ പലായനം ചെയ്യുകയാണ്. ‘ഇന്ന് അവര്‍ ഞങ്ങളെ ഉത്തരാഖണ്ഡില്‍ നിന്ന് പുറത്താക്കുന്നു, നാളെ അവര്‍ ഞങ്ങളെ ഇന്ത്യയില്‍ നിന്ന് തന്നെ പുറത്താക്കും.’ ചിലര്‍ വിലപിച്ചു.

 

വിവ: പി.കെ സഹീര്‍ അഹ്‌മദ്

അവലംബം: മുസ്ലിം മിറര്‍

 

Related Articles