Book Review

മാതാപിതാക്കള്‍ സ്വര്‍ഗവാതില്‍ക്കല്‍

‘വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ’ എന്ന പരസ്യം മലയാളിക്ക് അത്ര പരിചിതമാണ്. സ്വര്‍ണപ്പണയം സ്വീകരിക്കുന്ന കമ്പനിയുടെ പരസ്യമാണതെങ്കിലും സ്വന്തം വീട്ടിനകത്തുള്ള പല അനുഗ്രഹങ്ങളും പലപ്പോഴും നമുക്ക് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നുണ്ട്. നമ്മുടെ വീടകങ്ങളിലുള്ള അനുഗ്രഹമാണ് മാതാപിതാക്കള്‍. സ്വര്‍ഗത്തിലേക്ക് വിശ്വാസികളെ അടുപ്പിക്കുന്നതില്‍ മാതാപിതാക്കളോളം പോന്ന മറ്റൊന്നില്ല. ദൈവിക പ്രീതി പോലും അവരുടെ പ്രീതിയുമായി ചേര്‍ന്ന് നില്‍ക്കുന്നു.

ലോകത്തിനു മുന്നിലുള്ള വര്‍ത്തമാന പ്രതിസന്ധികളില്‍ പ്രാധാന്യമുള്ള ഒന്ന് പ്രായമായ തലമുറയുടെ വിഷയമാണ്. പലപ്പോഴും വാര്‍ധക്യ കാലത്തു വേണ്ടത്ര പരിഗണന കിട്ടാതെ പലരും ലോകത്തോട് വിട പറയുന്നു. ഒരു വിശ്വാസിയുടെ ജീവിതത്തില്‍ മാതാപിതാക്കള്‍ എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്ന് പറയുന്ന ചെറു കൃതിയാണ് ശൈഖ് മുഹമ്മദ് കാരകുന്ന് രചിച്ച ‘മാതാപിതാക്കള്‍ സ്വര്‍ഗ്ഗവാതില്‍ക്കല്‍’ എന്ന കൊച്ചു പുസ്തകം. ഈ പുസ്തകത്തെ കുറിച്ച് ഗ്രന്ഥകാരന്‍ തന്നെ പറയുന്നത് ‘മക്കളോടുള്ള മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങള്‍ കുറിച്ച് എഴുതിയിരുന്നെങ്കിലും മാതാപിതാക്കളോട് മക്കള്‍ക്കുള്ള ബാധ്യതകള്‍ സംബന്ധിച്ച് കാര്യമായൊന്നും എഴുതിയിരുന്നില്ല. ഇതൊരു പോരായ്മയായി വിലയിരുത്തപ്പെടുകയുണ്ടായി. അതോടൊപ്പം അതെ കുറിച്ച് എഴുതണമെന്ന ആവശ്യവും ശക്തമായി ഉന്നയിക്കപ്പെടുകയുണ്ടായി’

വര്‍ത്തമാന സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ കൊച്ചു കൃതി രചിക്കപ്പെട്ടിട്ടുള്ളത്. മാതാ പിതാക്കള്‍ക്ക് മനുഷ്യ ജീവിതത്തിലുള്ള പങ്ക് സവിസ്തരം ഈ കൃതി ചര്‍ച്ച ചെയ്യുന്നു. അവരോടു സമൂഹം കാണിക്കുന്ന അവഗണനയും ക്രൂരതയും വിവരിക്കുന്നതോടൊപ്പം അതിന്റ കാരണവും പരിഹാരവും കൂടി നിര്‍ദ്ദേശിക്കപ്പെടുന്നു. പ്രയോജന വാദം ശക്തമായ ആധുനിക ലോകത്തു മാതാപിതാക്കളും വൃദ്ധ ജനതയും അതിന്റെ ഇരകളായി തീരുന്നു. മാതാപിതാക്കളെ വിഷമിപ്പിക്കാന്‍ ദൈവ ധിക്കാരമാണ് എന്നതാണ് മതത്തിന്റെ കാഴ്ചപ്പാട്. കൃത്യമായി ആരാധന കാര്യങ്ങള്‍ മുറപോലെ കൊണ്ട് നടക്കുന്നവരും പലപ്പോഴും മാതാപിതാക്കളുടെ കാര്യത്തില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല.

ഖുര്‍ആന്‍, ഹദീസ്, ചരിത്രം എന്നിവയിലൂടെ മാതാപിതാകകളും മക്കളും തമ്മിലുണ്ടാകേണ്ട ബന്ധത്തെ ഗ്രന്ഥകാരന്‍ ഊന്നി പറയുന്നു. ചരിത്രത്തില്‍ മാതാപിതാക്കളെ ശുശ്രൂഷിച്ചു പുണ്യം നേടിയവരെയും അവരോടു അവഗണ മനോഭാവം കാട്ടിയവരുടെ പതനവും പുസ്തകത്തില്‍ വരച്ചു കാണിക്കുന്നു. പലപ്പോഴും നമ്മുടെ നേരിയ അശ്രദ്ധ കാരണം മാതാപിക്കളോട് തെറ്റായ രീതിയില്‍ പ്രതികരിച്ചു പോകുന്നു. അത്തരം വിഷയങ്ങളെ ശരിപ്പെടുത്താന്‍ ഈ കൃതി സഹായിക്കും. ഖുര്‍ആനില്‍ ഒരേ വാചകത്തില്‍ തന്നെ തൗഹീദും മാതാപിതാക്കളും ചേര്‍ത്ത് പറയുന്നു എന്നത് വിഷയത്തിന്റെ ഗൗരവമാണ് കാണിക്കുന്നത്. മാതാപിതാക്കളുടെ പ്രീതി ലഭിക്കാതെ അല്ലാഹുവിന്റെ പ്രീതിയില്ല എന്ന തത്വം മനസ്സിലാക്കാന്‍ കൂടി ഈ ഗ്രന്ഥം നമ്മെ സഹായിക്കും.

ഒറ്റ ഇരുപ്പില്‍ തന്നെ വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന ചെറിയ പുസ്തകം വിശ്വാസിയുടെ ഇഹപര ജീവിതം ശരിപ്പെടുത്താന്‍ ഈ കൃതി തീര്‍ച്ചയായും ഉപകരിക്കും. നിത്യ ജീവിതത്തിലെ നമ്മുടെ ഭാഗമാണ് മാതാപിതാക്കള്‍, അവരോട് എന്ത് നിലപാട് സ്വീകരിക്കണം എന്നത് കൃത്യമായി തന്നെ വിശ്വാസി അറിയണം. അല്ലെങ്കില്‍ നഷ്ടമാകുന്നത് ഇരുലോകവുമാണ്. ആര്‍ക്കും വായിച്ചു പോകാന്‍ കഴിയുന്ന സരളമായ ഭാഷയും പ്രമാണങ്ങളുടെ കൃത്യമായ പിന്‍ബലവും ഈ കൃതിയുടെ പ്രത്യേകതയാണ്.

Facebook Comments
Related Articles
Show More

Check Also

Close
Close
Close