Current Date

Search
Close this search box.
Search
Close this search box.

വിവര്‍ത്തനകലയുടെ ബാലപാഠങ്ങള്‍

പൗരാണിക കാലം മുതല്‍ തന്നെ മനുഷ്യ സമൂഹത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന സാംസ്കാരിക പ്രവര്‍ത്തനമാണ് വിവര്‍ത്തനം. വൈജ്ഞാനിക രംഗത്തെ സംഭാവനകള്‍ പരസ്പരം കൈമാറാനും വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ ആശയ വിനിമയം നടത്താനും ഇതര ഭാഷകളില്‍ നിന്നും മാതൃഭാഷയിലേക്കുള്ള വിവര്‍ത്തനങ്ങള്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. വേദഗ്രന്ഥങ്ങളും ക്ലാസിക് കൃതികളും മാനവരാശിയുടെ പൊതു പൈതൃകമായി മാറാന്‍ വിവര്‍ത്തന സാഹിത്യങ്ങള്‍ നിമിത്തമായിട്ടുണ്ട്.

മനുഷ്യ സമൂഹത്തെ സംബന്ധിച്ചേടത്തോളം വളരെ പ്രയോജനപ്രദമായ കലയും ശാസ്ത്രവുമാണ് വിവര്‍ത്തനം. നിയതമായ നിയമങ്ങളുണ്ട് എന്ന നിലയില്‍ അത് ശാസ്ത്രമാണ്. വായനക്ക് ആസ്വാദ്യത നല്‍കുന്നു എന്ന നിലക്ക് അത് കലയുമാണ്. വിത്യസ്ത ഭാഷകളാണ് അതിന്‍റെ കര്‍മ്മ മേഖല. വിഭിന്ന ജനവിഭാഗങ്ങള്‍ പരസ്പരം മനസ്സിലാക്കാനും ലോകം ഇന്ന് കൈവരിച്ചിട്ടുള്ള പുരോഗതിക്കും വൈജ്ഞാനികമായ മുന്നേറ്റത്തിനും വിവര്‍ത്തനകല മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

പ്രയോജനങ്ങള്‍

ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങുകയും വിത്യസ്ത ഭാഷകള്‍ ശക്തിപ്രാപിക്കുയും ചെയ്യുന്ന ഇക്കാലത്ത്, വിവര്‍ത്തന രംഗവും സജീവമായിരിക്കുകയാണ്. നവ സാങ്കേതിക വിദ്യയുടെ ഫലമായി ലോകം ഗ്രാമത്തോളം ചുരുങ്ങുകയും ആശയ വിനിമയ സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്തതോടെ തങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും ആഗോള വ്യാപകമായി വിറ്റഴിക്കാന്‍ വിവര്‍ത്തനം അനിവാര്യമാണ്. ഇംഗ്ലീഷ് ഭാഷക്ക് ലോകത്തുടനീളം സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും, പ്രാദേശിക ഭാഷകള്‍ നിലനില്‍ക്കുന്നേടുത്തോളം വിവര്‍ത്തനവും ആവശ്യമാണ്.

രാഷ്ട്രീയ രംഗത്ത് വിത്യസ്ത ജനവിഭാഗങ്ങളെ മനസ്സിലാക്കാനും അവരുമായുള്ള ആശയ വിനിമയത്തിനും വിവര്‍ത്തനം അനിവാര്യമാണ്. ശാസ്ത്ര വിജ്ഞാന സാഹിത്യ മണ്ഡലങ്ങളിലും വിവര്‍ത്തനം ഇന്ന് ഒഴിവാക്കാന്‍ പറ്റാത്തതാണ്. ഭാഷാപരമായ മതില്‍കെട്ടുകളെ തകര്‍ക്കാനും മനുഷ്യര്‍ക്കിടയില്‍ ചിന്താപരമായ ഐക്യം സൃഷ്ടിക്കാനും മറ്റുള്ളവര്‍ ജീവിക്കുന്നതെങ്ങനെയെന്നും അവരെന്ത് ചിന്തിക്കുന്നുവെന്നുമറിയാനും വിവര്‍ത്തനം ആവശ്യമാണ്.

വിത്യസ്ത രാജ്യങ്ങളില്‍ വിദ്യാഭ്യാസ-ആരോഗ്യ,വാണിജ്യ,വ്യവസായ മേഖലകളിലെല്ലാം ഉണ്ടായിട്ടുള്ള വമ്പിച്ച കുതിച്ചുച്ചാട്ടത്തിനും ഇതര ജനവിഭാഗങ്ങള്‍ക്ക് അത് എത്തിച്ചു കൊടുക്കുന്നതിലും അവരെ ബോധവല്‍കരിക്കുന്നതിലും വിവര്‍ത്തനം കൂടിയേതീരൂ. വിജ്ഞാനത്തിന്‍റെ പ്രകാശം ദേശ-ഭാഷാ അതിര്‍ത്ഥികള്‍ക്കതീതമായി പ്രചരിക്കുന്നത് വിവര്‍ത്തനത്തിലൂടെയാണല്ലോ?

ഇസ്ലാമിക സംസ്കാരത്തില്‍

വായിക്കുക എന്ന ഖുര്‍ആന്‍റെ ആഹ്വാനത്തില്‍ പ്രചോദിതരായി വായനയും പഠനവും അറബികളുടെ ജീവിത സപര്യയായി. വിജ്ഞാനത്തിന്‍റെ മധുനുകരാന്‍ ലോക ഭാഷകളിലേക്ക് അവര്‍ ഊളിയിട്ട് ഇറങ്ങി. ഇത്തരം സാംസ്കാരിക അടയാളപ്പെടുത്തലുകള്‍ക്ക് പ്രവാചകന്‍ (സ)യും അവര്‍ക്ക് പ്രചോദനമായി. പ്രമുഖ സഹാബിവര്യന്മാരായ സൈദു ബ്നു സാബിത്, സല്‍മാനുല്‍ ഫാരിസി തുടങ്ങിയവര്‍ വിവര്‍ത്തനം ചെയ്യുന്നതില്‍ വ്യാപൃതരായിരുന്നു. പേര്‍ഷ്യ,സിറിയ,റോം തുടങ്ങിയ വിദേശ രാജാക്കന്മാര്‍ക്ക് പ്രവാചകന്‍ അക്കാലത്ത് അയച്ച കത്തുകളും ഈ രാജാക്കന്മാര്‍ തിരിച്ച് പ്രവാചകന് അയച്ച മറുപടി കത്തുകളും വിവര്‍ത്തനം ചെയ്തിരുന്നത് സഹാബിവര്യന്മാര്‍ ആയിരുന്നു.

പ്ലേറ്റൊ,അരിസ്റ്റോട്ടില്‍, യൂക്ളിഡ്, ഗാലന്‍, ഹിപ്പോക്രാറ്റസ്, ടോളമി തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ കൊട്ടാരത്തിലേക്ക് കൊണ്ട് വരുകയും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. ഗ്രീക്ക് ഗ്രന്ഥങ്ങള്‍ കോസ്റ്റൊ എന്ന പണ്ഡിതനും പേര്‍ഷ്യന്‍ ഗ്രന്ഥങ്ങള്‍ യഹ് യയും സംസ്കൃത ഗ്രന്ഥങ്ങള്‍ ദുബാന്‍ എന്ന പണ്ഡിതനുമാണ് ഹുനൈനിന്‍റെ നേതൃത്വത്തില്‍ വിവര്‍ത്തനം ചെയ്തിരുന്നത്. ഇതാണ് മധ്യകാലഘട്ടത്തില്‍ അറബികള്‍ പുരോഗതിയുടെ ഉത്തുംഗതയിലത്തൊന്‍ കാരണം. അങ്ങനെ വിവര്‍ത്തനത്തിലൂടെ പ്രാചീനവും അര്‍വാചീനവുമായ നാഗകരികതക്കിടയിലെ പാലമായി വര്‍ത്തിക്കാന്‍ അറബി ഭാഷക്ക് സാധിച്ചു.

മധ്യകാലഘട്ടത്തില്‍ ഇസ്ലാമിക സംസ്കാരത്തിന് ലോകത്തുടനീളം യശോധാവള്യം പരത്താന്‍ സാധിച്ചത് വിവിധ വിജ്ഞാനങ്ങള്‍ അറബി ഭാഷയിലേക്ക് ഭാഷാന്തരം ചെയ്തത് കൊണ്ടായിരുന്നു. അബ്ബാസിയ കാലഘട്ടത്തിലെ പ്രമുഖ ഭരണാധികാരിയായ മഅ്മൂന്‍ രാജാവിന്‍റെ കാലത്ത് വിവര്‍ത്തന സേവനത്തിന് സ്വര്‍ണ്ണം തൂക്കി നല്‍കിയായിരുന്നു പ്രതിഫലം നല്‍കിയിരുന്നത്. ആ കാലഘട്ടത്തില്‍ ദാറുല്‍ ഹിക്മ എന്ന പേരില്‍ പ്രത്യേക കേന്ദ്രം തന്നെ വിവര്‍ത്തനത്തിനായി സ്ഥാപിച്ചിരുന്നു.

പക്ഷെ ഇതിന്‍റെ മറുവശം ദയനീയമാണ്. അബ്ബാസിയ കാലഘട്ടത്തിലെ പ്രമുഖ ഭരണാധികാരിയായ മഅ്മൂന്‍ രാജാവിന്‍റെ കാലം മുതല്‍ ഇന്ന് വരെ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത കൃതികളുടെ എണ്ണം പതിനായിരത്തില്‍ കവിയില്ല എന്നാണ് കണക്കാക്കുന്നത്. അതാകട്ടെ സ്പെയിനില്‍ ഒരു വര്‍ഷം നടക്കുന്ന വിവര്‍ത്തനത്തെക്കാളും തുലോം കുറവാണ്. അപ്പോള്‍ നമ്മുടേത് പോലുള്ള പ്രാദേശിക ഭാഷകളുടെ കാര്യം പറയേണ്ടതില്ല.

സാങ്കേിതിക കാര്യങ്ങള്‍

വിവര്‍ത്തനം, തര്‍ജജുമ, മൊഴിമാറ്റം തുടങ്ങിയ വിത്യസ്ത പദാവലികളിലൂടെ അര്‍ഥമാക്കുന്നത് ഒരേ കാര്യമാണ്. ഇംഗ്ളീഷില്‍ Translation എന്ന പദമാണ് അതിന് സമാന്തരമായി ഉപയോഗിക്കുന്നത്. ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയില്‍ Translation ന് നല്‍കുന്ന അര്‍ഥം ഇങ്ങനെ: Turn (word,sentance,book) from one language to another. ഒരു വാക്കിനെ,അല്ലെങ്കില്‍ വാചകത്തെയൊ പുസ്തകത്തെയൊ ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുക എന്നാണ് Translation ഭാഷാര്‍ഥമെങ്കില്‍ സാങ്കേതികാര്‍ത്ഥത്തില്‍ അതുകൊണ്ട് ഉദ്ദ്യേശിക്കുന്നത് ഒരു ഭാഷയിലെ ചിന്താധാരയേയും ആശയത്തേയും മറ്റൊരു ഭാഷയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിനാണ്.

വിവര്‍ത്തനത്തിന് രണ്ട് ഘടകങ്ങളുണ്ട്. ഉല്‍ഭവ ഭാഷയും (Source Language) ലക്ഷ്യ ഭാഷയും (Target Language). ഏത് ഭാഷയില്‍ നിന്നാണൊ വിവര്‍ത്തനം ചെയ്യുന്നത് അത് ഉല്‍ഭവ ഭാഷയും ഏത് ഭാഷയിലേക്കാണൊ വിവര്‍ത്തനം നിര്‍വ്വഹിക്കപ്പെടുന്നത് അത് ലക്ഷ്യഭാഷയുമാണ്. വിവര്‍ത്തനം ചെയ്യുന്നവര്‍ ഇരു ഭാഷകളിലും വ്യുല്‍പത്തിയുള്ളവരും വിവര്‍ത്തനം ചെയ്യുന്ന ആശയത്തെ കുറിച്ച് ബോധമുള്ളവരുമായിരിക്കണം. ഉല്‍ഭവ ഭാഷയില്‍ നിന്ന് പ്രകാശിതമാവുന്ന ചിന്താധാര ലക്ഷ്യഭാഷയിലേക്ക് കൈമാറാന്‍ അവര്‍ക്ക് സാധിക്കേണ്ടതുണ്ട്. ശൈലികള്‍, ആശയങ്ങള്‍ ഇതെല്ലാം പൊരുത്തപ്പെടുന്ന വിധത്തിലാണ് വിവര്‍ത്തനം ചെയ്യേണ്ടത്.

ആശയകുഴപ്പം ഒഴിവാക്കുക

വായനക്കാരന് സുഗ്രാഹ്യമായിരിക്കുക എന്നതാണ് ഒരു ഉത്തമ വിവര്‍ത്തന കൃതിയുടെ ലക്ഷണം. ഉല്‍ഭവ ഭാഷയിലെ ഒരു പദത്തിന് ലക്ഷ്യഭാഷയില്‍ ഒന്നിലേറെ പദങ്ങളും വിശദീകരണങ്ങളും, വിശിഷ്യ അറബി ഭാഷയില്‍ നിന്ന്, നല്‍കി സങ്കീര്‍ണ്ണമാക്കുന്ന പ്രവണത മലയാളത്തില്‍ കാണുന്നുണ്ട്. കൂടുതല്‍ ഗ്രാഹ്യതക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും ഇത് വായനക്കാരനില്‍ ആശയകുഴപ്പം സൃഷ്ടിക്കാനാണ് സാധ്യത. വിവര്‍ത്തകന് കൂടുതല്‍ ബോധ്യമായ ഒരു അര്‍ത്ഥം സ്വീകരിക്കുക. അത് വായനക്കാരന് കൈമാറുക. അതിനെ കുറിച്ച് മറ്റൊരു പണ്ഡിതന് മറ്റൊരു അഭിപ്രായമുണ്ട് എന്നൊക്കെ പറഞ്ഞ് ആശയകുഴപ്പം സൃഷ്ടിക്കേണ്ടതില്ല.

സോഫ്റ്റ് വെയറുകള്‍

വിവര്‍ത്തന സോഫ്റ്റ് വെയറുകള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന കാലമാണിത്. ഗൂഗിളിലും മറ്റുമായി മലയാളമുള്‍പ്പടെയുള്ള വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്. ഇത്തരം സോഫ്റ്റ് വെയറുകള്‍ വിവര്‍ത്തകര്‍ക്ക് സഹായകമാണെങ്കിലും, മനുഷ്യന്‍റെ മസ്തിഷ്കം ഉപയോഗിച്ചുള്ള വിവര്‍ത്തനത്തിന് പകരം വെക്കാന്‍ സോഫ്റ്റ് വെയറുകള്‍ സാധ്യമല്ല. വാക്കുകളില്‍ അടങ്ങിയിരിക്കുന്ന ആശയവും വര്‍ണ്ണ പ്രപഞ്ചവും വിവര്‍ത്തന സോഫ്റ്റ് വെയറുകളിലൂടെ വിവര്‍ത്തനത്തിന് കഴിയില്ലെങ്കിലും വിവര്‍ത്തകര്‍ക്ക് ഇത്തരം സോഫ്റ്റ് വെയറുകള്‍ അവരുടെ കര്‍ത്തവ്യം എളുപ്പമാക്കുന്നു.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles