Current Date

Search
Close this search box.
Search
Close this search box.

രക്തസാക്ഷികൾ ഉറങ്ങുന്നില്ല !

'ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനവും മുസ്‍ലിം പണ്ഡിതന്മാരും' എന്ന പുസ്തകത്തെ കുറിച്ച്

ഇന്ത്യയിൽ ഇന്ന് ഏറ്റവും വിലകുറഞ്ഞ വസ്തു നിസ്സംശയം മുസ്‍ലിം രക്തമാകുന്നു!
എന്നാൽ രാഷ്ട്രം സ്വാതന്ത്ര്യം പടുത്തുയർത്തിയത് മുസ്‍ലിംകളുടെ കൂടി രക്തത്തിലാകുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വ ഔദ്ധത്യത്തിൻ്റെ മുഖത്തിട്ടടിക്കാൻ അസാമാന്യമായ തൻ്റേടം കാട്ടിയ സ്വാതന്ത്ര്യ സമര പോരാളികളുടെ പിൻമുറക്കാരത്രെ വർത്തമാനകാല മുസ്ലിം  മത ന്യൂനപക്ഷം. മതേതര/ജനാധിപത്യ ഇന്ത്യയുടെ നിർമാണത്തിലും നിലനിൽപ്പിലും മുസ്‍ലിം പങ്ക് അനിഷേധ്യമാണ്. മനുഷ്യസമത്വം, സാഹോദര്യം, കൃഷി, വ്യവസായം, ഗതാഗതം, കല, സാഹിത്യം, സംഗീതം, വാസ്തുവിദ്യ, ഭക്ഷണം, വസ്ത്രം.. സമഗ്രമാണ് ഇന്ത്യൻ സംസ്കൃതിയിലെ മുസ്‍ലിം അടയാളങ്ങൾ.

മസ്ജിദുകളും മദ്രസകളും തകർത്ത് സാംസ്കാരിക തനിമകൾ തച്ചുടച്ച് ചരിത്രം കീഴ്മേൽ മറിച്ച് സംഘ് ഫാഷിസം ജനജീവിതത്തിനു മേൽ ധ്രുവീകരണ രാഷ്ട്രീയത്തിൻ്റെ പല്ലും തേറ്റയും ആഴ്ത്തുമ്പോൾ ജന്മനാട്ടിൽ പുതിയൊരു യുഗപ്പിറവി സ്വപ്നം കണ്ട് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതി മരിച്ചുവീണവരെ സവിശേഷം സ്മരിക്കേണ്ടതുണ്ട്! അതും സ്വാതന്ത്ര്യത്തെ ഒറ്റിക്കൊടുത്തവർ രാജ്യം ഭരിക്കുമ്പോൾ!

ചരിത്ര സ്ഥലികളുടെ ആഴങ്ങളിൽ നിന്ന് 20 കോടിയിലധികം വരുന്ന മുസ്‍ലിം സമുദായത്തെ ഒരിക്കലും വലിച്ചു പൊട്ടിക്കാൻ സാധ്യമല്ലന്നു പ്രഖ്യാപിക്കുന്ന ഗ്രന്ഥ വിസ്മയമാണ് “ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും മുസ്‍ലിം പണ്ഡിതന്മാരും”
(പ്രസാധനം: ഐ. പി. എച്ച്).

മതവും പൊളിറ്റിക്സും പാലും വെണ്ണയും പോലെ ഉൾച്ചേർന്ന ജീവിത പദ്ധതിയാണ് ഇസ്‍ലാം. അധിനിവേശങ്ങൾക്കെതിരെ പോരാടൽ (ജിഹാദ്) മത ബാധ്യത (ഫർദ്) ആണെന്ന മതവിധി (ഫത്‍വ) നൽകിയ ഇസ്‍ലാമിക പണ്ഡിതരുടെ ആഹ്വാനം ചെവിക്കൊണ്ട് ദൈവമാണ് ഏറ്റവും ഉന്നതൻ (അല്ലാഹു അക്ബർ) എന്ന വിപ്ലവ മന്ത്രം ഉയർത്തി അഞ്ചു ലക്ഷം മുസ്‍ലിംകളാണ് ബ്രിട്ടൻ്റെ വെടിയുണ്ടകളും കഴുമരങ്ങളും നെഞ്ചേറ്റുവാങ്ങിയതെന്ന് ഈ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു! (പുറം: 48 മേവാറാം ഗുപ്ത )

ഉത്തരേന്ത്യയിലാണ് പുസ്തകം ഊന്നുന്നത്. ഇമാം ഷാഹ് വലിയുല്ലാഹിദ്ദഹ്‍ലവി, ഷാഹ് അബ്ദുൽ അസീസ് ദഹ്‍ലവി, ഷാഹ് ഇസ്മാഈൽ ദഹ്‍ലവി, ഇമാം സയ്യിദ് അഹ്മദ് ശഹീദ്, ശൈഖുൽ ഹിന്ദ് മഹ്മൂദുൽ ഹസൻ ദയൂബന്ദി, മൗലാനാ ഉബൈദുല്ല സിന്ധി, സയ്യിദ് സുലൈമാൻ നദ്‍വി, മുഹമ്മദ് ഖാസിം നാനൂത്തവി, റഷീദ് അഹ്‍മദ് ഗംഗോഹി, ഹാജി ശരീഅത്തുല്ല എന്നിങ്ങനെ 105 പണ്ഡിത പോരാളികളുടെ ലഘു ജീവചരിത്ര കുറിപ്പുകൾ കൃതിയെ കൂടുതൽ ആധികാരികമാക്കുന്നു. മുഫ്തി മുഹമ്മദ് സൽമാൻ മൻസൂർപൂരി ഉർദുവിൽ രചിച്ചതാണ് മൂലകൃതി. മമ്മൂട്ടി അഞ്ചുകുന്നാണ് മലയാള മൊഴിമാറ്റം നിർവഹിച്ചിരിക്കുന്നത്.

ചിലതിനെയൊക്കെ പൊളിച്ചും ചിലരെയൊക്കെ പൊള്ളിച്ചും അക്ഷരങ്ങളിൽ അഗ്നി ചാലിച്ചെഴുതിയതാണീ രചന. ബ്രിട്ടീഷുകാർക്ക് വെല്ലുവിളി സൃഷ്ടിച്ച
പട്ടുറുമാൽ വിപ്ലവം, ജിഹാദ് യാത്ര, മുജാഹിദീൻ സംഘം, ഫറാഇദി പ്രസ്ഥാനം, ഹിസ്ബുല്ല, അഫ്ഗാൻ ഹിജ്റ, പ്രവാസ ഗവർമെൻ്റ്, പട്ന, ലഖ്നൗ, മീററ്റ്, മുംബൈ, ബംഗാൾ പോരാട്ടങ്ങൾ, ഷാംലി യുദ്ധം എന്നിങ്ങനെ വിശിഷ്യ സ്വാതന്ത്ര്യ സമരത്തിൻ്റെ ആദ്യ നൂറു വർഷങ്ങളിൽ അരങ്ങേറിയതും മുഖ്യധാര തമസ്കരിച്ചതുമായ സംഭവ പരമ്പരകൾ തന്നെ പുസ്തകത്തിൽ ഇതൾ വിരിയുന്നു.

ഇപ്പോൾ ചെയ്തത് എന്ന് തോന്നിക്കുന്ന, മൗലാനാ അബുൽ കലാം ആസാദിൻ്റെയും സയ്യിദ് ഹുസൈൻ അഹ്മദ് മദനിയുടെയും ആവേശോജ്ജ്വലമായ രണ്ട് പ്രഭാഷണങ്ങൾ പുസ്തകത്തിൽ വായിക്കാം (പേജ്: 98 , 100). 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയതായിരുന്നു മുസ്‍ലിംകളോടുള്ള ബ്രിട്ടീഷ് കുടിപ്പകയുടെ അടിരേഖ.

മാതൃരാഷ്ട്രത്തിനു വേണ്ടി ജീവരക്തം പകർന്നു നൽകിയ മുസ്‍ലിംകളെ ഭീഷണിപ്പെടുത്തി വിരട്ടാമെന്ന് ഒരുത്തനും കരുതേണ്ടതില്ലാ എന്ന വിപ്ലവ സത്യം ഉച്ചത്തിൽ വിളിച്ചു പറയുന്നു , രക്തസാക്ഷികളുടെ ജീവൻ തുടിക്കുന്ന ഈ ഗ്രന്ഥ നിർമിതി.

Related Articles