Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ത്ഥികള്‍ നടന്നുതീരാത്ത 70 വര്‍ഷങ്ങള്‍

2021ലേക്കെത്തുമ്പോള്‍ ലോകത്താകമാനം 82.4 ദശലക്ഷം പേരാണ് സംഘര്‍ഷങ്ങളും പീഡനങ്ങളും മൂലം നാടുകടത്തപ്പെട്ടത്. ഇതില്‍ 300 ലക്ഷം പേര്‍ അഭയാര്‍ത്ഥികളായി, ബാക്കിയുള്ള 480 ലക്ഷം പേര്‍ സ്വന്തം രാജ്യത്തിനകത്ത് കുടിയിറക്കപ്പെട്ടവരാണ്. 41 ലക്ഷം പേര്‍ മറ്റുള്ളവരുടെ അഭയം തേടുന്നവരാണ്. യു.എന്‍ അഭയാര്‍ത്ഥി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ പകുതി പേരും കുട്ടികളാണ്.

55 ശതമാനം അഭയാര്‍ത്ഥികളും മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സിറിയ, ഫലസ്തീന്‍, വെനസ്വേല എന്നീ രാജ്യങ്ങളാണത്. കോവിഡ് മൂലം സമ്പദ് വ്യവസ്ഥ ഉള്‍പ്പെടെ മറ്റെല്ലാം നിലച്ചു, എന്നാല്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും അക്രമവും വിവേചനവും പീഡനവുമടക്കം ഈ ആളുകളെ പലായനം ചെയ്യാന്‍ പ്രേരിപ്പിച്ച എല്ലാ ഘടകങ്ങളും തുടരുകയാണ്.

2020ലെ അഭയാര്‍ത്ഥി യാത്രകള്‍

2020ല്‍ 64 രാജ്യങ്ങളില്‍ നിന്നായി 1.27 ദശലക്ഷം പേരാണ് അഭയാര്‍ത്ഥികളായി മാറിയത്. COVID-19ന്റെ അധിക വെല്ലുവിളികള്‍ക്കിടയിലും ഈ ആളുകള്‍ നിരാശാജനകമായ യാത്രകള്‍ നടത്തിയതിന്റെ വിവരങ്ങളാണ് താഴെ. ലോകത്തെ കുടിയിറക്കപ്പെട്ടവരില്‍ മൂന്നിലൊന്നിലധികം പേര്‍ ആഫ്രിക്കയിലാണ്. 2020 അവസാനത്തോടെ, ഭൂഖണ്ഡത്തിലുടനീളം കുറഞ്ഞത് 30.6 ദശലക്ഷം ആളുകള്‍ കുടിയിറക്കപ്പെട്ടു.

2020ല്‍, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്ന അക്രമത്തെത്തുടര്‍ന്ന് ഏകദേശം 60,000 അഭയാര്‍ത്ഥികള്‍ എത്യോപ്യയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പ്രകാരം 2020 നവംബറില്‍ എത്യോപ്യയുടെ വടക്കന്‍ ടൈഗ്രേ മേഖലയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മൂലം 100 ലക്ഷം പേരാണ് അഭയാര്‍ത്ഥികളായത്.

സിറിയന്‍ അഭയാര്‍ത്ഥികള്‍ തങ്ങളുടെ രാജ്യത്തെ 10 വര്‍ഷം നീണ്ട യുദ്ധത്തെത്തുടര്‍ന്നുള്ള പലായനം തുടരുകയാണ്. 2020ല്‍ ഏകദേശം 134,000 പേര്‍ നാടുവിട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അവരില്‍ പകുതിയും (65,000) അയല്‍രാജ്യമായ തുര്‍ക്കിയിലേക്കാണ് പലായനം ചെയ്തത്. അവിടെ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി സമൂഹത്തിന് ആതിഥേയത്വം വഹിക്കുന്നു – 3.7 ദശലക്ഷം ആളുകളുണ്ടവിടെ. അതേ വര്‍ഷം തന്നെ, സിറിയന്‍ അഭയാര്‍ത്ഥികളില്‍ നാലിലൊന്ന് പേര്‍ (32,500) ജര്‍മ്മനിയിലെത്തിയിട്ടുണ്ട്.

ലാറ്റിനമേരിക്കയില്‍, രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 400,000 അഭയാര്‍ത്ഥികളാണ് വെനസ്വേലയില്‍ നിന്നും പലായനം ചെയ്തത്. ഇവരില്‍ 139,000 പേര്‍ പെറുവിലേക്കും 80,000 പേര്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്കും 60,000 പേര്‍ ബ്രസീലിലേക്കും പലായനം ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യയില്‍, മ്യാന്‍മറില്‍ നിന്നുള്ള 29,000 പേര്‍ അഭയാര്‍ത്ഥികളായിട്ടുണ്ട്. ഈ അഭയാര്‍ത്ഥികളെല്ലാം അയല്‍രാജ്യങ്ങളായ ഇന്ത്യയിലും (17,000), ബംഗ്ലാദേശിലും (12,000) എത്തി.

യൂറോപ്പില്‍, തര്‍ക്കപ്രദേശമായ നഗോര്‍നോ-കരാബാക്കില്‍ അര്‍മേനിയന്‍-അസര്‍ബൈജാന്‍ സൈന്യങ്ങള്‍ തമ്മില്‍ നടന്ന 44 ദിവസത്തെ പോരാട്ടത്തെത്തുടര്‍ന്ന് കുറഞ്ഞത് 89,000 അഭയാര്‍ത്ഥികള്‍ അസര്‍ബൈജാനില്‍ നിന്ന് അര്‍മേനിയയിലേക്ക് പലായനം ചെയ്തിട്ടുണ്ട്.

2020ല്‍ അറ്റ്‌ലാന്റികില്‍ ഒട്ടാകെ, 20 രാജ്യങ്ങളില്‍ നിന്നായി 8,500 അഭയാര്‍ഥികളെയാണ് അമേരിക്ക സ്വീകരിച്ചത്. ഈ അഭയാര്‍ത്ഥികളില്‍ പകുതിയും മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്: വെനസ്വേല (1,600), എല്‍ സാല്‍വഡോര്‍ (1,200), ഗ്വാട്ടിമാല (1,100). 2019നേക്കാള്‍ വളരെ കുറവാണ് ഇത്. 2019ല്‍ 32,000 അഭയാര്‍ത്ഥികളാണ് അമേരിക്കയിലെത്തിയിരുന്നു.

2020ല്‍ 21 രാജ്യങ്ങളില്‍ നിന്നായി 7,500 അഭയാര്‍ഥികളാണ് കാനഡയിലെത്തിയത്. നൈജീരിയ (1,400), ഇറാന്‍ (1,200), ഹംഗറി (629) എന്നിവയാണ് മുന്‍നിര രാജ്യങ്ങള്‍. ലോകത്തിന്റെ മറുവശത്ത്, ഓസ്ട്രേലിയയ്ക്ക് 2020-ല്‍ ലഭിച്ചത് 956 അഭയാര്‍ത്ഥികളെ മാത്രമാണ് – കൂടുതലും ഇറാനില്‍ നിന്നുള്ളവരായിരുന്നു.

ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകള്‍ എവിടെയാണ് ?

അഭയാര്‍ത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള താല്‍ക്കാലിക സുരക്ഷിത താവളമായിട്ടാണ് അഭയാര്‍ത്ഥി ക്യാമ്പുകളെ കണക്കാക്കുന്നത്. എന്നാല്‍, നിരവധി ആളുകള്‍ പതിറ്റാണ്ടുകളായി ഈ ക്യാമ്പുകളില്‍ താമസിക്കുന്നുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ട പലരും 16 വര്‍ഷത്തിലേറെയായി താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ അഭയാര്‍ത്ഥികളായി ജീവിക്കുന്നുണ്ടെന്നാണ് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി പറയുന്നത്. ലോകമെമ്പാടുമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ചിലതാണ് താഴെ കാണുന്ന ചിത്രത്തില്‍.

10ലക്ഷത്തിലധികം പേരാണ് നാല് അഭയാര്‍ത്ഥി ക്യാംപുകളിലായി കഴിയുന്നത്. ജോര്‍ദാനിലെ സാത്‌രിയില്‍ 76000,ബംഗ്ലാദേശിലെ കുതുപലോംഗില്‍ എട്ട് ലക്ഷം, കെനിയയിലെ കാകുമയില്‍ ഒന്നര ലക്ഷം, കെനിയയിലെ തന്നെ ദാദാബില്‍ രണ്ട് ലക്ഷം എന്നിങ്ങനെയാണ് കണക്ക്.

70 വര്‍ഷത്തെ അഭയാര്‍ത്ഥി യാത്രകള്‍

രണ്ടാം ലോക മഹായുദ്ധത്തെത്തുടര്‍ന്ന് യൂറോപ്പിലെ അഭയാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി 1951ല്‍ യു.എന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ രൂപീകരിച്ചു. 1967ല്‍, ലോകമെമ്പാടുമുള്ള കുടിയേറ്റത്തെ അഭിസംബോധന ചെയ്യുന്നതിനായി കണ്‍വെന്‍ഷന്‍ വിപുലീകരിച്ചു.
1951 മുതല്‍ 2020 വരെയുള്ള 70 വര്‍ഷത്തെ അഭയാര്‍ത്ഥി യാത്രകളെയാണ് താഴെയുള്ള ഇന്‍ഫോഗ്രാഫിക് എടുത്തുകാണിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഭയാര്‍ഥികളുടെ എണ്ണം ഇരട്ടിയിലധികമായാണ് ഉയര്‍ന്നത്. 2011ല്‍ 15 ദശലക്ഷമുള്ളത് 2020ല്‍ 30 ദശലക്ഷമായാണ് വര്‍ധിച്ചത്.

ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ ദുരവസ്ഥയാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പരിഹരിക്കപ്പെടാത്ത അഭയാര്‍ത്ഥി പ്രശ്‌നം.
1948 മെയ് 14ന്, ആദ്യത്തെ അറബ്-ഇസ്രായേല്‍ യുദ്ധത്തിന് തുടക്കമിട്ടുകൊണ്ട് ഫലസ്തീനിലെ ബ്രിട്ടീഷ് മാന്‍ഡേറ്റ് കാലഹരണപ്പെട്ടു. തുടര്‍ന്ന്
സയണിസ്റ്റ് സൈന്യം ചുരുങ്ങിയത് 750,000 ഫലസ്തീനികളെ പുറത്താക്കി. UNHCR തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം 1952 ആയപ്പോഴേക്കും ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ എണ്ണം 867,000 ആയിരുന്നു. ഇന്ന് അത് 570000 ആണ്.

 

6.7 ദശലക്ഷവുമായി സിറിയക്കാരാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതലുള്ള അഭയാര്‍ത്ഥി സമൂഹം. ഫലസ്തീനികള്‍ (5.7 ദശലക്ഷം), വെനസ്വേലക്കാര്‍ (4 ദശലക്ഷം) എന്നിങ്ങനെയാണ് പിന്നാലെയുള്ളത്. 2020ലെ കണക്കനുസരിച്ച്, ലോകത്തിലെ 88 ശതമാനം അഭയാര്‍ത്ഥികളും 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ലോകത്തിലെ അഭയാര്‍ത്ഥികളില്‍ 65 ശതമാനവും 16 രാജ്യങ്ങളിലാണ് അഭയം തേടിയിരിക്കുന്നത്. തുര്‍ക്കിയാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നത് (3.7 ദശലക്ഷം), ജോര്‍ദാന്‍ (3 ദശലക്ഷം), കൊളംബിയ (1.7 ദശലക്ഷം) എന്നിവയാണ് തൊട്ടുപിന്നില്‍.

യൂറോപ്പിലേക്ക് വരുമ്പോള്‍, ജര്‍മ്മനിയാണ് മുന്‍പന്തിയില്‍. ഏകദേശം 1.2 ദശലക്ഷം അഭയാര്‍ത്ഥികളുണ്ട്, ഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന അഭയാര്‍ത്ഥികളാണിത്. UNHCR കണക്കനുസരിച്ച്, ലോകത്തിലെ 86 ശതമാനം അഭയാര്‍ത്ഥികളെയും വികസ്വര രാജ്യങ്ങളാണ് സ്വീകരിക്കുന്നത്.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Related Articles