Current Date

Search
Close this search box.
Search
Close this search box.

അല്ലാഹു അക്ബർ, വലില്ലാഹിൽ ഹംദ്…

ആത്മനിർവൃതിയുടെ ഇരവുപകലുകൾക്ക് ശേഷം ആഘോഷത്തിൻ്റെ സന്തോഷപ്പെരുന്നാൾ വന്നെത്തുകയാണ്. പെരുന്നാളുകൾ പ്രാഥമികമായി ആഘോഷത്തിൻ്റെയും ആഹ്ളാദത്തിൻ്റെയും സന്ദർഭങ്ങളാണ്. ‘ഇത് നമ്മുടെ ഈദാണ്’ എന്ന പ്രവാചക മൊഴിയുടെ തേട്ടമതാണ്. നോമ്പുകാരൻ്റെ രണ്ട് സന്തോഷങ്ങളിലൊന്നായ ഫിത്വ് റിൻ്റെ സന്ദർഭം പെരുന്നാൾ ദിനം കൂടി ഉൾക്കൊള്ളുന്നതാണെ യൂസുഫുൽ ഖറദാവിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. തക്ബീർ ചൊല്ലിയും പരസ്പരം അഭിവാദ്യം ചെയ്തും പ്രിയപ്പെട്ടവരെ സന്ദർശിച്ചുമൊക്കെ അനുവദനീയമായ സന്തോഷ പ്രകടനങ്ങളിലൂടെ പെരുന്നാൾ ദിനത്തെ ആഹ്ളാദഭരിതമാക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്.

ഈദുൽ ഫിത്വ് ർ ചില തിരിച്ചറിവുകളുടെ കൂടി സന്ദർഭമാണ്. ഒരു മാസത്തെ പ്രതാനുഷ്ഠാനം വിശ്വാസിക്ക് പകർന്ന് നൽകുന്ന പല വിധ ബോധ്യങ്ങളാണത്. ഇസ്‌ലാമിക ജീവിതം സാധ്യമാണ് എന്നാണ് നോമ്പ് നൽകുന്ന സുപ്രധാന തിരിച്ചറിവ്. അല്ലാഹുവിൻ്റെ ആജ്ഞകൾ മുറുകെപ്പിടിക്കുകയും അവൻ്റെ നിരോധങ്ങളിൽ നിന്ന് വിട്ടു നിൽക്കലുമാണ് വിശ്വാസിയായി ജീവിക്കുന്നതിൻ്റെ ആകെത്തുക. എന്നാൽ അല്ലാഹുവിന് വേണ്ടി അനുവദനീയമായ കാര്യങ്ങൾ പോലും ചിലപ്പോൾ ഒഴിവാക്കാമെന്നും ഐഛികമായ കാര്യങ്ങൾ പോലും പതിവാക്കാമെന്നും നാം നമ്മെ തന്നെ പ്രയോഗികമായി ബോധ്യപ്പെടുത്തിയ കാലമാണ് കഴിഞ്ഞ് പോയത്.

നിർബന്ധ ബാധ്യതയായ സുബ്ഹ് നമസ്കാരത്തിന് പലപ്പോഴും എഴുന്നേൽക്കാൻ പ്രയാസപ്പെടുന്ന നമ്മളാണ് ഖിയാമുല്ലൈലിന് വേണ്ടി സുബ്ഹിനും മണിക്കൂറുകൾക്ക് മുമ്പ് എഴുന്നേറ്റ് നിന്നത്. ദിവസേന രണ്ട് പേജ് ഖുർആൻ പാരായണം പ്രയാസപ്പെട്ട് പൂർത്തിയാക്കുന്നവർ തന്നെയാണ് ഒരു ദിവസം 20 പേജ് തിലാവത്തിലൂടെ ഒരു മാസക്കാലം കൊണ്ട് ഖുർആൻ ഒരാവർത്തി പാരായണം പൂർത്തിയാക്കിയത്. കഠിനമായ വിശപ്പും ദാഹവും അലട്ടുമ്പോഴും അടിസ്ഥാനപരമായി ഹലാലായ ഭക്ഷണവും വെള്ളവും നോമ്പുകാരനായതിൻ്റെ പേരിൽ വേണ്ടെന്ന് വെച്ചവരാണവർ. അഥവാ, അല്ലാഹുവിന് വേണ്ടി ഹറാമുകൾ മാത്രമല്ല, നിശ്ചിത സമയത്തേക്ക് ഭക്ഷണവും വെള്ളവും ലൈംഗികതയുമുൾപ്പെടെ ഹലാലുകൾ കൂടി ഒഴിവാക്കാൻ കഴിയുമെന്ന് നാം നമ്മെയും റബ്ബിനെയും ബോധ്യപ്പെടുത്തുകയായിരുന്നു. റമദാനിലൂടെ നാം ഇത്തരം തിരിച്ചറിവുകൾ തുടർന്നുള്ള ജീവിതത്തിൽ നമ്മുടെ ശീലങ്ങളായി മാറേണ്ടതുണ്ട്. അപ്പോഴാണ് നമ്മുടെ നോമ്പ് സാർഥകമായിത്തീരുന്നത്.

ലോകത്തെമ്പാടുമുള്ള വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ പെരുന്നാൾ ഐക്യദാർഡ്യത്തിൻ്റെ കൂടി പെരുന്നാളാണ്. നമ്മൾ പുതുവസ്ത്രമണിഞ്ഞ് ആഹ്ളാദത്തോടെ ഈദ്ഗാഹുകളിൽ സമ്മേളിക്കുമ്പോൾ ഫലസ്ത്വീനിലെ നമ്മുടെ സഹോദരങ്ങൾ വലിയൊരു പരീക്ഷണ മുഖത്താണ്. കഴിഞ്ഞ ഒക്ടോബർ 7 ന് ആരംഭിച്ച തൂഫാനുൽ അഖ്സ ആറ് മാസം പിന്നിടുമ്പോൾ 33,000 ലധികം മനുഷ്യർ ശഹാദത്തിൻ്റെ മധുരം നുണഞ്ഞ് അല്ലാഹുവിൻ്റെ കാരുണ്യത്തിലേക്ക് യാത്രയായിരിക്കുന്നു. പകുതിയോളം കുഞ്ഞുങ്ങളാണതിൽ. വിദ്യാലയങ്ങളും റോഡുകളും ആശുപത്രികളും നഗരങ്ങളുമുൾപ്പെടെ ഒരു നാട് മുഴുവൻ തകർക്കപ്പെട്ടിരിക്കുന്നു. റോഹിങ്ക്യയിലുൾപ്പെടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം സഹോദരങ്ങൾ പരീക്ഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു. മുസ്‌ലിമായതിൻ്റെ പേരിൽ അടിച്ചു കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖ് മുതൽ ഒരു പെരുന്നാൾ തലേന്ന് ശഹാദത്ത് വരിച്ച മുഹമ്മദ് ജുനൈദ് വരെയുള്ളവരുടെ നാട്ടിൽ ജീവിക്കുന്നവരാണ് നാം. അന്യായമായി ജയിലിലടക്കപ്പെട്ട നിരവധി മുസ്‌ലിം ജീവിതങ്ങൾ കൂടി നമ്മുടെ മുന്നിലുണ്ട്.

ഗസ്സയിലെയും ഫലസ്ത്വീനിലെയുമുൾപ്പെടെ മർദ്ദിതരായ നമ്മുടെ മുഴുവൻ സഹോദരങ്ങളോടും ഐക്യദാർഡ്യപ്പെടുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാതെ നമ്മുടെ പെരുന്നാളുകൾ പൂർണമാവില്ല. പാരസ്പര്യത്തിൻ്റെ കാര്യത്തിൽ പ്രവാചകൻ ഒരൊറ്റ ശരീരത്തോട് ഉപമിച്ച മുസ്‌ലിം ഉമ്മത്തിൻ്റെ പ്രാഥമിക ബാധ്യതയാണത്. മർദ്ദിർക്ക് വേണ്ടി നിലകൊള്ളണമെന്ന ഖുർആനിക കൽപന അത്തരമൊരു നിലപാട് അനിവാര്യമാക്കുന്നുണ്ട്. ഫലസ്തീൻ പ്രശ്നം കേവലമൊരു ഭൂമി പ്രശ്നമല്ലെന്നും മസ്ജിദുൽ അഖ്സ കേന്ദ്രമാവുന്നൊരു ദൈവശാസ്ത്രപരത അതിനുണ്ടെന്നും മനസിലാക്കുന്ന വിശ്വാസികൾക്ക് അവരെ ഓർത്ത് കൊണ്ടും പ്രാർത്ഥിച്ചുകൊണ്ടും മാത്രമാണ് പെരുന്നാൾ ആഘോഷിക്കാൻ കഴിയുക. അഥവാ, അവർ നമുക്ക് വേണ്ടി കൂടിയാണ് പോർമുഖത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

അവസാനമായി, പ്രതീക്ഷകളുടെ ആഘോഷമാണ് പെരുന്നാൾ. എല്ലാത്തിനും മീതെ അല്ലാഹുവിൻ്റെ ഔന്നത്യത്തെ ഉദ്ഘോഷിക്കുന്ന തക്ബീറാണ് അതിൻ്റെ ആത്മാവ്. അനീതിയുടെയും അധീശത്വത്തിൻ്റെയും ലോകക്രമത്തെ മറികടക്കുന്ന വിമോചനത്തിൻ്റെ പ്രഖ്യാപനമാണത്. ‘ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നില്ലേ’ എന്ന മർദ്ദിതരുടെ സന്ദേഹങ്ങളോട് താൽക്കാലിക പരിഹാരത്തെ കുറിച്ച ആശ്വാസ വാക്കുകൾക്ക് പകരം നിർഭയത്വം സ്വാഭാവികമാവുന്ന ലോകക്രമത്തെ കുറിച്ച സ്വപ്നങ്ങൾ പങ്ക് വെച്ച പ്രവാചകൻ (സ) ആണ് അതിൽ വിശ്വാസികൾക്ക് മാതൃക. ഹിജ്റയുടെ അസന്നിഗ്ദതകൾക്കിടയിലും കിസ്റായുടെ സാമ്രാജ്യം തകർക്കപ്പെടുന്ന നാളുകളെ കുറിച്ച് സുറാഖയോട് സംസാരിക്കുന്ന പ്രവാചകൻ അതാണ് വിശ്വാസികളോട് ആവശ്യപ്പെടുന്നത്.

ഭൗതികമായ അവലംബങ്ങളോരോന്നും തകർക്കപ്പെടുമ്പോഴും ‘ക്ഷമ കൈ കൊള്ളുക, ആശ്വാസം അടുത്ത് തന്നെയുണ്ട്’ എന്ന് അൽ ശിഫ ആശുപത്രിയുടെ ചുവരുകളിൽ കുറിച്ചുവെക്കുന്ന ഗസ്സക്കാർ ആ പ്രതീക്ഷയാണ് നമ്മോട് പങ്കുവെക്കുന്നത്. മാസം ആറ് കഴിഞ്ഞിട്ടും ഹമാസ് ബന്ദികളാക്കിയവരെ പൂർണമായി മോചിപ്പിക്കാൻ കഴിയാത്ത നെതന്യാഹുവിൻ്റെ നിസ്സഹായതക്കെതിരെ പ്രതിഷേധമുയർത്തുന്ന ഇസ്റായേലികൾ ആ പ്രതീക്ഷയുടെ കേവലതയെ നിരാകരിക്കുന്നുണ്ട്. അഥവാ, നീതിയും നിർഭയത്വവും സ്വാഭാവികമാവുന്ന കാലം വരും, മർദ്ദിതർ ലോകത്തിൻ്റെ നായകരാവും, അന്ന് മസ്ജിദുൽ അഖ്സ വിശ്വാസികളുടേത് മാത്രമാവും, ബാബരിയിൽ നമ്മൾ സുജൂദ് ചെയ്യും.

അല്ലാഹു അക്ബർ, വലില്ലാഹിൽ ഹംദ്…

Related Articles